20 Saturday
April 2024
2024 April 20
1445 Chawwâl 11

ലഖിംപൂരില്‍ നിന്നുള്ള കാറ്റിന് ചുടുചോരയുടെ ഗന്ധം

എ പി അന്‍ഷിദ്‌


ലഖിംപൂരിലെ കാറ്റുകള്‍ക്കിപ്പോള്‍ ചോരയുടെ മണമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിനിപ്പോള്‍ കര്‍ഷകന്റെ രക്തത്തിന്റെ രുചിയാണ്. ചോര കട്ടപിടിച്ചതിന്റെ കറുത്ത നിറമാണ്. കാരണം ലഖിംപൂരില്‍ പിടഞ്ഞു വീണത് അന്നദാതാക്കളായ കര്‍ഷകരാണ്. ആ മണ്ണില്‍ ചിന്തിയത് അവരുടെ ചോരയാണ്. നമുക്കു വേണ്ടികൂടിയാണ് അവരുടെ ജീവാര്‍പ്പണം.
സ്വന്തം ജനതയോട് ഒരു ഭരണകൂടം ചെയ്യുന്ന തുല്യതയില്ലാത്ത ക്രൂരതയുടെ നേര്‍ചിത്രമാവുകയാണ് രാജ്യത്തെ കര്‍ഷരിന്ന്. ജീവിക്കാന്‍ വേണ്ടി മാത്രമല്ല ഒരു കര്‍ഷകന്‍ മണ്ണിലേക്കിറങ്ങുന്നത്. ജീവിപ്പിക്കാന്‍ വേണ്ടി കൂടിയാണ്. അവര്‍ വിതയ്ക്കുന്ന വിത്തിലാണ് നാടിന്റെ അന്നം കിടക്കുന്നത്. മനുഷ്യരെ മാത്രമല്ല, പക്ഷികളെ, മൃഗങ്ങളെ, മറ്റു ജീവജാലങ്ങളെ ഊട്ടുന്നവനാണ് കര്‍ഷകന്‍. മണ്ണിനെ പച്ച പുതപ്പിക്കുന്നത് അവരാണ്. സ്വന്തം വിയര്‍പ്പു കൊണ്ട് വരണ്ട ഭൂമിയെ ഉര്‍വ്വരമാക്കുന്നത് അവരാണ്. ആ കര്‍ഷകന്റെ ചോരയാണ് ലഖിംപൂരിന്റെ മണ്ണില്‍ കറുത്ത് കട്ടപിടിച്ചു കിടക്കുന്നത്. കഴിഞ്ഞ 400 ദിവസമായി രാജ്യത്തെ അന്നദാതാക്കള്‍ തെരുവിലാണ്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ വഴിയില്‍. അവരെയാണ് ഭരണകൂടം വാഹനമിടിച്ചു കയറ്റിയും തോക്കും ലാത്തിയും ഉപയോഗിച്ചും ഇല്ലാതാക്കുന്നത്. ഒരു ഭരണകൂടത്തിന് എങ്ങനെ ഫാസിസത്തിന്റെ ഏറ്റവും മൂര്‍ത്തഭാവത്തിലേക്ക് മാറാം എന്നതിന് ഇതില്‍ പരമൊരു ഉദാഹരണം വേണ്ട. ഫാസിസം എന്നത് കേവല വിമര്‍ശനത്തിനു വേണ്ടി ഉപയോഗിക്കുന്ന ഒന്നല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല പരിസരങ്ങളെ വീക്ഷിച്ചാല്‍ സകല മേഖലകളിലും പിടിമുറുക്കിയിരിക്കുന്ന ഫാസിസത്തിന്റെ ബീഭത്സ രൂപം ദര്‍ശിക്കാന്‍ കഴിയും. ബീഫിന്റെ പേരിലുള്ള കൊലപാതകം തൊട്ട് തുടങ്ങുന്ന ഈ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തല്‍ നയം പൗരത്വ നിയമവും കര്‍ഷകവിരുദ്ധ നീക്കവും സിദ്ദീഖ് കാപ്പന്‍ സംഭവവും ഏറ്റവും ഒടുവില്‍ ലഖിംപൂരിലെ കര്‍ഷക കൂട്ടക്കൊല വരെ എത്തിനില്‍ക്കുമ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്തിന് സംഭവിച്ച മാറ്റത്തിലേക്കുള്ള തീര്‍ത്തും ഹ്രസ്വമായ ഒരു തിരിഞ്ഞുനോട്ടമാണിത്.
