8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

അനുസരണ ശീലമുള്ള കുട്ടി – സലീം ടി പെരിമ്പലം

അനുസരണശീലമുള്ള കുട്ടികളാണ് നല്ല കുട്ടികള്‍. നല്ല കുട്ടികളുടെ ലക്ഷണമെന്തെന്ന് ചോദിച്ചാല്‍ രക്ഷിതാക്കളില്‍ നിന്ന് ആദ്യം ലഭിക്കുന്ന ഉത്തരവും ഇതുതന്നെ. അതിന് മാതാപിതാക്കള്‍ ഉന്നയിക്കുന്ന ന്യായവുമുണ്ട്. ജീവിത പരിചയവും അനുഭവങ്ങളുമുള്ളത് ഞങ്ങള്‍ക്കാണ്. തെറ്റും ശരിയും വിവേചിച്ചറിയാനും കഴിയും. അതിനാല്‍ കുട്ടികളുടെ മികച്ച ഭാവിയും സ്വഭാവ രൂപീകരണവും ലക്ഷ്യംവെച്ച് അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ അവരത് അനുസരിക്കണം.
ഈ ചിന്താഗതി മഹാ അപരാധമാണെന്ന് അഭിപ്രായമില്ല. അതേസമയം മറ്റൊരാളെ അനുസരിക്കുക എന്നത് കുട്ടിക്കോ നമുക്കോ അത്ര ലളിതമായി സാധിച്ചെടുക്കാവുന്ന കാര്യമല്ല. അനുസരിക്കേണ്ടി വരിക എന്നത് ഒരര്‍ഥത്തില്‍ നിസ്സഹായതയാണ്.
തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഫിറൂസാബാദില്‍ രണ്ട് സഹോദരികളുണ്ടായിരുന്നു. ലാദന്‍ ബൈജാനിയും ലൈല ബൈജാനിയും. സയാമീസ് ഇരട്ടകള്‍. ജനിക്കുമ്പോള്‍ ഇരുവരുടെയും തലകള്‍ തമ്മില്‍ ചേര്‍ന്ന സ്ഥിതിയായിരുന്നു. ഒന്നുചേര്‍ന്ന് അവര്‍ വളര്‍ന്നു വലുതായി. പക്ഷെ, രണ്ടു ചിന്തകള്‍ അവരുടെ ജീവിതത്തില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ തീര്‍ത്തു. രണ്ടാള്‍ക്കും രണ്ട് തലച്ചോറുകളും രണ്ട് മനസ്സുകളും രണ്ട് വ്യത്യസ്ത ചിന്താരീതികളുമായിരുന്നു. ലാദന് വളര്‍ന്ന് നല്ലൊരു അഭിഭാഷകയാവണം. ലൈല ആഗ്രഹിച്ചത് പത്രപ്രവര്‍ത്തകയാവാനാണ്. ലൈല ലാദനു വഴങ്ങേണ്ടി വന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അങ്ങനെ തന്നെ. ശരീരം ഒന്നായതിനാല്‍ എപ്പോഴും സ്വന്തം ചിന്തകളെയും പദ്ധതികളെയും ഉപേക്ഷിച്ച് മറ്റെയാളെ അനുസരിക്കാന്‍ രണ്ടിലൊരാള്‍ നിര്‍ബന്ധിതയായിരുന്നു. ഒടുവിലവര്‍ക്ക് മടുത്തു. ഇനിയും അനുസരിക്കാനും വഴങ്ങാനും കഴിയില്ലെന്ന് രണ്ടുപേരും ഒരുമിച്ച് തീരുമാനിച്ചു. ഞങ്ങളെ രണ്ടാക്കിത്തരണമെന്നപേക്ഷിച്ച് അവര്‍ വൈദ്യശാസ്ത്രത്തെ സമീപിച്ചു. ജര്‍മനിയില്‍ നിന്നുള്ളവരുള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരെല്ലാം അവരുടെ ആവശ്യം തള്ളിക്കളഞ്ഞു. സര്‍ജറി പരാജയപ്പെടും. രണ്ടുപേരുടെയും മരണമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. അത്രയും സങ്കീര്‍ണമായിരുന്നു കാര്യങ്ങള്‍. പക്ഷെ, അവര്‍ പിന്മാറിയില്ല. ഒടുവില്‍ 2006 ജൂലൈ എട്ടിന് സിംഗപ്പൂരിലെ പ്രസിദ്ധമായ റാഫിള്‍സ് ആശുപത്രിയില്‍ ലോകപ്രശസ്തരായ 28 ശസ്ത്രക്രിയാ വിദഗ്ധരുടെ നേതൃത്വത്തില്‍ അവരുടെ ശരീരങ്ങള്‍ വേര്‍പ്പെടുത്തി. ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ആദ്യം ലാദനും ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ലൈലയും മരണത്തിന് കീഴടങ്ങി. ഒരു മെയ്യായിട്ടും രണ്ട് മനസ്സുകള്‍ക്ക് പരസ്പരം അനുസരിക്കാന്‍ കഴിയാതെ പോയതിനാല്‍ അവര്‍ മരിക്കാന്‍ തയ്യാറാവുകയായിരുന്നു.
ഇനി നമ്മുടെ മക്കളെ കുറിച്ച് ചിന്തിക്കൂ. അവര്‍ക്ക് നമ്മളില്‍ നിന്ന് തീര്‍ത്തും വേര്‍പ്പെട്ട ശരീരമുണ്ട്. വേറെ കൈകാലുകള്‍, വേറെ കണ്ണുകളും മൂക്കും. വേറെ തലച്ചോറ്. വേറെ ചിന്തകള്‍. വേറെ ലോകം. അവരുടേതായ ലോകത്ത് അവരുടെ ചിന്തകള്‍ തീര്‍ക്കുന്ന പദ്ധതികളെല്ലാം വേദനയോടെ ഉപേക്ഷിച്ചുകൊണ്ടാണ് അവര്‍ അനുസരണയുള്ള കുട്ടികളായി നമുക്ക് കീഴൊതുങ്ങുന്നത്. ഉമ്മയുടെ പ്രീതി നഷ്ടപ്പെടരുതല്ലോ.
ഇനി പറയുന്ന സാഹചര്യം ഒന്നോര്‍ത്ത് നോക്കൂ. സ്കൂള്‍ വിട്ട് വീട്ടിലെത്തുന്ന മകന്‍. നടന്നാണോ വരുന്നത്? പാറി വരുന്നെന്നാണ് ഉമ്മമാര്‍ വിശേഷിപ്പിക്കാറുള്ളത്. ബാഗും പാത്രങ്ങളും അടുക്കി വെക്കുകയല്ല, എറിയുകയാണ്. ചായ മോന്തും. അവന് സമയമില്ല. കൂട്ടുകാരെത്തിയിട്ടുണ്ടാകും. എത്രയെത്ര പദ്ധതികളാണ് ആ കുഞ്ഞു മനസ്സിലുള്ളത്. എന്തെല്ലാം ആസൂത്രണങ്ങളാണ് കൂട്ടുകാരോടൊത്ത് അവന്‍ നിര്‍വഹിച്ചിട്ടുള്ളത്. മെസ്സിയും നെയ്മറുമൊക്കെയായി സ്വയം കല്പിച്ച് വീട്ടില്‍ നിന്നിറങ്ങുന്ന അവന്‍റെ മനോവ്യാപാരങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.
പുറത്തേക്ക് കുതിക്കുന്ന അവന്‍റെ പിന്നില്‍നിന്നൊരു വിളി. “മോനെ, നില്‍ക്ക്. കടയില്‍ നിന്ന് ഈ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരണം.” ഇവിടെ ഉമ്മയുടെ മനസ്സിലെ നല്ല കുട്ടി ആരാണ്. അവന്‍റെ എല്ലാ സ്വപ്നങ്ങളും മാറ്റിവെച്ച് പണവും ലിസ്റ്റും വാങ്ങി കടയിലേക്ക് പോയി സാധനങ്ങളെല്ലാം വാങ്ങി വീട്ടില്‍ തിരികെയെത്തുന്ന കുട്ടി.
നല്ല കുട്ടിയുടെ ലക്ഷണം ഇതല്ല. ഉമ്മയുടെ വിളി കേള്‍ക്കുമ്പോള്‍ അവന്‍ നില്‍ക്കും. നില്‍ക്കണം. ഉമ്മയല്ലേ വിളിക്കുന്നത്. പക്ഷെ, ഉമ്മ ആവശ്യപ്പെടുന്നതോ… അവന്‍ ചിന്തിക്കും. രാവിലെ സ്കൂളിലേക്കിറങ്ങുമ്പോള്‍ ഉമ്മയുടെ ആവശ്യം പറഞ്ഞിരുന്നെങ്കില്‍ ഒഴിവുസമയത്ത് അതെല്ലാം വാങ്ങിവെക്കാമായിരുന്നു. ഉമ്മയ്ക്ക് സമയത്തിന് സാധനങ്ങളും കിട്ടും, തന്‍റെയും കൂട്ടുകാരുടെയും കളിസമയം നഷ്ടപ്പെടുകയുമില്ല. ഉമ്മയുടെ ആവശ്യം അവന്‍ നിരസിക്കും. നിരസിക്കണം. “തല്‍ക്കാലം ഉമ്മ മുരിങ്ങയില പറിച്ചോ” എന്നും പറഞ്ഞ് കൂട്ടുകാരുടെ അടുത്തേക്ക് ഓടുന്നവനാണ് നല്ല കുട്ടി. ഇനി ഉമ്മയ്ക്കൊരു പ്രയാസം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നു എന്ന് കരുതുക. അപ്രതീക്ഷിതമായി കുറച്ച് അതിഥികള്‍ വരുന്നു. വീട്ടിലൊരുവക സാധനങ്ങളുമില്ല. “മോനേ” എന്ന വിളിക്ക് അവന്‍ ഉത്തരം നല്‍കിയിരിക്കും.
