12 Friday
April 2024
2024 April 12
1445 Chawwâl 3

ഇടത് ശാഠ്യങ്ങളുടെ ഇരയായി പരിഷ്‌കരണം മാറരുത്‌

സി പി ചെറിയ മുഹമ്മദ്


വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയയാണ്. അതൊരു സാംസ്‌കാരിക പ്രവര്‍ത്തനവുമാണ്. നാടിന്റെ സര്‍വ പുരോഗതിക്കും അടിസ്ഥാനം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനമായും വിലയിരുത്തപ്പെടുന്നു. വിദ്യാഭ്യാസത്തിലൂടെ വ്യക്തിവികാസം ഉണ്ടാവുന്നു. വ്യക്തിവികാസം സമൂഹവികാസവും അതിലൂടെ രാഷ്ട്രവികസനവും സാധ്യമാക്കുന്നു.
അക്ഷരബോധം വ്യക്തിയിലുണ്ടാക്കുന്ന ആത്മപ്രകാശം അവകാശബോധത്തിനും അതുവഴി സാമൂഹിക പരിവര്‍ത്തനത്തിനും ഹേതുവാകുന്നു. മനുഷ്യ ജീവിതത്തിനു നിറവും നിനവും നല്‍കുന്നത് വിദ്യയാണ്. ഇവയുടെയെല്ലാം അടിത്തറയെന്നത് സ്‌കൂള്‍ വിദ്യാഭ്യാസവുമാണ്. നാടിന്റെ ഗേഹമാണ് വിദ്യാലയങ്ങള്‍. അവിടെ നടക്കുന്ന ചെറിയ ചലനങ്ങള്‍ പോലും സമൂഹത്തില്‍ വലിയ സ്പന്ദനമുണ്ടാക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തില്‍ നടക്കാന്‍ പോകുന്ന സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തെ നാം വിലയിരുത്തേണ്ടത്.
കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണം അവസാനമായി നടന്നത് 2013-ല്‍ യു ഡി എഫ് ഭരണത്തിലായിരുന്നു. ഫലസിദ്ധിയുള്ള വിദ്യാഭ്യാസമെന്ന തത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു അന്ന് പാഠ്യക്രമം രൂപപ്പെടുത്തിയത്. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ പാഠപുസ്തകങ്ങളും മാറി. അന്ന് വികസിപ്പിച്ചെടുത്ത ടെക്സ്റ്റ് ബുക്കുകള്‍ തന്നെയാണ് ഇന്നും നിലവിലുള്ളത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുകയെന്നത് ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമാണ്. ആ പതിവ് തെറ്റിച്ച സര്‍ക്കാര്‍, ഇപ്പോള്‍ തുടങ്ങിയ പരിഷ്‌കരണ പ്രക്രിയയില്‍ പഴയ തെറ്റുകള്‍ തിരുത്തുന്നില്ലെന്നു മാത്രമല്ല ആവര്‍ത്തിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വരുന്ന ഒളിയജണ്ടകള്‍ അക്കാദമിക സമൂഹത്തില്‍ വിഹ്വലതകള്‍ തീര്‍ക്കുകയാണ്.
പാഠ്യപദ്ധതി സമീപനം
ഉള്ളടക്കം (content), ബോധന രീതിശാസ്ത്രം (methodo- logy), മൂല്യനിര്‍ണയം (evaluation) എന്നിവ ചേരുമ്പോഴാണ് കരിക്കുലം അഥവാ പാഠ്യപദ്ധതി രൂപം കൊള്ളുന്നത്. എന്തൊക്കെ പഠിപ്പിക്കണമെന്നത് ഉള്ളടക്കത്തിലും, എങ്ങനെയത് പഠിതാവിലേക്ക് എത്തിക്കണമെന്നത് മെതഡോളജിയിലും, ബോധനലക്ഷ്യം നേടിയോ എന്ന പരിശോധന മൂല്യനിര്‍ണയത്തിലും അടങ്ങുന്നു. ഇത്തരമൊരു ലക്ഷ്യബോധത്തില്‍ ഉറപ്പിച്ച് ആശയരൂപീകരണവും ഗ്രിഡുകളും സെറ്റ് ചെയ്താണ് സിലബസ് അഥവാ പാഠ്യക്രമം വികസിപ്പിച്ചെടുക്കുന്നത്.
