26 Thursday
December 2024
2024 December 26
1446 Joumada II 24

ലീഗ് മത്സരഗോദയില്‍ ഉയര്‍ത്തിവെക്കാന്‍ വൈകിയ മൂന്നാം കോണി

അശ്‌റഫ് തൂണേരി


കനത്ത വെയിലില്‍ എരിയുന്ന കേരളം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കുകൂടി എടുത്തെറിയപ്പെട്ടിട്ട്ദിവസങ്ങളായി. ഐക്യമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ മൂന്നാം സീറ്റ് കടുപ്പമേറിയ ചര്‍ച്ചയും അനുബന്ധ അവലോകനങ്ങളുമായി കളം നിറയുന്നു. വലത്-ഇടതു വ്യത്യാസമില്ലാതെ നേതാക്കള്‍ ഇവ്വിഷയകമായി പ്രസ്താവനകള്‍ തുടരുന്നു. കേരളം രണ്ടാമതും ഭരണം തുടരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഏകദേശ രൂപമായി അന്തിമ പട്ടികയിലേക്കുള്ള ആസൂത്രണത്തിലെത്തി നില്‍ക്കുമ്പോഴും പ്രതിപക്ഷമായ കോണ്‍ഗ്രസും മുഖ്യ ഘടകകക്ഷികളും മുന്‍കൂര്‍ അറിയിപ്പില്ലാതെ ‘വൈകി ഓടിക്കൊണ്ടിരിക്കുക’ തന്നെയാണ്. ചില സിറ്റിങ് സീറ്റുകളില്‍ മാത്രമാണ് ധാരണയിലെത്തിയത്. മാത്രമല്ല, മുന്നണി കക്ഷികളിലെ വീതംവെപ്പ് പൂര്‍ത്തിയായതുമില്ല.
തിരഞ്ഞെടുപ്പ് സംബന്ധമായി മാധ്യമങ്ങളില്‍ പല തരം വീക്ഷണങ്ങളും അവലോകനങ്ങളും അനുനിമിഷമെന്നോണം അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ലീഗ് മൂന്നാം സീറ്റ് അവ്യക്തമായി തുടരുന്ന, രാഷ്ട്രീയ തീരുമാനമാകാതെ നില്‍ക്കുന്ന പ്രധാന ഇനം തന്നെയാണ്. ഐക്യമുന്നണി സംവിധാനത്തില്‍ കൃത്യമായ വോട്ടുവിഹിതവും ആള്‍ബലവുമുള്ള ഒരു ന്യൂനപക്ഷ രാഷ്ട്രീയകക്ഷിയായ ലീഗിന്റെ ആവശ്യത്തെ രാഷ്ട്രീയമായ വ്യവഹാരങ്ങളില്‍ നിന്ന് വായിക്കുന്നതിനു പകരം അനര്‍ഹമായ എന്തോ നേടാന്‍ ശ്രമിക്കുകയാണെന്ന ‘പൊതുബോധ’ നിര്‍മിതിയും ഇതിന് അരികുചേര്‍ന്നു നടക്കുന്നുണ്ട്. സവര്‍ണ വലതു മാധ്യമ-രാഷ്ട്രീയ മിശ്രിതങ്ങളാലുള്ള സ്ഥിരം ഇന്‍ഗ്രീഡിയന്‍സ് ഉപയോഗിച്ചുതന്നെയാണ് ഇപ്പോഴും ഇവ തയ്യാറാക്കുന്നത്.
പ്രകോപിപ്പിച്ച്
വരുതിയിലാക്കാന്‍
ഇടതു നേതാക്കള്‍

