കൊറോണാനന്തരം ലോകം
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്നു. കൊറോണാനന്തരം എന്ത് എന്ന ചോദ്യം പല മനസുകളിലും ഭയപ്പാട് തീര്‍ക്കുന്നുണ്ട്. ഈ മഹാമാരിക്ക് ശേഷം നാം ജീവിക്കേണ്ടി വരിക അത്യധികം വ്യത്യസ്തമായ ഒരു ലോകത്താവും. ആ ലോകം എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചുള്ള ആകാംക്ഷക്കു പകരം ആ ലോകം എങ്ങനെയായിരിക്കണം എന്നും ഈ ഭീതിയില്‍ നിന്ന് നാം ഉള്‍ക്കൊള്ളേണ്ട, ജനങ്ങളെ ബോധവാന്മാരാക്കേണ്ട പാഠങ്ങള്‍ എന്തൊക്കെയാ വണം എന്നതിനെ കുറിച്ചു മുള്ള ആലോചനകളാണ് നാം നടത്തേണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തിലാണ് നാമുള്ളത്. മനുഷ്യന്‍റെ വളര്‍ച്ച അത്യുന്നതികള്‍ കീഴടക്കി യിരിക്കുന്നു. പുതിയ കണ്ടുപടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലോകത്ത് മാനുഷിക നാഗരികതയുടെ ഉന്നതിയിലാണ് നാം. ഇന്ന് സാധാരണ ജനങ്ങള്‍ പോലും അനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ മുന്‍കാലത്ത് രാജാക്കന്മാര്‍ക്ക് പോലും അന്യമായിരുന്നു. മുന്‍ കാലത്ത് സ്വപ്നേപി നിനച്ചിരിക്കാത്ത നിലയില്‍ ശാസ്ത്ര സാങ്കേതിക ലോകം ഇന്നു വളര്‍ന്നു കഴിഞ്ഞു. ഈ വികസനങ്ങള്‍ എല്ലാം കണ്ട് അഭിനവന്‍ സ്വയം അഹങ്കരിച്ചു തുടങ്ങി. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ നേടിയ വിജയം എന്ന് അതിനെ അവര്‍ പേരിട്ടു വിളിച്ചു. ഈ അറിവും പ്രാപ്തിയും മനുഷ്യനെ ദൈവത്തില്‍ നിന്നും മതത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ തുടങ്ങി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്‍ തന്‍റെ വേദ പുസ്തകമായി ഭൗതിക വളര്‍ച്ചയെ തെരഞ്ഞെടുത്തു. എങ്ങനെ കൂടുതല്‍ സമ്പാദിക്കാം എന്നത് അവരുടെ മനസ്സുകളില്‍ നിറഞ്ഞു നിന്നു.
എങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഈ മഹാമാരി മനുഷ്യന്‍റെ അഹന്തയെ എത്ര നിസ്സാരമായാണ് ചോദ്യം ചെയ്തതെന്നു നാം കണ്ടല്ലോ. ദൈവത്തിന്‍റെ കരുത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ അവന്‍റെ ശക്തി ഒന്നുമല്ല എന്ന് മനുഷ്യനോട് വിളിച്ചു പറഞ്ഞു. മനുഷ്യന്‍ ദൈവിക നിയമങ്ങളോട് പുറം തിരിഞ്ഞു നടക്കുമ്പോള്‍ പതിയെ അവന്‍ തീവ്രവാദത്തിന്‍റെയും പിഴച്ച മാര്‍ഗങ്ങളുടെയും ഇരയാവുന്നു. ഒരു പക്ഷെ നമ്മുടെ കൂട്ടത്തില്‍ ദൈവിക നിയമങ്ങള്‍ അനുസരിക്കാത്ത, രോഗം വരുമ്പോള്‍ ചികിത്സ തേടാതെ സ്വന്തം വിശ്വാസത്തില്‍ കഴിയുന്നവരുണ്ടാകാം. ഈ രീതി ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പ്രവാചകന്‍ മുഹമ്മദ് നബി രോഗിയായപ്പോള്‍ ചികിത്സ നടത്തിയതും അന്ന് ലഭ്യമായിട്ടുള്ള രീതികള്‍ ഉപയോഗിച്ചൊക്കെ പ്രതിരോധം നടത്തിയതും കാണാം. രോഗം വരുന്നതിനു മുമ്പേ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നബി (സ) അരുള്‍ ചെയ്തിട്ടുണ്ട്.
ഓരോ മണിക്കൂറിലും ഈ രോഗം പടര്‍ന്നു പിടിക്കുമ്പോള്‍ നാം അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. പാവങ്ങളായ മനുഷ്യ ജീവന്‍ പോലും രക്ഷിക്കാന്‍ നാം ശ്രദ്ധ കാണിച്ചു. അവന്‍റെ ദേശമോ വര്‍ഗമോ ഒന്നും നാം അന്വേഷിച്ചില്ല. നാം ഒരുവേള ചിന്തിക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളും ഇടപെടലുകളും ഇത്തരത്തില്‍ ആണ്, അല്ലെങ്കില്‍ ആകണമെന്ന് നമുക്ക് വ്യക്തമാകും. വലിയൊരു ഭൂരിപക്ഷത്തെ എപ്പോഴും പാവങ്ങളായി, അരികുവല്‍കരിക്കപ്പെട്ടവരായി നിര്‍ത്തി നമുക്ക് വിജയം നേടാമെന്നത് വെറും വ്യാമോഹം മാത്രമാണ്. ഒരു കൂട്ടരെ അടിമത്തത്തില്‍ ഇട്ടിട്ട് നമുക്ക് ഒരിക്കലും സമാധാനവും സൗഹാര്‍ദവും അനുഭവിക്കാന്‍ സാധ്യമല്ല. സമാധാനവും സൗഹാര്‍ദവും എല്ലാവരും അനുഭവിക്കണം, എല്ലാവരുടെയും ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടണം, എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എല്ലാവര്‍ക്കും ബഹുമാനവും സ്വാതന്ത്ര്യവും ലഭ്യമാക്കണം. ഈ ദുരിത കാലം നമ്മെ പഠിപ്പിച്ച മറ്റൊരു കാര്യം ഇത്തരം പ്രതിസന്ധി ഘട്ടങ്ങളോട് പൊരുതാന്‍ നമ്മുടെ സ്വഭാവത്തില്‍ പോലും ഒരുപാട് മാറ്റങ്ങള്‍ ആവശ്യമാണ് എന്നതാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം മുഴുവന്‍ അതിന്‍റെ സ്വഭാവത്തിലും ജീവിത രീതിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആഡംബര ജീവിതം മാറ്റി നിര്‍ത്തിയത് അതിന്‍റെ ഒരു ഉദാഹരണം മാത്രം. ചുരുക്കത്തില്‍ ലോക ചരിത്രത്തിലെ അത്യപൂര്‍വമായ ഒരു സംഭവമാണ് ഈ മഹാമാരി. ഈ ലോകത്തെ മുഴുവന്‍ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനും അടിച്ചമര്‍ത്തലുകള്‍ക്ക് അന്ത്യം കുറിക്കാനും വംശീയത, അഹിംസ, പട്ടിണി തുടങ്ങിയ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സാമ്പത്തിക അസമത്വത്തിന് അവസാനമിട്ട് പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്താനും നമ്മുടെ ജീവിത രീതിയിലും ശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ ആവശ്യമാണ് എന്ന പാഠമാണ് അവസാനമായി കൊറോണ വൈറസ് നമ്മെ പഠിപ്പിക്കുന്നത്.
അബ്ദുന്നസീര്‍
