സീസണല്‍ മൃഗസ്‌നേഹികള്‍ ദാഹിക്കുന്നത് വര്‍ഗീയവിഷം ചീറ്റാന്‍
അബ്ദുല്ല തൃശൂര്‍
ഓരോ ജീവനും വിലപ്പെട്ടതാണ്. മനുഷ്യനായാലും മൃഗമായാലും. എന്നാല്‍ വല്ലപ്പോഴും മാത്രം പൊട്ടിവിടരുന്ന മൃഗസ്‌നേഹത്തെ കരുതിയിരിക്കേണ്ടതുണ്ട്. ഏതു കുറ്റത്തിനും ശിക്ഷ ലഭ്യമാകേണ്ടതുണ്ട്. പക്ഷേ, നമ്മുടെ രാജ്യത്തെ നീതിനിര്‍വഹണം അങ്ങനെയല്ലല്ലോ. ആയിരുന്നുവെങ്കില്‍ രണ്ടായിരത്തോളം നിരപരാധരെ കൊല്ലാന്‍ കാരണക്കാരനായ ആള്‍ ഉപ പ്രധാനമന്ത്രിയും രണ്ടായിരത്തിനുമേല്‍ ആളുകളെ കൊല്ലാന്‍ കൂട്ടുനിന്നയാള്‍ പ്രധാനമന്ത്രിയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ ആശാന്‍ ആഭ്യന്തര മന്ത്രിയുമാകുമായിരുന്നില്ല.
മതത്തിന്റെ പേരില്‍ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുമ്പോള്‍ മിണ്ടാത്തവരൊക്കെ ‘മലപ്പുറത്തെ ആന’ക്കുവേണ്ടി സജീവമായി രംഗത്തുണ്ട് എന്നതിലും വലിയ കൗതുകമൊന്നുമില്ല. പൊതുബോധത്തോടൊപ്പം നില്‍ക്കേണ്ടേ! മോദി ഭക്തി തുളുമ്പുന്ന അക്ഷയ് കുമാറും വിരാട് കോലിയും മാത്രമല്ല, രത്തന്‍ ടാറ്റയടക്കമുള്ളവരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിക്കളഞ്ഞു. അഖ്‌ലാഖിനെയും പെഹ്‌ലു ഖാനെയും മുഹമ്മദ് ജുനൈദിനെയും ‘മലപ്പുറ’ത്തെ ഫൈസലിനെയും യാസിറിനെയുമൊന്നും തിരക്കിനിടയില്‍ ഇവര്‍ കേട്ടിട്ടു പോലുമില്ല. അല്ല, പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഗര്‍ഭിണിയായ സഫൂറ സര്‍ഗാമിനെ ജയിലിലടച്ചു പീഡിപ്പിക്കുന്നതും ഇവര്‍ അറിഞ്ഞിട്ടില്ല.
മേനക ഗാന്ധിയുടെയും സംഘ പരിവാറിന്റെയും വിഷയം ആനയോ മൃഗസ്‌നേഹമോ അല്ല. അവയെ മറയാക്കി കേരളത്തില്‍ ഒരു വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുക എന്നതു മാത്രം. ശബരിമല സ്ത്രീ പ്രവേശം മുതല്‍ അതവരുടെ അജണ്ടയില്‍ കാണാം. പക്ഷെ പ്രബുദ്ധരായ കേരള ജനത അതെല്ലാം പരാജയപ്പെടുത്തി. പിന്നെയും പലപ്പോഴും പല രീതിയിലും അവര്‍ രംഗത്ത് വന്നു. കേരളം അപ്പോഴും അതിന്റെ നല്ല മനസ്സ് തുറന്നു വെച്ചു.
തങ്ങളുടെ കൃഷിയിടത്തിലേക്ക് വരുന്ന വന്യജീവികളെ തുരത്താന്‍ കൃഷിക്കാര്‍ ഉപയോഗിച്ച രീതിയുടെ ശരി തെറ്റുകള്‍ പറയേണ്ടത് നിയമമാണ്. പക്ഷെ ഒരു കാര്യം ഉറപ്പാണ് കൃഷിയിടത്തിനു പരിരക്ഷ വേണം. പലയിടത്തും കാട്ടുമൃഗങ്ങള്‍ കൂട്ടമായി കൃഷി നശിപ്പിക്കുന്ന വാര്‍ത്ത നാം വായിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഇത്ര ദാരുണമായ രീതിയില്‍ കാര്യങ്ങള്‍ അവസാനിക്കുമെന്ന് കൃഷിക്കാരനും മനസ്സിലാക്കി കാണില്ല.
ഒരാന ചത്തതോ ജീവിച്ചതോ അല്ല പലര്‍ക്കും കാര്യം. ആനയുടെ മുറിവില്‍ മരുന്നു പുരട്ടാന്‍ ശ്രമിക്കാതെ സമൂഹത്തില്‍ സ്വയം മുറിവുണ്ടാക്കി അതില്‍ മുളക് പുരട്ടാനായിരുന്നു മുന്‍ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും ശ്രമിച്ചത്. എന്തും കച്ചവട കണ്ണിലൂടെ നോക്കിയാല്‍ ആദ്യം മരിക്കുന്നത് കരുണയാണ്, അതാണ് മണ്ണാര്‍ക്കാട് നാം കണ്ടതും.
മലപ്പുറം എന്നത് സംഘപരിവാര്‍ ഒരു ജില്ലയായി ഇപ്പോഴും അംഗീകരിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. മലപ്പുറത്തെ അവര്‍ കാണുന്നതു മറ്റൊരു കണ്ണിലാണ്. മലപ്പുറത്ത് മുസ്‌ലിംകളാണ് കൂടുതല്‍ എന്നതല്ലാതെ അതിനെ വെറുക്കാന്‍ മറ്റൊരു കാരണവും നാം കാണുന്നില്ല. കുറ്റകൃത്യങ്ങളില്‍ കേരളത്തിലെ ആദ്യ ജില്ല മലപ്പുറമല്ല. ആനക്കും കൃഷിയിടത്തിനും മലപ്പുറവുമായി ഒരു ബന്ധവുമില്ല. പക്ഷെ അവര്‍ ഉദ്ദേശിക്കുന്ന കാര്യത്തിനു മലപ്പുറം തന്നെ വേണം എന്നതാണ് കാര്യം. പറഞ്ഞു കേള്‍ക്കുന്നത് അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിക്കും സംഘപരിവാര്‍ ഉദ്ദേശിക്കുന്ന വര്‍ണമില്ല എന്നാണ്. എല്ലാം മനസ്സിലായിട്ടും തങ്ങള്‍ തിരുത്തില്ല എന്ന ദാര്‍ഷ്ട്യത്തിലാണ് സംഘപരിവാര്‍. നാം അത് പ്രതീക്ഷിക്കുന്നുമില്ല. മഹാമാരി കാലത്തെങ്കിലും സംഘ പരിവാര്‍ അവരുടെ ദുഷ്ട മനസ്സിന് മാറ്റമുണ്ടാകും എന്ന് കരുതിയത് തീര്‍ത്തും വിഡ്ഢിത്തമാണ്.