ലബനാന്‍ മറ്റൊരു ഗസ്സയാകുന്നത് ലോകത്തിന് താങ്ങാനാവില്ല; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍
ഇസ്രായേലി സൈന്യവും ലബനാനിലെ ഹിസ്ബുല്ലയും തമ്മിലുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളും പിരിമുറുക്കവും വര്‍ധിക്കുന്നതിനിടെ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലബനാനെ മറ്റൊരു ഗസ്സയാക്കരുതെന്നാണ് ഗുട്ടെറസ് പറഞ്ഞത്. സംഘര്‍ഷം രൂക്ഷമായതിനൊപ്പംതന്നെ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ നടത്തുന്ന വെല്ലുവിളികളും കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗുട്ടെറസിന്റെ പ്രതികരണം. യുഎന്‍ സമാധാന സേനാംഗങ്ങള്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു. ബ്ലൂ ലൈന്‍ എന്നറിയപ്പെടുന്ന ലബനാന്‍-ഇസ്രായേല്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ യുഎന്‍ നിയോഗിച്ച സമാധാനസേനാംഗങ്ങള്‍ തെക്കന്‍ ലബനാനില്‍ വളരെ കാലമായി നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഹിസ്ബുല്ല ഇസ്രായേലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടിരുന്നു. ഇതോടെ അതിര്‍ത്തിയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവരുകയും ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ബെയ്‌റൂത്തിനെ മറ്റൊരു ഗസ്സയാക്കി മാറ്റുമെന്ന് നേരത്തേ പ്രതിജ്ഞയെടുത്തിരുന്നു. ലബനാനെതിരെ ഇസ്രായേല്‍ വലിയ ആക്രമണങ്ങള്‍ക്ക് മുതിരുകയാണെങ്കില്‍ പിന്നീട് നിയമങ്ങളും നിയന്ത്രണങ്ങളും നോക്കില്ലെന്നാണ് ഹിസ്ബുല്ലാ നേതാവ് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പ് നല്‍കിയത്.