23 Monday
December 2024
2024 December 23
1446 Joumada II 21

കൊറോണ കൊലയാളിയാകുന്നതെങ്ങനെ? എതിരന്‍ കതിരവന്‍

ലോകം കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ്. വളരെ വേഗത്തില്‍, എളുപ്പത്തില്‍ പകരുന്ന രോഗമാണ് കൊറോണ എന്നാണ് പൊതുവിലുള്ള വര്‍ത്തമാനം. അത് പക്ഷേ, പാതി മാത്രം സത്യമായ ഒരു പ്രസ്താവനയാണ്. അല്പം ചില വ്യത്യാസങ്ങളുണ്ടെങ്കിലും സാധാരണമായ മറ്റേതൊരു വൈറസും പോലെയുള്ള വേഗതയില്‍ മാത്രമാണ് കൊറോണ വൈറസും പകരുന്നത്. എന്നാല്‍, അവയുടെ തീവ്രത മറ്റേതൊന്നിനുമപ്പുറമാണ്.
കൊറോണ വൈറസുകള്‍ നമ്മുടെ ശ്വാസകോശത്തിലാണ് ആദ്യം പിടികൂടുന്നത്. കൂടുതലായിട്ട് പിടികൂടുന്നത് എന്ന് വേണം പറയാന്‍. ശ്വാസകോശത്തിന്‍റെ സെല്ലുകളുടെ ഉപരിതലത്തിലാണ് അവ പറ്റിപ്പിടിക്കുന്നത്. കൊറോണ എന്ന് പറയുന്നത് അവയ്ക്ക് ചുറ്റിനുമുള്ള സ്പൈക് മുള്ളുകള്‍ പോലെ എഴുന്ന് നില്‍ക്കുന്ന പ്രോട്ടീനുകളാണ്. കൊറോണ കിരീടം പോലെയാണ്. അവയാണ് ചെന്ന് നമ്മുടെ ശ്വാസകോശത്തില്‍ പറ്റിപ്പിടിക്കുന്നത്. മറ്റ് വൈറസുകളാകട്ടെ ഇത്ര തീവ്രതയോടെ പറ്റിപ്പിടിക്കുന്നില്ല. കൊറോണ വൈറസുകള്‍ ധാരാളമുണ്ട്. ഇപ്പോഴത്തെ കൊറോണ വൈറസ് സാഴ്സ് കോ-2 എന്ന് പറയുന്നതാണ്. അവ പറ്റിപ്പിടിക്കുന്നതിനുള്ള തീവ്രതയുടെ വ്യത്യാസമാണ് വേഗം പകരുന്നു എന്ന് നമ്മള്‍ പറയുന്നത്.

എന്താണ് സംഭവിക്കുന്നത്?
ശ്വാസകോശത്തില്‍ എത്തിക്കഴിഞ്ഞാല്‍ ശ്വാസകോശത്തിലെ സെല്ലുകളുടെ ഉപരിതലത്തിലാണ് അവ പറ്റിപ്പിടിക്കുന്നത്. രണ്ട് കാര്യങ്ങള്‍, ഒന്ന്, കൃത്യമായി പറ്റിപ്പിടിക്കുകയാണ്. ഒരാവേശത്തോടെ കൃത്യമായിട്ട് ഒരാകര്‍ഷണത്തില്‍ അവര്‍ ചെന്ന് ഇരിക്കുകയാണ്. അത് മിക്കവാറും ഒരു താക്കോല്‍ ദ്വാരത്തില്‍ ഒരു താക്കോല്‍ ഇരിക്കുന്നത് പോലെ ചേര്‍ന്നിരിക്കുന്നു. അതിനെ അഫിനിറ്റി എന്നാണ് പറയുക. മറ്റ് കൊറോണ വൈറസുകളില്‍ ഇല്ലാത്ത കൃത്യതയാണ് ഈ അഫിനിറ്റിക്ക്.
രണ്ട്, നമ്മുടെ കോശത്തിന്‍റെ ഉപരിതലത്തിലുള്ള ചില പ്രോട്ടീനുകളില്‍ ചെന്നാണ് കൊറോണ വൈറസ് പോയിരിക്കുന്നത്. ചെന്നിരുന്ന ശേഷം അത് മുറുക്കിത്തുടങ്ങും. അതിന്‍റെ തീവ്രത ആലോചിക്കാവുന്നതിലുമധികമായിരിക്കും. ഈ രണ്ട് പ്രത്യേകതയാലാണ് ഇപ്പോള്‍ വ്യാപകമായ കൊറോണ വൈറസ് വേഗം പകരുന്നു എന്ന് പറയുന്നത്.
പക്ഷേ, വേഗതയില്‍ കാര്യമുണ്ടോ എന്ന് ചോദിച്ചാല്‍ കാര്യമുണ്ട്. ആയിരക്കണക്കിനു വൈറസുകളില്‍ നമ്മുടെ ശരീരത്തില്‍ സാധാരണയെന്നോണം കയറിപ്പോകാറുണ്ട്. എന്നാല്‍, അവയില്‍ മിക്കതും കയറിപ്പോകുന്നു എന്നതില്‍ കവിഞ്ഞ് മറ്റൊരു ഉപദ്രവവുമുണ്ടാക്കാറില്ല. എന്നാല്‍ ആയിരം മറ്റു വൈറസുകള്‍ക്ക് പകരം ആയിരം കൊറോണ വൈറസുകളാണ് പ്രവേശിക്കുന്നതെങ്കില്‍ അവയില്‍ 90 ശതമാനവും നമ്മൂടെ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിച്ചെന്നു വരും. പലതവണ കയറിയിറങ്ങിയ ശേഷം ഒരുപാട് വൈറസുകള്‍ വന്ന് ഇരുന്നെങ്കിലാണ് നമുക്ക് പനി/ ജലദോഷം പോലെയുള്ള അസുഖങ്ങള്‍ പിടിപെടുന്നത്. ഇവിടെയങ്ങനെയല്ല. ആയിരം കൊറോണ വൈറസുകള്‍ വന്നെങ്കില്‍ മിക്കതും -90 ശതമാനമോ അതില്‍ കൂടുതലോ- അവിടെ പിടിച്ചിരിക്കുകയാണ്. ഉള്ളിലേക്ക് പ്രവേശിക്കുകയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ അത് വേഗമുള്ള ഒരു പകര്‍ച്ചയാണ്. പക്ഷേ, അവിടെ ആ വേഗം, സ്പീഡ് അല്ല ഉദ്ദേശിക്കുന്നത്. അതിന്‍റെ തീവ്രതയാണ്.
മറ്റൊന്ന് മരണം സംഭവിക്കുന്നത് സാധാരണ മറ്റസുഖങ്ങള്‍ ഉള്ളവരിലാണ്. ഈ ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ കൊണ്ട് മാത്രം മരണം സംഭവിക്കും എന്നല്ല. ഹൃദ്രോഗമുള്ളവര്‍ക്ക് കൊറോണ ബാധ കൊണ്ട് മരണം സംഭവിക്കുന്നത് കൂടുതലാണ്. കൊറോണ വൈറസിന് പോയിരിക്കാനുള്ള സ്വീകരണികള്‍ നമ്മുടെ ഹൃദയത്തില്‍ ധാരാളമായിട്ടുണ്ട്. അപ്പോള്‍ ഹൃദ്രോഗം ഉള്ളവര്‍ക്ക് മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. നമ്മുടെ ലിവറിനുമുണ്ട് സ്വീകരണികള്‍. അവിടെയും കൊറോണ വൈറസ് ചെന്ന് പറ്റിപ്പിടിച്ചിരിക്കും. അപ്പോള്‍ പ്രാഥമികമായി കൊറോണ ഇന്‍ഫന്‍ക്ഷന്‍ കൊണ്ടല്ല മരണം സംഭവിക്കുന്നത്. ഇത്തരം ആള്‍ക്കാരില്‍ പ്രത്യേകിച്ച് പ്രായമായവരില്‍ അവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അതായിരിക്കും മരണകാരണം. അല്ലെങ്കില്‍ കരള്‍ സംബന്ധിച്ച അസുഖങ്ങള്‍ ഉണ്ടെങ്കില്‍. കിഡ്നിയിലും ഇത് ചെന്ന് പറ്റിപ്പിടിക്കും. കിഡ്നി തകരാറിലാവും. അപ്പോള്‍ കിഡ്നിക്ക് പ്രശ്നമുള്ളവര്‍, പ്രമേഹമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പെട്ടെന്ന് കിഡ്നി തരാറിലാവാന്‍ സാധ്യയുണ്ട്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് മരണം സംഭവിക്കാന്‍ സാധ്യത കൂടുതല്‍. അപ്പോള്‍ മറ്റ് അസുഖങ്ങള്‍ ഗുരുതരമായത് കൊണ്ടാണ് പലപ്പോഴും മരിക്കാറ്. കൊറോണ വൈറസ് കൊണ്ടുള്ള മരണം മൂന്ന് ശതമാനമോ അതില്‍ താഴെയോ ഉള്ളൂ. മറ്റു അസുഖങ്ങള്‍ പോലെയല്ല. അത്ര തീവ്രകരമല്ല. പക്ഷേ, ചികിത്സയാവശ്യമാണ്. പ്രത്യേക ചികിത്സയില്ല. മരുന്നില്ല. ചിലപ്പോള്‍ പനി വന്ന് പോകുന്നത് പോലെ വന്ന് പോയെന്നിരിക്കും. പലരും പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഒരുപാട് പേര്‍ രോഗവിമുക്തരായി തിരിച്ചെത്തുന്നുണ്ട്.
അപ്പോള്‍ കൊറോണ വൈറസ് എളുപ്പം പകരുന്നതാണോ? എളുപ്പം പകരുന്നതാണ്. വേഗത കൂടുതലില്ല. പക്ഷേ, തീവ്രത കൂടുതലുള്ളതാണ്. ഇന്ത്യയില്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ധാരാളം മ്യൂട്ടേറ്റ് ചെയ്ത് വഷളായ വൈറസാണ് എന്നുള്ളത് വന്‍ തെറ്റിദ്ധാരണയാണ്. തെറ്റുകള്‍ ഈ സമയത്ത് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇപ്പോഴത്തെ കൊറോണ വൈറസുകള്‍ അത്രമാത്രം മ്യൂട്ടേറ്റ് ചെയ്യപ്പെട്ടിട്ടില്ല. മൂന്നോ നാലോ മ്യൂട്ടേഷന്‍ മാത്രമാണ് ഈ കഴിഞ്ഞ മൂന്ന് മാസം നടന്നിട്ടുള്ളത്.