പാഠ്യപദ്ധതി പരിഷ്‌കരണം ദേശീയ ആദര്‍ശത്തിന്റെയും തത്വശാസ്ത്രത്തിന്റെയും അടിത്തറയിലായിരിക്കും. ദേശീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്. അതുപോലെ സ്വീകാര്യമായ വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ അടിത്തറയിലും ആശയങ്ങളിലുമാണ് പാഠ്യപദ്ധതി പരിഷ്‌കരണം നടക്കേണ്ടത്. ഭദ്രമായ ഒരു അടിത്തറയിലാണോ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പരിഷ്‌കരണ പ്രക്രിയകള്‍? ഏതു പഠന റിപ്പോര്‍ട്ട് മുന്നില്‍ വെച്ചാണ് പരിഷ്‌കരണത്തിന് ഒരുമ്പെടുന്നത്? കൃത്യമായ ഉത്തരം ഉണ്ടായിട്ടില്ല. 26 ഫോക്കസ് ഗ്രൂപ്പുകള്‍ തിരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 117 പേജുള്ള കരട് ചട്ടക്കൂടിനുള്ളിലും ഇതിന് മറുപടിയില്ല. നേരത്തെ പ്രസിദ്ധപ്പെടുത്തിയ ചട്ടക്കൂടുകള്‍ സാമൂഹിക ചര്‍ച്ചാ കുറിപ്പിലുമില്ല. ആര്‍ പിമാര്‍ക്ക് നേരത്തെ നല്‍കിയ നിര്‍ദേശങ്ങളിലൂടെ കുടുംബശ്രീ മുഖേന വിതരണം ചെയ്ത വിവാദ രേഖകളിലുമില്ല.
മുന്‍ അനുഭവങ്ങള്‍
അനുഭവമാണല്ലോ ഏറ്റവും നല്ല ഗുരു. ഇടതു ഭരണത്തില്‍ പ്രത്യയശാസ്ത്ര ശാഠ്യത്തിന്റെ ഏറ്റവും വലിയ ഇര എന്നും വിദ്യാഭ്യാസമായിരിക്കും. ശിശുകേന്ദ്രിത പദ്ധതിയായി ഡി പി ഇ പി (ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി) തുടങ്ങിയത് യു ഡി എഫ് സര്‍ക്കാരായിരുന്നെങ്കിലും പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ ഇടതു ഭരണമായി. പ്രൈമറി പുസ്തകങ്ങള്‍ ഫാന്റം കഥകള്‍ കൊണ്ടു നിറഞ്ഞു. മാനവിക ഭാഷാപ്രയോഗങ്ങള്‍ അപ്രസക്തമായി. അത് അക്കാദമിക സമൂഹത്തിന്റെ വലിയ എതിര്‍പ്പ് വിളിച്ചുവരുത്തി. അവസാനം പുസ്തകങ്ങള്‍ പിന്‍വലിച്ചു. പക്ഷേ, പൊതുവിദ്യാഭ്യാസത്തിന് അത് ഏല്‍പിച്ച പരിക്ക് മാരകമായിരുന്നു.
ഇപ്പോഴും മാര്‍ഗദര്‍ശനമായി വാഴ്ത്തിപ്പറയുന്ന കേരള പാഠ്യപദ്ധതി ചട്ടക്കൂട് (Kerala Curriculum Framework 2007) കേരളീയ സമൂഹം തള്ളിക്കളഞ്ഞതാണ്. ഒളിയജണ്ടകള്‍ കുത്തിനിറച്ച പ്രസ്തുത ചട്ടക്കൂട് നാളിതുവരെ സ്വീകരിച്ചുപോന്ന പാഠ്യപദ്ധതി സിദ്ധാന്തങ്ങളെ തള്ളിപ്പറഞ്ഞു. ചേഷ്ടാവാദവും (യലവമ്ശീൃശാെ) സാമൂഹിക ജ്ഞാന നിര്‍മിതിവാദവും (social constructivism) പടിക്കു പുറത്തായി. പകരം ഇടതു പരിഷ്‌കാരമായി വിമര്‍ശനാത്മക ബോധനരീതിയും (critical pedagogy) അതുവഴി പ്രശ്‌നോന്നിത പഠനരീതിയും (problem raising) കൊണ്ടുവന്നു. ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയര്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഒരു ജനതയില്‍ പരീക്ഷിച്ച പദ്ധതി അല്‍പം പ്രത്യയശാസ്ത്ര ചേരുവകള്‍ കൂടി ചേര്‍ത്ത് നടപ്പാക്കുകയായിരുന്നു.
