23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

അവസാന ദിനങ്ങളില്‍ ഉമ്മയോടൊപ്പം

ടി ടി എ റസാഖ്


ജീവിതവഴിയില്‍ വേര്‍പാടുകള്‍ സ്വാഭാവികമാണെങ്കിലും നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ വേര്‍പാടും ദുഃഖകരമാണ്. ഉമ്മയുടേതാവുമ്പോള്‍ അതെത്രമേല്‍ വൈകാരികവും ദുഃഖകരവുമാണെന്ന് പറയേണ്ടതില്ല. ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ ബാക്കിയാക്കി ആ സ്‌നേഹക്കടല്‍ നീങ്ങിപ്പോവുമ്പോള്‍ മനസ്സു വേവാത്തവരായി ആരുമുണ്ടാവില്ല. ഓര്‍ത്തോര്‍ത്ത് തേങ്ങാനും വേദനിക്കാനും മാത്രമല്ല, ഖേദിക്കാനും മടങ്ങാനുമായി ഉമ്മമാര്‍ വിട്ടേച്ചുപോയ പാഠങ്ങള്‍ എത്രയാണ്? നമ്മുടെ വളര്‍ച്ചയുടെ ഓരോ പടവിലും നമ്മെ താലോലിച്ചതും സമാശ്വസിപ്പിച്ചതും ശാസിച്ചതും ശിക്ഷിച്ചതും മാത്രമല്ല, പണ്ടു പാടിയ ആ താരാട്ടുകള്‍ പോലും തോരാത്ത നൊമ്പരങ്ങളായി എന്നും അവശേഷിക്കുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.
82 കഴിഞ്ഞ എന്റെ ഉമ്മ ഒരു വര്‍ഷത്തോളമായി വാര്‍ധക്യസഹജമായ രോഗപീഡകളാല്‍ വിശ്രമത്തിലായിരുന്നു. രോഗം അല്‍പം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടത് അത്യാവശ്യമായി വന്നു. ഉമ്മയുടെ അവസ്ഥയില്‍ ഏതൊരു കുടുംബവും നേരിടേണ്ടിവന്ന ഒരു ചോദ്യം ഞങ്ങളെയും അലട്ടി. ‘ഉമ്മയെ ഐ സി യുവില്‍ അഡ്മിറ്റ് ചെയ്യുകയാണ് നല്ലത്’- ഞങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടറാണ് സംസാരിക്കുന്നത്. ആ സമയത്ത് ഗുരുതരമായ രോഗാവസ്ഥയൊന്നും കാഴ്ചയില്‍ ഉമ്മക്ക് ഉണ്ടായിരുന്നില്ലെങ്കിലും, പ്രായവും മറ്റു ചില ശാരീരികവും മാനസികവുമായ അവശതകളും പരിഗണിച്ചുകൊണ്ട് കണ്ണിമവെട്ടാത്ത വിധം ഉമ്മയെ ശ്രദ്ധിച്ചുകൊണ്ട് ഉമ്മക്കരികില്‍ ഞങ്ങളിലൊരാള്‍ എപ്പോഴും ഉണ്ടാവുമായിരുന്നു. അതുകൊണ്ടുതന്നെ ബെഡ്‌സോറോ മറ്റു ക്ഷതങ്ങളോ ഇല്ലാതെ അവസാനം വരെ ഉമ്മ സംരക്ഷിക്കപ്പെട്ടുവെന്നു പറയാം.