മഹാമാരിക്കാലത്തിനു മുമ്പേ തുടങ്ങിയ മഹാമാരിയാണ് രാജ്യത്തെ ഫാസിസത്തിന്റെ പിടിമുറുക്കല്‍. മോദി ഭരണത്തിനു മുമ്പും ശേഷവും എന്ന് അതിരിട്ട് വായിക്കാന്‍ കഴിയും വിധം അത് ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ, ചരിത്ര മണ്ഡലങ്ങളെയാകെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. മുപ്പത്തി മുക്കോടി ദൈവങ്ങളും അത്ര തന്നെ ജാതികളും ഉപജാതികളുമായി പിരിഞ്ഞു കിടക്കുന്ന ഒരു ജനതയെന്നത് ഇന്ത്യയെക്കുറിച്ച് കേവല ആലങ്കാരിക വിശേഷണമല്ല. ഇത്രമേല്‍ വൈജാത്യങ്ങള്‍ പേറുന്ന ഒരു രാജ്യം ലോകത്തെങ്ങുമുണ്ടാവില്ല. മതവും ജാതിയും ഉപജാതിയും മാത്രമല്ല, വര്‍ഗം, വര്‍ണം, വേഷം, ഭാഷ, ജീവിതശൈലി, ഭക്ഷണ ശൈലി, ആതിഥേയ മര്യാദ, തുടങ്ങിയ ജീവിതത്തിന്റെ സമഗ്ര മേഖലകളിലും ഒരുപിടി വൈവിധ്യങ്ങളുമായി കഴിയുന്ന കോടിക്കണക്കിന് മനുഷ്യരുടെ മഹാസംഗമം. രാജ്യമെന്ന സങ്കല്‍പത്തിന്റെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ ആറര ദശാബ്ദം പിന്നിടും വരേയും വൈവിധ്യങ്ങളുടെ ബഹുവര്‍ണപ്പൂക്കളാല്‍ സമ്പന്നമായ ഇന്ത്യയെന്ന ഒറ്റപ്പൂന്തോപ്പിന് ഇത്രമേല്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ടാകില്ല.
സംഘര്‍ഷങ്ങളും കലാപങ്ങളും സമ്മാനിച്ച ഒറ്റപ്പെട്ട മുറിവുകളെ വിസ്മരിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് ഇത്തരം ഒറ്റപ്പെടല്‍ വിശേഷണം ഒരിക്കലും ചേരില്ല. കാരണം ഒന്നിനോടൊന്ന് കണ്ണിചേര്‍ത്ത് ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ എല്ലാം രാജ്യത്തിന്റെ ഈ മഹിതപാരമ്പര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതായിരുന്നു എന്നതുതന്നെ കാരണം. ദാദ്രി മുതല്‍ ലഖിംപൂര്‍ വരെയെത്താന്‍ ഒരു വാഹനത്തിന് ഒരുപക്ഷേ അധിക ദൂരം ഓടേണ്ടി വന്നേക്കില്ല. എന്നാല്‍ രാജ്യത്തിനേറ്റ രണ്ട് മുറിവുകള്‍ എന്ന നിലയിലും അതിനിടയിലുണ്ടായ ആയിരം മുറിവുകളിലൂടെ വേണം സഞ്ചരിക്കാന്‍ എന്നതുകൊണ്ടും ഇവ രണ്ടിനുമിടയില്‍ ദൂരമേറെയുണ്ട്.
വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ചാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന ഗൃഹനാഥനെ ആള്‍കൂട്ടം തല്ലിക്കൊന്നത്. അതേ ഉത്തര്‍പ്രദേശിലെ ലഖിംപൂരി ല്‍ തന്നെയാണ് കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ വാഹനമിടിച്ചുകയറ്റി കര്‍ഷകെ കൂട്ടക്കുരുതി നടത്തിയിരിക്കുന്നതും. പശുവോ മുസ്്‌ലിമോ കര്‍ഷകനോ എന്നതല്ല ഇവിടെ അടിസ്ഥാന വിഷയം. സംഘ്പരിവാറിന്റെ വിഷരാഷ്ട്രീയമാണ്. കാരണം ഇതിനിടയില്‍ ഇരകളായി കടന്നുപോകുന്ന അനേകം മനുഷ്യരൂണ്ട്. ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് ദളിതുകളായിരുന്നു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റല്‍ മുറിയില്‍ ജീവാഹുതി നടത്തിയ രോഹിത് വെമുല ദളിതനായിരുന്നു. ലഖിംപൂരില്‍ കര്‍ഷകര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതും മുസ്‌ലിമായതു കൊണ്ടല്ല. വെറുപ്പിന്റെ വിഷം കുത്തിവെക്കാനുള്ള ഉപകരണം മാത്രമാണ് ഫാസിസ്റ്റുകളുടെ കൈയില്‍ മുസ്‌ലിം വിരോധം എന്നത്.