എന്താണ് മ്യൂട്ടേഷന്‍
പലതരം മുത്തുകള്‍ കൊണ്ട് കോര്‍ത്ത ഒരു മാലയാണ് ഇതിലെ ജനിതക വസ്തു. കൊറോണയിലെ ആര്‍ എന്‍ എ നാല് നിറത്തിലുള്ള മുത്തുകള്‍ എന്ന് പറയാം. അതില്‍ ഒരു മുത്തിന്‍റെ നിറം മാറുകയാണ്. പച്ച, മഞ്ഞ, നീല, ചുവപ്പ് എന്നീ നിറങ്ങളുള്ള മുത്തുകള്‍ കൊണ്ട് കോര്‍ത്ത മുപ്പതിനായിരത്തോളം മുത്തുകളുള്ള ഒരു മാലയാണ് കൊറോണ വൈറസിന്‍റെ ആര്‍ എന്‍ എ. അതില്‍ ഒരെണ്ണം മഞ്ഞയ്ക്ക് പകരം നീല വരുക എന്ന് വിചാരിക്കുക. അതൊരു മ്യൂട്ടേഷന്‍ ആണ്. മ്യൂട്ടേഷന്‍ നടന്ന് ആ പ്രോട്ടീന്‍ മാറുകയാണ്. പക്ഷേ കൊറോണയില്‍ കണ്ടിരിക്കുന്ന മ്യൂട്ടേഷന്‍ പലതും നിശബ്ദ മ്യൂട്ടേഷനാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. നിശബ്ദ മ്യൂട്ടേഷന്‍ എന്നു വെച്ചാല്‍ അവ നിര്‍മിച്ചെടുക്കുന്ന പ്രോട്ടീനുകളില്‍ അത്രമാത്രം വ്യത്യാസം ഇല്ല എന്നുള്ളതാണ്. തെറ്റിദ്ധാരണകള്‍ ജനിപ്പിക്കുന്ന തരത്തില്‍ വന്നു കൊണ്ടിരിക്കുന്ന സന്ദേശങ്ങളെ വേണ്ട അവജ്ഞയോടെ തള്ളിക്കളയുകയും വിശ്വസനീയമായ സന്ദേശങ്ങള്‍ മാത്രം പകര്‍ന്നു നല്കുകയും ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്. അതാണ് നമുക്ക് ചെയ്യാനുള്ളത്.

Back to Top