നിയമം പഠിക്കാന്‍ അപേക്ഷിക്കാം ആള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ്
ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന മാനദണ്ഡമായ ആള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (AILET) 2024ന് ഇപ്പോള്‍ അപേക്ഷിക്കാം. 45% മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും ഇപ്പോള്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും BA LLB (H) പ്രോഗ്രാമിന് അപേക്ഷിക്കാം. എല്‍ എല്‍ ബി യോഗ്യതയുള്ളവര്‍ക്ക് എല്‍ എല്‍ എം പ്രവേശനത്തിനും എല്‍ എല്‍ എം യോഗ്യതയുള്ളവര്‍ക്ക് നിയമത്തിലും ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര യോഗ്യതകളുള്ളവര്‍ക്ക് സോഷ്യല്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ക്രിമിനോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നിവയില്‍ പി എച്ച് ഡിക്കും പ്രവേശനം നേടാം. അവസാന തീയതി നവംബര്‍ 13. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.nationallawuniversitydelhi.in സന്ദര്‍ശിക്കുക.
ശാസ്ത്ര പഠനത്തിന്
ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ്
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതിയായ ഇന്‍സ്പയറിന് കീഴിലുള്ള SHE സ്‌കോളര്‍ഷിപ്പിന് നവംബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 18 ശാസ്ത്രവിഷയങ്ങളിലെ ബാച്ചിലര്‍/ മാസ്റ്റര്‍ പഠനത്തിന് 12ലെ മാര്‍ക്ക് ആധാരമാക്കിയാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. പ്രതിമാസം 5,000 രൂപ നിരക്കില്‍ വര്‍ഷത്തില്‍ 60,000 രൂപയാണ് സഹായം. ഇന്ത്യയിലെ പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള ഒരു ശതമാനം പേര്‍/ ജെഇഇ അഡ്വാന്‍സില്‍ ആദ്യ പതിനായിരം റാങ്കില്‍ പെട്ടവര്‍/ ടാലെന്റ് സ്‌കോളര്‍മാര്‍, ഇന്റര്‍നാഷനല്‍ ഒളിംപ്യാഡ് മെഡല്‍ ജേതാക്കള്‍ എന്നിവര്‍ക്കാണ് അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.online.inspire.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക