3 Saturday
December 2022
2022 December 3
1444 Joumada I 9

നിയമനിര്‍മാണം നടത്തണം


കേരളത്തിന് അധികം പരിചിതമല്ലാത്ത വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്പരപ്പോടുകൂടിയാണ് ഓരോ ദിവസത്തെയും വാര്‍ത്തകള്‍ നമ്മള്‍ അറിയുന്നത്. സാമ്പത്തിക അഭിവൃദ്ധി നേടാന്‍ വേണ്ടി ദമ്പതിമാരും മറ്റൊരാളും ചേര്‍ന്ന് നരബലി നല്‍കി എന്ന വാര്‍ത്തയാണ് ഏറ്റവും പുതിയത്. നരബലി കൊണ്ട് സാമ്പത്തിക അഭിവൃദ്ധി നേടിയ കള്ളക്കഥകള്‍ പറഞ്ഞാണ് സിദ്ധവേഷം കെട്ടിയ ആള്‍ ഇതിന് നേതൃത്വം കൊടുത്തത്. മതവിശ്വാസങ്ങളെല്ലാം ഉപേക്ഷിച്ച യാന്ത്രിക യുക്തിവാദികളും മതവിരുദ്ധരുമാണ് ഈ സംഭവത്തിലെ പ്രതികള്‍. മനുഷ്യത്വരഹിതമായ ആചാരങ്ങളെയോ ചൂഷണം ചെയ്യാനുള്ള ഉപാധികളെയോ യഥാര്‍ഥ മതവിശ്വാസം പിന്തുണക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ അന്ധവിശ്വാസികളോ മതവിശ്വാസം ഉപേക്ഷിച്ചവരോ ആണെന്നതാണ് വസ്തുത.
മനുഷ്യന്റെ അടങ്ങാത്ത സാമ്പത്തിക മോഹവും കുറ്റവാസനയും ഒരുമിച്ചു ചേരുന്നതാണ് ഈ സംഭവത്തില്‍ കാണുന്നത്. തനിക്ക് സാമ്പത്തിക അഭിവൃദ്ധി ലഭിക്കാന്‍ മറ്റൊരാളെ ബലി നല്‍കണം എന്ന ചിന്ത തന്നെ ക്രിമിനല്‍ സ്വഭാവമാണ്. ഇവരുടെ ബലി ഏതെങ്കിലും ദൈവത്തിനുള്ളതല്ല. ദൈവം നന്മ മാത്രമേ സ്വീകരിക്കൂ എന്നവര്‍ക്കറിയാം. അതിനാല്‍ ദുഷ്ടശക്തികളെ പ്രീതിപ്പെടുത്തിയാല്‍ പെട്ടെന്ന് പണം ലഭിക്കുമെന്ന ചിന്തയാണ് ഇതിനു പിറകിലുള്ളത്. ഇത്തരം പൈശാചികതയില്‍ വിശ്വസിക്കുന്നവര്‍ മതവിശ്വാസികളാവില്ല എന്നത് സത്യമാണ്. അങ്ങനെ ദുഷ്ടശക്തികളെ തൃപ്തിപ്പെടുത്താനോ അതുവഴി നേട്ടമോ മറ്റൊരാള്‍ക്ക് ഉപദ്രവമോ ഉണ്ടാക്കാന്‍ സാധ്യമല്ല എന്നാണ് യഥാര്‍ഥ മതവിശ്വാസം പറയുന്നത്. എന്നാല്‍ യാന്ത്രിക യുക്തിവാദികളായവര്‍ ജീവിതപ്രതിസന്ധികള്‍ക്ക് എളുപ്പവഴികള്‍ തേടുകയാണ് ചെയ്യാറുള്ളത്. ജീവിതപരീക്ഷണങ്ങളോട് ക്ഷമയവലംബിക്കാനോ സത്കര്‍മങ്ങ ള്‍ വര്‍ധിപ്പിച്ച് നന്മയെ പ്രതീക്ഷി ക്കാനോ അത്തരം ആളുകള്‍ക്ക് സാധിക്കില്ല.
മതവിശ്വാസത്തെ സംബന്ധിച്ച തെറ്റായ ധാരണകളും അതേ സമയം ആധുനിക ലോകം ജീവിതത്തിനു മേല്‍ സമ്മാനിച്ച പ്രതിസന്ധികളും മനുഷ്യരെ ത്രിശങ്കുവിലാക്കാറുണ്ട്. അതിന് പരിഹാരമെന്നോണം കൂടോത്രവും രക്തബലിയും നരഭോജനവും ഒക്കെ മാര്‍ഗമായി കാണുന്ന ചില വിഡ്ഢികള്‍ ഇക്കാലത്തുമുണ്ട് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട വിഷയമാണ്. മനുഷ്യന്റെ ജീവിതത്തെയും സമ്പത്തിനെയും ചൂഷണം ചെയ്യുന്ന അനാചാരങ്ങളെ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണം. അനാചാരങ്ങള്‍ക്കു പിന്നിലെ അന്ധവിശ്വാസത്തെ നിയമം കൊണ്ട് നേരിടാന്‍ സാധിക്കില്ല എന്നുവന്നേക്കാം. എന്നിരുന്നാലും ഇതര സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പോലെ, മനുഷ്യത്വരഹിതവും ചൂഷണോപാധിയുമായ അനാചാരങ്ങളെ നിയമം മൂലം നിരോധിക്കാന്‍ സാധിക്കും. അത്തരത്തിലൊരു നിയമനിര്‍മാണം നടത്തുന്നതു തന്നെ അന്ധവിശ്വാസങ്ങള്‍ക്കെതിരായ ബോധവത്കരണ പ്രക്രിയയുടെ ഭാഗം കൂടിയാണ്.
അമിതമായ സാമ്പത്തിക നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അന്ധവിശ്വാസാധിഷ്ഠിതമായ പരസ്യങ്ങള്‍, മനുഷ്യജീവനും അന്തസ്സും ഇല്ലാതാക്കുന്ന അനാചാരങ്ങള്‍, ചൂഷണം ചെയ്യാനുതകുന്ന അനാചാരങ്ങള്‍ തുടങ്ങിയവ നിയമം മൂലം നിരോധിക്കാനാവും. ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പേ അത്തരത്തില്‍ നിരോധിക്കപ്പെട്ട ഒരു ആചാരമായിരുന്നു സതി. സതിനിരോധനം വഴി ആ അനാചാരത്തില്‍ നിന്ന് ജീവനുകളെ രക്ഷിക്കാനും ക്രമേണ ബോധവത്കരിക്കാനും സാധിച്ചു എന്നത് നമുക്കു മുമ്പിലുള്ള തെളിവാണ്. മനുഷ്യനെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസ – അനാചാരങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണം എന്ന് ചില സംഘടനകള്‍ മുമ്പു തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ എസ് എം ഈ ആവശ്യത്തിനായി മുന്നില്‍ നിന്ന് പോരാടിക്കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ്.
എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ വിഷയത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ളവ നടത്തി അധികാരികളെ ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. മാത്രമല്ല, അന്ധവിശ്വാസ-അനാചാരങ്ങള്‍ നിരോധിക്കുന്നതിനുള്ള ബില്ലിന്റെ കരട് രൂപം നിയമസഭാ സാമാജികര്‍ക്ക് അന്ന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഈ കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിച്ചില്ല. വിശ്വാസചൂഷണ മാഫിയകളുടെ സമ്മര്‍ദ്ദമാണോ മറ്റെന്തെങ്കിലും രാഷ്ട്രീയ പ്രശ്‌നങ്ങളാണോ എന്നറിയില്ല, നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോഴുണ്ടായ നരബലി പോലെ അത്യന്തം ഹീനമായ അവസ്ഥയിലേക്ക് അന്ധവിശ്വാസങ്ങള്‍ എത്തിച്ചേര്‍ന്ന സ്ഥിതിക്ക് എത്രയും പെട്ടെന്ന് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയമം കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്ന വിഷയമല്ല ഇത്. അതുകൊണ്ടുതന്നെ, സിവില്‍ സംഘടനകളുടെ ബോധവത്കരണവും യഥാര്‍ത്ഥ വിശ്വാസത്തെക്കുറിച്ചുള്ള പ്രബോധനവും സമാന്തരമായി നടക്കേണ്ടതുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x