7 Thursday
December 2023
2023 December 7
1445 Joumada I 24

നക്ഷത്രങ്ങളുടെ ഭാഷ

യൂസുഫ് നടുവണ്ണൂര്‍


ഒരു യാത്രക്കിടയിലാണ്
നീയത് പറഞ്ഞത്
നീയപ്പോള്‍ തണുത്ത നീര്‍ച്ചാലില്‍ കാലിട്ട്
ആകാശച്ചോപ്പിനിടയിലൂടെ
തെളിഞ്ഞു വരുന്ന
നക്ഷത്രങ്ങളെ നോക്കുകയായിരുന്നു.
ഞാന്‍ നില്‍ക്കുന്ന മണലിനപ്പോഴും
പൊളളല്‍ മാറിയിരുന്നില്ല!
പല രാത്രികള്‍ താണ്ടിയിട്ടും
എന്റെ പകല്‍ തെളിയാത്തതിന്റെ
ആധിയിലായിരുന്നു ഞാന്‍!

സംസാരിച്ചത് മുഴുവന്‍ നീയായിരുന്നു
ഞാന്‍ പതിവുപോലെ കേള്‍വിക്കാരനും.
മടിച്ചുമടിച്ചാണ് നിന്റെ
ചാരത്തു ഞാനിരുന്നത്!
നിന്റെ സംസാരം
കേള്‍ക്കാന്‍ ഇമ്പമുണ്ടായിരുന്നു
നീ കാലിട്ടിളക്കുന്ന വെള്ളം പോലെ
തണുപ്പുണ്ടായിരുന്നു!
ചെറുതായിഓളം തുള്ളുന്ന
നീരൊഴുക്കിനെ
അത് അനുസ്മരിപ്പിച്ചു
അപ്പോഴും
എന്നെ കേള്‍ക്കാന്‍ നീയൊട്ടും
ഉത്സാഹം കാണിച്ചിരുന്നില്ല
പറഞ്ഞു കൊണ്ടിരിക്കുന്നതില്‍
നീയെന്തോ ആനന്ദം കണ്ടെത്തുന്ന പോലെ!
ചില ഈണങ്ങള്‍ നിര്‍ത്തലുകള്‍
സംസാരത്തിന്റെ ഒഴുക്കിനെ
ഒന്നുകൂടി ചേതോഹരമാക്കി
ഒരിക്കലും
വാക്കുകള്‍ക്കിടയിലൊരു ഒഴിഞ്ഞു സ്ഥലം
നീ സൂക്ഷിക്കാതിരിക്കുന്നത്
എന്നെ അത്ഭുതപ്പെടുത്തി
നിറഞ്ഞിരിക്കുന്നതില്‍ ഒന്നും പകരാനാവില്ലല്ലോ!

രാത്രിയുടെ ചിറകിനെക്കുറിച്ചും
നിലാവിന്റെ മേനിയഴകിനെക്കുറിച്ചും
പുലരിയുടെ മഞ്ഞുപൂക്കളെക്കുറിച്ചും
നീ പറഞ്ഞു കൊണ്ടേയിരുന്നു
നീ പറയുന്നതൊന്നും എന്നെക്കുറിച്ചല്ലല്ലോ
എന്നോര്‍ത്ത് ഞാന്‍ വേദനിച്ചു
പലതും എനിക്ക് മനസ്സിലാവുന്നുമുണ്ടായിരുന്നില്ല.
മനസ്സിലാവായ്മ
ആരാധനയുടെ തുടക്കമാണെന്നും
നിലനില്‍പ്പാണെന്നും
ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു!
നീയതിന് ശ്രമിക്കുന്നുണ്ടോ
എന്നു ഞാന്‍ സൂക്ഷിച്ചു
എന്റെ കാഴ്ചകളില്‍ മുറിവുകളും
കേള്‍വികളില്‍ ഞരക്കങ്ങളും
അടയിരുന്ന് വിരിയുന്നത്
നീ ശ്രദ്ധിച്ചതുമില്ല!

പിന്നീടെപ്പൊഴോ നീ
ഇരുട്ടിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി
അന്നുതൊട്ടാണ്
ഇരുട്ടില്‍ നക്ഷത്രങ്ങള്‍
പുഞ്ചിരിക്കാന്‍ തുടങ്ങിയത്!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x