28 Thursday
March 2024
2024 March 28
1445 Ramadân 18

ലക്ഷദ്വീപ് ജനതയെ സാംസ്‌കാരികമായി കുടിയൊഴിക്കുകയാണ്‌

എ പി അന്‍ഷിദ്‌


ഒരു നാടിന്റ സ്വസ്ഥത എങ്ങനെ തകര്‍ക്കാം എന്നതില്‍ ഗവേഷണം നടത്തുക മാത്രമാണോ സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ ജോലിയെന്ന സംശയം സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒന്നാണ് ലക്ഷദ്വീപില്‍ നിന്ന് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. തീര്‍ത്തും സ്വച്ഛന്ദവും സ്വസ്ഥവുമായ ജീവിതം നയിച്ചുകൊണ്ടിരുന്ന ഒരു ജനതയെ കാറ്റും കോളും നിറഞ്ഞ നടുക്കടലിലേക്ക് വലിച്ചെറിഞ്ഞതു പോലുള്ള അനുഭവം. ഒരു ജനതയുടെ ജീവിതത്തേയും സംസ്‌കാരത്തേയും പാരമ്പര്യത്തേയും ശീലങ്ങളേയുമെല്ലാം കീഴ്‌മേല്‍ മറിച്ചുകൊണ്ട് ഒന്നിനു പിന്നാലെ ഒന്നായി അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭരണ പരിഷ്‌കാരങ്ങള്‍. പ്രഫുല്‍ കോഡ പട്ടേല്‍ എന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പ്രതിഷേധം കത്തിപ്പടരുകയാണിപ്പോള്‍ ദ്വീപിലും പുറത്തും. കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ദ്വീപ് ജനതക്ക് അനുകൂലമായും അഡ്മിനിസ്‌ട്രേഷന് എതിരായും കക്ഷി ഭേദമെന്യേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന മുറവിളി എങ്ങും ഉയരുന്നു. എന്നാല്‍ പ്രഫുല്‍ കോഡ പട്ടേല്‍ യഥാര്‍ഥത്തില്‍ ഒരു പ്രതിരൂപം മാത്രമാണ്. അധികാര സ്ഥാനത്ത് നിയോഗിക്കപ്പെടുന്ന ഒരാളുടെ വ്യക്തിതാല്‍പര്യങ്ങളല്ല ലക്ഷദ്വീപില്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മറിച്ച് കൃത്യമായ അജണ്ടയുള്ള ഒരു ഫാസിസ്റ്റ് അധിനിവേശമാണ്. കാര്യങ്ങളുടെ തൊലിപ്പുറം പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും.
നാലുഭാഗം സമുദ്രത്താല്‍ ചുറ്റപ്പെട്ട ഒരു ജനതയുടെ ജീവിതം, സംസ്‌കാരം, ഭക്ഷണരീതി, വസ്ത്രധാരണ രീതി, ശീലങ്ങള്‍, കീഴ്‌വഴക്കങ്ങള്‍ എന്നിവയെല്ലാം മെയിന്‍ലാന്റില്‍ നിന്ന് ഭിന്നമാവുക സ്വാഭാവികമാണ്. ദ്വീപ് സമൂഹങ്ങള്‍ മാത്രമല്ല, ആദിവാസികള്‍, ഗോത്രവര്‍ഗങ്ങള്‍, ഗിരിവര്‍ഗ സമൂഹങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഭിന്നവും തനതുമായ ജീവിതസംസ്‌കാരങ്ങള്‍ പിന്തുടരുന്നവരാണ്. ഇന്ത്യയില്‍ തന്നെ, കേരളത്തില്‍ പോലും അതിന് എത്രയോ ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. ആ സംസ്‌കാരങ്ങളെ നിഷേധിക്കുന്ന തരത്തില്‍ പുറത്തുനിന്ന് കടന്നുകയറ്റം ഉണ്ടാവുക എന്നാല്‍ അത് അധിനിവേശം തന്നെയാണ്. ലക്ഷദ്വീപില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. ഇന്ത്യന്‍ യൂണിയന്റെ ഭാഗം എന്ന നിലയില്‍ ഭൂമിശാസ്ത്രപരമായ അധിനിവേശം ഇല്ലായിരിക്കാം. എന്നാല്‍ സാംസ്‌കാരികമായ അധിനിവേശത്തെ ഒരു നിലയിലും നിഷേധിക്കാന്‍ കഴിയില്ല.

പിറന്ന മണ്ണില്‍ ഒരു ജനതയെ അന്യവല്‍ക്കരിക്കാനുള്ള എളുപ്പമാര്‍ഗമാണ് ഇത്തരത്തിലുള്ള സാംസ്‌കാരികമായ അധിനിവേശം. സ്വന്തം അസ്ഥിത്വം ചോദ്യംചെയ്യപ്പെട്ടു തുടങ്ങുന്നതോടെ ആരുടേയും ഉള്ളില്‍ അന്യതാബോധം സ്വാഭാവികമായി ഉയര്‍ന്നുവരും. ആന്തരികവും ബാഹ്യവുമായ, അല്ലെങ്കില്‍ മനസ്സിനേയും ശരീരത്തേയും ഒരുപോലെ പാകപ്പെടുത്തിക്കൊണ്ടുള്ള അതിശക്തമായ ചെറുത്തുനില്‍പ്പിലൂടെ മാത്രമേ ഈ അന്യതാബോധത്തെ മറികടക്കാന്‍ കഴിയൂ. ആ നിലക്ക് സംഘ്പരിവാറിന്റെ സാംസ്‌കാരികാധിനിവേശത്തെ ചെറുത്തുനില്‍ക്കാനുള്ള ഊര്‍ജ്ജം ലക്ഷദ്വീപ് ജനതക്ക് സ്വാംശീകരിക്കേണ്ടതുണ്ട്. ദ്വീപിന് അകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളിലൂടെയും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മതേതര ജാനാധിപത്യ വിശ്വാസികളുടെ ഐക്യദാര്‍ഢ്യവും വഴി അവര്‍ക്കതിന് കഴിയുമെന്ന് തന്നെ പ്രത്യാശിക്കാം.