മേല്‍പറഞ്ഞ രണ്ട് ആശയങ്ങളുടെയും വികലമായ സങ്കലനം എട്ടു പ്രശ്‌നമേഖലകളാക്കി പഠനത്തെ അവതരിപ്പിച്ചു. (ഉദാ: വിശ്വമാനവനെ കണ്ടെത്താത്ത അവസ്ഥ, കൃഷി ഒരു സംസ്‌കാരമായി കാണാത്തത്). പ്രശ്‌നങ്ങള്‍ ആദ്യം തന്നെ ഉറപ്പിച്ചതിനു ശേഷമാണ് ആശയ- ഉള്ളടക്കത്തിലേക്കു കടന്നത്. ചെരിപ്പിനൊത്ത് കാലു മുറിക്കുന്ന അവസ്ഥ! പ്രശ്‌നങ്ങളെ മാത്രം ചുറ്റിപ്പറ്റിയുള്ള ഈ പഠനം പഠിതാക്കള്‍ക്കും ടീച്ചേഴ്‌സിനും പ്രശ്‌നങ്ങളുണ്ടാക്കി. ക്ലാസ്മുറികളെ ഊഷരമാക്കി. അവിടം വിരസത മാത്രമല്ല നിസ്സംഗതയും തളം കെട്ടി. താളം തെറ്റിയ ഈ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍, ഇടതുസര്‍ക്കാര്‍ തന്നെ നിയമിച്ച ഡോ. കെ എന്‍ പണിക്കര്‍ കമ്മിറ്റിക്ക് പറയേണ്ടിവന്നു. അഷ്ടപ്രശ്‌നങ്ങള്‍ ഒരു നിഷേധാത്മക നിലപാടിലാണ് അവതരിപ്പിച്ചത്. ഇല്ലായ്മ ഒഴിവാക്കി ഗുണകരമായ രീതിയില്‍ അവതരിപ്പിക്കണമെന്ന (ഡോ. കെ എന്‍ പണിക്കര്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി റിപ്പോര്‍ട്ട്-2008) നിര്‍ദേശം വന്നു. വിശ്വമാനവനെ നേരത്തേ കാണാത്ത അവസ്ഥ കാണുന്ന അവസ്ഥയാക്കി തിരുത്തുമ്പോഴേക്കും ഒരു അക്കാദമിക വര്‍ഷം പിന്നിട്ടിരുന്നു. ഇതെന്തൊരവസ്ഥ!
പാഠപുസ്തകങ്ങള്‍ തകര്‍ക്കുകയെന്ന സമീപനമാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് -2007 സ്വീകരിച്ചത്. 26 പഠനസാമഗ്രികളില്‍ ഒന്നു മാത്രമായി പാഠപുസ്തകങ്ങളെ ചുരുക്കിക്കാണിച്ചു. പുസ്തകങ്ങളുടെ നിലയും നിലവാരവും കുത്തനെ ഇടിഞ്ഞു. വികലമായ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകള്‍ മാത്രമല്ല, പാര്‍ട്ടി നേതാക്കളും സമരങ്ങളും സ്ഥാനത്തും അസ്ഥാനത്തും സ്ഥലം പിടിച്ചു. നെഹ്‌റുവും ഗാന്ധിയും പാഠപുസ്തകങ്ങളില്‍ നിന്ന് പടിയിറക്കപ്പെട്ടു. പാഠപുസ്തകങ്ങള്‍ ലോക്കലൈസ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 99 ശതമാനവും വിശ്വാസിസമൂഹത്തില്‍ നിന്ന് വരുന്നവരായിട്ടും ‘മതമില്ലാത്ത ജീവന്‍’ പാഠം അടിച്ചേല്‍പിച്ചു.