ഈ അവസരത്തില്‍ ഐ സി യു വാസം ഉമ്മയ്ക്ക് ഗുണം ചെയ്യുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയിലായിരുന്നു ഞങ്ങള്‍. സമാനമായ സാഹചര്യം നേരിട്ട പലരെയും കുറിച്ചുള്ള ഓര്‍മകള്‍ അപ്പോള്‍ മനസ്സില്‍ വന്നു. അതില്‍ പലര്‍ക്കും അത് ഉപകാരപ്പെട്ടില്ലെന്നു മാത്രമല്ല, മക്കളോ ബന്ധുക്കളോ അരികിലില്ലാതെ വിടപറയേണ്ടിവന്ന അവസ്ഥകളെക്കുറിച്ചും ആലോചിച്ചു. ഓക്‌സിജന്‍ ലെവലും ബി പിയും ഹൃദയതാളവുമെല്ലാം നിരന്തരം പരിശോധിച്ച് ഏറ്റവും ചുരുങ്ങിയത് ഉമ്മക്ക് ആയാസരഹിതമായി ശ്വസിക്കാനും ഉറങ്ങാനുമുള്ള ഒരവസ്ഥ ഐ സി യുവില്‍ ലഭിക്കുകയാണെങ്കില്‍ അത് ആശ്വാസമാവുമല്ലോ എന്ന മറുവശവും ആലോചനയില്‍ വരേണ്ടതാണല്ലോ. ഒരു തിരിച്ചുവരവിന്റെ സാധ്യത ഇല്ലെങ്കില്‍ പോലും വൈദ്യശാസ്ത്രപരമായ ഒരാശ്വാസ ചികിത്സ എന്ന നിലക്കും ഐ സി യു സംവിധാനം പരിഗണന അര്‍ഹിക്കുന്നതുതന്നെയല്ലേ. ഏതായാലും ആകുല ചിന്തകളോടെയാണെങ്കിലും ഐ സി യുവിലേക്ക് മാറ്റാന്‍ തന്നെയാണ് തീരുമാനിച്ചത്.
ഈ സാഹചര്യത്തില്‍ ഏതൊരു കുടുംബവും അത്തരമൊരു തീരുമാനത്തില്‍ മാത്രമേ എത്തിച്ചേരുകയുള്ളൂ എന്നാണെന്റെ വിശ്വാസം. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട നൈതികവും ധാര്‍മികവുമായ ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും നമ്മള്‍ അത്തരം അനുഭവത്തിലൂടെ കടന്നുപോവുമ്പോഴുണ്ടാവുന്ന ആശയക്കുഴപ്പം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. ഏതായാലും ഐ സി യുവില്‍ തുടക്കത്തില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന വിധത്തില്‍ ചില്ലറ പുരോഗതിയൊക്കെ ഉണ്ടായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അതേറെ നേരം നിലനിന്നില്ല. തുടര്‍ന്ന് എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധനുമായി സംസാരിച്ചതില്‍ സാധാരണ ഐ സി യു സംവിധാനങ്ങള്‍ ഉമ്മയ്ക്ക് ഗുണം ചെയ്യില്ല എന്നു മനസ്സിലായി. ഇനിയുള്ള ഏക മാര്‍ഗം വെന്റിലേറ്ററാണ്. വൈദ്യശാസ്ത്രപരമായി ഒരു തിരിച്ചുവരവിന്റെ ചെറിയ സാധ്യതയെങ്കിലും ഉണ്ടെങ്കില്‍ ഇതും ഉപയോഗപ്പെടുത്തേണ്ടതു തന്നെയാണ് എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. കോവിഡ് കാലത്ത് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് വഴി നിരവധി പേര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.
എന്നാല്‍ എമര്‍ജന്‍സി മെഡിസിന്റെ ഡോക്ടര്‍ക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു. ഉമ്മയുടെ പ്രായവും രോഗാതുരമായ ശാരീരികാവസ്ഥകളും വിശദീകരിച്ച ശേഷം, വെന്റിലേറ്റര്‍ പരിരക്ഷ ഗുണം ചെയ്യില്ല എന്നു മാത്രമല്ല, അത് കൂടുതല്‍ വേദനയും അസ്വസ്ഥതയുമാണ് ഉമ്മക്ക് നല്‍കുക എന്നാണ് അഭിപ്രായപ്പെട്ടത്. തുടര്‍ന്നു വരാവുന്ന ധാര്‍മിക പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഒരപകടത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍ കിടന്നപ്പോഴുണ്ടായ തന്റെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പല കാരണങ്ങള്‍ കൊണ്ടും അദ്ദേഹം വേറിട്ടൊരു ഡോക്ടര്‍ തന്നെയാണെന്ന് എനിക്ക് തോന്നി. ജീവന്റെ മിടിപ്പുകള്‍ മാത്രം ബാക്കിയായ സന്ദര്‍ഭങ്ങളില്‍ വെന്റിലേറ്റര്‍ സ്വിച്ച്ഓഫ് ചെയ്ത് രോഗികളെ മരണത്തിലേക്ക് നടത്തിയ നഴ്‌സുമാരുടെ മാനസിക സംഘര്‍ഷങ്ങളില്‍ കൊരുത്ത കഥകള്‍ ഈയിടെ നാം ഏറെ കേട്ടതാണല്ലോ. (ലണ്ടനിലെ നഴ്‌സ് ജുനാനിതയുടെ ഹൃദയസ്പൃക്കായ വിവരണം ഒരു ഉദാഹരണം).