എന്തുകൊണ്ട് ലക്ഷദ്വീപ് പോലുള്ള ഒരു പ്രദേശം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുള്ള ഇടമായി തെരഞ്ഞെടുത്തു എന്ന ചോദ്യം ആദ്യം പരിശോധിക്കാം. രാഷ്ട്രീയവും വര്‍ഗീയവും വാണിജ്യപരവുമായ താല്‍പര്യങ്ങള്‍ ഈ തീരുമാനത്തെ ഒരേ സമയം നയിക്കുന്നുണ്ട് എന്നതാണ് സത്യം. മതം, ഭാഷ, സംസ്‌കാരം, ജീവിതരീതി, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവയെല്ലാം അതിന് കാരണങ്ങളാണ്.
32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള 36 ദ്വീപസമൂഹങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ലക്ഷദ്വീപ്. കവരത്തിയാണ് ഈ കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനം. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് ആകെ ജനസംഖ്യ 64,479. ഇന്ത്യയില്‍ ആകെയുള്ള 640 ജില്ലകളില്‍ ജനസംഖ്യാ ക്രമത്തില്‍ 627ാം സ്ഥാനത്താണ് ലക്ഷദ്വീപിന്റെ സ്ഥാനം. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 2103. തദ്ദേശവാസികളില്‍ 99 ശതമാനവും മുസ്‌ലിംകള്‍. ആഴത്തിലുള്ള മതവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന ജനത. അമിനി, കല്‍പേനി, ആന്ദ്രോത്ത്, കവരത്തി, അഗത്തി ദ്വീപുകളില്‍ ചേര സാമ്രാജ്യത്തിന്റെ കാലം തൊട്ടേ ജനവാസമുണ്ടായിരുന്നതായാണ് ചരിത്ര രേഖകള്‍ പറയുന്നത്. പില്‍ക്കാലത്ത് പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ദ്വീപിന്റെ നിയന്ത്രണത്തിന് ശ്രമിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നാടുകടത്തപ്പെട്ടവരുടെ പിന്മുറക്കാറും ഇന്ന് ലക്ഷദ്വീപിലുണ്ട്. ഏറ്റവും അടുത്ത കരപ്രദേശം എന്ന നിലയില്‍ കേരളവുമായാണ് ലക്ഷദ്വീപിന് ആത്മബന്ധമുള്ളത്. മലയാളമാണ് മുഖ്യ സംസാര ഭാഷ. തനതു സംസാര ഭാഷകളും മലയാളത്തിന്റെ തന്നെ തനതു വകഭേദങ്ങളും നിലവിലുണ്ട്.
മലബാറിലെ മാപ്പിളമാരോട് സാമ്യപ്പെടുന്നതാണ് ലക്ഷദ്വീപ് ജനതയുടെ ജീവിത രീതികളും വസ്ത്രധാരണ ശൈലികളും. നാളികേര കൃഷിയും കാലിവളര്‍ത്തലും മത്സ്യബന്ധനവും പ്രധാന ജീവിതമാര്‍ഗമാക്കിയ ജനത. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നേരിട്ടുള്ള ഭരണത്തിലാണ് ലക്ഷദ്വീപ്. ഇതിനു കീഴില്‍ ജില്ലാ ഭരണകൂടവും ഓരോ ദ്വീപുകള്‍ക്കും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഇവര്‍ക്കു കീഴില്‍ പ്രാദേശിക ഭരണകൂടങ്ങളുമുണ്ട്. ഡല്‍ഹി അടക്കമുള്ള മറ്റു കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്ക് നല്‍കപ്പെട്ടതിന് തുല്യമായ അധികാരമാണ് ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം കൂടിയായ ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്.

