ഭരണകൂടങ്ങള്‍ ഭയപ്പെടുത്തുമ്പോള്‍
അബ്ദുല്‍ മജീദ്
സര്‍ക്കാരിന്റെ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അതാത് കാലഘട്ടത്തെ ഭരണകൂടങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനും മുഖ്യ എതിരാളികളെ വരുതിയില്‍ നിര്‍ത്താനും എല്ലായിപ്പോഴും ശ്രമിക്കാറുണ്ട്. മുന്‍പത്തെ സാഹചര്യങ്ങളില്‍ മിക്ക വേട്ടയും രാഷ്ട്രീയമായ പകപോക്കലിന്റെയും താല്‍പര്യങ്ങളുടെയും ഭാഗമായിരുന്നു. എന്നാല്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് പുറമെ ഒരു പ്രത്യേക മതവിഭാഗത്തെയും ന്യൂനപക്ഷ സമൂഹങ്ങളെയും തെരഞ്ഞുപിടിച്ച് വേട്ടയാടുന്നത് നാം കണ്ടുവരുന്നതാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ജീവകാരുണ്യ സംഘടനകളുടെ ഓഫിസില്‍ എന്‍ ഐ എ നടത്തിയ റെയ്ഡ്.
പുകമറ സൃഷ്ടിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും സമൂഹത്തിനിടയില്‍ ആശങ്ക സൃഷ്ടിക്കാനും ഒറ്റപ്പെടുത്താനുമെല്ലാം ഇവര്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടികള്‍ എന്ന് പറയാതെ വയ്യ.