വാണിജ്യവല്‍ക്കരണത്തിന്റെയും വ്യവസായവല്‍ക്കരണത്തിന്റെയും ലോകയുദ്ധാനന്തര കാലത്ത് കൃഷിയെ രണ്ടാംതരമായി മാറ്റിനിര്‍ത്തിയ സാമ്പത്തിക ശക്തികളുണ്ടായിരുന്നു. അവര്‍ പോലുമിന്ന് തിരിഞ്ഞു നടക്കലിന്റെ വഴിയിലാണ്. കൃഷിയാണ് നിലനില്‍പ്പിന്റെ അടിസ്ഥാനവും അനിവാര്യതയുമെന്ന് അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കൃഷിയിലേക്ക് എത്തുന്നവരെ പിടിച്ചു നിര്‍ത്താന്‍ ഈ രാജ്യങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ മറ്റൊരു മേഖലയ്ക്കുമില്ലാത്ത വിധമാണ്. കാര്‍ഷിക മേഖലയുടെ കുത്തകവല്‍ക്കരണം സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ചുരുങ്ങിയ കാലം കൊണ്ട് അവിടുത്തെ ഭരണകൂടങ്ങള്‍ ബോധവാന്മാരായിരിക്കുന്നുവെന്നതിന് തെളിവാണ് ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണ. ശാസ്ത്ര, സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയോടെ ചെറുകിട, ഇടത്തരം കര്‍ഷകരെ എങ്ങനെ സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കാമെന്നും അവരെ ഈ മേഖലയില്‍ എങ്ങനെ ഉറപ്പിച്ചു നിര്‍ത്താമെന്നുമാണ് ഈ രാജ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ഈ കാലത്താണ് നാം വിവാദമായ കാര്‍ഷിക നിയമ ഭേദഗതികളിലൂടെ രാജ്യത്തെ കാര്‍ഷിക മേഖലയെ ഒന്നാകെ കുത്തകളുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവെക്കുന്നത്. ഇത്തരമൊരു നിയമ ഭേദഗതി സൃഷ്ടിച്ചേക്കാവുന്ന സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ശാസ്ത്രീയമായൊരു പഠനമോ പരിശോധനയോ നടന്നിട്ടില്ല. ഏറ്റവും ചുരുങ്ങിയത് രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ ഇടയുള്ള നിയമ നിര്‍മ്മാണങ്ങളില്‍ നിയമ നിര്‍മ്മാണ സഭകളിലെ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കകളെങ്കിലും പരിഗണിക്കപ്പടേണ്ടിയിരുന്നു.
കാര്‍ഷിക നിയമ ഭേദഗതികളുടെ കാര്യത്തില്‍ ഇതും ഉണ്ടായിട്ടില്ല. ഭരണ – പ്രതിപക്ഷത്തുള്ളവര്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെയും ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയും സ്റ്റാ ന്റിങ് കമ്മിറ്റിയുടെ പരിഗണനക്കു പോലും വിടാതെയും ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളേയും അട്ടിമറിച്ചുകൊണ്ടാണ് കാര്‍ഷിക നിയമ ഭേദഗതികള്‍ നിയമമാക്കിയിട്ടുള്ളത്. ഇത്തരമൊരു നിയമ ഭേദഗതി വരുത്തിവെച്ചേക്കാവുന്ന വിനകളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളതു കൊണ്ടാണ് രാജ്യത്തെ കര്‍ഷകര്‍ അതിനെതിരെ തെരുവില്‍ ഇറങ്ങിയത്. ആശങ്കകളെ പരിഗണിച്ചും പരിഹരിച്ചും മുന്നോട്ടുപോകുന്നതിനു പകരം ഏകപക്ഷീയമായി ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് തുടക്കം മുതല്‍ കേന്ദ്രഭരണകൂടവും ബി ജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശും ഹരിയാനയും അടക്കമുള്ള സംസ്ഥാന ഭരണകൂടങ്ങളും ശ്രമിച്ചത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ ജനകീയ പ്രക്ഷോഭമാണ് രാജ്യത്ത് ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭം. 2020 ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാറിന്റെ വിവാദ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആദ്യം തെരുവിലിറങ്ങുന്നത്. അത് പിന്നീട് ക്രമാനുഗതമായി ശക്തിയാര്‍ജ്ജിച്ചു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഛലോ ഡല്‍ഹി മാര്‍ച്ച് യുദ്ധസമാന മുന്നൊരുക്കങ്ങളോടെയാണ് തലസ്ഥാനാതിര്‍ത്തിയില്‍ ഭരണകൂടം തടഞ്ഞത്. അന്നദാതാക്കളുടെ നിലവിളികളെ ലാത്തിയും ജലപീരങ്കിയും തോക്കും ഉപയോഗിച്ച് മുക്കിക്കൊല്ലാനാണ് ശ്രമിച്ചത്. എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് 2020 സെപ്തംബറില്‍ നിയമം പാര്‍ലമെന്റില്‍ ചുട്ടെടുക്കുമ്പോഴും രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകന്റെ നിലവിളികളോട് കൊഞ്ഞനം കുത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ അതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കര്‍ഷക സമര മുന്നേറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്.