കഴിഞ്ഞ കുറച്ചു മാസങ്ങളായി മുസ്‌ലിംലീഗിനെ പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസിനെ ഇകഴ്ത്തിയും പലതരം പ്രസ്താവനകളില്‍ മുഴുകിയിരുന്ന സി പി എമ്മും ഇടതു നേതാക്കളും ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിലും സജീവമായി രംഗത്തുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ലീഗിനെ ‘സൈദ്ധാന്തികമായി’ തന്നെ ഉള്‍ക്കൊണ്ട് പ്രഖ്യാപനം നടത്തിയിട്ട് അധികം മാസങ്ങളായിട്ടില്ല. ലോക്‌സഭാ സീറ്റ് വിഷയത്തിലാകട്ടെ ഇടതു നേതാക്കള്‍ പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഫേസ്ബുക്കിലെഴുതിയ പോസ്റ്റാണ് മുസ്‌ലിംലീഗ് സാമൂഹിക മാധ്യമ വൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.
1952-ല്‍ ലീഗ് ഒറ്റയ്ക്ക് നിന്ന് നേടിയ ഒരു സീറ്റിന്റെയും 1962-ല്‍ നേടിയ രണ്ടു സീറ്റിന്റെയും കണക്കുകള്‍ പറഞ്ഞ് തുടരുന്ന പോസ്റ്റില്‍ കേരളത്തില്‍ ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥയെന്തായിരിക്കുമെന്നാണ് ജയരാജന്റെ ചോദ്യം. 21 സീറ്റ് നിയമസഭയിലുള്ള കോണ്‍ഗ്രസ് 16 സീറ്റില്‍ മത്സരിക്കുകയും 15 സീറ്റുള്ള ലീഗ് 2 സീറ്റില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്ന സാഹചര്യത്തെയും ഇ പി ചോദ്യം ചെയ്യുന്നു. ഇതു കൂടാതെ പല ഇടതു നേതാക്കളും ലീഗിനെ ഉന്നംവെച്ച് പല തരം പ്രസ്താവനകളും നടത്തുകയുണ്ടായി. മന്ത്രി പി രാജീവ് ലീഗിനെ പ്രകോപിപ്പിക്കാനായി മറ്റൊരു കമന്റാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.
നിയമസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യമുള്ള ലീഗ് മൂന്നാം സീറ്റിനായി ദയനീയമായി യാചിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അപമാനം സഹിച്ച് യു ഡി എഫില്‍ തുടരണോ എന്ന ചോദ്യം രാജീവ് ഉന്നയിക്കുമ്പോള്‍ ‘ഇപ്പുറത്തേക്കാവാം’ എന്ന ധ്വനിയുണ്ട്. പക്ഷേ, സ്വതന്ത്രമായി നില്‍ക്കണോ എന്നും ലീഗിന് തീരുമാനിക്കാം എന്ന ഒാപ്ഷനും അദ്ദേഹം നല്‍കുന്നു. ഏതായാലും സി പി എമ്മും ഇടതു നേതാക്കളും തിരഞ്ഞെടുപ്പ് ഗോദയില്‍ ഉപയോഗപ്രദമാവുന്ന പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ തന്നെ ലീഗിനെ ഐക്യമുന്നണിയില്‍ നിന്ന് പ്രകോപിപ്പിച്ച് അടര്‍ത്തിമാറ്റാനാവുമോ എന്ന ചിന്ത കൂടി ഉയര്‍ത്താന്‍ ശ്രമിക്കുകയാണ്.

അര്‍ഹത അഞ്ച്
സീറ്റുകളില്‍

നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളത്തിലെ മുസ്‌ലിംലീഗിന്റെ സാന്നിധ്യവും സ്വാധീനവും പരിശോധനാവിധേയമാക്കുമ്പോള്‍ 5 ലോക്‌സഭാ സീറ്റുകള്‍ക്കെങ്കിലും അര്‍ഹതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യു ഡി എഫ് എന്ന മുന്നണി സംവിധാനത്തിലൂടെ മൊത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിക്കുന്ന 25 ശതമാനത്തിന്റെ ക്രെഡിറ്റ് ലീഗിനാണ്. 2020ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മത്സരിച്ച് വിജയിച്ച ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 25 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 28 ശതമാനവും മുസ്‌ലിം ലീഗിനായിരുന്നു. അതേപോലെ ജില്ലാ പഞ്ചായത്തുകളില്‍ ഐക്യ ജനാധിപത്യ മുന്നണി വിജയിച്ച സീറ്റുകളില്‍ 33 ശതമാനം ലീഗാണ് നേടിയത്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലാകട്ടെ അത് 35 ശതമാനമാണ്. 2020ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 2131 സീറ്റുകളിലാണ് മുസ്ലിംലീഗ് വിജയിച്ചത്. 24 ശതമാനം വോട്ടുവിഹിതം ലീഗ് നേടുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ട് ഡാറ്റകള്‍ മാത്രം വെച്ച് പരിശോധിച്ചാല്‍ തന്നെ ലീഗിന്റെ അടിത്തട്ടുകളിലെ പാര്‍ട്ടി സ്വാധീനത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാനാവുന്നുണ്ട്. ഇതിനു പുറമെയാണ് നിയമസഭയിലെ 15 അംഗങ്ങള്‍. ഇത്തരം കണക്കുകളുടെ ബലത്തില്‍ തന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 5 സീറ്റുകളിലെങ്കിലും ലീഗിന് മത്സരിക്കാന്‍ അര്‍ഹതയുണ്ട് എന്ന അനുമാനത്തില്‍ എത്താനാവുന്നത്.
ഇടതു ജനാധിപത്യ മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐ 2020ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടിയത് 1283 സീറ്റുകള്‍ മാത്രമാണ്. 12 ശതമാനമാണ് അവര്‍ നേടിയ വോട്ട്. സി പി ഐയെ അപേക്ഷിച്ച് ഇരട്ടി വോട്ടര്‍മാരുടെ പിന്തുണയും സീറ്റുകളുമുള്ള, അടിത്തട്ടില്‍ ശക്തമായ പിന്‍ബലമുള്ള ഒരു പാര്‍ട്ടിയാണ് കാലാകാലങ്ങളായി രണ്ടു സീറ്റുകളില്‍ മാത്രമായി ഒതുങ്ങി, കോണ്‍ഗ്രസിന്റെ താരാട്ടു കേട്ട് തൊട്ടിലില്‍ മയങ്ങേണ്ടിവരുന്നത്. അവകാശങ്ങള്‍ ശക്തമായി ചോദിച്ചുവാങ്ങി തന്റേടത്തോടെ മുന്നോട്ടുപോവുന്ന രാഷ്ട്രീയ ദൃഢത കാണിക്കുന്നിടത്താണ് ലീഗിന്റെ സമകാല രാഷ്ട്രീയ പ്രസക്തി വര്‍ധിക്കുക. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേരളത്തിലെ ഐക്യമുന്നണിയിലും കേന്ദ്രത്തിലെ ഇന്ത്യാ മുന്നണിയിലും തുടരുമ്പോള്‍ തന്നെ കര്‍മപദ്ധതികളില്‍ വേറിട്ടതും സ്വത്വരാഷ്ട്രീയത്തില്‍ അധിഷ്ഠിതവുമായ രാഷ്ട്രീയ നയനിലപാടാണ് ലീഗിന്റേത്. സംവരണം ഉള്‍പ്പെടെ ലീഗ് സക്രിയമായി ഇടപെടേണ്ടുന്ന വിഷയങ്ങളില്‍ പ്രതികൂലമായ നിലപാടുമായി മുന്നോട്ടുപോവുന്ന കോണ്‍ഗ്രസിനൊപ്പമല്ല ലീഗ്.
അതുകൊണ്ടുതന്നെ ലീഗിന് സ്വന്തമായ ഇടവും പ്രാതിനിധ്യവും അനിവാര്യമാണ്. കോണ്‍ഗ്രസിന് ഇന്‍ഡ്യാ മുന്നണിയിലേക്ക് പ്രാതിനിധ്യം എത്രയും വര്‍ധിക്കാനാണ് എല്ലാവരും പണിയെടുക്കേണ്ടതെന്ന ദണ്ഡുയര്‍ത്തി ലീഗിന്റെ അര്‍ഹമായ സ്ഥാനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ഗൂഢാലോചന നിഷ്‌കളങ്കമായ ദേശീയ താത്പര്യമല്ല, സവര്‍ണത ചീഞ്ഞളിഞ്ഞ് വളമായ ‘ഭാരത് മാതാ കീ ജയ്’ ചേരുവയുടെ ഫാഷിസ്റ്റ് ചിന്ത കൂടിയാണ്.
