1 Tuesday
July 2025
2025 July 1
1447 Mouharrem 5

ലീഗ് തിരിഞ്ഞുനടക്കുകയാണോ?

കെ എ ഏറനാടന്‍


സ്വതന്ത്ര ഇന്ത്യയിലെ നീണ്ട പ്രവര്‍ത്തന പാരമ്പര്യമുള്ള മുസ്‌ലിംലീഗ് അതിന്റെ സ്ഥാപിത താല്‍പര്യത്തില്‍ നിന്ന് പുറംതിരിഞ്ഞു നടക്കുകയാണോ? സ്വതന്ത്ര ഭാരതത്തിലെ ന്യൂനപക്ഷ (മുസ്‌ലിം) രാഷ്ട്രീയത്തിന്റെ തങ്കപ്പകര്‍പ്പുള്ള ഒരു മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് മുസ്‌ലിംലീഗെന്ന രാഷ്ട്രീയപ്പാര്‍ട്ടി പിച്ചവെച്ച് നടന്നുതുടങ്ങിയത്. ‘അഭിമാനകരമായ അസ്തിത്വം’ എന്ന സന്ദേശം ലീഗ് രാഷ്ട്രീയ പാഠാവലിയില്‍ ഏറെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും പ്രേരണയായിട്ടുണ്ട്. വിഭജനാനന്തര ഇന്ത്യയിലെ അവശേഷിക്കുന്ന മുസ്‌ലിം ഉമ്മത്തിന്റെ പതിതാവസ്ഥയെകുറിച്ചുള്ള തികഞ്ഞ ബോധവും നാളെയുടെ നല്ല നാളുകളെ കുറിച്ചുള്ള സ്വപ്‌നവുമാണ് ഈ മുദ്രാവാക്യം പ്രതിനിധാനം ചെയ്യുന്നത് എന്ന് വ്യക്തം.
സമുദായം അസ്തിത്വ പ്രതിസന്ധിയുടെ ആഴക്കടലില്‍ മുങ്ങിത്താഴുന്ന വര്‍ത്തമാന കാലം സമുദായ നേതൃത്വത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നില്‍ ഗൗരവതരമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അഭിമാനകരമായ അസ്തിത്വം നേടിയെടുക്കാന്‍ കഠിനാധ്വാനവും ത്യാഗപരിശ്രമങ്ങളും വേണ്ടിവരുമെന്ന കാര്യം പ്രസ്ഥാനത്തിന്റെ സ്ഥാപക നേതൃനിരയിലുള്ളവര്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെയും കെ എം സീതി സാഹിബിന്റെയും ജീവിതവും നിലപാടുകളും അക്കാര്യം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഇവ സാധൂകരിക്കും വിധമാണ് രണ്ടു പേരും അവരുടെ തട്ടകങ്ങളില്‍ ചുവടുവെപ്പുകള്‍ നടത്തിയിരുന്നത്. തമിഴ്‌നാട്ടിലെയും മലയാളക്കരയിലെയും മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ വീറുറ്റ ചരിത്ര ഏടുകള്‍ ഇക്കാര്യം വിളിച്ചുപറയുന്നുണ്ട്.
എന്നാല്‍ വര്‍ത്തമാനകാല മുസ്‌ലിം ഇന്ത്യയുടെ നേര്‍ചിത്രം മുന്നില്‍ വെച്ചുകൊണ്ട് ‘അഭിമാനകരമായ അസ്തിത്വം’ സ്വപ്‌നം കാണുന്നവരാണ് ഇന്നത്തെ മുസ്‌ലിം ലീഗിന്റെ നേതൃത്വം, പ്രത്യേകിച്ചും കീഴ്ഘടകങ്ങളെന്ന് വിശ്വസിക്കാനാവുമോ? ആ പാര്‍ട്ടിക്കും അതിന്റെ അജണ്ടാ നിര്‍ണയ കേന്ദ്രങ്ങള്‍ക്കും വന്നുപെട്ടിട്ടുള്ള ഭാവപകര്‍ച്ചയുടെ ദുഃഖകരമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്ന ഏറെ വസ്തുതകള്‍ ചൂണ്ടിക്കാണിക്കാനാവും.
മഹാനായ സി എച്ചിന്റെ പ്രസിദ്ധമായ പ്രയോഗം നമുക്കിവിടെ സ്മരിക്കാം. അദ്ദേഹം തന്റെ പ്രഭാഷണങ്ങളില്‍ സ്ഥിരമായി ഇങ്ങനെ പറയുമായിരുന്നു: ‘പാവപ്പെട്ട മുസ്‌ലിം സമുദായം’. സ്വന്തം സമുദായത്തെ കുറിച്ചുള്ള വ്യഥയും പ്രതീക്ഷയും ഉള്‍ചേര്‍ന്നതാണീ മഹാനുഭാവന്റെ വാക്കുകള്‍. ആരാണ് മുസ്‌ലിം സമുദായം? ദീനിന്റെ അനുയായികളാണല്ലോ മുസ്‌ലിംകള്‍. ദീനിന്റെ വര്‍ഗ ശത്രുക്കള്‍ മുസ്‌ലിംകളെ കഠിനശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വം തകര്‍ക്കുക എന്നത് ഇക്കൂട്ടരുടെ മുഖ്യഅജണ്ടയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവ നടപ്പാക്കുന്നതിന് സര്‍വവിധ കോപ്പുകളും അവരെടുത്തണിയുകയും രുദ്രഭാവം നേടുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. വിവരണാതീതമാണ് അതിന്റെ കെടുതികള്‍. അവസര നിഷേധം, കൊലയും കൊള്ളിവെപ്പും, കലാപവും കൂട്ടക്കുരുതിയും രാജ്യത്തെ മുസ്‌ലിംകളുടെ നിലനില്‍പ്പും നിര്‍ഭയത്വവും വെല്ലുവിളിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈയൊരു ദുഃഖസാഹചര്യത്തെ അളന്ന് തിട്ടപ്പെടുത്തി ചങ്കുറപ്പും ഉള്‍ക്കരുത്തും കൈമുതലാക്കി സമുദായത്തിന് വേണ്ടി പണിയെടുക്കുന്ന നേതൃത്വമായി മാറാന്‍ മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിനാവുമോ?
അവസരങ്ങള്‍
തിരിച്ചറിയുന്നില്ല

മുസ്‌ലിംലീഗ് സമുദായത്തെ അഡ്രസ് ചെയ്യാന്‍ മറന്ന് പോകുന്നു എന്നതിന് നിരവധി സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിശോധിക്കാതെ ഒരുതരം പുരോഗതിയെയും സ്വപ്‌നം കാണാനാവുകയില്ല. ഈ രംഗത്ത് കേരളീയ നേതൃത്വത്തിന്റെ മുന്‍നിരക്കാരുടെ നിലപാടുകളെ ചെറുതായി കണ്ടുകൂടാ. അവരുടെ പിന്നില്‍ കടന്നുവന്ന പിന്‍നിരക്കാരുടെ രണ്ട് തലത്തിലുള്ള അലംഭാവവും വീഴ്ചയും പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരളമല്ല ഇന്ത്യ എന്ന വസ്തുത വിസ്മരിച്ചു കൂടാ. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എന്ന നാമകരണം എന്തുകൊണ്ടും അര്‍ഥപൂര്‍ണമായിരുന്നു. മുന്‍ഗാമികള്‍ കേരളത്തില്‍ ഉണ്ടാക്കിയെടുത്ത ഉണര്‍വിനെയും നവോത്ഥാനത്തെയും കേരളത്തിന് പുറത്ത് ജീവിക്കുന്ന ജനകോടികളിലേക്ക് പകരുന്നതിനും കൈമാറുന്നതിനും ബോധപൂര്‍വമായ യാതൊരു ശ്രമവും കേരള കേന്ദ്രീകൃത നേതൃത്വം നടത്തിയതുമില്ല. മറിച്ച് വ്യത്യസ്ത കാരണങ്ങളാല്‍ കേരളത്തിലുണ്ടായ ഉണര്‍വ് കച്ചവടവത്കരിക്കപ്പെടുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ കച്ചവടത്തിന്റെ പങ്ക് പറ്റുന്നു എന്ന സംശയത്തിനും ഇട വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ നവജാഗരണത്തിന്റെ ദിശാനിര്‍ണയത്തിന് ലീഗിന് കെല്‍പ്പില്ലാതെ വരികയും ചെയ്തു.
ബാബരി മസ്ജിദ്
രാജ്യത്തെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ നിഷ്‌ക്രിയ ഭാവം അളക്കാന്‍ ബാബരി മസ്ജിദ് വിവാദത്തെ പരിശോധിച്ചാല്‍ മതിയാവും. ചരിത്രത്തിന്റെ ഒരു പിന്‍ബലവുമില്ലാതെ കപട അവകാശവാദത്തിന്റെ മുകളില്‍ കയറി നിന്ന് പൗരാണിക ഇന്ത്യയുടെ ചരിത്രത്തെ തമസ്‌ക്കരിച്ച് കയ്യൂക്കിന്റെ പിന്‍ബലത്തില്‍ മസ്ജിദ് പൊളിച്ച് തരിപ്പണമാക്കിയതിന്റെ പിന്നിലെ ചേതോവികാരം എന്തെന്ന് വിലയിരുത്തുന്നതിന്റെ മുന്നില്‍ ലീഗ് എത്ര മാത്രം വിയര്‍ത്തിട്ടുണ്ട്. ഈ ക്രൂരതയുടെ വേദനയില്‍ ചങ്ക് പൊട്ടി വിലപിച്ചവരെ പാര്‍ട്ടിക്ക് പുറത്ത് നിര്‍ത്തിയതില്‍ നിന്ന് നാം എന്താണ് മനസിലാക്കേണ്ടത്. മസ്ജിദ് വിവാദങ്ങളുടെ കോടതി നടപടികളുടെ ചരിത്രവും കൂട്ടത്തില്‍ പരാമര്‍ശിക്കട്ടെ. തുലോം ദുര്‍ബലമായ നിയമപോരാട്ടമായിരുന്നു ഇതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഫൈസാബാദില്‍ നിന്ന് തുടങ്ങി അലഹബാദിലൂടെ സഞ്ചരിച്ച് സുപ്രീം കോടതിയില്‍ അടക്കം നടന്ന നിയമ പോരാട്ടത്തിന്റെ മുന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് എത്ര മാത്രമുണ്ടായിരുന്നു. ഏറ്റവും അവസാനം പള്ളി നിലനിന്ന സ്ഥലവും പരിസരവും രാമക്ഷേത്ര സംഘത്തിന് നല്‍കണമെന്ന വിധിയില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് യാതൊരു അലോസരവും അനുഭവപ്പെട്ടതായി കാണുന്നില്ല.