2021 ജനുവരി 26ന് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ട്രാക്ടര്‍ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. കര്‍ഷക സമരത്തില്‍ നുഴഞ്ഞുകയറിയ ചില വിധ്വംസക ശക്തികള്‍ രാജ്യത്തിന്റെ അഭിമാനമായ ചെങ്കോട്ട ആക്രമിക്കുന്നതിലേക്ക് കര്‍ഷക സമരത്തെ വഴിതിരിച്ചുവിട്ടപ്പോള്‍ കാര്യങ്ങളുടെ ഗതി തന്നെ മാറിമറിഞ്ഞു. ചെങ്കോട്ട ആക്രമണത്തിനു പ്രേരിപ്പിച്ച ബോളിവുഡ് നടന്‍ സിദ്ദു അടക്കമുള്ളവരുടെ സംഘ്പരിവാര്‍ – ബി.ജെ.പി ബന്ധം മറനീക്കി പുറത്തുവന്നതോടെ കര്‍ഷക പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ ബി ജെ പി കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്ത നാടകമായിരുന്നു ഇതെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടു. എന്നാല്‍ കര്‍ഷക സമരത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും മരവിപ്പ് സൃഷ്ടിക്കാന്‍ ബി ജെ പിക്ക് ഇതിലൂടെ കഴിഞ്ഞു. എന്നാല്‍ സിംഗുവും തിക്രിയും കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്ന കര്‍ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും പോരാട്ടവീര്യത്തെ ദുര്‍ബലപ്പെടുത്താനുമുള്ള അവസരമാക്കി ഇതിനെ ഉപയോഗപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റേയും ബി ജെ പിയുടേയും ശ്രമങ്ങള്‍ക്ക് സ്ഥായിയായ വിജയം നേടാന്‍ ഇതിലൂടെ കഴിഞ്ഞില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഇടയില്‍ പോലും കര്‍ഷക സമരം അനുസ്യൂതം തുടരുക തന്നെയായിരുന്നു.
കര്‍ഷക നിമയം നടപ്പായി പട്ടിണി കിടന്ന് മരിക്കേണ്ടി വരുന്നതിനേക്കാള്‍ ഭേദമാണ് മഹാമാരി പിടിപെട്ടുള്ള മരണമെന്ന കര്‍ഷകരുടെ ഉറച്ച സ്വരത്തിനു മുന്നില്‍ ഭരണകൂടത്തിനു പോലും പതര്‍ച്ച നേരിടേണ്ടി വന്നു. കോവിഡ് കാലത്തെ കര്‍ഷക സമരത്തിന്റെ പ്രധാന മാറ്റം അതിന്റെ കാന്‍വാസ് വിപുലീകരിക്കപ്പെട്ടു എന്നതാണ്. നേരത്തെ കേന്ദ്രസര്‍ക്കാറിനെതിരെ മാത്രമായിരുന്നു എങ്കില്‍ കോവിഡ് കാലത്ത് അത് ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടെ എതിരായി മാറി. പ്രത്യേകിച്ച് കര്‍ഷക നിയമത്തെ കണ്ണടച്ച് പിന്തുണക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകള്‍ക്കെതിരെ. മര്‍മം നോക്കിയാണ് കര്‍ഷകര്‍ പ്രഹരിക്കുന്നത്. ഇത് ബി ജെ പി കേന്ദ്രങ്ങളെ വല്ലാതെ നോവിക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ലഖിംപൂരിലെ കൂട്ടക്കൊല. രണ്ടു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും മന്ത്രിമാരും കര്‍ഷക സമരം കൊണ്ട് അക്ഷരാര്‍ഥത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കര്‍ഷകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ക്കും കരിങ്കൊടി പ്രയോഗങ്ങള്‍ക്കും നടുവിലൂടെയല്ലാതെ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിമാര്‍ക്കോ വഴിനടക്കാനാവില്ലെന്ന സ്ഥിതി വിശേഷം വന്നിരിക്കുന്നു. പൊതുപരിപാടികളുടെ വേദികളിലെല്ലാം കര്‍ഷകര്‍ മന്ത്രിമാരേയും കാത്തു നില്‍പ്പാണ്. പലയിടങ്ങളിലും മന്ത്രിമാര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ തിരിച്ചു പോകേണ്ടി വരുന്നു.
ബി ജെ പി എം പിമാര്‍, എം എല്‍ എമാര്‍, കേന്ദ്രമന്ത്രിമാര്‍.., എല്ലാവരും പ്രതിഷേധത്തിന്റെ ചൂടറിയുന്നുണ്ട്. ലഖിംപൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും വരുന്നു എന്നറിഞ്ഞാണ് പതിവുപോലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹെലികോപ്റ്റര്‍ ലാന്റു ചെയ്യാന്‍ അനുവദിക്കാതെ കര്‍ഷകര്‍ പ്രതിരോധിച്ചതോടെ ഉപമുഖ്യമന്ത്രി മൗര്യക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ലഖിംപൂരിലെത്തിയ കേന്ദ്രമന്ത്രിക്കെതിരെയും പ്രതിഷേധം അരങ്ങേറിയത്. തൊട്ടു പിന്നാലെയാണ് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും സംഘവും വാഹനം ഇടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയത്.