2020-ന്റെ അവസാനം വരേയും കാര്യമായ പ്രശ്‌നങ്ങളില്ലാതെയാണ് ലക്ഷദ്വീപ് ജനത കഴിഞ്ഞുകൂടിയിരുന്നത്. പല ആവശ്യങ്ങള്‍ക്കും കൊച്ചി, ബേപ്പൂര്‍ തുറമുഖങ്ങള്‍ വഴി കേരളം അടക്കമുള്ള മെയിന്‍ ലാന്റുമായി നിരന്തരം ബന്ധപ്പെടുമ്പോള്‍ തന്നെ തനതായ ജീവിത ശൈലിയും സംസ്‌കാരവും കോട്ടമില്ലാതെ നിലനിര്‍ത്തി. ദ്വീപിന് പുറത്തുള്ളവര്‍ക്ക് ടൂറിസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി അവിടേക്ക് പ്രവേശിക്കുന്നതിന് ന്യായമായ ചില നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിപ്പോന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായി കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഒന്നോ രണ്ടോ ദിവസങ്ങള്‍കൊണ്ടല്ല ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നത്. കഴിഞ്ഞ അഞ്ചു മാസമായി നടന്നുകൊണ്ടിരിക്കുന്ന ചെറിയ ചെറിയ പ്രതിഷേധങ്ങളുടേയും അസ്വാരസ്യങ്ങളുടേയും പൊട്ടിത്തെറിയാണിത്. ഇതിനു മുമ്പ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ദിനേശ്വര്‍ ശര്‍മ്മ ഹൃദയസംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് 2020 ഡിസംബറില്‍ മരണപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആ സ്ഥാനത്തേക്ക് പകരക്കാരനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത് ഗുജറാത്തുകാരനായ പ്രഫുല്‍ കോഡ പട്ടേലിനെ ആയിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനു കീഴില്‍ ആഭ്യന്തര മന്ത്രിയായിരുന്നയാളാണ് പ്രഫുല്‍ കോഡ പട്ടേല്‍. സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ അമിത് ഷാ അറസ്റ്റു ചെയ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു പകരക്കാരനായി പ്രഫുല്‍ പട്ടേല്‍ നിയോഗിക്കപ്പെട്ടത്. മോദി – ഷാ അച്ചുതണ്ടിന്റെ വിശ്വസ്തരില്‍ ഒരാള്‍. സംഘ്പരിവാര്‍ അജണ്ടകളും താല്‍പര്യങ്ങളും കൃത്യമായി അറിയുന്ന ഒരാള്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളും സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ അടക്കമുള്ള കേസുകളും അട്ടിമറിക്കപ്പെടുന്നതിന് സമര്‍ഥമായി ചരടുവലി നടത്തിയിട്ടുള്ള ആള്‍. അങ്ങനെ ഒരാള്‍ ലക്ഷദ്വീപ് അ്ഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കപ്പെടുന്നതിലെ ദുരുദ്ദേശ്യം തുടക്കത്തിലെ ചോദ്യശരങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതും ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലെ ആദ്യ രാഷ്ട്രീയ നിയമനം കൂടിയായിരുന്നു പ്രഫുല്‍ പട്ടേലിന്റേത്. ഭരണ നൈപുണ്യമുള്ള ഐ എ എസ് ഉദ്യോഗസ്ഥരാണ് അതുവരേയും ആ പദവിയില്‍ നിയോഗിക്കപ്പെട്ടിരുന്നത്. സിവില്‍ എഞ്ചിനീയറിങില്‍ ബിരുദമുള്ള പട്ടേല്‍ രാഷ്ട്രീയത്തിലിറങ്ങും മുമ്പ് റോഡ് കോണ്‍ട്രാക്ടര്‍ ആയിരുന്നു.
പട്ടേലിന്റെ നിയമനവുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും വെറുതെയായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍. അഡ്മിനിസ്‌ട്രേറ്റര്‍ ആയി ചുമതലയേറ്റെടുത്ത പട്ടേല്‍ ഭരണ പരിഷ്‌കാരമെന്ന പേരില്‍ ദ്വീപ് ജനതക്കുമേല്‍ അടിച്ചേല്‍പ്പിച്ചത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നടപടികളായിരുന്നു. അതും ഒന്നിനു പിന്നാലെ ഒന്നായി. പലതും ദ്വീപ് ജനതയുടെ സംസ്‌കാരത്തേയും സ്വച്ഛമായ ജീവിതത്തേയും വരുമാന മാര്‍ഗങ്ങളേയും തല്ലിക്കെടുത്തുന്ന നടപടികള്‍. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഹൈസ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു തുടക്കം.

സാമ്പത്തിക അച്ചടക്കത്തിനെന്ന പേരില്‍ തുടങ്ങിയ നടപടികള്‍ പിന്നീട് കൂടുതല്‍ പിരിച്ചുവിടലുകളിലേക്ക് കടന്നു. അംഗനവാടി ജീവനക്കാരെ അടക്കം പിരിച്ചുവിട്ടു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നീക്കുകയും ദ്വീപിന് പുറത്തുള്ള ഉദ്യോഗസ്ഥരെ തന്ത്രപ്രധാന പദവികളില്‍ നിയമിക്കുകയും ചെയ്തു. പ്രോസിക്യൂട്ടര്‍മാരെ മറ്റ് സര്‍ക്കാര്‍ ജോലികളില്‍ മാറ്റി നിയമിച്ചു. ഈ നടപടി പിന്നീട് ഹൈക്കോടതി റദ്ദാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കി. മൂന്നില്‍ കൂടുതല്‍ മക്കളുള്ളവര്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴാണ് ഈ വിരോധാഭാസമെന്നതാണ് മറ്റൊരു വസ്തുത. പേരിനുമാത്രം ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട ചെയ്യപ്പെടുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഇതില്‍ തന്നെ പ്രതികളാക്കപ്പെടുന്നവരില്‍ ഭൂരിഭാഗംപേരും ദ്വീപിന് പുറത്തു നിന്നെത്തുന്നവര്‍. എന്നാല്‍ അ്ഡ്മിനിസ്‌ട്രേഷന്റെ തലതിരിഞ്ഞ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയതോടെ ഇതിനെ നേരിടാന്‍ ഗുണ്ടാ നിയമം നടപ്പാക്കി. പ്രതിഷേധവുമായി എത്തിയവരെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നും കൂട്ടം കൂടിയെന്നും ആരോപിച്ച് ജയിലില്‍ അടച്ചു.
മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന വലിയൊരു ജനവിഭാഗത്തെ പ്രതിസന്ധിയിലാക്കി പുതിയ അടുത്ത പരിഷ്‌കാരങ്ങള്‍ പിന്നാലെയെത്തി. തീരദേശ സുരക്ഷയുടെ പേരു പറഞ്ഞ് കടല്‍ തീരത്ത് മത്സ്യബന്ധന ബോട്ടുകളും ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ പൊളിച്ചുനീക്കലായിരുന്നു അടുത്ത ഘട്ടം. അതും കോവിഡ് ലോക്ക്ഡൗണ്‍ കാരണം ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ ഒതുങ്ങിക്കൂടുമ്പോള്‍. തല്ലിത്തകര്‍ക്കുന്നത് ഒരു ജനതയുടെ ജീവിതോപാധികളും സ്വപ്‌നങ്ങളുമാണ് എന്നതിന്റെ ഗൗരവം എന്തുകൊണ്ടാണ് കണക്കിലെടുക്കാതെ പോയത്. ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും കൂടിയാണ് അഡ്മിനിസ്‌ട്രേഷന്റെ ജെ സി ബി ഓപ്പറേഷനില്‍ തകര്‍ന്നത്. പിന്നീട് ബേപ്പൂര്‍ വഴി ലക്ഷദ്വീപിലേക്കുള്ള കാലിക്കടത്ത് നിരോധിച്ചു. പിന്‍വാതില്‍ വഴിയുള്ള ബീഫ് നിരോധനമായിരുന്നു ലക്ഷ്യം. മാംസാഹാരത്തിന്റെ ലഭ്യത ഇല്ലാതാക്കുക എന്ന തന്ത്രം. മറ്റൊന്ന് കാലിവളര്‍ത്തലിന് തുരങ്കം വെക്കുക എന്നതും. ബേപ്പൂര്‍, കൊച്ചി വഴി നടന്നിരുന്ന ചരക്കുനീക്കം ബി.ജെ.പിക്ക് സ്വീധീനമുള്ള മംഗലാപുരം വഴിയാക്കി മാറ്റി. കേരളവുമായുള്ള ലക്ഷദ്വീപിന്റെ പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റാനുള്ള ശ്രമമായിരുന്നു ഇത്.

ദ്വീപ് നിവാസികള്‍ക്ക് അടിയന്തര ചികിത്സ നിഷേധിക്കുന്ന തരത്തില്‍ എയര്‍ ആംബുലന്‍സിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരുന്നു അടുത്ത ഘട്ടം. നേരത്തെ ഓരോ ദ്വീപിലേയും മെഡിക്കല്‍ ഡയരക്ടര്‍മാര്‍ക്ക് എയര്‍ ആംബുലന്‍സ് സേവനത്തിന് അനുമതി നല്‍കാമായിരുന്നു. ഈ അധികാരം എടുത്തു കളയുകയും പകരം അഡ്മിനിസ്‌ട്രേറ്റര്‍ നിയോഗിക്കുന്ന നാലംഗ സമിതിക്ക് ചുമതല നല്‍കുകയും ചെയ്തിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിലാണ് എയര്‍ ആംബുലന്‍സ് സേവനം വേണ്ടത് എന്നിരിക്കെ, വിദഗ്ധ സമിതിയുടെ അനുമതി വാങ്ങുന്നത് ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടികള്‍ വരുത്താവുന്ന കാലതാമസവും ഇത് ഒരാളുടെ ജീവന് എത്രത്തോളം ഭീഷണി സൃഷ്ടിക്കുമെന്നുമെല്ലാം അറിഞ്ഞു കൊണ്ടുതന്നെയാണ് പുതിയ നീക്കമെന്നത് അഡ്മിനിസ്‌ട്രേഷന്റെ ന്യായവാദങ്ങളില്‍ നിന്ന് വ്യക്തമാണ്. ഏറ്റവും ഒടുവിലായി പുറത്തുനിന്നുള്ളവര്‍ക്ക് ലക്ഷദ്വീപിലേക്ക് പ്രവേശനം നിയന്ത്രിക്കാനും ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഒരു ജനതയെ തീര്‍ത്തും ഒറ്റപ്പെടുത്തി വേട്ടയാടുക എന്ന കിരാതമായ യുദ്ധതന്ത്രത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ ദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടിയതിനു പിന്നാലെയാണ് പ്രവേശന വിലക്കിന് നീക്കം തുടങ്ങിയത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടി നിലച്ചാല്‍ ദ്വീപില്‍ നടക്കുന്ന ഭരണകൂട ഭീകരത പുറംലോകം അറിയുന്നതിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടും.
അറബിക്കടലിന്റെ ഓളപ്പരപ്പില്‍ സ്വച്ഛന്ദമായി ഒഴുകിയ ഒരു ജനതയുടെ ജീവിതത്തെ സ്വന്തം ഭരണകൂടം എങ്ങനെ കീഴ്‌മേല്‍ മറിച്ചെന്ന് തിരിച്ചറിയാന്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ മതിയാകും.
