14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

പരിസ്ഥിതി ആഘാതപഠനം കാര്യക്ഷമമാക്കണം

അബ്ദുല്ലത്തീഫ് ഇടുക്കി

ഇ ഐ എ കരട് നിയമം അവലോകനം ചെയ്ത് ഡോ. ചിത്ര കെ പി, പ്രീത കെ വി എന്നിവര്‍ എഴുതിയ ലേഖനം (ലക്കം 44:4) ശ്രദ്ധേയമായി. വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി വന്‍തോതിലുള്ള പരിസ്ഥിതി നാശമാണ് ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദുരന്തങ്ങള്‍, ജീവസന്ധാരണനഷ്ടം എന്നിവയുടെ തിക്തഫലങ്ങള്‍ കൂടുതലായനുഭവിക്കുന്നത് അടിസ്ഥാന വര്‍ഗ ജനവിഭാഗങ്ങളുമാണ്. ക്വാറികളും ഖനികളും തുടങ്ങി പരിസ്ഥിതിയുടെ സന്തുലിതമായ നിലനില്‍പിന് വിലങ്ങാവുന്ന മാഫിയകള്‍ സജീവമാണ്. നിര്‍മാണ പ്രവൃത്തികള്‍ക്കും മറ്റും ഇത്തരം ഖനനം ആവശ്യമാണെന്നിരിക്കെ, ഇതിന് വ്യക്തമായ പ്രോട്ടോകോള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകാണ് ഭരണകൂടം ചെയ്യേണ്ടത്. എന്നാല്‍ ഇത് പാലിക്കപ്പെടാതെ പോവുന്നതിനു പുറമെ ഇത്തരം നിയമങ്ങള്‍ ഗണ്യമായ രീതിയില്‍ ലഘൂകരിക്കുക കൂടിയാണ് പുതിയ നിയമത്തിലൂടെ ഭരണകൂടം ചെയ്യുന്നത്.
പാരിസ്ഥിതിക അസമത്വവും സാമൂഹിക അനീതിയും കുറയ്ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് പരിസ്ഥിതി ആഘാത പഠനം നടത്താറുള്ളത്. ഒരു പ്രദേശത്ത് ഒരു വികസനപദ്ധതി വരുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി അവയുടെ തോത് കുറയ്ക്കുകയോ ഇല്ലെങ്കില്‍ പദ്ധതി തന്നെ നിര്‍ത്തലാക്കുകയോ ചെയ്യാനുള്ള നടപടിക്രമങ്ങളാണ് പരിസ്ഥിതി ആഘാത പഠനത്തില്‍ വേണ്ടത്. വികസന പ്രവര്‍ത്തനങ്ങള്‍ വരുമ്പോഴും പരമാവധി പരിസ്ഥിതി സംരഷണം ഉറപ്പാക്കാനും സാധ്യമായിടത്ത് ബദലുകള്‍ കണ്ടെത്താനും വേണ്ടിയാണിത്. സുതാര്യമായ നടപടിക്രമങ്ങളോടെയും ജനപങ്കാളിത്തത്തോടെയും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വികസനം നടപ്പിലാക്കുക എന്ന ലക്ഷ്യമാണ് പരിസ്ഥിതി ആഘാത പഠനം കൊണ്ടുദ്ദേശിക്കുന്നത്. ഒരു പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ഇത്തരം ഒരു പഠനത്തില്‍ നിന്നുണ്ടാവുന്ന അറിവുകള്‍ സഹായകമാകേണ്ടതുണ്ട്. ഇപ്രകാരം പരിസ്ഥിതി ആഘാത പഠനം എന്നത് വികസന പ്രവര്‍ത്തനങ്ങളില്‍ നിലവിലുള്ള അവസ്ഥയെ വിശകലനം ചെയ്യാനും തീരുമാനങ്ങള്‍ എടുക്കാനും നമ്മെ സഹായിക്കുന്ന ഒരു സങ്കേതമാണ്. പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം, ഭരണസുതാര്യത എന്നിവ ഉറപ്പ് വരുത്തുന്നതിനുള്ള ഒരു നിയമ സങ്കേതം കൂടിയാണിത്.

Back to Top