ലക്ഷദ്വീപ്: പോരാട്ടങ്ങളോട് സ്ത്രീസമൂഹം ഐക്യപ്പെടണം -എം ജി എം
കോഴിക്കോട്: ഭരണകൂട ഭീകരതയില്‍ ലക്ഷദ്വീപ് ജനതയെ അഭയാര്‍ഥികളാക്കി മാറ്റാനാണ് മോദീ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ സ്ത്രീസമൂഹം ശക്തമായി ചെറുക്കുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വനിത വിഭാഗമായ എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ലക്ഷദ്വീപിലെ കുടുംബിനികളുടെ രോഷാഗ്‌നിയില്‍ മോദീ സര്‍ക്കാര്‍ തകര്‍ന്നടിയേണ്ടി വരുമെന്ന് എം ജി എം മുന്നറിയിപ്പ് നല്‍കി. നിഷ്ങ്കളങ്കരായ ദ്വീപ് ജനതയെ വഴിയാധാരമാക്കിയാല്‍ സ്ത്രീസമൂഹം കയ്യും കെട്ടി നോക്കി നില്‍ക്കില്ല. ലക്ഷദ്വീപ് നിവാസികുടെ സാംസ്‌കാരിക പൈതൃകത്തെയും ജീവിതോപാധികളെയും തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് വികസനത്തിന്റെ പേരില്‍ കൊണ്ടു വരുന്നത്. പ്രഫുല്‍ പട്ടേലിന്റെ ഭീകര താണ്ഡവത്തിനെതിരെ ഉയരുന്ന ജനകീയ പോരാട്ടങ്ങളോട് ഐക്യപ്പെട്ട് സമര സജ്ജമാവാന്‍ യോഗം സ്ത്രീസമൂഹത്തെ ആഹ്വാനം ചെയ്തു.
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടി നേതൃത്വങ്ങളെ എം ജി എം അഭിനന്ദിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. റാഫിദാ ഖാലിദ്, അഫീഫ പൂനൂര്‍, ജുവൈരിയ്യ അന്‍വാരിയ്യ, കദീജ കൊച്ചിന്‍, ഷരീഫ ആലപ്പുഴ, റുക്‌സാന വാഴക്കാട്, സജ്‌ന പട്ടേല്‍താഴം, ഫാത്തിമ ചാലിക്കര, മറിയം കടവത്തൂര്‍, ഹസ്‌നത്ത് പരപ്പനങ്ങാടി, റൈഹാന കൊല്ലം പ്രസംഗിച്ചു.