അദ്ദേഹത്തിന്റെ അഭിപ്രായം വന്നതോടെ ഉമ്മയുടെ രോഗത്തിന്റെ ഗൗരവത്തിലേക്ക് ഞങ്ങള്‍ ഉണരുകയായിരുന്നു. സമാനമായ ചില ആപത്ഘട്ടങ്ങളെ ഉമ്മ അത്ഭുതകരമായി അതിജീവിച്ചത് ഒരു പ്രതീക്ഷയായി ഈ നിമിഷം വരെ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ‘നിങ്ങള്‍ക്ക് പ്രാര്‍ഥനകള്‍ ചൊല്ലാനുണ്ടെങ്കില്‍ അതിന് തയ്യാറെടുത്തോളൂ’ എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനസ്സിലേക്ക് കനല്‍ കോരിയിട്ട അവസ്ഥയായിരുന്നു. ശാശ്വതമെന്നോണം നാം കരുതിപ്പോന്ന ഉമ്മ എന്ന വന്‍മരത്തിന്റെ തണല്‍ നീങ്ങുകയാണെന്നറിയാതെ പുറത്തു കാത്തിരിക്കുന്ന കുടുംബാംഗങ്ങളെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക എന്നത് വികാരനിര്‍ഭരമായ പ്രയത്‌നമായിരുന്നു. ഐ സി യു പരിസരം പലപ്പോഴായി അത്തരം വൈകാരിക രംഗങ്ങള്‍ക്ക് സാക്ഷിയാവാറുള്ളത് പതിവുകാഴ്ചയാണെങ്കിലും അത്തരം ഒരവസരം നമ്മുടെ നേരെ വരികയെന്നത് തികച്ചും ഭയാനകമായ അവസ്ഥയാണെന്നു തിരിച്ചറിയുന്നത് അപ്പോള്‍ മാത്രമാണ്. മനുഷ്യന്റെ നിസ്സഹായാവസ്ഥയും ജീവന്റെ അനിശ്ചിതാവസ്ഥയുമെല്ലാം നമുക്ക് ആ പരിസരത്ത് കാണാം. അതേസമയം ആ മുറിക്കുള്ളില്‍ ജീവനു വേണ്ടി പോരാടുന്നവര്‍, അത് അവര്‍ മാത്രമല്ല നാളത്തെ നമ്മള്‍ കൂടിയാണെന്നു ചിന്തിക്കുന്നവര്‍ ഈ പരിസരത്ത് എത്ര പേരുണ്ടാവുമെന്നറിയില്ല. അറിയിപ്പുകള്‍ നമ്മെ തേടിയെത്തുന്നതുവരെ നാം എല്ലാം കണ്ട് നിസ്സംഗരായിരിക്കുകയാവും.
ഏതായാലും ഇനിയുള്ള ദിവസങ്ങളിലെങ്കിലും ഉമ്മയുടെ അടുത്തുണ്ടാവുക എന്നത് ഏതൊരു മക്കള്‍ക്കും സുപ്രധാനമാണ്. ഇത്തരം മനുഷ്യാവസ്ഥകള്‍ തക്ക സമയത്ത് തിരിച്ചറിയുകയും ബന്ധുമിത്രാദികള്‍ക്ക് അതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്യുക എന്നത് ബന്ധപ്പെട്ട മെഡിക്കല്‍ ടീമിന്റെ ബാധ്യതയാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും നഴ്‌സുമാരുടെ തിരക്കും ശ്രദ്ധക്കുറവും മൂലമോ ഇത്തരം യന്ത്രസംവിധാനങ്ങളില്‍ കഴിയുന്ന രോഗിയുടെ മരണം സംഭവിച്ചുകഴിഞ്ഞ ശേഷം മാത്രം ഗൗരവാവസ്ഥകള്‍ തിരിച്ചറിയുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഇത്തരം സാഹചര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ തമ്മിലുള്ള ആശയവിനിമയം വളരെ സുപ്രധാനമാണെന്നത് നമ്മുടെ ശ്രദ്ധ അര്‍ഹിക്കേണ്ട ചര്‍ച്ചയാണ്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉമ്മയുടെ ശാരീരികാവസ്ഥയെ കുറിച്ച് യഥാസമയം അറിയിപ്പ് കിട്ടിയതുകൊണ്ട് ഉമ്മയുടെ ശിഷ്ടജീവിതം ദീനീപരിസരത്ത് മക്കളുടെ ശുശ്രൂഷയില്‍ ശാന്തിയിലും ആശ്വാസത്തിലും കഴിയണമെന്ന ആശ നിറവേറ്റാന്‍ സമയമായി എന്നാണല്ലോ നാം മനസ്സിലാക്കുക. പ്രാര്‍ഥനകള്‍ ചൊല്ലാനും കുടുംബാംഗങ്ങള്‍ ഒപ്പമിരിക്കാനും സൗകര്യം ചെയ്യുന്നത് മാത്രമല്ല, രോഗിയെ സംബന്ധിച്ച് ശ്വസനം പോലുള്ള ശാരീരിക പ്രക്രിയകള്‍ കഴിയുന്നത്ര അനായാസം നടക്കുക എന്നതും സുപ്രധാനമാണല്ലോ. അതുകൊണ്ടുതന്നെ ബന്ധപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്നത് പ്രയാസകരമായിരിക്കുമെന്ന് ചര്‍ച്ചയില്‍ ഞങ്ങള്‍ മനസ്സിലാക്കി. കാണുന്നവര്‍ക്ക് ചില പന്തികേടും അഭിപ്രായങ്ങളുമൊക്കെ തോന്നുമെങ്കിലും അന്ത്യനിമിഷങ്ങളിലും പരമാവധി വേദനയും ബുദ്ധിമുട്ടുകളും ഒഴിവാക്കുക എന്നതും മക്കളും ബന്ധുക്കളും ശ്രദ്ധിക്കേണ്ടതു തന്നെയല്ലേ? ഡോക്ടറും ഇക്കാര്യം ശരിവെക്കുകയാണ് ചെയ്തത്.
അങ്ങനെ ഞങ്ങളുടെ അപേക്ഷ പരിഗണിച്ച്, തുടക്കത്തില്‍ ടെര്‍മിനല്‍ ഐ സി യുവില്‍ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് സൗകര്യം ചെയ്തുതന്നു. (ടെര്‍മിനല്‍ ഐ സി യു സൗകര്യം ആശുപത്രികള്‍ ഇപ്പോള്‍ അവസാനിപ്പിക്കുന്നതായി ആ ഡോക്ടറില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു). പിന്നീട് കുടുംബാംഗങ്ങളുടെ സ്വാതന്ത്ര്യവും സൗകര്യവും പരിഗണിച്ച് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളോടെ റൂമിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ ആശജഅജ എന്ന ശ്വസനസഹായി (ചീി ശി്മശെ്‌ല ്‌ലിശേഹമീേൃ) ഉമ്മക്ക് ഈ അവസ്ഥയില്‍ വലിയ ആശ്വാസമായിരിക്കും എന്നറിഞ്ഞതുകൊണ്ട് റൂമിലും ആ സൗകര്യം തുടരാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം ഓക്‌സിജന്‍ ലെവല്‍ നിരീക്ഷിക്കാനായി മോണിറ്റര്‍ സ്ഥാപിക്കുകയും ചെയ്തു. കൃത്രിമ ശ്വസനസഹായി ഘടിപ്പിക്കുമ്പോള്‍ ജീവന്റെ സ്പന്ദനം അവശേഷിക്കുന്നുണ്ടാ എന്ന് നിരീക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. അത് നിരീക്ഷിക്കാത്തപക്ഷം യന്ത്രശ്വസനികളില്‍ കഴിയുന്ന ബന്ധുജനങ്ങളുടെ മരണാസന്ന സാഹചര്യത്തെ നേരത്തേ തിരിച്ചറിയുക സാധാരണ ഒരാള്‍ക്ക് പ്രയാസകരമായിരിക്കുമെന്ന അറിവ് ഞങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു എന്നത് പിന്നീട് ബോധ്യപ്പെടുകയുണ്ടായി.