ഇനി ലക്ഷദ്വീപിനെ ഉന്നം വെക്കുന്നതിനു പിന്നിലെ താല്‍പര്യങ്ങളിലേക്ക് കടക്കാം. എന്തുകൊണ്ട് ലക്ഷദ്വീപ് എന്ന ചോദ്യത്തിന് നേരത്തെ പറഞ്ഞ മൂന്നു ഉത്തരങ്ങളുണ്ട്. രാഷ്ട്രീയം, വര്‍ഗീയം, സാമ്പത്തികം. പ്രഫുല്‍ പട്ടേലിന്റേത് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലെ ആദ്യ രാഷ്ട്രീയ നിയമനമാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് സംഘ്പരിവാറിന്റെ ലക്ഷദ്വീപ് ദൗത്യത്തിനു പിന്നിലെ താല്‍പര്യങ്ങള്‍ കൂടി പരിശോധിച്ചാല്‍ വ്യക്തമാകും. കൃത്യമായ ലക്ഷ്യത്തോടെയും താല്‍പര്യത്തോടെയുമാണ് പട്ടേലിനെ ആ പദവിയില്‍ നിയമിച്ചിരിക്കുന്നത്. തന്നെ നിയമിച്ച കേന്ദ്രങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ആജ്ഞാനുവര്‍ത്തി മാത്രമാണ് അദ്ദേഹം.

അഡ്മനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രഫുല്‍ പട്ടേല്‍ ബാധ്യസ്ഥനായിരിക്കാം. ഭരണ കക്ഷി എന്ന നിലയില്‍ ബി ജെ പിയുടെ താല്‍പര്യങ്ങളും അതില്‍ നിഴലിച്ചേക്കാം. അതുതന്നെ അനുവദിക്കാന്‍ പാടില്ലാത്തതാണ്. കാരണം കേന്ദ്രസര്‍ക്കാറിന്റെ ഇച്ഛക്ക് അനുസരിച്ചല്ല, മറിച്ച് ദ്വീപ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. കാരണം ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ലക്ഷദ്വീപിനും ഇത് ബാധകമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനസംഖ്യയിലെ കുറവും കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സാങ്കേതിക ക്രമീകരണം മാത്രമാണ് അഡ്മിനസിട്രേഷന്‍ ഭരണം എന്നത്. എന്നാല്‍ ലക്ഷദ്വീപ് ജനതയെ കേള്‍ക്കുകയോ അവരുടെ താല്‍പര്യങ്ങള്‍ മുഖവിലക്ക് എടുക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല, ഡല്‍ഹിക്കു പകരം നാഗ്പൂരില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആ നിലക്ക് പട്ടേലിനെ ചുമതലയേല്‍പ്പിച്ചതിനെ രാഷ്ട്രീയ നിയമനം എന്നല്ല, സംഘ്പരിവാര്‍ നിയമനം എന്നുതന്നെ വിശേഷിപ്പിക്കണം.
ന്യൂനപക്ഷ വേട്ടയും അതുവഴി സൃഷ്ടിക്കപ്പെടുന്ന ഭൂരിപക്ഷ പ്രീണനവുമാണ് ബി ജെ പിയുടെ രാഷ്ട്രീയ ജീവവായു. കോര്‍പ്പറേറ്റ് പ്രീണനമാണ് സാമ്പത്തിക ജീവവായു. അതുകൊണ്ടുതന്നെ ഇതു രണ്ടും സമം ചേര്‍ത്തുകൊണ്ടുള്ള പരീക്ഷണങ്ങളാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ എല്ലാ കാലത്തും നടപ്പാക്കിപ്പോന്നിട്ടുള്ളത്. അതിനപ്പുറത്ത് മഹിതമായ രാഷ്ട്രീയ പാരമ്പര്യമോ ജനക്ഷേമകരമായ നീക്കങ്ങളിലൂടെ നേടിയെടുത്ത ജനപിന്തുണയോ അവര്‍ക്ക് ഒരു കാലത്തും അവകാശപ്പെടാനുണ്ടായിട്ടില്ല. മുംബൈ കലാപവും അദ്വാനിയുടെ രഥയാത്രയും ബാബരി ധ്വംസനവും ഗുജറാത്ത് കലാപവും തൊട്ട് അസമിലെ പൗരത്വ നിയമം നടപ്പാക്കലും ഷാഹിന്‍ബാഗ് പ്രക്ഷോഭക്കാരെ നേരിട്ടതും ഏറ്റവും ഒടുവില്‍ കര്‍ഷക സമരത്തെ നേരിട്ടതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ മേല്‍പറഞ്ഞ ചേരുവ എങ്ങനെ പ്രയോഗിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാനാകും. അതിന്റെ മറ്റൊരു വകഭേദം കൂടിയാണ് ലക്ഷദ്വീപിലും ഇപ്പോള്‍ അവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഭൂരിപക്ഷ വര്‍ഗീയതയെ കെടാതെ ആളിക്കത്തിക്കുക എന്നതാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയ താല്‍പര്യം. പ്രത്യേകിച്ച് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അത്തരം പ്രവര്‍ത്തനങ്ങളില്‍ ഒരു നൈരന്തര്യം ദൃശ്യമാകും. ഒന്നിനു പിന്നാലെ ഒന്നായി ഓരോ വിഷയങ്ങള്‍ വന്നുകൊണ്ടിരിക്കും. സ്വാഭാവികമായി രൂപപ്പെടുന്നതാണ് അതെന്ന തോന്നല്‍ വെറുതെയാണ്. കൃത്യമായ താല്‍പര്യത്തോടെ ചില കേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രിതമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ്. ബീഫിന്റെ പേരിലുള്ള ആള്‍കൂട്ട കൊലകളായിരുന്നു ആദ്യം. എം എം കലബുറഗിയേയും ഗോവിന്ദ പന്‍സാരെയേയും പോലുള്ള സംഘ്പരിവാര്‍ വിരുദ്ധ സൈദ്ധാന്തികരുടെ ഉന്മൂലനം ഇതിന്റെ തുടര്‍ച്ചയായിരുന്നു. രോഹിത് വെമുല സംഭവം, ഉനയില്‍ ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ദളിതുകള്‍ക്കു നേരെയുണ്ടായ പീഡനം, മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുകൊണ്ടുള്ള ആള്‍കൂട്ട ആക്രമണങ്ങള്‍, അസമിലെ പൗരത്വ നടപടികള്‍, പൗരത്വ നിയമ ഭീതി സൃഷ്ടിച്ച് രാജ്യമെങ്ങും ഉയര്‍ത്തിവിട്ട പ്രതിഷേധങ്ങളുടെ തീജ്വാല. കോവിഡ് വ്യാപനത്തിന്റ ഘട്ടത്തില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന മത സമ്മേളനവുമായി ബന്ധപ്പെട്ടു പോലുമുണ്ടായ ആസൂത്രിതമായ പ്രചാരണങ്ങള്‍. രാജ്യത്തുണ്ടായ കോവിഡ് വ്യാപനത്തിന് നിസാമുദ്ദീന്‍ സമ്മേളനത്തിന് ബന്ധമില്ലെന്ന് പിന്നീട് സുപീംകോടതി തന്നെ വ്യക്തമാക്കുകയുണ്ടായി.
ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ഇപ്പോള്‍ ലക്ഷദ്വീല്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതും. നേരത്തെ പറഞ്ഞ മൂന്ന് താല്‍പര്യങ്ങളും ഒരേ സമയം ലക്ഷദ്വീപ് വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്ന് വര്‍ഗീയ താല്‍പര്യമാണ്. 99 ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ശേഷിക്കുന്ന മതവിഭാഗങ്ങളും മതമില്ലാത്തവരുമെല്ലാം ഒരു ശതമാനത്തില്‍ താഴെ. 2011 ലെ സെന്‍സസ് പ്രകാരം തന്നെയെടുത്താല്‍ ആകെയുള്ള 65000 പേരില്‍ 650 പേരില്‍ താഴെ മാത്രമാണ് ഇതര മതവിശ്വാസം പുലര്‍ത്തുന്നവര്‍. ശേഷിക്കുന്നവരെല്ലാം മുസ്‌ലിംകള്‍. അത്തരൊരു പ്രദേശത്തെ ഉന്നം വെക്കുക വഴി ന്യൂനപക്ഷ വിരുദ്ധതയും അതുവഴി ഭൂരിപക്ഷ വര്‍ഗീയതയും ആളിക്കത്തിക്കാന്‍ കഴിയുമെന്നുമുള്ള കണക്കുകൂട്ടല്‍. ഇത്രയും കാലം ഉത്തരേന്ത്യയായിരുന്നു ഇത്തരം പരീക്ഷണങ്ങള്‍ക്ക് സംഘ്പരിവാര്‍ തെരഞ്ഞെടുത്തിരുന്നത് എങ്കില്‍ ഇപ്പോഴത് ദക്ഷിണേന്ത്യയിലേക്ക് പറിച്ചുനടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു.

ശബരിമല വിവാദവും ഇതിന്റെ തുടര്‍ച്ചയായി വരുന്ന ലക്ഷദ്വീപ് വേട്ടയും ചേര്‍ത്തുവായിക്കണം. നേരത്തെ പറഞ്ഞതുപോലെ കേരളവുമായി ഒരു പൊക്കിള്‍കൊടി ബന്ധം സൂക്ഷിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. അതുകൊണ്ടുതന്നെ ദ്വീപിനെതിരെ നടക്കുന്ന നീക്കങ്ങള്‍ കേരളത്തേയും പ്രക്ഷുബ്ധമാക്കുമെന്ന് സംഘ്പരിവാറിനറിയാം. ദ്വീപ് വിഷയത്തില്‍ ഇതിനകം തന്നെ കേരളത്തില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അടക്കമുള്ളവരും ദ്വീപ് ജനതയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇനി ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് അവര്‍ കടക്കും. ഈ മുസ്‌ലിം വിരുദ്ധതയെ എങ്ങനെ ഭൂരിപക്ഷ പ്രീണനമാക്കി മാറ്റാമെന്നതും അതിലൂടെ എങ്ങനെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്നുമുള്ളതായിരിക്കും അത്. സ്വയം ഭൂരിപക്ഷ സംരക്ഷകരായി ചമഞ്ഞായിരിക്കും ഇതിനുള്ള ശ്രമങ്ങള്‍. ഈ ചക്രവ്യൂഹത്തില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ എങ്ങനെ പുറത്തുകടക്കും എന്നതു വലിയ ചോദ്യച്ചിഹ്നമാണ്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിജീവന ഭീഷണിയാണ് ഉയര്‍ന്നുവരുന്നത്. പൗരത്വ വിഷയവും ലക്ഷദ്വീപ് വിഷയവും ബാബരി വിഷയവുമെല്ലാം പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. അതുകൊണ്ടുതന്നെ പ്രതിരോധിക്കാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് കഴിയില്ല. കാരണം അവരുടെ നിലനില്‍പ്പിന്റെ വിഷയമാണ്.
