10 Monday
March 2025
2025 March 10
1446 Ramadân 10

ഭാഷയും സംസ്‌കാരവും നന്നാക്കുക

യൂസുഫ് കൊടിഞ്ഞി


ഭാഷ എന്നത് ഒരു ജൈവ അസ്തിത്വമാണ്. ജൈവലോകത്തെ എല്ലാ ജീവികള്‍ക്കും അവരുടേതായ ആശയവിനിമയ മാര്‍ഗങ്ങളുണ്ട്. ജീവികള്‍ ജനിക്കുന്നു, മരിക്കുന്നു, അതുപോലെ അവയുടെ ആശയവിനിമയവും. എന്നാല്‍ ജൈവലോകത്ത് മനുഷ്യര്‍ ജീവിച്ചു മരിക്കുമ്പോള്‍ അവന്‍ സ്വീകരിച്ചുപോന്നിരുന്ന ആശയങ്ങളും ആശയവിനിമയ മാര്‍ഗങ്ങളും മരിക്കുന്നില്ല. അവ കൈമാറ്റം ചെയ്യപ്പെടുകയും വളരുകയും സാംസ്‌കാരികമായി ആര്‍ജിച്ച സാഹചര്യങ്ങളില്‍ രൂപമാറ്റങ്ങള്‍ സംഭവിക്കുകയുമാണ് ചെയ്യുന്നത്.
മനുഷ്യന്റെ ചെറുപ്പകാലത്തെ ഭാഷയാകില്ല അവന്‍ വളര്‍ന്നു വലുതാകുമ്പോള്‍. പ്രായവ്യത്യാസങ്ങളില്‍ ആ വ്യക്തിയുടെ ശാരീരികാവസ്ഥ ഏതു വിധം വ്യത്യാസപ്പെടുന്നുവോ അതുപോലെ തന്നെ ഭാഷയിലും വ്യത്യാസങ്ങള്‍ കാണാവുന്നതാണ്.
ജീവിതത്തില്‍ ആര്‍ജിച്ച അറിവുകളില്‍ ഒരാളുടെ വളര്‍ച്ചയുടെ കൂടെ ഭാഷയും സംസ്‌കാരവും വളര്‍ന്നുകൊണ്ടിരിക്കുന്നു. ആ വളര്‍ച്ചയില്‍ ഭാഷയുടെ പരിമിതികളെ മറികടന്ന് പുതിയ ഭാഷകള്‍ ഉടലെടുക്കുന്നു. പുതിയ ഭാഷകള്‍ ആശയ കൈമാറ്റങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിനാല്‍ അവ സമൂഹത്തില്‍ ശക്തിയാര്‍ജിക്കുകയും പഴയ ഭാഷയെ കൈയൊഴിയുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യര്‍ ഉപേക്ഷിച്ച അനേകം നിര്‍ജീവ ഭാഷകളുണ്ട്.
ഒരു നിര്‍ജീവ ഭാഷയ്ക്ക് മാറ്റമൊന്നും ഉണ്ടാകില്ല. അത് പണ്ട് എഴുതപ്പെട്ടതുപോലെ നിലനില്‍ക്കുന്നു. എന്നാല്‍ ജീവനുള്ള ഭാഷ എപ്പോഴും മാറിക്കൊണ്ടിരിക്കും. മനുഷ്യ സഞ്ചാരങ്ങളും ഇടപെടലുകളും വഴി ഭാഷകള്‍ കൈമാറ്റം ചെയ്യപ്പെടുകയും വളരുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തിന് അതിന്റെ ഘട്ടങ്ങളുണ്ട്. ശൈശവം, ബാല്യം, യൗവനം, വാര്‍ധക്യം എന്നിവ. അതുപോലെ ഒരു ഭാഷയ്ക്കും അതിന്റെ കാലഘട്ടങ്ങളുണ്ട്. പിറവിയോടെ മാതാവിനോട് പ്രതികരിച്ചു തുടങ്ങുമ്പോള്‍ തന്നെ മനുഷ്യന്റെ മാതൃഭാഷയും വളര്‍ന്നുതുടങ്ങുന്നു. മനുഷ്യര്‍ സംസാരിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന ശബ്ദം ഒന്നുതന്നെയാണ്. ഭൂപ്രകൃതിയും ചുറ്റുപാടുകളും സൃഷ്ടിച്ച വ്യത്യാസത്തിലൂടെയാകാം നാനാ ഭാഷകള്‍ രൂപപ്പെട്ടത്. അത് ദൈവികാനുഗ്രഹമായി മനുഷ്യര്‍ക്ക് ലഭ്യമാക്കപ്പെട്ടതാണ്.
