5 Thursday
September 2024
2024 September 5
1446 Rabie Al-Awwal 1

ദുരന്തങ്ങളില്‍ നിന്ന് പഠിക്കേണ്ടതും പഠിക്കാത്തതും

അബ്ദുല്ല നിലമ്പൂര്‍

കേരളം വീണ്ടും അതിതീവ്ര മഴയുടെ കെടുതിയിലേക്ക് വീണു കഴിഞ്ഞു. കോവിഡ് രോഗ ഭീതിക്കിടയിലാണ് ഉരുള്‍പൊട്ടലും മറ്റും കടന്നു വന്നത്. സംസ്ഥാനത്ത് മൂന്ന് വര്‍ഷങ്ങളായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അതിതീവ്ര മഴയാണ് വലിയ വെള്ളപ്പൊക്കത്തിലേക്കും മണ്ണിടിച്ചിലിലേക്കും ഉരുള്‍പൊട്ടലിലേക്കും നയിക്കുന്നത് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അത് കലാവസ്ഥാ വ്യതിയാനം എന്ന ആഗോള പ്രതിഭാസത്തിന് മേല്‍ വെച്ചു വിശദീകരിക്കുമ്പോള്‍ തന്നെ നാം എന്താണ് നമ്മുടെ പരിസ്ഥിതിയോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്നാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ ആലോചന കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്കപ്പുറം എത്രത്തോളം മുന്നോട്ട് പോയി എന്നതും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
ദിനം പ്രതി 1000ത്തില്‍ അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെടുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മുന്‍വര്‍ഷത്തെ രീതിയില്‍ ആവര്‍ത്തിക്കുകയോ അല്ലെങ്കില്‍ അതിനെക്കാള്‍ തീവ്രമായി ഉണ്ടാവുകയോ ചെയ്താല്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തന്നെ വലിയ രോഗ പകര്‍ച്ചയിലേക്ക് നയിക്കുന്ന അവസ്ഥയുണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കുന്നന്നതും ആളുകളെ പാര്‍പ്പിക്കുന്നതുമൊക്കെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തേണ്ടി വരും. അതുകൊണ്ട് തന്നെ മുന്‍വര്‍ഷങ്ങളെക്കാള്‍ ഇരട്ടി വെല്ലുവിളിയാണ് ഈ വര്‍ഷം സംസ്ഥാനം നേരിടുന്നത്.
കൂട്ടായ്മയിലൂടെയും സംഘടിത ശക്തിയിലൂടെയും ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിച്ചേക്കാം. പക്ഷേ ദുരന്തങ്ങളുടെ ആഗസ്റ്റ് എന്ന ചാക്രികതയെ അതിജീവിക്കാന്‍ സംഘടിത ശക്തിയും ആത്മവിശ്വാസവും മാത്രം പോര എന്നതാണ് യാഥാര്‍ഥ്യം..
എന്ത് കൊണ്ട് ഇത്രമാത്രം പ്രകൃതി ദുരന്തങ്ങള്‍ മഴക്കാലത്തു സംഭവിക്കുന്നു എന്നത് ഒരു പഠന വിഷയമാണ്. മഴ പെയ്താല്‍ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും പൂര്‍ണമായി ജനതാമസം മാറ്റുക എന്നത് ഒരു പരിഹാരമാണ്. മുകളില്‍ വെള്ളം കെട്ടി നില്‍ക്കുമ്പോള്‍ അത് താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മനുഷ്യരുടെ അതിരു വിട്ട കൈകടത്തല്‍ തന്നെയാണ് മുഖ്യ കാരണം. മനുഷ്യന്റെ കൈകടത്തല്‍ മൂലം കരയിലും കടലിലും നാശം പ്രത്യക്ഷമായി എന്നാണ് പ്രമാണം.
ഭൂമിയിലുള്ളതെല്ലാം മനുഷ്യന് വേണ്ടി സൃഷ്ടിച്ചു എന്നാണ് ദൈവിക വചനം. മനുഷ്യന്‍ എന്നത് കൊണ്ട് വിവക്ഷ ഭൂമിയിലെ ആദ്യത്തെ മനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യന്‍ വരെയാണ്. ‘ഭൂമിയില്‍ ചലിക്കുന്ന ഒരു ജീവിയുമില്ല അതിന്റെ വിഭവങ്ങള്‍ അല്ലാഹുവിന്റെ ഉത്തരവാീത്വത്തില്‍ ആയിട്ടല്ലാതെ’ എന്നാണ് ദൈവിക മുന്നറിയിപ്പ്. ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെടാന്‍ ആവശ്യമായ വിഭവങ്ങള്‍ ഭൂമിയിലുണ്ട്. അതെ സമയം ഒരാളുടെ ആര്‍ത്തി തീര്‍ക്കാന്‍ സാധ്യമായ വിഭവം ഭൂമിയിലില്ല. പ്രകൃതി വിഭവങ്ങളെ അത്യാവശ്യത്തിനു മാത്രമായി ചുരുക്കിയാല്‍ മനുഷ്യനും പ്രകൃതിക്കും കോട്ടമില്ലാതെ മുന്നോട്ടു പോകും. അതെ സമയം ധൂര്‍ത്തിനും പൊങ്ങച്ചത്തിനും വേണ്ടി പ്രകൃതിയെ ഉപയോഗിച്ചാല്‍ രണ്ടു പേരും ദുരിതത്തിലാവും. അതാണിപ്പോള്‍ നാം അനുഭവിക്കുന്നതും.
മനുഷ്യന് മൂന്നു രീതിയിലുള്ള ഉത്തരവാദത്തമുണ്ട്. ഒന്ന് തന്നെ പടച്ച നാഥനോട്, മറ്റൊന്ന് സ്വന്തത്തോട് , മൂന്നാമത്തേത് സഹജീവികളോടും പ്രകൃതിയോടും . ഈ മൂന്നു ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ തന്റെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കി എന്ന് പറയാന്‍ കഴിയൂ. ആരാധന കാര്യങ്ങളില്‍ കൃത്യത പുലര്‍ത്തുന്നവര്‍ വരെ മൂന്നാമത്തെ കാര്യത്തില്‍ പലപ്പോഴും പരാജയമാണ്. അടുത്ത ആളുകള്‍ക്കും അഗതികളും അനാഥര്‍ക്കും അന്നം നല്‍കണം എന്ന് പറഞ്ഞ ഖുര്‍ആന്‍ തുടര്‍ന്ന് പറഞ്ഞത് ധൂര്‍ത്ത് കാണിക്കരുത്, അവര്‍ പിശാച്ചിന്റെ കൂട്ടുകാരാണ് എന്നാണ്. പൈസ കൂടുതല്‍ ചിലവഴിക്കല്‍ മാത്രമായി ധൂര്‍ത്തിനെ ചുരുക്കരുത്. തന്റെ ആവശ്യത്തിന് മുകളില്‍ എടുക്കുന്ന എന്തും ധൂര്‍ത്താണ്. മനുഷ്യന്‍ സ്വയം ഉണ്ടാക്കി വെച്ച ദുരന്തങ്ങള്‍ അവനെ വേട്ടയാടുന്നു. അതിനു പരിഹാരം തേടേണ്ടത് മനുഷ്യന്‍ തന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x