മാതൃഭാഷാ പഠനത്തോടും അന്യഭാഷയെന്ന് ഓമനപ്പേരു വിളിക്കപ്പെട്ട മറ്റു ഭാഷകളോടുമുള്ള സമീപനങ്ങളും കാല്‍ക്കൊല്ല പരീക്ഷ ഒഴിവാക്കിയത് ഉള്‍പ്പെടെയുള്ള മൂല്യനിര്‍ണയ പരിഷ്‌കാരങ്ങളും ക്ഷണിച്ചുവരുത്തിയ പ്രതിസന്ധിയുടെ ആഴം പിന്നീട് വന്ന ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഡോ. അസീസ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കി. പത്തു വര്‍ഷമായി ഇന്നും അത് തുടരുകയാണ്. ഇടതു ഭൂമികയില്‍ വീണ്ടുമൊരു പരിഷ്‌കാരം അരങ്ങേറുമ്പോള്‍ ഉത്കണ്ഠകള്‍ സ്വാഭാവികം. പഴയ അനുഭവങ്ങള്‍ അതാണ് ചൂണ്ടിക്കാട്ടുന്നത്.

ചട്ടക്കൂടെന്ന കരട്
ഇടതു സര്‍ക്കാര്‍ സമൂഹ ചര്‍ച്ചയ്ക്കിട്ടിരിക്കുന്ന ചട്ടക്കൂടുകള്‍ നാലു മേഖലകളെ വികസിപ്പിക്കുകയാണ്. ശൈശവ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളെ ഊന്നിയാണ് 26 ഫോക്കസ് ഏരിയകളാക്കിയത്. പൊതുസമൂഹത്തിന്റെ അഭിപ്രായ നിര്‍ദേശങ്ങള്‍ സ്വരൂപിക്കാന്‍ വിപുലമായ ജനകീയ ചര്‍ച്ചകളാണ് ചട്ടക്കൂട് വിഭാവനം ചെയ്യുന്നത്. 48 ലക്ഷം സ്‌കൂള്‍കുട്ടികളും ത്രിതല പഞ്ചായത്ത്-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ചര്‍ച്ചകള്‍ നടന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതുപോലുള്ള ഒരു ജനകീയ ചര്‍ച്ച മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്നും വിശദീകരിക്കപ്പെട്ടേക്കും.
ഇപ്പോള്‍ ചര്‍ച്ചയ്ക്കു വെച്ച കുറിപ്പുകളില്‍ പ്രത്യക്ഷത്തില്‍ വികലമോ വിവാദമോ കേറ്റിയിട്ടില്ല. പക്ഷേ ഇതിലെ ഭാഷാപ്രയോഗങ്ങള്‍, ജാര്‍ഗണുകള്‍, സൂചകങ്ങള്‍ തുടങ്ങിയവ എന്തെല്ലാം അര്‍ഥങ്ങളും അനര്‍ഥങ്ങളുമുണ്ടാക്കുമെന്ന് തയ്യാറാക്കിയവര്‍ക്ക് മാത്രമറിയാവുന്ന കാര്യമാണ്. ദീര്‍ഘകാല അനുഭവങ്ങള്‍ ദുസ്സൂചന നല്‍കുന്നുണ്ടെന്നു മാത്രം.