നാലു കര്‍ഷകരാണ് ലഖിംപൂരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ വെടിയേറ്റാണ് മരിച്ചതെന്നാണ് കര്‍ഷകരുടെ വാദം. ഇടിച്ചുകയറ്റി വാഹനം ഓടിച്ച മന്ത്രിപുത്രന്‍ തന്നെയാണ് വെടിയുതിര്‍ത്തതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലും വെടിവെപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതേസമയം കൊല്ലപ്പെട്ട കര്‍ഷകരുടെ ദേഹത്ത് വെടിയേറ്റതിന്റെ പാടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. സംഭവ സ്ഥലത്തു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തതായി ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്. കര്‍ഷക കൂട്ടക്കൊലക്കു പിന്നാലെ അരങ്ങേറിയ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ അടക്കം നാലുപേര്‍ കൂടി കൊല്ലപ്പെട്ടതോടെ എട്ടു ജീവനുകളാണ് പൊലിഞ്ഞത്. ആളിക്കത്തിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ അഗ്നിക്കിരയായി.
ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം സമ്മാനിച്ചത് ആ രാത്രി ഇരുട്ടിവെളുക്കും മുമ്പേ തന്നെ ലക്‌നോവിലെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയായിരുന്നു. ലഖിംപൂര്‍ ഖേരിയിലെത്തി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു പ്രിയങ്കയുടെ ലക്ഷ്യം. എന്നാല്‍ ലക്‌നോവില്‍ കാലു കുത്തിയപ്പോള്‍ തന്നെ പ്രിയങ്കയെ ഉത്തര്‍പ്രദേശ് പൊലീസ് വട്ടമിട്ടിരുന്നു. ലഖിംപൂരിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞ പൊലീസിനു മുന്നില്‍ ശൗര്യത്തോടെ കയര്‍ക്കുന്ന പ്രിയങ്ക ഒരു നിമിഷമെങ്കിലും ഇന്ദിരയെ അനുസ്മരിപ്പിച്ചിരിക്കണം. പുലര്‍ച്ചെ നാലു മണി ആകുന്നതേയുള്ളൂ പ്രിയങ്ക ലക്‌നോവില്‍ എത്തുമ്പോള്‍. ഇരുട്ട് മാറിയിട്ടില്ല. ഒന്നുരണ്ട് കോണ്‍ഗ്രസ് നേതാക്കളും തന്റെ പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഒഴിച്ചാല്‍ ആരേയുമറിയിക്കാതെയായിരുന്നു പ്രിയങ്കയുടെ വരവ്. എന്നാല്‍ ലക്‌നോവില്‍ നിന്നു തന്നെ പൊലീസ് പ്രിയങ്കക്കൊപ്പം കൂടിയതോടെ ആ സന്ദര്‍ശനം കോണ്‍ഗ്രസിന് വലിയ പ്രതിഛായയുണ്ടാക്കിക്കൊടുത്തു. ഇതിന് കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ കടപ്പെട്ടിരിക്കുന്നത് യോഗിയുടെ പൊലീസിനോടാണ്. മാര്‍ഗതടസ്സങ്ങളില്ലാതെ അവര്‍ ലഖിംപൂരില്‍ എത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ ഇത്ര വാര്‍ത്താ പ്രാധാന്യം കൈവരില്ലായിരുന്നു.
പ്രിയങ്കയുടെ സന്ദര്‍ശനത്തിനു രാഷ്ട്രീയ താല്‍പര്യം ഉണ്ടായിരിക്കാം. കാരണം ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണവര്‍. യു പിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാതെ കോണ്‍ഗ്രസിന് രാജ്യാധികാരത്തിലേക്കുള്ള യാത്രയില്‍ ഇനി ഒരു അടി പോലും മുന്നോട്ടു വെക്കാനും കഴിയില്ല. അത് പ്രിയങ്കക്കും രാഹുലിനുമെല്ലാം നന്നായി അറിയാം. എന്നാല്‍ അത് അത്ര എളുപ്പമല്ല. കാരണം അത്രമേല്‍ ദുര്‍ബലമാണ് യു പിയിലെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനങ്ങള്‍. കഴിഞ്ഞ രണ്ടു നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ അത് കണ്ടതാണ്. വോട്ടെടുപ്പിന്റെ തലേദിവസം മാത്രം പറന്നിറങ്ങുന്ന പ്രിയങ്കാ ഇഫക്ടുകൊണ്ട് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ അവസരത്തെ കോണ്‍ഗ്രസ് മുതലെടുക്കുകയായിരുന്നുവെന്ന് പറയാം. സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രമായും അതിനെ വിശേഷിപ്പിക്കാം.
