ലൈംഗിക ഇഴയടുപ്പവും ഇസ്‌ലാമും
വി കെ ഹാരിസ്
മുസ്ലിം സ്ത്രീ-പുരുഷന്മാരുടെ ലൈംഗിക ഇഴയടുപ്പത്തെ സംബന്ധിച്ചുള്ള മനോഹരമായ കൈപ്പുസ്തകമാണ് ‘സെക്‌സ്, സോള്‍, ഇസ്ലാം.’ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈവാഹിക കൗണ്‍സിലര്‍മാരും സാമൂഹികശാസ്ത്രജ്ഞരുമായ ഉസ്മാന്‍ സിഡെക്കും ഭാര്യ എനോ മന്‍സൂറും ചേര്‍ന്ന് എഴുതിയ എളുപ്പത്തില്‍ വായിക്കാവുന്ന ഈ പുസ്തകം ഇസ്ലാമിലെ വൈവാഹിക ബന്ധങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാലും പ്രായോഗിക നുറുങ്ങുകളാലും സമ്പന്നമാണ്. ഈ രംഗത്തുള്ള സമകാലിക ഗവേഷണ പഠനങ്ങളുടെയും വൈവാഹിക പരിശീലനത്തിലെ പതിറ്റാണ്ടുകളുടെ അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഇണകള്‍ തമ്മിലുള്ള ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള പൊതുവായ മിഥ്യകളെയും വിധികളെയും അഭിസംബോധന ചെയ്യുന്നുമുണ്ട് ഈ പുസ്തകം.
ഇസ്ലാമിലെ ലൈംഗികത, ദാമ്പത്യാവകാശങ്ങള്‍, ലൈംഗിക മര്യാദകള്‍, ലൈംഗികാനുഭവം എന്നിങ്ങനെ ഇവ്വിഷയകമായി ഇസ്ലാമിലെ നിയമവിധികളുടെ ആത്മാവ് മനസ്സിലാക്കാന്‍ വായനക്കാരെ സഹായിക്കുന്ന നാല് അധ്യായങ്ങളാണ് ഇതിലുള്ളത്.
‘നമ്മുടെ വിശ്വാസത്തിലെ ലൈംഗികതയുടെ അംശം’ എന്ന അധ്യായത്തില്‍ മനുഷ്യാവലിയുടെ നിലനില്പിലും വിശ്വാസത്തിന്റെ ഉള്‍ക്കൊള്ളലിലും ലൈംഗികതയുടെ പങ്ക് വിശദീകരിക്കുന്നു.
ഇസ്ലാമില്‍ വിവാഹത്തിന്റെ നിര്‍ണായക പങ്കിനെ കുറിച്ചും ലൈംഗിക വിഷയങ്ങളോടുള്ള കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും ഇസ്ലാം ചിലപ്പോള്‍ പഴഞ്ചന്‍ രീതിയിലാകുന്നത് എന്തുകൊണ്ടാണെന്നും ചര്‍ച്ച ചെയ്യുന്നു. വിവാഹ ജീവിതത്തിലെ ലൈംഗികതയെ ആഘോഷിക്കാന്‍ ഇണകള്‍ക്കിടയില്‍ ശാന്തതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനിവാര്യത അത് ഊന്നിപ്പറയുന്നു.
അധ്യായം രണ്ട് ദാമ്പത്യാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. മുസ്ലിം സമൂഹങ്ങള്‍ എങ്ങനെയാണ് പലപ്പോഴും ഇസ്ലാം അനുസരിച്ച് ജീവിക്കുന്നതില്‍ പരാജയപ്പെടുന്നതെന്ന് നോക്കുന്നു. വിശ്വാസത്തിന് നിരക്കാത്ത നിയമവിധികളുടെ ആശയപരമായ പുനരാവിഷ്‌കരണം ആവശ്യപ്പെടുന്നു. രണ്ട് രചയിതാക്കള്‍ക്കും സാമൂഹിക പഠനങ്ങളെക്കുറിച്ചും ലൈംഗിക തെറാപ്പികളെക്കുറിച്ചും നല്ല ധാരണയുണ്ട്. സ്വന്തം കൗണ്‍സലിംഗ് അനുഭവങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക ലൈംഗിക മൂല്യങ്ങളുടെ ആദര്‍ശത്തെയും യാഥാര്‍ഥ്യത്തെയും കുറിച്ച് വിലപ്പെട്ട പാഠങ്ങള്‍ അവര്‍ പങ്കുവെക്കുന്നു.