എന്നാല്‍ ന്യൂനപങ്ങളുടെ ഈ പ്രതിരോധത്തെ നേരത്തെ ചമച്ചെടുത്ത വര്‍ഗീയതയും രാഷ്ട്രീയവും സമാസമം ചാലിച്ച ഒരു പ്രതലത്തിലേക്ക് പ്രതിഫലിച്ച് രാഷ്ട്രീയമായി നേട്ടം കൊയ്യുകയാണ് സംഘ് പരിവാര്‍ ചെയ്യുന്നത്. ഭൂരിപക്ഷത്തിനൊപ്പം ചേര്‍ന്നു നിന്ന് പോരാടുക മാത്രമാണ് ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള പോംവഴി. പൗരത്വ വിഷയത്തില്‍ കേരളവും തമിഴ്‌നാടും പോലുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള പൊതുവികാരം ഉയര്‍ന്നു വന്നിരുന്നു. ലക്ഷദ്വീപ് വിഷയത്തിലും അത് രൂപപ്പെട്ടുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടന്‍ പൃഥ്വിരാജ് നടത്തിയ പ്രതികരണങ്ങളും ഇതേതുടര്‍ന്ന് താരത്തിനു നേരെ നടക്കുന്ന സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണങ്ങളും ഇതിനു തെളിവാണ്. എന്തുകൊണ്ട് താന്‍ ലക്ഷദ്വീപിനൊപ്പം എന്ന് പൃഥ്വിരാജിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹം നായകനായ അനാര്‍ക്കലി ഒരു പക്ഷേ ലക്ഷദ്വീപിന്റെ സൗന്ദര്യത്തെ ഏറ്റവും കൂടുതല്‍ ആവാഹിച്ച മലയാള സിനിമയായിരിക്കും. സിനിമാ ചിത്രീകരണത്തിനു വേണ്ടി രണ്ടു മാസത്തോളം തുടര്‍ച്ചയായി കവരത്തിയില്‍ ചെലവഴിച്ചതു വഴി എന്താണ് ദ്വീപ് എന്നും എങ്ങനെയാണ് അവിടുത്തെ മനുഷ്യരുടെ ജീവിതവും സംസ്‌കാരവും എന്നുമെല്ലാം അടുത്തറിയാനായതില്‍ നിന്നാണ് ആ ജനതക്കൊപ്പം നില്‍ക്കാനുള്ള നടന്റെ തീരുമാനം പരുവപ്പെടുന്നത്.
എന്നാല്‍ മുഖ്യധാരയില്‍ നിന്നുള്ള അത്തരം പിന്തുണക്കലുകളെ സംഘ്പരിവാരം ഭയപ്പെടുന്നു എന്നതിനു തെളിവാണ് അദ്ദേഹത്തിനു നേരേയെുള്ള സൈബര്‍ ആക്രമണങ്ങള്‍ തെളിയിക്കുന്നത്. അതിനു പകരം ഒരു മുസ്്‌ലിം വിഷയം മാത്രമാക്കി ലക്ഷദ്വീപ് സംഭവങ്ങളേയും അതിനെതിരായ പോരാട്ടത്തേയും ഒതുക്കുനിര്‍ത്തുക എന്നതാണ് സംഘ്പരിവാര്‍ അജണ്ട. ആ അജണ്ടയെ ഭേദിച്ചു കടക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അതിന് ഇതര സമുദായങ്ങളില്‍ നിന്നുള്ള നിര്‍ലോഭമമായ പിന്തുണ ഈ പോരാട്ടത്തിന് സ്വരുക്കൂട്ടേണ്ടിയിരിക്കുന്നു.
കോവിഡ് വ്യാപനത്തിന്റ രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയപ്പോഴുണ്ടായ സാഹചര്യം ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. പ്രതിദിനം നാലു ലക്ഷത്തിലധികം പേര്‍ക്കാണ് മൂര്‍ധന്യഘട്ടത്തില്‍ ദിവസങ്ങളോളം രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം നാലായിരത്തിലധികമായിരുന്നു ഈ ഘട്ടത്തില്‍ കോവിഡ് മരണങ്ങള്‍. ഇപ്പോഴും അതില്‍ കാര്യമായ കുറവു വന്നിട്ടില്ല. രാജ്യമെമ്പാടുമുണ്ടായ ഓക്‌സിജന്‍ ദുരന്തങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. രോഗവ്യാപനം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പുണ്ടായിട്ടും മുന്നൊരുക്കം നടത്തുന്നതില്‍ ഒരു ഭരണകൂടം പരാജയപ്പെട്ടതിന്റെ അനന്തര ഫലം കൂടിയായിരുന്നു ഇവയെല്ലാം. ഇത്തരം ഭരണ പരാജയങ്ങള്‍ മൂടിവെക്കാന്‍ കൂടി ചില മറകള്‍ ഭരണകൂടത്തിന് അനിവാര്യമാണ്. നിരന്തരം ഉയര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയതയും ഭരണ കൂടഭീകരതയും ഇത്തരമൊരു മറയാണെന്ന് നിസ്സംശയം പറയാം. യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വസ്തുതകളെ സാമാന്യ ജനത്തിന്റെ ദൃഷ്ടിയില്‍ നിന്ന് മറച്ചുപിടിക്കാനുള്ള തന്ത്രം.
