21 Saturday
December 2024
2024 December 21
1446 Joumada II 19

വ്യക്തിത്വവും പൊയ്മുഖവും

ആകര്‍ഷണീയതയും ബാഹ്യസൗന്ദര്യവും വിശാലമായ കാഴ്ചപ്പാടുകളും ചിന്താഗതികളുമുള്ള, സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങുന്ന, പ്രത്യക്ഷത്തില്‍ സമൂഹം ആഗ്രഹിക്കുന്ന തരത്തില്‍ സ്വഭാവമുള്ള ആളുകളെ കണ്ടാല്‍ ആര്‍ക്കും മതിപ്പ് തോന്നും. നല്ലൊരു വ്യക്തിത്വമായിട്ടാണ് ആളുകള്‍ അവരെ കാണുന്നത്. എന്നാല്‍ അയാളെ അടുത്തറിയുമ്പോള്‍ ഇതൊന്നുമല്ല ചിത്രമെങ്കിലോ? മുന്‍ കൂടിക്കാഴ്ചകളില്‍ നമുക്ക് തോന്നിയ ഇഷ്ടവും ആദരവും കൊണ്ട് നമ്മുടെ മനസ്സില്‍ ക്രിയേറ്റായ ആ മനുഷ്യന്‍റെ ഉയര്‍ന്ന് നില്‍ക്കുന്ന ആ ഇമേജ്, ആ നിമിഷത്തില്‍ തന്നെ താഴെ വീണ് ഉടഞ്ഞുപോവും. അതേപോലെ തന്നിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ബാഹ്യഘടനയും പെരുമാറ്റങ്ങളും വലിയ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള അതിയായ കഴിവും വാക്ചാതുര്യവും പ്രഭാഷണത്തില്‍ നൈപുണ്യവുമുള്ള ആള്‍, അല്ലെങ്കില്‍ ഒരു നേതാവ്/നായകന്‍ അവരോടും നമുക്ക് തോന്നുന്നത് ഇഷ്ടവും ആരാധനയുമൊക്കെയാണ്, എന്നിട്ട് വ്യക്തിത്വമെന്ന് നമ്മള്‍ അതിനെ വിശ്വസിക്കുന്നു.
ഒരു മനുഷ്യന്‍ യഥാര്‍ഥത്തില്‍ എന്താണോ അതിനെ മറച്ചുവെച്ചുകൊണ്ട് മറ്റൊന്നാവലാണ് വ്യക്തിത്വം, അല്ലെങ്കില്‍ ഒരു മുഖംമൂടി എടുത്ത് അണിയലാണ് വ്യക്തിത്വം എന്നുള്ള അഭിപ്രായക്കാരും നമുക്കിടയിലുണ്ട. ആളുകളുടെ മുന്നില്‍ മാന്യത നടിക്കലാണ് വ്യക്തിത്വം എന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അപ്പോള്‍ വ്യക്തിത്വത്തെക്കുറിച്ചുള്ള രണ്ട് വീക്ഷണ കോണുകളുണ്ട്, രണ്ടുപേരുടെയും ആങ്കിളില്‍ നിന്ന് നോക്കുമ്പോള്‍ രണ്ടും ശരി തന്നെയല്ലേ എന്ന് തോന്നാം. കാരണം ഉള്ളില്‍ ഒരു മനുഷ്യന്‍ എത്ര വൃത്തിഹീനമായ ചിന്താഗതികള്‍ കൊണ്ടുനടന്നാലും പുറമെ അയാള്‍ മാന്യതയും മര്യാദയും സദ്ഗുണവൃത്തിയോടെ നടക്കുന്ന വ്യക്തിയാവണം എന്ന് വിശ്വസിക്കുന്നവരാണ് വ്യക്തിത്വത്തെ ഇങ്ങനെ നിര്‍വചിക്കുന്നത്.
