14 Friday
November 2025
2025 November 14
1447 Joumada I 23

അഭിപ്രായ സ്വാതന്ത്ര്യവും ഒരു രൂപയും

അബ്ദുസ്സത്താര്‍ കോഴിക്കോട്

പ്രശാന്ത് ഭൂഷണ് കോടതി വിധിച്ചത് ഒരു രൂപയുടെ പിഴയാണെങ്കില്‍ പോലും ജനാധിപത്യ ഇന്ത്യയില്‍ ആ ഒരു രൂപയ്ക്ക് വലിയ വിലയുണ്ട്. പിഴ ഈടാക്കുന്നതോടെ ഭൂഷണ്‍ കുറ്റക്കാരന്‍ തന്നെയാണെന്ന് കോടതി ആവര്‍ത്തിച്ചുറപ്പിക്കുകയാണ്! ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൂച്ചുവിലങ്ങാണ്. ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നതും അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതും ഇന്ത്യന്‍ ഭരണഘടന തന്നെ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ പെട്ടതാണെന്നിരിക്കെ ഭാവിയില്‍ ഇതിന്റെ ചുവടുപിടിച്ച് മറ്റു കേസുകളിലും ഒട്ടനേകം പ്രതികൂല വിധികള്‍ വരാന്‍ സാധ്യത നമ്മള്‍ മുന്നില്‍ കാണേണ്ടതുണ്ട്.
വിയോജിപ്പിന്റെ സ്വരങ്ങള്‍ ഇല്ലാതാക്കുന്നതും അടിച്ചമര്‍ത്തുന്നതും ജനാധിപത്യപ്രക്രിയയെ തകര്‍ക്കുകയേ ചെയ്യൂ. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 19(1) എ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ജുഡീഷ്യറിയുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ പൗരന്മാരുടെ നീതിക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ജുഡീഷ്യറിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് പൊതുസമൂഹത്തിന്റെ പരിശോധനകളും വിലയിരുത്തലുകളും കൂടിയേ തീരു. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ് കേസെടുത്തിരിക്കെ അദ്ദേഹം മുന്നോട്ട് വെച്ച കാര്യങ്ങളിലെ വസ്തുതയും ഗൗരവവും നാം അന്വേഷിക്കേണ്ടതുണ്ട്.

Back to Top