‘ലൈംഗികാനുഭവം’ എന്ന അവസാന അധ്യായം, ലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ക്കുള്ള വളരെ പ്രായോഗികമായ നുറുങ്ങുകളാണ് അവതരിപ്പിക്കുന്നത്. നമ്മുടെ ദാമ്പത്യത്തില്‍ സമാധാനവും സ്നേഹവും കാരുണ്യവും നിലനില്‍ക്കാന്‍ പ്രവാചകന്റെ(സ) അധ്യാപനങ്ങളിലൂടെയും ഖുര്‍ആനിക പാഠങ്ങളിലൂടെയും ഉസ്മാന്‍ സിഡെക്കും എനോ മന്‍സൂറും സഞ്ചരിക്കുന്നു. ഗ്രന്ഥകര്‍ത്താക്കള്‍ പുസ്തകരചനയെ സംബന്ധിച്ച് ഒരു ലേഖനത്തില്‍ എഴുതിയത് ഉദ്ധരിക്കാം.
‘വൈവാഹിക-ലൈംഗിക അധ്യാപകരും കൗണ്‍സിലര്‍മാരും എന്ന നിലയില്‍, യഥാര്‍ഥ ഇസ്ലാമിക ലൈംഗിക അധ്യാപനങ്ങളെ സംബന്ധിച്ച് സമൂഹത്തില്‍ ന്യായമായ അവബോധം ഉണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇസ്ലാമിക ലൈംഗിക നിയമങ്ങള്‍, വിധികള്‍, ചെയ്യേണ്ടതും ചെയ്യരുതാത്തതും, ഇഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ചോദ്യങ്ങളും അഭിസംബോധന ചെയ്യുന്ന നിരവധി വെബ്‌സൈറ്റുകളും പുസ്തകങ്ങളും ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഈ വിഷയത്തില്‍ മുസ്ലിം കാഴ്ചപ്പാടുകളുടെ നിര്‍ണായക ഉറവിടമാണ് അവ. ഇസ്ലാമിലെ ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുകയും പ്രത്യാഖ്യാനം നടത്തുകയും ചെയ്യുമ്പോഴും, മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെക്കൂടി പരിഗണിക്കുന്ന സമഗ്രമായ വീക്ഷണത്തിന്റെ അഭാവം ഇവയിലെല്ലാം കാണാം.
ഒരു ഗ്രന്ഥവും ഈ പരസ്പര ബന്ധങ്ങള്‍ക്ക് ശ്രമിക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള ഇസ്ലാമിക സന്ദേശം സമഗ്രമായി അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഈ പരസ്പര ബന്ധങ്ങള്‍, പരലോകത്തേക്കുള്ള സ്ത്രീയുടെയും പുരുഷന്റെയും ഒരുമിച്ചുള്ള യാത്രയില്‍, മനുഷ്യാവസ്ഥയുടെ രണ്ട് വിരുദ്ധ ഘടകങ്ങള്‍ – ജഡികവും ആത്മീയവും – തമ്മിലുള്ള ഒരു സാധ്യതയില്ലാത്തതും എന്നാല്‍ ശക്തവുമായ സഖ്യം എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന് വിശദമാക്കാനാണ് ഞങ്ങളുടെ ശ്രമം.’
ഇസ്ലാമിക വീക്ഷണകോണില്‍ നിന്ന് ആത്മീയതയുടെയും പ്രണയത്തിന്റെയും സമതുലിതമായ സമീപനം അവതരിപ്പിക്കുന്നതില്‍ രചയിതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു.