1 Tuesday
July 2025
2025 July 1
1447 Mouharrem 5

അഴിമതി വിരുദ്ധത മറയിട്ടത്

അബ്ദുസ്സമദ് തൃശൂര്‍

അഴിമതിയില്‍ മുങ്ങിക്കുളിച്ച അവസ്ഥയില്‍ നിന്ന് മോചനം വേണമെന്ന ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഉല്‍ക്കടമായ ആഗ്രഹം രൂപംകൊണ്ട വേളയിലാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണയില്ലെന്നവകാശപ്പെട്ട് ഒരു കൂട്ടം ആളുകള്‍ രംഗപ്രവേശം ചെയ്യുന്നത്. അഴിമതിക്ക് കാരണക്കാരനാകുന്ന ഉദ്യോഗസ്ഥനെ ശിക്ഷിക്കാന്‍ അധികാരം നല്കുന്ന ലോക്പാല്‍ ബില്ല് ആയിരുന്നു അവരുടെ ആവശ്യം. അതിന് മുന്‍പില്‍ നിര്‍ത്തിയതാവട്ടെ ഗാന്ധിയന്‍ പശ്ചാത്തലം അവകാശപ്പെടുന്ന അണ്ണാ ഹസാരെയെയും. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റുപിടിക്കാന്‍ അധികമൊന്നും കാലതാമസം വേണ്ടി വന്നില്ല. എന്നാല്‍, ഒട്ടും ഐക്യമില്ലാതെയായിരുന്നു അവരുടെ ഐക്യപ്പെടാനുള്ള സന്ദേശം എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ കൂട്ടായ്മയില്‍ രൂപപ്പെട്ട പിളര്‍പ്പുകള്‍. ഒരു ഭാഗം ആം ആദ്മി പാര്‍ട്ടിയും മറ്റൊരു ഭാഗം അണ്ണാ ഹസാരെയും ആയി മാറി.
പ്രശാന്ത് ഭൂഷനും ഒരു കാലത്തു ഈ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. പിളര്‍പ്പില്‍ അദ്ദേഹം എത്തിപ്പെട്ടത് എ എ പി യിലായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് പുതിയ വെളിച്ചം എന്നതായിരുന്നു കെജ്രിവാള്‍ നയിക്കുന്ന എ എ പി മുന്നോട്ട് വെച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്കല്ല ജനം ആം ആദ്മി പാര്‍ട്ടിയെ സ്വീകരിച്ചത്. യു പി എ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ അഴിമതി അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു. ലക്ഷം കോടികളുടെ അഴിമതി കഥകളായിരുന്നു തലസ്ഥാനത്തു നിന്നും കേട്ട് കൊണ്ടിരുന്നത്. അതുകൊണ്ട് അവിടെ തന്നെ എ എ പി കാര്യമായി പിടിമുറുക്കി.
സംഭവം പതുക്കെ കറങ്ങിത്തിരിഞ്ഞു ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനെ പിടികൂടി. പിന്നെയെല്ലാം നാം കണ്ട ചരിത്രം. കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷന്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ മാധ്യമങ്ങളില്‍ കാര്യമായ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. മേല്‍ പറഞ്ഞ കൂട്ടായ്മയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍ എസ് എസ് അജണ്ടയായിരുന്നു എന്ന് അദ്ദേഹത്തെ പോലെ ഒരാള്‍ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യം വരുന്നില്ല. ‘താന്‍ അതില്‍ പെട്ട് പോയതില്‍ ഖേദിക്കുന്നു’ എന്നാണു അദ്ദേഹം പറഞ്ഞത്.
അരാഷ്ട്രീയ മുന്നേറ്റങ്ങള്‍ ജനാധിപത്യ രാജ്യത്ത് സാധാരണമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി വെച്ച സാമൂഹിക അവസ്ഥകള്‍ പലപ്പോഴും പൊതുജനത്തിനു ഒരു ‘നെഗറ്റീവ് വികാരം’ ഉണ്ടാക്കുന്നു. ഒന്നാം മന്‍മോഹന്‍ സര്‍ക്കാരിന് ഒരു ‘ഇടതു സംരക്ഷണം’ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ശരിയായ വഴിയിലൂടെ തന്നെ ചലിക്കാന്‍ കാരണമായി. ആണവ കരാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ മാറ്റം വലുതാണ്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും തമ്മില്‍ അകല്‍ച്ച വര്‍ധിച്ചു. പിന്നെ കോണ്‍ഗ്രസ്സിന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു. ഒരു ‘അരാഷ്ട്രീയ പ്രധാനമന്ത്രി’ എന്ന മന്‍മോഹന്‍ സിംഗിന്റെ രണ്ടാംഭരണം വാസ്തവത്തില്‍ കപ്പിത്താനില്ലാത്ത കപ്പല്‍ പോലെ എന്ന വികാരമാണ് ഇന്ത്യന്‍ ജനതക്ക് നല്‍കിയത്.
ഈ അവസരം കൃത്യമായി ഉപയോഗിക്കാന്‍ സംഘ പരിവാറിനു കഴിഞ്ഞു. അഴിമതി സമരത്തി ല്‍ പങ്കെടുത്ത പലരും പിന്നെ നേ ര്‍ക്കു നേരെയോ വളഞ്ഞവഴിയിലൂടെയോ സംഘപരിവാര്‍ പാളയത്തില്‍ എത്തി.
സംഘപരിവാര്‍ തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഇത്തരം അരാഷ്ട്രീയ വേദികളെയാണ്. ആര്‍ക്കും യോജിക്കാന്‍ കഴിയുന്ന ഒന്നിലേക്ക് ജനത്തെ എത്തിക്കുക. പിന്നീട് അവരെ പതുക്കെ ‘ഹൈജാക്ക്’ ചെയ്യുക. ഇന്ത്യന്‍ മണ്ണില്‍ ഇപ്പോഴും അരാഷ്ട്രീയ മുന്നേറ്റങ്ങള്‍ സജീവം. അറുപതു വയസ്സിനു മേല്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ എന്നത് മറ്റൊരു ഉദാഹരണം. ആര്‍ക്കും ആകര്‍ഷണം തോന്നാവുന്ന മുദ്രാവാക്യമാണ് ഇവര്‍ മുന്നോട്ട് വെക്കുക. നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളെ അവഗണിച്ച് ജനം പലപ്പോഴും ഇത്തരം ശബ്ദങ്ങളുടെ കൂടെ ചേരും. ഒരു ബിന്ദുവിലേക്ക് മാത്രം ഒതുങ്ങിപ്പോയ ജനത്തെ മറ്റൊരു ദിശയിലേക്കു മാറ്റാന്‍ എളുപ്പമാണ് എന്നത് സംഘപരിവാര്‍ അനുഭവത്തില്‍ നിന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മതേതര കക്ഷികള്‍ നിസ്സാര കാര്യങ്ങളുടെ പേരില്‍ പരസ്പരം ആക്രമിക്കാന്‍ മുതിരുമ്പോള്‍ അത്തരം കാര്യങ്ങളുടെ പേരില്‍ ജനത്തെ ഒന്നിപ്പിക്കാന്‍ സംഘപരിവാറിനു കഴിയുന്നു. അതാണ് കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷന്‍ വിളിച്ചുപറഞ്ഞത്. ഇതില്‍ നിന്ന് പറയാത്ത അജണ്ട മനസ്സിലാക്കാന്‍ നമുക്ക് കഴിയാതെ പോകുന്നു എന്നിടത്താണ് പരാജയം.

Back to Top