അന്ത്യനിമിഷങ്ങളില്‍ ഉമ്മയോടൊപ്പം കൂട്ടിരുന്ന് ആവശ്യമായ ശുശ്രൂഷാകര്‍മങ്ങളും മതപരമായ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ കഴിയുക എന്നത് മക്കളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആശ്വാസമാണ്. മാത്രമല്ല, ഏതൊരു ഉമ്മയും ആഗഹിക്കുന്നതും അതായിരിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രാര്‍ഥനകളുടെയും കലിമത്തുശ്ശഹാദയുടെയും സാന്നിധ്യത്തില്‍ പൊടുന്നനേ ഒരു ഉറക്കത്തിലേക്ക് എന്നപോലെ ഉമ്മ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി. നമ്മളെല്ലാം അല്ലാഹുവില്‍ നിന്നാണ്. അവങ്കലേക്ക് തന്നെയാണ് നമ്മുടെ മടക്കം. നിരന്തര സാന്നിധ്യത്തിന്റെയും പ്രാര്‍ഥനയുടെയും ഫലമെന്നോണം വളരെ ആയാസരഹിതമായ ഒരു യാത്രയായിട്ടാണ് ഞങ്ങള്‍ക്കതിനെ കാണാന്‍ കഴിഞ്ഞത്.
ഉമ്മയുടെ രോഗവും മരണവുമെല്ലാം മക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രത്യേകിച്ചും പേരമക്കള്‍ക്ക് വലിയ പാഠം തന്നെയാണ്. രോഗം കടുത്ത അവസ്ഥയില്‍ ചിലപ്പോഴൊക്കെ ആലോചിച്ചുപോവും, റബ്ബേ, എന്തിനാണീ പരീക്ഷണം! മരത്തില്‍ നിന്ന് ഇലകള്‍ കൊഴിഞ്ഞുപോവും പോലെ രോഗങ്ങള്‍ വഴി പാപങ്ങള്‍ നീങ്ങിപ്പോവും, ചൂളയിലെ ഇരുമ്പില്‍ നിന്ന് മാലിന്യം നീക്കപ്പെടുന്നപോലെ രോഗം പാപത്തെ നീക്കിക്കളയും, ഒരു മുള്ളു തറയ്ക്കുന്നതുപോലും നമ്മുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ സഹായിക്കും എന്നിങ്ങനെയുള്ള പ്രവാചക വചനങ്ങള്‍ ഏറെ ആശ്വാസം നല്‍കുകയാണ്. അവര്‍ക്ക് നല്‍കുന്ന സ്‌നേഹശുശ്രൂഷകള്‍ക്ക് ജിഹാദിന്റെ പ്രതിഫലമാണെന്നും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ശയ്യാവലംബികളായ നമ്മുടെ മാതാപിതാക്കളോട് അവരുടെ പേരമക്കള്‍ കാണിക്കുന്ന സഹാനുഭൂതി ശുശ്രൂഷകള്‍ വളരെ ആശാവഹം തന്നെയാണെന്നും മനസ്സിലാക്കിയ ഒരു സന്ദര്‍ഭമായിരുന്നു ഇത്.
മിക്കവാറും ചെറുപ്പത്തില്‍ തന്നെ നമ്മുടെ കുട്ടികള്‍ രോഗീപരിചരണവും രോഗശാന്തി ശുശ്രൂഷകളും അറപ്പും മടിയുമില്ലാതെ പരിചയിക്കുകയും കണ്ടും കേട്ടും നിര്‍വഹിക്കുകയും ചെയ്യാനുള്ള പരിശീലനവും മനക്കരുത്തും നേടുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. നാളെ നമ്മള്‍ അവരുടെ ശുശ്രൂഷയില്‍ ഇതേ കിടക്കകളില്‍ കാലം കഴിച്ചുകൂട്ടേണ്ടിവരില്ലെന്നാര്‍ക്കറിയാം! സ്വന്തം മക്കളേക്കാള്‍ സ്‌നേഹത്തിലാണ് നമ്മുടെ മാതാക്കള്‍ അവരുടെ പേരക്കുട്ടികളെ സംരക്ഷിച്ചുവരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് അവര്‍ തിരിച്ചുകൊടുക്കുന്നത് കാണുമ്പോള്‍ ഹൃദയം നിറയും എന്നതാണെന്റെ അനുഭവം. അങ്ങനെ ചിന്തിക്കുമ്പോള്‍ രോഗവും കിടപ്പുമെല്ലാം നമ്മുടെ ജീവിതത്തിലും പ്രതിഫല നാളിലും നമുക്ക് അനുഗ്രഹമായി വര്‍ത്തിച്ചേക്കും.