എന്നാല്‍ ആ രാത്രി വെളുക്കും മുമ്പേ തന്നെ ലഖിംപൂരിലേക്ക് പ്രിയങ്കയെ യാത്രയാക്കാന്‍ പ്രേരിപ്പിച്ച ബുദ്ധികേന്ദ്രം ആരുടേതായാലും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. മുളയിലേ തന്നെ ആദിത്യനാഥ് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. കര്‍ഷക കൂട്ടക്കൊലക്കെതിരെ രാജ്യം മുഴുവന്‍ ഉയര്‍ത്തെഴുന്നേറ്റതില്‍ പ്രിയങ്കയുടെ യാത്രയും കസ്റ്റഡിയും പൊലീസിനോടുള്ള അവരുടെ ചെറുത്തുനില്‍പ്പുമെല്ലാം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. രാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള മാനം ആ സന്ദര്‍ശനത്തിന് കൈവരികയായിരുന്നു. ലക്‌നോവില്‍നിന്ന് കുതറിമാറി യാത്ര തുടര്‍ന്ന പ്രിയങ്കയെ ഒടുവില്‍ സീതാപൂരില്‍വച്ച് പൊലീസ് വീണ്ടും പിടിച്ചു. ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് സീതാപൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ചൂലെടുത്ത് ഗസ്റ്റ്ഹൗസ് തൂത്തുവാരിയ പ്രിയങ്ക അവിടേയും ആദിത്യനാഥ് സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചു. 28 മണിക്കൂറിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഗസ്റ്റ് ഹൗസ്തന്നെ ജയിലാക്കി മാറ്റിയെങ്കിലും വൈകാതെ പുറത്തിറങ്ങി.
ജനകീയ വിഷയങ്ങളില്‍ രാഹുലും പ്രിയങ്കയും സമീപ കാലങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍ അതില്‍നിന്നു ഭിന്നമായ രാഷ്ട്രീയ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ് ഇവിടെ പയറ്റിയത്. പ്രിയങ്കയെ തടഞ്ഞതിനു പിന്നാലെ ലഖിംപൂരിലേക്ക് പോകാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഇതിന്റെ ഭാഗമായിരുന്നു. ഇതൊരു രാഷ്ട്രീയ കെണിയാണെന്ന് തിരിച്ചറിയാന്‍ ആദിത്യനാഥ് സര്‍ക്കാറിനും അദ്ദേഹത്തിന്റെ പൊലീസിനും അല്‍പം സമയം വേണ്ടിവന്നു. രാഹുലിനെക്കൂടി തടഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കണ്ടതോടെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അഞ്ചുപേര്‍ വീതമുള്ള പ്രതിനിധി സംഘത്തെ ലഖിംപൂരിലേക്ക് അക്കാന്‍ അനുമതി നല്‍കി ആദിത്യനാഥ് സര്‍ക്കാര്‍ ചുവട് മാറ്റിച്ചവിട്ടി.
രാഷ്ട്രീയ താല്‍പര്യം ആരോപിക്കുമ്പോഴും രാഹുലും പ്രിയങ്കയും തുറന്നുവെക്കുന്ന പ്രതീക്ഷയുടെ നേര്‍ത്ത വാതില്‍പഴുതിനെ കാണാതിരുന്നു കൂടാ. ഫാസിസം മുച്ചുടൂം കീഴടക്കിക്കഴിഞ്ഞ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വീണ്ടെടുക്കലിനുള്ള ഏക മാര്‍ഗമാണ് ആ ഇത്തിരി വിടവ്. കാരണം പ്രതിരോധിക്കാനും പ്രതികരിക്കാനും ഇന്ന് അവര്‍ രണ്ടുപേരും മാത്രമേയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. ഫാസിസത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഇത്രമേല്‍ ക്രൂശിക്കപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധിയെപ്പോലെ മറ്റൊരാള്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല. ഇത്രമേല്‍ പരിഹസിക്കപ്പെട്ട മറ്റൊരു നേതാവും ഉണ്ടാവില്ല. എന്നിട്ടും ആ മനുഷ്യന്‍ തന്റെ ദൗത്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടു പോകുന്നില്ല എന്നത് അത്ഭുതകരമാണ്.
ആള്‍കൂട്ട കൊലപാതകങ്ങളില്‍, ദളിത് വേട്ടയില്‍, പൗരത്വ സമരത്തില്‍, കര്‍ഷക സമരത്തില്‍.., എല്ലാറ്റിനും തന്റെ ഉറച്ച നിലപാടുകള്‍ അയാള്‍ ഉച്ചത്തില്‍ തന്നെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വിയോജിപ്പിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഈ വിളിച്ചു പറയലുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ആ വിടവിലൂടെ നൂഴ്ന്നു കയറി വേണം നമുക്ക് നഷ്ടമായ ജനാധിപത്യത്തിന്റെ പൂര്‍വപ്രതാപങ്ങളെ വീണ്ടെടുക്കാന്‍. കനയ്യ കുമാറും ജിഗ്മേഷ് മേവാനിയുമെല്ലാം കോണ്‍ഗ്രസ് കൂടാരത്തില്‍ എത്തുന്ന കാലത്ത് വിരിയാന്‍ ഇനിയും വസന്തം ബാക്കി നില്‍ക്കുന്നുണ്ടെന്ന പ്രതീക്ഷകള്‍ തന്നെയാണുള്ളത്.
