ഇസ്ലാമോഫോബിയ പടരുന്ന വിധം
അബ്ദുസ്സമദ് തൃശൂര്‍
ഒരാള്‍ മുസ്‌ലിമാവുക എന്നത് ഒരു ക്രിമിനല്‍ നിയമമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതേ സമയം ഇസ്‌ലാമില്‍ നിന്ന് ‘പഴയ വിശ്വാസ’ത്തിലേക്ക് തിരിച്ചു പോകുന്നതു മാന്യതയുടെ പര്യായമായി കാണുകയും ചെയ്യുന്നു. ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയായി ഇസ്‌ലാമിനെ മാറ്റിയെടുക്കാന്‍ സംഘ പരിവാര്‍ ശ്രമം തുടരുന്നു. ദേശീയ മാധ്യമങ്ങളുടെ സഹായം കൊണ്ട് അവര്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ഒരു ചിഹ്നവും പാടില്ലെന്ന് സംഘപരിവാര്‍ നിര്‍ബന്ധം പിടിക്കുന്നു. ചില സ്ഥലപ്പേരുകള്‍ പോലും അവരുടെ ഉറക്കം കെടുത്തുന്നു. ലോക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാം വിരുദ്ധ ശക്തികളും ഇന്ത്യയിലെ ഇസ്‌ലാം വിരുദ്ധതയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായ കാലത്താണ് നാം ജീവിക്കുന്നത്. ലോകാടിസ്ഥാനത്തില്‍ അതിനു നേതൃത്വം നല്‍കുന്നത് സയണിസ്റ്റ് ശക്തികളാണ്. അവരുടെ സ്വാധീനം മുസ്‌ലിം നാടുകളിലും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു എന്നതിനാല്‍ വരും നാളുകളില്‍ ഇസ്‌ലാമിക തീവ്രവാദം എന്ന വാക്ക് നാം കൂടുതല്‍ കേള്‍ക്കേണ്ടി വരും. നമ്മുടെ സാക്ഷര കേരളത്തില്‍ പോലും ഒരു ഇസ്‌ലാമോഫോബിയ വളര്‍ത്തിയെടുക്കാന്‍ പലരും ശ്രമിക്കുന്നു. ഇടതുപക്ഷം പോലും അറിഞ്ഞോ അറിയാതെയോ അത്തരം നിലപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നതാണ് വര്‍ത്തമാന ചരിത്രം. ജനകീയ സമരങ്ങളെ പോലും ഇസ്‌ലാമിക തീവ്രവാദത്തിന്റെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇടതുപക്ഷം നടത്തുന്ന ശ്രമം നാം കണ്ടതാണ്. അതേ ആരോപണം ഉന്നയിക്കുന്ന വിഭാഗം കേരളത്തിലും ഇന്ത്യയിലും സജീവമാണ്.