സാമ്പത്തിക തകര്‍ച്ചയ്ക്കിടെ ലബനാനില്‍ വോട്ടെടുപ്പ്
കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതിനിടെ ലബനാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. രാജ്യം വിനാശകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ബെയ്‌റൂത്തില്‍ നടന്നത്. ഭരണകൂട വിരുദ്ധ രോഷവും നിസ്സംഗതയും കൂടിച്ചേര്‍ന്ന ഒരു ദിവസമായിരുന്നു വോട്ടെടുപ്പ് ദിനം. കുറഞ്ഞ വോട്ടിങ് ശതമാനം അതാണ് പ്രതിഫലിപ്പിച്ചത്.
ലബനാനിലെ ബഹുമുഖ പ്രതിസന്ധികള്‍ പൗരന്മാരെ പോളിങ് സ്‌റ്റേഷനുകളിലേക്ക് എത്തിക്കുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും കുറഞ്ഞ പോളിങ് ശതമാനം നിരാശയാണ് സമ്മാനിച്ചത്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 41.04 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2018-നെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വോട്ടര്‍മാരുടെ എണ്ണം മാത്രമല്ല തിരഞ്ഞെടുപ്പ് ദിനത്തെ ബാധിച്ചത്. പോളിങ് ബൂത്തുകളിലെ ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ ലബനീസ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് ഇലക്ഷന്‍സ് (ലേഡ്) റിപോ ര്‍ട്ട് ചെയ്തതോടെ, പോളിങ് സ്‌റ്റേഷനുകളിലേക്ക് ആളുകളെത്തുന്നത് കുറഞ്ഞു. ഒരു പാര്‍ട്ടി അംഗം വോട്ടര്‍മാരെ ബൂത്തുകളില്‍ പിന്തുടരുന്നതിന്റെ നിരവധി ഫോട്ടോകള്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് മോണിറ്റര്‍ ട്വീറ്റ് ചെയ്തു. സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ കഴിയാത്തതും ജനങ്ങളെ പിന്നോട്ടടിപ്പിച്ചു.