ലക്ഷദ്വീപില്‍ സംഭവിക്കുന്നത്
അബ്ദുല്‍ഹസീബ് മണ്ണാര്‍ക്കാട്
ഒരു സമൂഹത്തെ എങ്ങെനെയൊക്കെ ഉപദ്രവിക്കാന്‍ സാധിക്കുമോ അങ്ങനെയൊക്കെ ഉപദ്രവിക്കുകയാണ് ലക്ഷദ്വീപ് നിവാസികളെ അവിടുത്തെ ഭരണകൂടം. സ്വന്തം ഭൂമിയില്‍ വാടകക്കാരാക്കുന്നതിനു പുറമെ നിരന്തരം വിചിത്രമായ ഉത്തരവുകളുടെ കുത്തൊഴുക്കാണ് അവിടെ നിന്നുയരുന്നത്. കടലാസിലുറങ്ങിയിരുന്ന ജുനവിരുദ്ധ നിയമങ്ങള്‍ പൊടി തട്ടിയെടുത്ത് വലിയ പിഴയോടെ ജനങ്ങളുടെ കഴുത്തില്‍ കുരുക്കിടുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. തേങ്ങയും ഓലയും മടലും ചിരട്ടയുമെല്ലാം വീട്ടു പരിസരത്തോ പൊതുയിടങ്ങളിലോ കണ്ടു കഴിഞ്ഞാല്‍ പിഴയും ശിക്ഷയും വീഴും പുതിയ നിയമപ്രകാരം. കടലാസിലുറങ്ങുകയായിരുന്ന പഴയ നിയമങ്ങളെ ഇപ്പോള്‍ പൊടിതട്ടിയെടുത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ആ സമൂഹത്തോടുള്ള വിരോധം മൂലമാണെന്ന് വ്യക്തമാണ്. അവരുടെ ജീവിതോപാധിയായ മത്സ്യബന്ധനത്തെയും പ്രതിസന്ധിയിലാക്കാവുന്ന തരത്തില്‍ മറ്റൊരു ഉത്തരവു കൂടിയിറങ്ങിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നതാണ് പുതിയ ഉത്തരവ്. നോക്കൂ എത്ര മേല്‍ അപഹാസ്യമായ നടപടികളാണിവ! മണ്ണിനും സൈ്വരജീവിതത്തിനുമായി പോരാടുന്ന ഇവര്‍ക്ക് മനസുകൊണ്ടെങ്കിലും പിന്തുണ നല്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്