പുതിയ വിദ്യാഭ്യാസ നയം ആര്‍ക്കു വേണ്ടി
അഫീഫ് മുഹമ്മദ്
ദേശീയ വിദ്യാഭ്യാസ നയം എന്ന പേരില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ ആശയങ്ങള്‍ വര്‍ഷങ്ങളായി സര്‍ക്കാറിന്റെ പരിഗണനയിലുള്ളവ തന്നെയാണ്. ഇതിന്റെ കരട്‌രൂപം ഒരു വര്‍ഷം മുന്‍പ് രണ്ടാം മോദി സര്‍ക്കാറിന്റെ തുടക്കത്തില്‍ പുറത്തിറക്കിയിരുന്നു. അതിലുള്ള ആശയങ്ങള്‍ തന്നെയാണ് ഈ നയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 95 ശതമാനവും. കോത്താരി കമ്മീഷന്‍ ഉള്‍പ്പെടെയുള്ള പഴയ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുതിയ നയത്തിന് ബാധകമല്ല. യുജിസി പിരിച്ച് വിട്ടിരിക്കുകയാണ്. ഇന്ത്യ എന്നത് 130 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ്. പക്ഷേ താര്യതമ്യം ചെയ്യുന്നത് ഫിന്‍ലാന്‍ഡ്, ബ്രിട്ടണ്‍, യു എസ് തുടങ്ങിയ രാജ്യങ്ങളുമായാണ്. കേരളത്തിന്റെ അത്രപോലും ജനസംഖ്യയില്ലാത്ത രാജ്യമാണ് ഫിന്‍ലാന്റ്. ഇവിടെ 130 കോടി ജനങ്ങളെയാണ് പഠിപ്പിച്ചെടുക്കേണ്ടത്. അതിനുള്ള ഒരു സിസ്റ്റമാണോ ഇതെന്നാണ് പരിശോധിക്കേണ്ടത്. അതുകൊണ്ടു തന്നെ ഈ വലിയ ജനസംഖ്യയ്ക്കിടയില്‍ എങ്ങനെ ഈ രീതി നടപ്പിലാക്കും എന്നതാണ് പരിശോധിക്കേണ്ടത്. പതിനെട്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് പ്രായോഗിക തലത്തില്‍ എന്താണ് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ ഗവേഷണം നടത്തിയിട്ടുണ്ടോ അതോ ഡല്‍ഹിയിലെ വിദ്യാഭ്യാസ രീതി ഇങ്ങനെയാണ് എന്ന് പറഞ്ഞാണോ എന്നാണ് സംശയം. ഇന്ത്യയുടെ ലൈവ് റിയാലിറ്റി മനസിലാക്കിയാണോ ഇതെല്ലാം നടപ്പാക്കുന്നത് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.