1 Tuesday
July 2025
2025 July 1
1447 Mouharrem 5

കരിനിയമങ്ങള്‍ ഇങ്ങനെയാണ് പൗരനെ ആക്രമിക്കുന്നത്

അബ്ദുസ്സമദ് തൃശൂര്‍

അലനും താഹയും ജാമ്യം നേടിയിരിക്കുന്നു. അകാരണമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകാവുന്ന യു എ പി എയും പേറി ആ യുവാക്കള്‍ മാസങ്ങളോളം ജയിലറയിലായിരുന്നു. തീവ്ര ചിന്തകളുണര്‍ത്തുന്ന പുസ്തകം കയ്യില്‍ വെച്ചു എന്നതു മാത്രമായിരുന്നു അവരെ അറസ്റ്റ് ചെയ്യാന്‍ പിണറായിപ്പോലീസ് കണ്ട കാരണം. ഒടുവില്‍ എന്‍ ഐ എ കോടതി തന്നെ എന്തിനാണവരെ അറസ്റ്റ് ചെയ്ത് യു എ പി എ ചാര്‍ത്തിയത് എന്ന് മനസിലാക്കാന്‍ കഴിയാതെ ഉഴറുകയാണ്. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാറിനായില്ലെന്നും ഏറി വന്നാല്‍ സി പി ഐ (മാവോയിസ്റ്റ്) നോട് ചായ്‌വുണ്ടെന്നു മാത്രമാണ് മനസിലാക്കാന്‍ പറ്റുന്നതെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്.
ലോകത്ത് ഏറ്റവും വലിയ ഭീകരത ഭരണകൂട ഭീകരതയാണ്. പ്രജകളെ രക്ഷിക്കേണ്ട സര്‍ക്കാരുകള്‍ തന്നെ ജനത്തിന്റെ ശത്രുക്കളായി മാറുന്ന അവസ്ഥ നാം പലയിടത്തു നിന്നും കേട്ടിട്ടുണ്ട്. അടിയന്തിരാവസ്ഥ അങ്ങനെ ഒന്നായി ഇന്ത്യക്കാര്‍ മനസ്സിലാക്കുന്നു. സര്‍ക്കാര്‍ ഒരു പക്ഷം ചേര്‍ന്നാല്‍ പിന്നീട് സംഭവിക്കുക തികഞ്ഞ അരാജകത്വം മാത്രമാകും. അലനും താഹയും എന്തിനു അറസ്റ്റ് ചെയ്യപ്പെട്ടു എന്നതു കേരളം പലപ്പോഴും ചോദിച്ച കാര്യമാണ്. അതിനു അന്ന് പോലീസ് പറഞ്ഞ കാരണം മാവോയിസ്റ്റ് എന്നതാണ്. വളരെ പെട്ടെന്ന് തന്നെ യു എ പി എ ചുമത്തിയാണ് പോലീസ് കേസെടുത്തതും. മുമ്പ് ഇന്ത്യയില്‍ സംഘടകളെയായിരുന്നു ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഇനി മുതല്‍ വ്യക്തികളെയും അന്വേഷണ ഏജന്‍സികള്‍ക്ക് വേണമെങ്കില്‍ ഭീകരര്‍ എന്ന് മുദ്ര കുത്താം.
ഈ നിയമ പ്രകാരവും ഒരാളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പല കടമ്പകളും കടക്കണം. ഒന്ന് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. മറ്റൊന്ന് ഭീകര പ്രവര്‍ത്തനത്തിനു അനുയോജ്യമായ പ്രവര്‍ത്തനം നടത്തണം, മൂന്നാമത് ഈ വിഷയത്തില്‍ ഗൂഢാലോചന ഉണ്ടായിരിക്കണം. അലനും ത്വാഹക്കും ജാമ്യം നല്‍കുമ്പോള്‍ എന്‍ ഐ എ കോടതി ചോദിച്ചതും ഇത് തന്നെ. യു എ പി എ ചുമത്താന്‍ കാരണമായ എന്ത് കുറ്റമാണ് ഇവര്‍ ചെയ്തതെന്ന പ്രസക്തമായ ചോദ്യം. കഴിഞ്ഞ പത്തു മാസം കൊണ്ട് കാര്യമായ തെളിവുകള്‍ കൊണ്ട് വരാന്‍ കുറ്റം ചുമത്തിയ പോലീസിനും എന്‍ ഐ എക്കും കഴിഞ്ഞിരുന്നില്ല. സി പി എം പ്രവര്‍ത്തകര്‍ എന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി പറഞ്ഞിട്ടും മുഖ്യമന്ത്രി പോലീസ് ഭാഷ്യത്തില്‍ ഉറച്ചുനിന്നു. ‘അവര്‍ ചായ കുടിക്കാന്‍ പോയതല്ല’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്ന് തന്നെ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മാവോയിസ്റ്റ് സംഘടനയുടെ നോട്ടീസുകളും ലഘുലേഖകളും സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പട്ടതാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. ഈ നോട്ടീസ് പ്രഥമദൃഷ്ട്യാ ഏതെങ്കിലും തരത്തിലുള്ള അക്രമ സമരത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതല്ല. മാവോയിസ്റ്റ് മുന്നേറ്റത്തിന്റെ ഭാഗമാവുക എന്നല്ല, മറിച്ച് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370-ഉം ആര്‍ട്ടിക്കിള്‍ 35(എ)യും റദ്ദാക്കിയതിന് പിന്നാലെ വിഷയത്തില്‍ പിന്തുണ പ്രഖ്യാപിച്ച് പ്രതികളിലൊരാള്‍ എഴുതിയ ബാനറാണ് മറ്റൊരു തെളിവായി കണക്കാക്കുന്നത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തുള്ള ഏത് വിലയിരുത്തലും മോശം നിഗമനത്തിലേക്കെത്തിക്കും എന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നു എന്നും നിരീക്ഷിച്ചു.
യു എ പി എ ആരോപിത പ്രതികള്‍ക്ക് ജാമ്യം കിട്ടി എന്നത് കൊണ്ട് വിഷയത്തിന്റെ പ്രസക്തി അവസാനിക്കുന്നില്ല. ഡമോക്ലസ്സിന്റെ വാള് പോലെ ജനാധിപത്യ ഇന്ത്യയുടെ മേല്‍ തൂങ്ങി നില്‍ക്കുന്ന ഒന്നാണ് യു എ പി എ. സക്കറിയ എന്നൊരു ചെറുപ്പക്കാരന്‍ ഇതേ നിയമത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നുണ്ട്. ഈ കരിനിയമത്തിന്റെ അവസാനം കൊണ്ട് മാത്രമേ ജനത്തിന്റെ മേല്‍ കുതിര കയറാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതക്ക് തടയിടാന്‍ കഴിയൂ.

Back to Top