സങ്കുചിത താല്‍പര്യങ്ങളും സൈദ്ധാന്തിക പിടിവാശിയും ഇത്തവണ പരിഷ്‌കാരത്തിന്റെ മാറ്റു കുറയ്ക്കില്ലെന്ന് പ്രത്യാശിക്കാം. പക്ഷേ, ചട്ടക്കൂടിലെ കരടുകള്‍ പാഠ്യക്രമത്തില്‍ എങ്ങനെ പ്രതിഫലിപ്പിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സംഗതികളുടെ കിടപ്പ്. ഉദാഹരണത്തിന് ലിംഗനിഷ്പക്ഷത ഒരു നയമായി സ്വീകരിച്ച ഒരു സര്‍ക്കാരാണിത്. ചട്ടക്കൂടില്‍ ലിംഗനീതി പ്രയോഗമുണ്ട്, ലിംഗസമത്വമുണ്ട്, ലിംഗാവബോധവുമുണ്ട്. ഇക്കാര്യങ്ങളിലെ കേരളീയ പൊതുബോധം വിമര്‍ശനപരമായി പരിശോധിക്കണമെന്ന് പറയുന്നു. വീട്ടിലെ കളികള്‍ ഉള്‍പ്പെടെ ഒരു സന്ദര്‍ഭത്തിലും കുട്ടികള്‍ക്കിടയില്‍ ആണ്‍- പെണ്‍ വേര്‍തിരിവ് പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഈ നിലപാട് നവലിബറല്‍ കാഴ്ചപ്പാടിലേക്കും സ്വതന്ത്ര ലൈംഗികതയിലേക്കും കൊണ്ടുപോകുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്. എല്ലാറ്റിലുമുപരി നവകേരള നിര്‍മിതിക്ക് സമൂഹം ഹെറ്ററോനോര്‍മേറ്റീവ് അവസ്ഥയില്‍ നിന്ന് ക്വീര്‍ നോര്‍മേറ്റീവിലേക്ക് മാറണമെന്ന് (അതായത് സ്വന്തം ലിംഗത്വ തീരുമാന സ്വാതന്ത്ര്യം) ട്വിറ്ററില്‍ കുറിക്കുന്ന മന്ത്രിമാരുള്ള ഇടതു ഭരണത്തില്‍ ആശങ്കകള്‍ ബലപ്പെടുകയാണ്.
മതനിരപേക്ഷ ഇടങ്ങളെ ശക്തിപ്പെടുത്തി വീടകങ്ങളില്‍ മതനിരപേക്ഷമായ സാംസ്‌കാരിക അന്തരീക്ഷം ചട്ടക്കൂട് വിഭാവനം ചെയ്യുമ്പോള്‍ മതവിരുദ്ധതയുടെ പഴയ ശീലുകള്‍ ആവര്‍ത്തിക്കുമെന്ന ഉത്കണ്ഠകളുയരുന്നു. സമയമാറ്റ അജണ്ട വീണ്ടും വീണ്ടും കൊണ്ടുവരുന്നതിലെ ചതിക്കുഴികള്‍ കാണാതിരുന്നുകൂടാ. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും തുടങ്ങുന്ന സമയവുമായി പൊതുവിദ്യാലയങ്ങളും ബന്ധപ്പെട്ടു കിടക്കുന്നുവെന്നത് വസ്തുതയാണ്. മക്കളെ സ്‌കൂളില്‍ വിട്ട് ഓഫീസുകളിലേക്കും മറ്റു സ്‌കൂളുകളിലേക്കും പോകുന്ന പരശ്ശതം മലയാളികളുടെ നാടാണിത്. കേവലമായ ഒരു മതപഠന വിഷയമാക്കി ഇതിനു മേല്‍ പൊതുബോധം ഉല്‍പാദിപ്പിക്കാനുള്ള പാഴ്‌വേല ആശ്ചര്യജനകം തന്നെ!
സ്‌കൂള്‍ വിദ്യാഭ്യാസത്തോടുള്ള ഗൗരവതരമായ ഒരു സമീപനം ഈ ചട്ടക്കൂടില്‍ തുലോം കുറവാണ്. വ്യാഖ്യാനത്തിന് അനന്തസാധ്യതയുള്ള പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാട് എന്ന പ്രയോഗം ആവര്‍ത്തിക്കുന്നുണ്ട്. ഉള്ളിലിരിപ്പ് പുറത്തു വരാനിരിക്കുന്നേയുള്ളൂ. പ്രതികരിക്കേണ്ട ഏറെ വിഷയങ്ങള്‍ വേറെയുമുണ്ട്. വിസ്താരഭയത്താല്‍ അവയൊന്നും ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല.
വിദ്യാഭ്യാസമെന്നത് വിമോചനത്തിന്റെ പ്രത്യയശാസ്ത്രമാണ്. അതിരുകളില്ലാത്ത വിജ്ഞാനലോകത്ത് അതിജയത്തിനും വികാസത്തിനുമുള്ള ഒറ്റമൂലിയാണിത്. സ്‌കൂള്‍ വിദ്യാഭ്യാസമാണ് ഇതിന്റെ അടിസ്ഥാനം. അവിടെ വരുന്ന ഏതൊരു പരിഷ്‌കാരവും സെന്‍സിറ്റീവാണ്. ഇതു ഭരണാധികാരികള്‍ കാണാതിരുന്നുകൂടാ.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x