ചില മലയാള മുഖ്യധാരാ മാധ്യമങ്ങള്‍, കോണ്‍ഗ്രസിലെ മുസ്‌ലിം പേരുകള്‍ കാണിച്ച് ലീഗിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ കൂടി പിന്തുണയില്‍ ചമയ്ക്കുന്ന വാര്‍ത്തകളിലാണെങ്കിലും അതിലൊരു ന്യൂനപക്ഷ അവകാശ ധ്വംസനം ഉള്ളടങ്ങിയിട്ടുണ്ട്. സവര്‍ണ പേരുകളും ക്രിസ്ത്യന്‍ പേരുകളും ഏത് തിരഞ്ഞെടുപ്പുകളിലും സര്‍ക്കാര്‍ അധികാരസ്ഥാനങ്ങളിലും ആവര്‍ത്തിച്ചുവരുമ്പോള്‍ കാണാത്ത ‘ഉള്ളുപിടച്ചില്‍’ മനോരമക്കും മാതൃഭൂമിക്കുമെല്ലാം സംഭവിച്ചുപോവുന്നതല്ല, അവര്‍ കാലങ്ങള്‍ക്കു മുമ്പുതന്നെ ആസൂത്രിതമായി തയ്യാറാക്കിയ ഇപ്പോഴും തുടരുന്ന കണ്ടന്റ് മാനേജ്‌മെന്റിന്റെ ഭാഗം തന്നെയാണ്.
മുസ്‌ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ പല നിലയില്‍ നേരിടുന്ന ഭരണകൂട നീതിനിഷേധത്തിനെതിരെ പോരാടാന്‍ ലീഗിന് പുതിയ സ്ട്രാറ്റജികളിലൂടെ മുന്നോട്ടുപോവേണ്ടുന്ന ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ അര്‍ഹമായ അധികാര ഇടങ്ങളില്‍ കയറിപ്പറ്റിയേ മതിയാവൂ. അത് ഹൈക്കമാന്‍ഡ് ഔദാര്യമായി അനുവദിച്ചുതരുന്ന എന്തോ ആനുകൂല്യമല്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കുകയും, അവകാശമാണ് എന്ന് തലയുയര്‍ത്തി ലീഗ് നേടിയെടുക്കുകയും ചെയ്യുമ്പോഴാണ് മുന്നണിരാഷ്ട്രീയത്തിലെ രാഷ്ട്രീയ സന്തുലിതാവസ്ഥ പൂരിപ്പിക്കപ്പെടുക. പാര്‍ലമെന്റില്‍ ചുരുങ്ങിയത് 3 സീറ്റെങ്കിലും എന്നതിനു പുറമെ, എ കെ ആന്റണിക്കായി വാങ്ങിയ രാജ്യസഭാ സീറ്റ് ഉള്‍പ്പെടെ കൃത്യമായി മുന്നണിയിലെ പ്രബല പാര്‍ട്ടിയുടെ വിഹിതം അനുവദിച്ചുനല്‍കാനുള്ള രാഷ്ട്രീയ മാന്യതക്ക് പകരം ‘എത്ര സീറ്റിനും അര്‍ഹതയുണ്ടെ’ന്ന് പുരപ്പുറത്തിരുന്ന് വിളിച്ചുകൂവുന്ന ഗിമ്മിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
അഞ്ചോ ആറോ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. 2012ല്‍ ലീഗിന്റെ അഞ്ചാം മന്ത്രിയായ മഞ്ഞളാംകുഴി അലി നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വിട്ടുനിന്നവരില്‍ പ്രധാനിയാണ് മുരളീധരന്‍ എന്നുകൂടി ഓര്‍ക്കുമ്പോഴാണ് ഈ പ്രസ്താവനയിലെ ആത്മാര്‍ഥത മനസ്സിലാവുക. അന്ന് കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയത് ആര്യാടന്‍ മുഹമ്മദായിരുന്നു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ടി എന്‍ പ്രതാപനുമെല്ലാം അന്ന് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചവരില്‍ പ്രധാനികളായിരുന്നുവെന്നതും ചരിത്രം. ഫെബ്രുവരി 23ന് ഫലം വന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ച എല്ലാ സീറ്റുകളിലും ഉജ്ജ്വല വിജയം നേടിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.
മുസ്ലിം ലീഗിന്റെ ജനകീയാടിത്തറ കരുത്തുറ്റതാണെന്ന് തെളിയിക്കുന്ന അഭിമാനകരമായ വിജയമാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചത് എന്നും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയുന്നതുകൊണ്ടാണ് മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ ഭൂരിപക്ഷം നല്‍കി മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ ബഹുജനം വിജയിപ്പിക്കുന്നത് എന്നുമായിരുന്നു വിജയം സംബന്ധിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവന.
തങ്ങളുടെ കരുത്തിന്റെ പ്രായോഗിക മാനങ്ങള്‍ ഒരിക്കല്‍ കൂടി വിളംബരം ചെയ്യുമ്പോള്‍ അത് കോണ്‍ഗ്രസിനെ കൂടി ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടുതന്നെ ലീഗ് എന്നോ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മത്സരഗോദയില്‍ ഉയര്‍ത്തിവെക്കേണ്ടിയിരുന്ന മൂന്നാം കോണി ഇനിയെങ്കിലും ഒരുക്കിവെക്കുമെന്നാണ് അണികളുടെ പ്രത്യാശ.

Back to Top