എന്നാല്‍ ലഖിംപൂരിലെ കര്‍ഷക കൊലപാതകങ്ങളില്‍ നിയമം ഇപ്പോഴും പരിധിക്കു പുറത്താണ് എന്നതാണ് ഏറ്റവും നിരാശാജനകം. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ഭീകര ദൃശ്യങ്ങള്‍, തെറിച്ചു വീഴുന്ന കര്‍ഷകരുടെ നിലവിളികള്‍, കണ്ടു നില്‍ക്കുന്നവരുടെ അട്ടഹാസങ്ങള്‍.., എല്ലാം ഈ രാജ്യത്തെ ജനങ്ങള്‍ കണ്‍മുന്നിലെന്ന പോലെ കണ്ടതാണ്. എന്നിട്ടും അതിന് ഉത്തരവാദികളായവര്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് രക്ഷപ്പെട്ടു കഴിയുന്നു. കര്‍ഷക കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ അനിഷ്ടം പ്രകടിപ്പിച്ചിട്ടും ആദിത്യനാഥ് സര്‍ക്കാര്‍ കുലുങ്ങാത്ത മട്ടാണ്. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി അത്രമേല്‍ രൂക്ഷമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ വിമര്‍ശിച്ചത്. കൊലക്കേസ് പ്രതിയെ കത്തുനല്‍കി സല്‍ക്കാരത്തിനെന്ന പോലെ ക്ഷണിച്ചു വരുത്തുന്ന യു പി സര്‍ക്കാറിന്റെ നടപടിയെയും കുറ്റവാളികളുടെ അറസ്റ്റ് വൈകുന്നതിനേയുമാണ് കോടതി ചോദ്യം ചെയ്തത്. ഇതേ വിഷയത്തില്‍ അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും നിലവിലുണ്ട്.
സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും രണ്ടു പേരെ മാത്രമാണ് അറസ്റ്റു ചെയ്തത്. അതും മുഖ്യ ആരോപണ വിധേയനെ മാറ്റിനിര്‍ത്തിക്കൊണ്ട്. ഭരണകൂടത്തിന്റെ ഈ നടപടി എന്ത് സന്ദേശമാണ് ജനത്തിന് നല്‍കുന്നതെന്ന് ചോദിച്ചത് പരമോന്നത നീതിപീഠം തന്നെയാണ്. നിയമവാഴ്ചക്കുമേലുള്ള പൗരന്റെ വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇതില്‍പരം എന്തുവേണം. അല്‍പം ദയയെങ്കിലും നമ്മുടെ അന്നദാതാക്കള്‍ അര്‍ഹിക്കുന്നില്ലേ.., വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ജനാധിപത്യത്തിന്റെ സാധ്യതകള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള മാര്‍ഗങ്ങള്‍ മാത്രമാണ് കര്‍ഷകര്‍ ഇതുവരേയും അവലംബിച്ചത്. സ്വന്തം നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായിട്ടു കൂടി. എന്നിട്ടും ഇത്ര ക്രൂരത അവരോട് എന്തിനു കാണിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചാലല്ലാതെ, അവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കിയാലല്ലാതെ ആ ഉത്തരം പൂര്‍ണമാകില്ല.

സിദ്ദീഖ് കാപ്പന്‍
തടവറയിലെ ഒരു വര്‍ഷം

ഹാഥ്‌റസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് വാര്‍ത്ത തയ്യാറാക്കാനുള്ള യാത്രക്കിടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ യു പി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ആദ്യം നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചു. ആ കാരാഗൃഹ വാസം ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടെ രോഗപീഡയുടെ ഏറ്റവും തീവ്രമായ അനുഭവങ്ങളിലൂടെയാണ് കാപ്പന്‍ കടന്നുപോയത്. ജയിലില്‍ വീണ് എല്ലുപൊട്ടി. പ്രമേഹം മൂര്‍ച്ഛിച്ച് കണ്ണിന്റെ കാഴ്ചയെ ബാധിച്ചു. ഇടക്ക് കോവിഡ് ബാധിതനായി. മകന്റെ ജയില്‍ വാസത്തോടെ കിടപ്പിലായിപ്പോയ മാതാവിന്റെ മരണം…, അങ്ങനെ ദുരന്തങ്ങളുടെ പെരുമഴപ്പെയ്ത്തായിരുന്നു കാപ്പന്റെ ജീവിതത്തിലെ പിന്നിട്ട ഒരു വര്‍ഷം.
