സാഹോദര്യത്തിന് വളമിടാം
അബ്ദുര്‍റശീദ് പാലക്കാട്
മനുഷ്യര്‍ക്കിടയില്‍ സാഹോദര്യവും സൗഹൃദവും ഉടലെടുക്കുമ്പോഴാണ് നല്ല ഒരു സമൂഹ സൃഷ്ടിപ്പ് യാഥാര്‍ഥ്യമാവുക. സ്‌നേഹത്തിന്റെ സാന്നിധ്യമാണ് സാഹോദര്യത്തെ നിലനിര്‍ത്തുകയും ചെയ്യുക. എന്നാല്‍ പലപ്പോഴും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അഭാവമാണ് പ്രശ്‌ന കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. സാഹോദര്യത്താല്‍ പടര്‍ന്നുപന്തലിച്ച കുടുംബത്തെയും വിശ്വാസത്തെയും സമൂഹത്തെയുമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. കുടുംബത്തിലെ സഹോദരീ സഹോദരന്മാര്‍ ആദരിച്ചും വികാരവായ്പുകള്‍ പങ്കുവെച്ചും സ്‌നേഹത്തോടെ കഴിയണം. അല്ലലും അലട്ടലും അസ്വാരസ്യവും അവര്‍ക്കിടയില്‍ ഉണ്ടാകാവതല്ല. ഉണ്ടായാല്‍ രമ്യമായി പരിഹരിക്കണം. ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിലും വീഴ്ച ഉണ്ടാവരുത്. പവിത്രമായ സ്ഥാപനമാണല്ലോ കുടുംബം. കുടംബവും കുടുംബബന്ധങ്ങളും ഇടമുറിയാതെ ധാരധാരയായി ഒഴുകികൊണ്ടേയിരിക്കണം. സാമൂഹ്യസാഹോദര്യത്തിനും വലിയ പ്രാധാന്യം ഇസ്‌ലാം വകവെച്ചുനല്‍കുന്നു. സമത്വത്തിന്റെയും സമഭാവനയുടെയും അതുല്യമായ തത്വങ്ങളാണ് സാമൂഹ്യ സാഹോദര്യത്തിന്റെ കാര്യത്തില്‍ സമര്‍പ്പിക്കുന്നത്. സാഹോദര്യത്തെ വിളക്കിചേര്‍ക്കുന്ന ചില ഘടകങ്ങളുണ്ട്. സ്‌നേഹം, സൗഹൃദം, പരസ്പര ആദരവ്, കാരുണ്യം, ദയ, അനുകമ്പ തുടങ്ങിയവ അവയില്‍ പ്രധാനമാണ്.`