28 Wednesday
January 2026
2026 January 28
1447 Chabân 9

ലീഗിന്റെ വളര്‍ച്ച എങ്ങോട്ട്?

ടി എം അബ്ദുല്‍കരീം തൊടുപുഴ, ഇടുക്കി

‘മുസ്‌ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി’ തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് (ലക്കം 34) ഈ കുറിപ്പിന്നാധാരം. സ്വാതന്ത്ര്യാനന്തരം സംഘശക്തിയായി നിന്ന മുസ്‌ലിംലീഗ് പിന്നീട് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയുണ്ടായി. 1971-77ല്‍ മുസ്‌ലിംലീഗിന് പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദില്‍ നിന്നു അബൂതാലിബ് ചൗധരി എന്ന എം പിയും ഹസനുസ്സമാന്‍ എന്ന എം എല്‍ എയും ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങളിലും സമ്മര്‍ദശക്തിയായി നില്‍ക്കാനോ ഇടപെടാനോ ശ്രമിക്കാത്തത് ലീഗില്‍ ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനിടയാക്കി. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ മുസ്‌ലിംലീഗ് കോണ്‍ഗ്രസിനോട് ‘നോ’ പറയാതെ കൂടെ നിന്നു. രാജ്യത്ത് സമുദായത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ടായപ്പോഴും ഇതേ നിലപാട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം നിസ്സംഗതയാണ് സ്വീകരിച്ചത്. പൗരത്വ നിയമ ഭേദഗതി, ഏക സിവില്‍കോഡ്, കശ്മീരിന്റെ പ്രത്യേക പദവി, പുതിയ വിദ്യാഭ്യാസ നയം, ചരിത്രം മാറ്റിയെഴുതല്‍, മുസ്‌ലിം പേരുകള്‍ മായ്ച്ചുകളയല്‍, ഷാഹി മസ്ജിദ് പ്രശ്‌നം, ഗ്യാന്‍വാപി പള്ളി, തെലുങ്കാനയിലെ മദ്‌റസകള്‍, യു പി യിലെ ഖുര്‍ആന്‍ കത്തിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം കോണ്‍ഗ്രസിതര കക്ഷികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പോലും മുസ്‌ലിംലീഗ് സ്വീകരിക്കുന്നില്ല. കേരള ഭരണത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന ലീഗിന്റെ വളര്‍ച്ച മുരടിച്ചതിന്റെ കാരണവും അതു തന്നെ.

Back to Top