സമൂഹത്തിന്‍റെ അല്ലെങ്കില്‍ ആളുകളുടെ മുന്‍ധാരണയുടെയും മുന്‍വിധിയോടെയുമുള്ള സമീപനത്തിന്‍റെ അനന്തരഫലമാണ് ആ കാണുന്നത്. നല്ലവന്‍നല്ലവള്‍ ആകാനുള്ള തത്രപ്പാടില്‍ നാം നമ്മെ തന്നെ മറന്നു പോകുകയാണ്. ഇത് തീര്‍ത്തും അപലപനീയമായ ഒരു കാര്യമാണ്. ഒരാള്‍ നല്ലവന്‍ അല്ലെങ്കില്‍ നല്ലവര്‍ ആവേണ്ടത് അവനവന് വേണ്ടി തന്നെയാവണം. മറ്റുള്ളവരില്‍ മതിപ്പുണര്‍ത്തും വിധം അല്ലെങ്കില്‍ മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന പോലെ പെരുമാറുന്നവര്‍ മാത്രം നല്ലവന്‍/നല്ലവള്‍ എന്ന നാമവിശേഷണത്തിന് അര്‍ഹരാകുന്ന, സ്വന്തം വിചാരങ്ങള്‍ക്കും വികാരങ്ങള്‍ താത്പര്യങ്ങള്‍ക്കും വില നല്‍കപ്പെടാത്ത ഒരു സാഹചര്യം ഇവിടെയുണ്ട്.
പാരമ്പര്യ വാദികള്‍ ഇന്നും ഇതേ റൂട്ടിലാണ് ചിന്തിക്കുന്നതും സഞ്ചരിക്കുന്നതും എന്നാല്‍ വ്യക്തിത്വബോധമുള്ളവന്‍ മറ്റാരുടെയും പ്രീതി ആര്‍ജ്ജിച്ചെടുക്കാനോ, പ്രീണിപ്പിച്ച് നിര്‍ത്തനോ അല്ല, ആരുടെയും മുന്നില്‍ വിധേയപ്പെട്ടുകൊണ്ടല്ല മാന്യതയും മര്യാദയുള്ളവനും സദ്സ്വാഭാവിയായും. മാറുന്നത്. അയാള്‍ അന്തരീകമായി സംസ്ക്കരിക്കപ്പെടുകയാണ്. അയാള്‍ ബോധവാനാണ്, ആത്മാഭിമാനബോധത്തില്‍ നിന്നാണ്, തന്നോടും തന്‍റെ വ്യക്തിത്വത്തോടും അയാള്‍ക്കുള്ള റെസ്പെക്റ്റും ഇഷ്ടവുമാണ് അതാണ് അയാളെ നയിക്കുന്നത്. അയാള്‍ അയാളെ സ്വയം ആരുടെയും മുന്നില്‍ നിലവാരംകെട്ടവനായോ തരംതാഴ്ത്തപ്പെട്ടവനായോ കാണാന്‍ അല്ലെങ്കില്‍ ചിത്രീകരിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. അയാള്‍ക്ക് അയാളോട് തന്നെ ഇഷ്ടവും സ്നേഹവും ആദരവും കാണും, അവനവനെ എന്തിനെക്കാളേറെ വിലമതിക്കും.മുഖംമൂടി അണിയുന്നതല്ല വ്യക്തിത്വം, അതിനെ പൊയ്മുഖം എന്നാണ് വിളിക്കാവുന്നത്
ഒരാള്‍ അയാള്‍ നിലനില്‍ക്കുന്ന സാമൂഹിക, കുടുംബ പരിസ്ഥിതികളെയും അതിനകത്തെ നിയമങ്ങളെയും ചട്ടങ്ങളെയും വ്യവസ്ഥിതികളെയും മനസ്സിലാക്കിയും ഉള്‍ക്കൊണ്ടുകൊണ്ടും താന്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അതിനെ മറച്ചുവെയ്ക്കാതെ ഒളിച്ചുവെയ്ക്കാതെ അവനവനെ പ്രതിഫലിപ്പിക്കലാണ് വ്യക്തിത്വം. ഒരാളുടെ ആത്മബോധത്തിലേയ്ക്ക് ക്രിയാത്മകതയും നൈസര്‍ഗ്ഗീകതയും കലര്‍ന്ന ജീവിത രീതികളും കൂടിക്കലരുകയും അതേ സമയം സത്യത്തിലും നീതിയിലും ധര്‍മ്മത്തിലുമൂന്നിയ ബോധവും കൂട്ടിനുണ്ടെങ്കില്‍ ഒരു മാസ്മരിക വ്യക്തിത്വം അവിടെ താനെ രൂപപ്പെട്ടു വരികയാണ് ചെയ്യുന്നത്.
-അബ്ദുല്ല മലപ്പുറം

Back to Top