ആശയ കൈമാറ്റത്തിന് മനുഷ്യ ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ് ഭാഷ. പല തരം ഭാഷകള്‍ സംസാരിക്കാന്‍ മനുഷ്യനു സാധ്യമാകുന്നു. മനുഷ്യന്റെ സംസ്‌കാരവും ജീവിത നിലവാരവും ഭാഷയിലൂടെ പ്രകടമാകുന്നു. ”ആകാശഭൂമികളുടെ സൃഷ്ടിപ്പും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (സൂറ അര്‍റൂം, പേജ് 22).
മനുഷ്യര്‍ പങ്കിടുന്ന സാമാന്യബോധത്തിലൂടെയാണ് ഭാഷയ്ക്ക് അര്‍ഥമുണ്ടാകുന്നതും പൊതുബോധം പ്രവര്‍ത്തനക്ഷമമാകുന്നതും. അതുകൊണ്ടാണ് അധിനിവേശവും മേല്‍ക്കോയ്മയും ചില ഭാഷാപ്രയോഗങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ‘ജാത്യാലുള്ളത് തൂത്താല്‍ പോകുമോ’ തുടങ്ങിയ അനേകം വാചകരൂപങ്ങള്‍ ഒരു കാലത്തിന്റെ സാംസ്‌കാരിക അധിനിവേശമാണ്. മനുഷ്യന്റെ സാംസ്‌കാരിക അധിവേശവും ജീവിത നിലവാരവുമാണ് ഭാഷകളിലൂടെ പ്രകടമാകുന്നത്.
ഭാഷയില്‍ ലിംഗങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള പ്രയോഗങ്ങളുണ്ടെങ്കിലും ‘ആണത്തം’ എന്നു നിര്‍വചിക്കുന്ന സവിശേഷത വൈകാരിക തീവ്രതയും നെഗറ്റീവ് വയലന്‍സുമാണ്. മനുഷ്യരെ സ്വാധീനിക്കുന്ന സെലിബ്രിറ്റികള്‍ വൈകാരിക ഘടകങ്ങളെ പുറത്തു പ്രകടിപ്പിക്കാന്‍ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നു. നാഡീവ്യവസ്ഥയില്‍ കോഗ്‌നിറ്റീവ് കണ്‍ട്രോള്‍ പ്രക്രിയകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന മനുഷ്യനെ ഒരു ന്യൂറോബയോളജിയില്‍ വായിക്കപ്പെടുമ്പോള്‍ അവന്റെ വൈകാരികത പ്രകടിപ്പിക്കാനാണത്. എന്നാല്‍ അത് സാംസ്‌കാരിക സംസ്‌കരണ മേഖലകളുടെ ഒരു ഉല്‍പന്നം കൂടിയാണ്. അതുകൊണ്ടുതന്നെ വൈകാരിക പ്രകടനങ്ങള്‍ക്കപ്പുറം മോശം വാക്കുകളില്‍ ആസ്വാദനം കണ്ടെത്തുന്നവരുണ്ട്.
