ലൈംഗികാസക്തിയുടെ നിയന്ത്രണം
എം ടി അബ്ദുല്‍ഗഫൂര്‍
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് കഴിവും പ്രാപ്തിയുമെത്തിയവര്‍ വിവാഹം ചെയ്തുകൊള്ളട്ടെ. തീര്‍ച്ചയായും അത് കണ്ണിനെ നിയന്ത്രിക്കുകയും ലൈംഗികവിശുദ്ധി നിലനിര്‍ത്തുകയും ചെയ്യും. വിവാഹിതരാവാന്‍ സാധിക്കാത്തവര്‍ വ്രതമനുഷ്ഠിക്കട്ടെ. അതവരുടെ ലൈംഗികാസക്തിയെ നിയന്ത്രിക്കും. (ബുഖാരി, മുസ്‌ലിം)
മനുഷ്യ വംശത്തിന്റെ വര്‍ധനവിനും സദാചാര നിഷ്ഠമായ സമൂഹത്തിന്റെ നിലനില്പിനും അനിവാര്യമായ പ്രധാനപ്പെട്ട കര്‍മമാണ് വിവാഹം. മനുഷ്യ ജീവിതത്തില്‍ സദാചാര നിഷ്ഠയ്ക്ക് പ്രാധാന്യം നല്‍കുന്ന മതങ്ങളെല്ലാം പരിപാവനമായ ഒരു കര്‍മമായിട്ടാണ് വിവാഹത്തെ കാണുന്നത്. മനുഷ്യ പ്രകൃതിയുടെ തേട്ടവും ജൈവികമായ ആവശ്യവുമാണ് വികാരശമനമെന്നത്. എന്നാല്‍ അതിനുവേണ്ടി മാത്രമാണ് വിവാഹം എന്ന് പറയാവതല്ല. മറിച്ച്, സമൂഹത്തിന്റെ സുരക്ഷിതത്വവും സമാധാന ജീവിതവും വംശവര്‍ധനവും എല്ലാം വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെ. ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ഇണകളായി ജീവിക്കാന്‍ തീരുമാനിച്ചാല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കുകയില്ല തന്നെ. വിശുദ്ധവും സുരക്ഷിതവുമായ ഒരു സാമൂഹിക ഘടനയെ നിരാകരിക്കുന്നവര്‍ക്ക് മാത്രമേ സ്വവര്‍ഗരതിയെ അനുകൂലിക്കാന്‍ സാധിക്കുകയുള്ളൂ. വിശേഷ ബുദ്ധി സിദ്ധിച്ച മനുഷ്യന്‍ മാന്യനാണ്. അവന്റെ വ്യക്തി ജീവിതവും കുടുംബ വ്യവസ്ഥയും സാമൂഹിക ഘടനയും മാന്യമായിരിക്കണമെന്നതുകൊണ്ടാണ് ഇസ്‌ലാം വിവാഹം നിയമമാക്കിയത്.
കാമ പൂര്‍ത്തീകരണത്തിന് ആരുമായും വേഴ്ചയാവാമെന്നത് സാമൂഹിക ജീവിതത്തിന്റെ സുരക്ഷയെയാണ് ബാധിക്കുന്നത്. സമൂഹത്തില്‍ അക്രമവും അരാജകത്വവും വ്യാപിക്കുക എന്നത് മാത്രമായിരിക്കും അത്തരം വഴിവിട്ട ബന്ധങ്ങളുടെ അനന്തരഫലം. മനുഷ്യ സമൂഹത്തിന്റെ മാന്യമായ പുരോഗതിക്കും സമാധാന പൂര്‍ണമായ സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കുന്ന ഇസ്‌ലാം വിവാഹജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നത് അതുകൊണ്ടാണ്.
ദൃഷ്ടിയുടെ ചലനത്തെയും ലൈംഗികാസക്തിയെയും നിയന്ത്രിക്കുവാന്‍ വിവാഹത്തിലൂടെ സാധ്യമാവുമെന്നതാണ് ഈ നബിവചനത്തിന്റെ സന്ദേശം. അതിന് സാഹചര്യമൊരുങ്ങിയിട്ടില്ലാത്തവര്‍ വ്രതാനുഷ്ഠാനത്തിലൂടെ മനസ്സ് നിയന്ത്രിക്കട്ടെ എന്ന ആഹ്വാനവും ഇസ്‌ലാം ജീവിത വിശുദ്ധിയെ ലക്ഷ്യംവെക്കുന്നതിന്റെ തെളിവത്രെ. വൈവാഹിക ജീവിതം നയിക്കാനുള്ള ശാരീരിക ശേഷിയും പക്വതയും വിവേകവും തന്റേടവും കൈവരിച്ച യുവതയെ വിവാഹത്തിന് പ്രേരിപ്പിക്കുന്നതാണ് ഈ നബിവചനം. പക്വതയും പാകതയും പ്രായത്തിന്റെ അളവുകോല്‍ വെച്ചുമാത്രം വിലയിരുത്താനാവില്ല. ജനിച്ച കുടുംബവും വളര്‍ന്ന ചുറ്റുപാടുമെല്ലാം അതിന് സ്വാധീനിക്കുന്ന ഘടകങ്ങളത്രെ.
ധാര്‍മികതയും മൂല്യബോധവുമില്ലാതെ ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളവരുമായി ഇണചേരുവാനും പ്രണയിക്കുവാനുമുള്ള സ്വാതന്ത്ര്യം എന്ന ആശയം മനുഷ്യപ്രകൃതിക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക വിരുദ്ധവും. വിവാഹത്തി ലൂടെയും കുടുംബ സംവിധാനത്തിലൂടെയും കൃത്യമായ ഒരു മേല്‍വിലാസത്തില്‍ അറിയപ്പെടുക എന്നതുതന്നെയാ ണ് മാന്യതയുടെ അടയാളം. മനുഷ്യ സമൂഹത്തിന്റെ സുതാര്യവും സുരക്ഷിതവുമായ നിലനില്പിന് വിവാഹവും കുടുംബവും അനിവാര്യമാണെന്നത്രെ ഈ നബിവചനത്തിന്റെ പൊരുള്‍.