ശ്രദ്ധിക്കേണ്ടത് ഉമ്മയാണ്. പറഞ്ഞതെല്ലാം നിരുപാധികം അനുസരിക്കുന്ന കുട്ടിയല്ല വേണ്ടത്. മാതാപിതാക്കളില്‍നിന്ന് ‘ഓര്‍ഡറു’കളല്ല ഉണ്ടാവേണ്ടതും. അവന്‍റെ ലോകം നഷ്ടപ്പെടാതിരിക്കാന്‍ കരുതലുള്ള ഉമ്മയാവണം. അനുയോജ്യമായ സമയം കണ്ടെത്തി ആവശ്യങ്ങള്‍ ഉന്നയിക്കണം. അവന്‍ ചിന്തിക്കട്ടെ. ന്യായവും അന്യായവും വിലയിരുത്തട്ടെ. തെറ്റും ശരിയും വിവേചിച്ചറിയട്ടെ. അവനുകൂടി ബോധ്യമായ, അവന് സമ്മതമുള്ള ശരികള്‍ കണ്ടെത്തി പ്രവര്‍ത്തിക്കട്ടെ.
കുടുംബാംഗങ്ങള്‍ക്കിടയില്‍ മികച്ച രീതിയിലുള്ള ആശയവിനിമയം നടക്കണം. ചര്‍ച്ചകള്‍ക്ക് സമയം കണ്ടെത്തണം. എല്ലാവരുടെയും ആവശ്യങ്ങളും ന്യായങ്ങളും അവതരിപ്പിക്കപ്പെടണം. എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരങ്ങള്‍ ഉരുത്തിരിയണം. എല്ലാവരുടെയും സമ്മതത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുകയും വേണം. പരസ്പരം ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന പ്രതീതിയുണ്ടാകും. മക്കള്‍ കാര്യപ്രാപ്തിയുള്ളവരായി വളരും. അനുസരണ ശീലത്തേക്കാള്‍ മികച്ച ഗുണമാണ് കാര്യങ്ങള്‍ കണ്ടറിഞ്ഞ് ശരിയായ തീരുമാനങ്ങളെടുത്ത് പ്രവര്‍ത്തിക്കാനുള്ള കഴിവ്.
ഒരു കുട്ടി നിരുപാധികം അനുസരിക്കാന്‍ തന്നെ തീരുമാനിച്ചു എന്ന് കരുതുക. ഉമ്മ പറയുന്ന പോലെ അനുസരണയുള്ള നല്ല കുട്ടിയാവണം. ഓരോ കാര്യങ്ങള്‍ക്കും അവന്‍ ഉമ്മയുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. എഴുന്നേല്‍ക്ക്, ടോയിലറ്റിലേക്ക് നടക്ക്, ബ്രഷ് എടുക്ക്, കൈ കഴുക്…. എല്ലാം അവന്‍ അക്ഷരംപ്രതി അനുസരിക്കുന്നു. അനുസരിപ്പിക്കാനായി മകന്‍റെ പിന്നാലെ നിര്‍ദേശങ്ങളുമായി നടക്കാന്‍ ഏതെങ്കിലും മാതാവിന് സാധിക്കുമോ. അനുസരണം ഈ രീതിയില്‍ തുടര്‍ന്നാല്‍ ഉമ്മ മകനെ ഏതെങ്കിലും ഡോക്ടറെ കാണിക്കും.
കുട്ടികള്‍ അനുസരണയുള്ളവരായിത്തന്നെ വളരണം. അവനും ഉമ്മയ്ക്കും ഒരുപോലെ സ്വീകാര്യമായ വ്യവസ്ഥകള്‍ രൂപപ്പെട്ടുവരണം എന്നുമാത്രം. ഒരാള്‍ പറയുന്നത് കേട്ട് അനുസരിക്കുക എന്നതിലുപരി സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ കുട്ടികള്‍ പ്രാപ്തി നേടുകയാണ് വേണ്ടത്. ഉമ്മമാരുടെ കരുതലും ശ്രദ്ധയും ഈ വിഷയത്തിലുണ്ടാവണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x