സച്ചാറും
പൗരത്വ സമരവും

രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥയെ അനാവരണം ചെയ്യുന്ന പഠനങ്ങളും അന്വേഷണങ്ങളും നിരവധിയുണ്ടെന്ന് കാണാം. അവയില്‍ ആധികാരികവും ഏറെക്കുറെ സത്യസന്ധമായ നിഗമനങ്ങളുടെ സമാഹാരവുമാണ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. അഭിമാനകരമായ അസ്തിത്വത്തിലേക്കുള്ള ചുവടുവെപ്പുകളിലേക്ക് വഴിതുറക്കുന്ന നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ജസ്റ്റിസ് സച്ചാറും സഹഅംഗങ്ങളും ചരിത്രരേഖയായി ഭരണകൂടത്തിന്റെയും സമുദായത്തിന്റെയും മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈയൊരു റിപ്പോര്‍ട്ടിന് മുസ്‌ലിംലീഗിന്റെ നേതൃസമിതികളില്‍ വല്ല ചര്‍ച്ചക്കും അവസരങ്ങളുണ്ടായിട്ടുണ്ടോ? ഇല്ല! എന്തുകൊണ്ട്? അവകാശ സംരക്ഷണം അഭിമാനകരമായ അസ്തിത്വവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തിരിച്ചറിയാന്‍ ആവതില്ല എന്നത് തന്നെ.
പൗരത്വ സമരത്തെ കുറിച്ച് കൂടി സംവദിച്ച് ചുരുക്കാം. ജനിച്ച മണ്ണില്‍ അഭിമാന ബോധത്തോടെ തലയുയര്‍ത്തി ജീവിക്കാനുള്ള അവകാശത്തെയാണ് പൗരാവകാശം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഈ അവകാശത്തെ സ്ഥാപിച്ചെടുക്കും വിധം രാജ്യത്തെ ഭരണഘടനാ രൂപീകരണ വേളകളില്‍ മുസ്‌ലിം നേതാക്കന്‍മാര്‍ കാണിച്ച ജാഗ്രത നമുക്ക് വിസ്മരിക്കാനാവില്ലല്ലോ. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ആ പൗരാവകാശത്തെ നിഷേധിക്കും വിധം ഭരണഘടനാ ഭേദഗതിയും തുടര്‍ നടപടികളുമായി ഭരണകൂടം മുന്നോട്ട് വന്നപ്പോള്‍ ജനാധിപത്യ ഇന്ത്യ ആലസ്യം വിട്ടുണര്‍ന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമായി. കരിനിയമങ്ങളുടെ കരിനിഴലില്‍ നിന്ന് നമ്മള്‍ മുക്തരായിട്ടുമില്ല.
ഈയൊരവസരത്തില്‍ ജനാധിപത്യ ചേരിയെയും മതേതര പ്രസ്ഥാനങ്ങളെയും കണ്ണി ചേര്‍ത്തി പ്രതിരോധം തീര്‍ക്കുന്നതില്‍ ലീഗിന്റെ പങ്ക് എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തരം കരിനിയമങ്ങള്‍ ചുട്ടെടുക്കുന്ന പാര്‍ലമെന്റിനകത്തെ കുറ്റകരമായ നിഷ്‌ക്രിയത്വത്തിന് കാരണമെന്തെന്ന് ഒരാള്‍ക്കും പിടികിട്ടുന്നില്ല. വിശ്വാസത്തെയും അവകാശത്തെയും സംസ്‌ക്കാരത്തെയും ചോദ്യം ചെയ്യുകയും ചവിട്ടി മെതിക്കുകയും ചെയ്യുന്ന ദുരിതപൂര്‍ണമായ സാഹചര്യത്തെ കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ അഭിമാനകരമായ അസ്തിത്വം എന്ന ആഗ്രഹം നടക്കില്ലെന്ന് ധരിച്ചുവശായി അധികാര സ്ഥാനങ്ങളുടെ പങ്കിനെ കുറിച്ചാലോചിച്ച് ലീഗ് സ്ഥാപിത ലക്ഷ്യത്തെ വിട്ട് തിരിഞ്ഞു നടക്കുകയാണോ?

Back to Top