വാക്കുകള്‍ക്ക് പല മാനങ്ങളുണ്ട്, മോശം വാക്കുകള്‍ അപമാനങ്ങളാണ്. ജൈവശരീരത്തെ പോലെ മറച്ചുപിടിക്കേണ്ടവയാണത്. അത് പ്രകടമാക്കുക എന്നത് മനോവൈകല്യമായേ പരിഗണിക്കപ്പെടേണ്ടതുള്ളൂ. എന്നാല്‍ അത്തരം വാക്കുകള്‍ കുട്ടികള്‍ക്കിടയില്‍ കലാപരമായി അവതരിപ്പിക്കുകയും സാമാന്യവത്കരിക്കുകയും ചെയ്യുന്നതില്‍ മീഡിയകള്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. വളരുന്ന കുട്ടികളാകുമ്പോള്‍ അവരുടെ ഭാഷാപദാവലി വികസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അത്തരം വാക്കുകളില്‍ ആകൃഷ്ടരാകുന്നു. കഴിയുന്നത്ര വാക്കുകള്‍ വലിച്ചെടുക്കുന്നു. ധാര്‍മിക ചിന്തകള്‍ വഴിമാറുകയും പകരം എക്‌സ്പ്ലിറ്റീവ് ഹീറോകളെപ്പോലെ വഴിതെറ്റുന്ന, സാംസ്‌കാരിക അപചയം സംഭവിച്ച ഒരു സമൂഹസൃഷ്ടിപ്പാണ് അറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ശരിയും തെറ്റും സംബന്ധിച്ച കുട്ടികളുടെ വളരുന്ന ഗ്രാഹ്യത്തെയും, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ ക്ഷേമത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള അവരുടെ കഴിവിനെയും, മറ്റുള്ളവരോടുള്ള ബഹുമാനം, കരുതല്‍ തുടങ്ങിയ മൂല്യങ്ങളുടെ പ്രകടനത്തെയും അധ്യാപകരും മറ്റ് മുതിര്‍ന്നവരും പിന്തുണയ്ക്കുന്ന പ്രക്രിയയാണ് ധാര്‍മിക വിദ്യാഭ്യാസം. ഉത്തരവാദിത്തം, നീതിബോധം, മനുഷ്യക്ഷേമം, മനുഷ്യാവകാശം എന്നീ ആശയങ്ങളെ കേന്ദ്രീകരിച്ച് ധാര്‍മികത വളര്‍ത്തുന്നതിനുള്ള ഉപയോഗപ്രദമായ ഉപകരണമാണ് മത പാഠ്യപദ്ധതികളും മതസംഘടനകള്‍ അവതരിപ്പിക്കുന്ന ബാലസാഹിത്യങ്ങളും രചനകളുമെല്ലാം. ധാര്‍മിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള സജീവമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും കുട്ടികളുടെ ധാര്‍മിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് അവയില്‍ ഉണ്ടാവുക. അനുഭവങ്ങള്‍, ധാര്‍മിക സംഘര്‍ഷങ്ങളുടെ വിവിധ പതിപ്പുകള്‍ നിരീക്ഷിക്കാനും ഏറ്റെടുക്കാനും പഠിക്കുന്നു. കാഴ്ചപ്പാടുകള്‍ കഥാപാത്രങ്ങളുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിലൂടെ അവര്‍ക്ക് ധാര്‍മികവും അധാര്‍മികവുമായ ദ്വന്ദ്വങ്ങള്‍ തിരിച്ചറിയാനും കഴിയും.
എന്നാല്‍ ഇന്ന് ആധുനിക വിദ്യാഭ്യാസ പ്രക്രിയയില്‍ മുന്‍ഗണനയില്‍ ധാര്‍മിക പഠനങ്ങള്‍ ശരിയാംവിധം നടപ്പാകാതെയാവുകയും ധര്‍മബോധം വളര്‍ത്തുന്ന സാഹിത്യങ്ങള്‍ക്ക് പകരമായി ഇന്ന് കുട്ടികള്‍ക്കു മുന്നിലേക്ക് എത്തിച്ചേരുന്നത് കുത്തഴിഞ്ഞ ദുര്‍ഗന്ധം പേറുന്ന സോഷ്യല്‍ മീഡിയാ ഇടങ്ങളുമായാല്‍ അവയിലൂടെ വിളമ്പുന്നതാവും മക്കളുടെ തലച്ചോറ് നിറക്കുക. അതാണ് അവരുടെ ജീവിതത്തില്‍ പ്രതിഫലിക്കുക. നാണവും മാനവും സൂക്ഷിക്കേണ്ടവനാണ് വിശ്വാസി എന്ന മിനിമം സാംസ്‌കാരിക ബോധ്യമെങ്കിലും കുട്ടികളില്‍ സൃഷ്ടിക്കേണ്ടതുണ്ട്. സംസ്‌കാര രൂപീകരണത്തിന് വേണ്ട ഊര്‍ജം വലിച്ചെടുക്കാന്‍ സഹായിക്കുന്ന അടിവേരാണ് ഭാഷ. അത് നല്ലതാകട്ടെ.
ദൈവ സ്മരണ നിലനിര്‍ത്തിക്കൊണ്ട് പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനും സദാചാരം കൊണ്ടു കല്‍പിക്കുകയും ദുരാചാരത്തെക്കുറിച്ചു വിരോധിക്കാനും (ഖുര്‍ആന്‍ 31:17) മക്കളെ ഉപദേശിക്കേണ്ടത് വിശ്വാസികളുടെകടമയാണ്.

Back to Top