രോഗവും മരണവുമെല്ലാം അനിവാര്യമാണെന്നു നാം വിശ്വസിക്കുമ്പോള്‍ പോലും അത് ഉമ്മമാരുടേതാവുമ്പോള്‍ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എളുപ്പം കഴിയില്ല. ഉമ്മ ഭാഗികമായി ശയ്യാവലംബിയാവുകയും ഓര്‍മകള്‍ മങ്ങിത്തുടങ്ങുകയും ചെയ്യുമ്പോള്‍ ഞാന്‍ മനസ്സിലാക്കി, കരുത്തോടെ ഉമ്മയുടെയും ഉപ്പയുടെയും റോളുകള്‍ ഒരുമിച്ച് നിര്‍വഹിച്ച, മിക്കവാറും ഒറ്റയ്ക്ക് കുടുംബം പുലര്‍ത്തിയ ഉമ്മയുടെ ജീവിതദൗത്യം പൂര്‍ത്തിയാവുകയാണെന്ന്. ഉമ്മ ഏറെ സ്‌നേഹിച്ച മക്കളും മരുമക്കളും പേരമക്കളും മാത്രമായി ഉമ്മയുടെ ഓര്‍മയുടെ ലോകം ചുരുങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ഏത് ഇരുമ്പിന്റെ കരുത്തും ചോര്‍ന്നുപോവുന്ന മനുഷ്യാവസ്ഥകളെ നമ്മള്‍ അനുഭവിച്ചറിയുന്നത്. അവസാനം ‘മോനേ’, ‘മോളേ’ വിളികള്‍ മാത്രം ബാക്കിയാവുകയും ദൈവനിശ്ചിതമായ ഒരു സമയത്ത് അതും നിലക്കുകയും ചെയ്യുകയായി. ഉമ്മയെപ്പോലെ നമുക്കായി മാത്രം ജീവിച്ചുതീര്‍ത്ത ഉത്തമരായ നമ്മുടെ മാതാക്കള്‍ പലരും ഇന്നില്ല. അങ്ങനെ ഒരു ലോകവും ഒരു ജീവിതവും ഉണ്ടാവുമെന്ന് നമ്മിലാരും നിനച്ചതല്ല. സ്‌നേഹത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സഹനത്തിന്റെയും മനുഷ്യായുസ്സായിരുന്നു നമ്മുടെ ഉമ്മമാരുടെ ജീവിതമെന്ന് നാം തിരിച്ചറിയുക.
പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം, ആദര്‍ശത്തെ എങ്ങനെ സംരക്ഷിക്കാം, കുടുംബബന്ധങ്ങള്‍ എങ്ങനെ നിലനിര്‍ത്താം, ജീവിതത്തിലെ എളിമയും ലാളിത്യവും, കൃഷിയും ജീവിതവിഭവങ്ങളും എന്നിങ്ങനെ എല്ലാം പഠിപ്പിച്ചാണ് ഉമ്മ പോയത്. പ്രത്യേകിച്ച് പഴയ തലമുറയിലെ ഉമ്മമാര്‍. സദഖകളും ആരാധനകളും വായനയും പാരായണവുമായി ധന്യമായിരുന്നു ഉമ്മയുടെ ജീവിതം. മാതാവ് എന്ന വിളക്കുമാടം അണഞ്ഞുപോവുമ്പോഴാണ് ഒരര്‍ഥത്തില്‍ നാം അനാഥരാവുന്നത് എന്ന് തോന്നുകയാണ്. മിഡില്‍ ഏജ് എന്ന കവിതയില്‍ കമലാ സുരയ്യ സൂചിപ്പിക്കുന്നതുപോലെ ആ മോനേ, മോളേ വിളികള്‍ക്കൊക്കെ നാം ഉത്തരം നല്‍കിയിരുന്നോ? ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ നാം മുഖം തിരിച്ചുകളഞ്ഞിരുന്നോ? നല്ല വാക്കുകളത്രയും ഞാന്‍ ധിക്കരിച്ചിരുന്നോ? അങ്ങനെ കാലത്തിന്റെ തിരിച്ചറിവുകള്‍ ഏറ്റുവാങ്ങുമ്പോഴേക്കും അവരുടെ കാലം കൊഴിഞ്ഞുപോവുന്നത് നാം അറിയുന്നില്ല.

3 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x