അടുക്കളകള്‍ക്കു നേരെ ചൂണ്ടുവിരല്‍ ഉയരുമ്പോള്‍
സാബിത് കൊച്ചി
അടുക്കളകളെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍. നമ്മുടെ അടുക്കളകളില്‍ നരകിച്ചു ജീവിക്കേണ്ടി വരുന്ന ജന്മങ്ങള്‍ അഭ്രപാളികളില്‍ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ മാത്രമാണ് ചര്‍ച്ചയാകുന്നത് എന്നത് നിരാശാജനകമാണ്. കാലങ്ങളായി ഒട്ടും പണിയില്ലാത്തവരായി മുദ്രകുത്തപ്പെടുമ്പോഴും ഭാരിച്ച ജോലികളെടുത്ത് അവര്‍ കുഴങ്ങുന്നുണ്ടായിരുന്നു.
പുരുഷ മേധാവിത്വ സമൂഹത്തില്‍ അവരുടെ വിഴുപ്പു ചുമക്കേണ്ടവളായി ഭാര്യയെ, സ്ത്രീകളെ അടയാളപ്പെടുത്തിയത് ആരാണ് എന്ന അന്വേഷണം ന്യായമാകും. വീട്ടുജോലികളില്‍ സ്ത്രീയെ സഹായിക്കുന്ന പുരുഷനെ ഒന്നിനും പോരാത്തവനായി ചിത്രീകരിച്ച് അവന്റെയുള്ളില്‍ അത്തരത്തിലുള്ള ജോലികള്‍ ചെയ്യുന്നത് നാണക്കേടാണെന്ന തോന്നല്‍ ഉണ്ടാക്കി ഈ സമ്പ്രദായത്തെ നിലനിര്‍ത്തിപ്പോരുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് ചെറുതല്ല. സ്വന്തം പ്ലേറ്റു പോലും കഴുകാതെ വായില്‍ നിന്നെടുത്ത അവശിഷ്ടങ്ങള്‍ പോലുമങ്ങനെയിട്ടേച്ച് എഴുന്നേറ്റു പോകുന്ന പുരുഷ കേസരികളെ അങ്ങനെയാക്കുന്നതില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്നര്‍ഥം.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പരസ്പരം ഇണയും തുണയുമായുള്ള ജീവിതമാണ് ദാമ്പത്യത്തില്‍ സാധ്യമാകേണ്ടത്. ഇന്നത് ഇന്നയാളേ ചെയ്തു കൂടൂ എന്നൊരു നിര്‍ബന്ധം മതത്തിന്റെ ഭാഗമല്ല തന്നെ. നമ്മുടെ അടുക്കളകള്‍ ഒരു പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്. സഹകരണത്തിന്റെ തലങ്ങള്‍ ഇതില്‍ രൂപപ്പെടുത്തേണ്ടതുണ്ട്. കാര്‍ക്കശ്യങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും വേദിയായി അടുക്കളകള്‍ പരിണമിച്ചുകൂടാ.