സര്‍വ കക്ഷി സംഘം ലക്ഷദ്വീപ് സന്ദര്‍ശിക്കണം – സി പി ഉമര്‍ സുല്ലമി
കോഴിക്കോട്: സംഘ്പരിവാര്‍ ഭരണകൂട ഭീകരതയില്‍ ഞെരിഞ്ഞമരുന്ന ലക്ഷദ്വീപ് നിവാസികളുടെ ദുരിതം നേരിട്ടറിയാനും പ്രശ്‌ന പരിഹാരത്തിനുമായി സര്‍വകക്ഷി പ്രതിനിധി സംഘം ദ്വീപ് സന്ദര്‍ശിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വങ്ങളോടഭ്യര്‍ഥിച്ചു. നിഷ്‌കളങ്കരായ ദ്വീപ് ജനതയെ സംഘ്പരിവാറിന്റെ വംശീയ അജണ്ടക്ക് വിട്ടുകൊടുത്തുകൂടാ. സാംസ്‌കാരികവും സാമൂഹ്യവുമായി കേരളവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ദ്വീപ് നിവാസികളുടെ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ഫാസിസ്റ്റ് കുടിലതന്ത്രങ്ങളെ സര്‍വ ശക്തിയുമുപയോഗിച്ച് ചെറുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നില്‍ നില്‍ക്കണം. കോവിഡ് മഹാമാരി രാജ്യത്ത് ദുരിതം വിതച്ച് ജനജീവിതം ദുസ്സഹമാകുമ്പോഴും പരിഹാരമൊന്നും ചെയ്യാതെ വിദ്വേഷ രാഷ്ട്രീയവുമായി നീങ്ങുന്ന മോദീ സര്‍ക്കാറിനെ താഴെയിറക്കാന്‍ ജനകീയ മുന്നേറ്റത്തിന് മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണമെന്നും സി പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ പറഞ്ഞു.