ഭരണപരാജയത്തേക്കാള്‍ ഉപരിയായി പൊതുജന ദൃഷ്ടിയില്‍ നിന്ന് മറച്ചുപിടിക്കാന്‍ താല്‍പര്യപ്പെടുന്ന മറ്റു ചില കാര്യങ്ങള്‍ ഉണ്ട്. ലക്ഷദ്വീപ് അടക്കം മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തിയ ശേഷം നടന്ന പല നീക്കങ്ങള്‍ക്ക് പിന്നിലും ഇത്തരം അജണ്ടകള്‍ ഉണ്ട്. കര്‍ഷക നിയമത്തിന്റെ മറവില്‍ ഉള്‍പ്പെടെ. കോര്‍പ്പറേറ്റ് സാമ്പത്തിക താല്‍പര്യങ്ങളാണത്. രാജ്യത്തിന്റെ പൊതുസമ്പത്തുകള്‍ ഇത്രയേറെ സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒരുകാലഘട്ടം ഉണ്ടായിട്ടില്ല. എയര്‍ ഇന്ത്യ പൂര്‍ണമായും വില്‍പ്പനക്ക് വച്ചിരിക്കുന്നു. റെയില്‍വേ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും ഇതേ വഴിക്കാണ്. രാജ്യത്തെ ഒട്ടുമിക്ക തുറമുഖങ്ങളുടേയും വിമാനത്താവളങ്ങളുടേയും നടത്തിപ്പവകാശം അദാനി പോലുള്ള വന്‍കിട ഗ്രൂപ്പുകള്‍ക്ക് കൈമാറിയിരിക്കുന്നു.
വിഴിഞ്ഞം തുറമുഖവും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളവുമെല്ലാം ഇക്കൂട്ടത്തില്‍ വരും. സമാനമായ താല്‍പര്യങ്ങള്‍ ലക്ഷദ്വീപ് നീക്കത്തിനു പിന്നിലും ഒളിഞ്ഞിരിക്കുന്നുണ്ട്. ടൂറിസം പദ്ധതികളില്‍ ലക്ഷദ്വീപില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി തദ്ദേശ ജനതയെ പിറന്ന മണ്ണില്‍ അന്യവല്‍ക്കരിച്ച് ആട്ടിപ്പായിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ നീക്കമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഭരണ പരിഷ്‌കാര നാടകത്തിനു പിന്നിലെന്നാണ് വിമര്‍ശം. കോര്‍പ്പറേറ്റുകളുടെ തണലുണ്ടെങ്കില്‍ ജനാധിപത്യത്തെ വിലക്കു വാങ്ങാമെന്നതാണ് മോദി സര്‍ക്കാറിന്റെയും സംഘ്പരിവാറിന്റെയും നയം.
വിവിധ സംസ്ഥാനങ്ങളില്‍ കോടികള്‍ എറിഞ്ഞ് എം എല്‍ എമാരെ വിലക്കു വാങ്ങി ജനാധിപത്യത്തെ അട്ടിമറിക്കപ്പെട്ടതിന്റെ എമ്പാടും തെളിവുകള്‍ ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ മാത്രം വ്യക്തമാകും. ഈ ശതകോടികള്‍ എവിടെനിന്ന് വരുന്നു എന്ന് പരിശോധിച്ചാല്‍ മാത്രം മതി, എന്തുകൊണ്ട് മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് പ്രീണനം നടത്തുന്നു എന്ന് മനസ്സിലാകാന്‍. അതുകൊണ്ടുതന്നെ ലക്ഷ്ദ്വീപ് നീക്കത്തിനു പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുണ്ടെന്ന വാദങ്ങളെ എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല. അത്തരം നീക്കങ്ങളെ മറച്ചുപിടിക്കാനാണ് ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വര്‍ഗീയതയുടേയും ചേരുവകള്‍ ചേര്‍ത്ത് സംഘ്പരിവാരം രാജ്യത്ത് വിറ്റഴിക്കുന്നത്.
രാജ്യത്തെ മതേതര സമൂഹത്തിന്റെ പൂര്‍ണ പിന്തുണയോടെ മാത്രമേ ഈ ചക്രവ്യൂഹത്തില്‍ നിന്ന് ഇന്ത്യന്‍ ജനതക്ക് പുറത്തു കടക്കാന്‍ കഴിയൂ. ഇത്തരം വിഷയങ്ങളെ മുസ്‌ലിം പ്രശ്‌നം മാത്രമാക്കി ചുരുക്കി അരികുവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെയാണ് ആദ്യം ചെറുക്കേണ്ടത്. ലക്ഷദ്വീപിന്റേയോ മുസ്‌ലിംകളുടേയോ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തിന്റെ പൊതു പ്രശ്‌നമാണെന്നുമുള്ള തരത്തിലേക്ക് ചര്‍ച്ചകള്‍ രൂപപ്പെട്ടു വരണം. സംഘ്പരിവാറിന്റെ ഇത്തരം ഒളിയജണ്ടകളെ തുറന്നു കാണിക്കാന്‍ ലക്ഷദ്വീപ് വിഷയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം പക്വത കാട്ടേണ്ടിയിരിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x