എന്തായിരുന്നു ഇതിനു മാത്രം ആ മനുഷ്യന്‍ ചെയ്ത തെറ്റ് എന്ത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തര്‍പ്രദേശ് പൊലീസിന് കൃത്യമായ ഉത്തരമില്ല. കാപ്പന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും അതില്‍ ഇല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. യു പി പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ് ടി എഫ്) സമര്‍പ്പിച്ച 5000 പേജ്‌വരുന്ന കുറ്റപത്രത്തില്‍ തെളിവായി യു പി പൊലീസ് പറയുന്നതില്‍ ഏറിയ പങ്കും വിവിധ വിഷയങ്ങളില്‍ വിവിധ സമയങ്ങളില്‍ കാപ്പന്‍ എഴുതിയിട്ടുള്ള ലേഖനങ്ങളാണ്. സംഘ്പരിവാര്‍ നയങ്ങളേയും കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് സമീപനങ്ങളേയും തുറന്നെതിര്‍ത്ത് എഴുതിയിട്ടുള്ള ഈ ലേഖനങ്ങളെല്ലാം രാജ്യദ്രോഹപരമാണ് എന്ന് സമര്‍ഥിക്കാനാണ് കുറ്റപത്രത്തിലൂടെ യു പി പൊലീസ് ശ്രമിച്ചിട്ടുള്ളത്. കാപ്പന്റെ ലേഖനങ്ങള്‍ മുസ്്‌ലിംകളെ പ്രകോപിപ്പിക്കുന്നതും രഹസ്യ അജണ്ടകളുള്ളതുമാണെന്നാണ് എസ് ടി എഫ് വാദം.
ഉത്തരവാദിത്ത ബോധമുള്ള മാധ്യമ പ്രവര്‍ത്തകനെ പോലെയെല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മാവോവാദികളേയും കമ്മ്യൂണിസ്റ്റുകാരേയും അനുകൂലിക്കുന്ന ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. മേമ്പൊടിക്കായി കാപ്പന്‍ മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങളും എസ് ടി എഫ് കുറ്റപത്രത്തില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. സംഘ്പരിവാര്‍ വിരുദ്ധ നിലപാടുള്ള ആയിരക്കണക്കിന് രാഷ്ട്രീയ ലേഖനങ്ങള്‍ ഇക്കാലയളവില്‍ പുറത്തുവന്നിട്ടുണ്ടാകും. ഇത് എഴുതിയവരെല്ലാം രാജ്യദ്രോഹികളാകുമോ എന്ന ചോദ്യംകൂടി ഇതിലൂടെ ഉയര്‍ന്നുവരുന്നുണ്ട്. കോവിഡ് വ്യാപനം, പൗരത്വ നിയമ ഭേദഗതി, ഡല്‍ഹി കലാപം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എന്നീ വിഷയങ്ങളിലെല്ലാം കാപ്പന്‍ എഴുതിയ ലേഖനങ്ങള്‍ യു പി പൊലീസിന്റെ രാജ്യദ്രോഹ പട്ടികയില്‍ വരും. ലേഖനത്തില്‍ മുസ്്‌ലിംകളെ ഇരകളായാണ് ചിത്രീകരിക്കുന്നതെന്നും മുസ്‌ലിംകളെ പൊലീസ് മര്‍ദ്ദിക്കുന്നുവെന്നും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നുവെന്നും പറയുന്ന ലേഖനം മുസ്്‌ലിംകളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണെന്നുമാണ് ആരോപിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയാണ് ഇതിലെല്ലാം കാണുന്നതെന്നും പൊലീസ് ആരോപിക്കുന്നു. ഫാസിസം ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് പേനയെയാണ്. എഴുത്തിനെയാണ്. കാരണം മൂര്‍ച്ചയുള്ള ആയുധത്തെ പ്രതിരോധിക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് മൂര്‍ച്ചയുള്ള പേനയെ പ്രതിരോധിക്കല്‍. അതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ക്ക് രാജ്യദ്രോഹികളാകുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട ഫിലിപ്പീന്‍സ് മാധ്യമ പ്രവര്‍ത്തക മരിയ റെസ്സക്കും റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദിമിത്രി മുറാടോവിനും സമാധാന നൊബേല്‍ സമ്മാനം ലഭിച്ച അതേ വര്‍ഷം തന്നെയാണ് സിദ്ദീഖ് കാപ്പനെപ്പോലുള്ളവര്‍ കാരാഗൃഗവാസത്തിന്റെ വാര്‍ഷികം തികയ്ക്കുന്നത്. ഇത് ചരിത്രത്തിലെ വൈരുധ്യമായിരിക്കാം. സായുധ, സൈനിക ബലം കൊണ്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഫാസിസം എങ്ങനെ കുഴിച്ചുമൂടുന്നു എന്ന് അന്വേഷിക്കുന്നവര്‍ക്ക് കാപ്പന്‍ സംഭവം നല്ലൊരു റഫറന്‍സ് ആയിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x