6 Friday
December 2024
2024 December 6
1446 Joumada II 4

അനുഗ്രഹങ്ങളുടെയും പുണ്യത്തിന്റെയും രാവ്

നദീര്‍ കടവത്തൂര്‍


വിശ്വാസികളെ സംബന്ധിച്ചിടത്തോളം റമദാന്‍ പകരുന്ന ആവേശം വളരെ വലുതാണ്. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരലോക ജീവിതത്തിലെ നന്മതിന്മകളെ നിര്‍ണയിക്കാന്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന ഒരു സുവര്‍ണാവസരമാണ് യഥാര്‍ഥത്തില്‍ റമദാന്‍. ജീവിതത്തില്‍ സംഭവിച്ച തിന്മകളില്‍ നിന്ന് പൂര്‍ണമായും മുക്തി നേടാനും സ്വര്‍ഗീയ ജീവിതത്തിന്ന് ആവശ്യമായ നന്മകള്‍ വാരിക്കൂട്ടാനും റമദാന്‍ പോലെ മറ്റൊരു അവസരമില്ല എന്നതാണ് സത്യം.
റമദാന്‍ വിശ്വാസികള്‍ക്ക് പ്രദാനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നന്മകളില്‍ മുഴുകാനും തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാനും സാഹചര്യമൊരുക്കുന്നു എന്നുള്ളതാണ്. മനുഷ്യന്റെ ഏറ്റവും പ്രാഥമിക ആവശ്യമായ ഭക്ഷണവും വെള്ളവും അവനു വിലക്കുക വഴി മറ്റ് ആഗ്രഹങ്ങളില്‍ നിന്നും ആവശ്യങ്ങളില്‍ നിന്നും മനസ്സിന് കടിഞ്ഞാണിടാന്‍ അവനു കഴിയുന്നു. ഈ ഒരു മാനസികാവസ്ഥയില്‍ നന്മയ്ക്ക് കൂടുതല്‍ പ്രതിഫലവും അവസരവും റമദാന്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അതില്‍ ശ്രദ്ധ കൊടുക്കാന്‍ വിശ്വാസിക്ക് സാധിക്കും. ഈ രൂപത്തില്‍ റമദാന്‍ വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന അവസരങ്ങളുടെയും പ്രതിഫലങ്ങളുടെയും മൂര്‍ത്തസമയമാണ് റമദാനിലെ അവസാനത്തെ പത്ത്.
അവസാനത്തെ പത്തും
പ്രത്യേകതകളും

റമദാന്‍ മാസത്തിന്റെ പ്രത്യേകത ഖുര്‍ആന്‍ അവതീര്‍ണമായി എന്നുള്ളതാണ്. ഖുര്‍ആനിന്റെ ഈ അവതരണം നടന്ന ദിവസമാണ് ലൈലതുല്‍ ഖദ്ര്‍. എന്നാല്‍ എന്നാണ് ലൈലതുല്‍ ഖദ്ര്‍ എന്നതിനെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ പ്രവാചക അധ്യാപനങ്ങളില്‍ കാണാന്‍ സാധ്യമല്ല. റമദാനിന്റെ അവസാനത്തെ പത്ത് ദിനങ്ങളില്‍ ഏതോ ഒരു ദിവസമാണ് ഈ നിര്‍ണയത്തിന്റെ രാത്രിയെന്നാണ് പ്രവാചക അധ്യാപനങ്ങളുടെ സംഗ്രഹം. അതിനാല്‍ തന്നെ റമദാനിലെ അവസാനത്തെ പത്തും അതിലെ ഓരോ ദിനങ്ങളും ഏറെ പുണ്യമര്‍ഹിക്കുന്നതാണ്.
ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചുകൊണ്ട് റമദാനിന്റെ അവസാനത്തെ പത്തിനെ നന്മകള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തണമെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. അവസാനത്തെ പത്ത് സമാഗതമായാല്‍ മറ്റൊരു സമയത്തുമില്ലാത്തതുപോലെ നബി(സ) തയ്യാറെടുക്കുകയും കൂടുതല്‍ നന്മകളില്‍ മുഴുകുകയും ചെയ്യുമായിരുന്നു. ആഇശ(റ) പറഞ്ഞു: ”അവസാനത്തെ പത്തായാല്‍ നബി(സ) അര മുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും വീട്ടുകാരെ ഉണര്‍ത്തുകയും ചെയ്യുമായിരുന്നു” (ബുഖാരി 2024).
മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ആഇശ(റ) പറഞ്ഞു: ”റമദാന്‍ അവസാനത്തെ പത്തില്‍ നബി(സ) മറ്റൊരു കാലത്തും ചെയ്യാത്തവിധം ആരാധനാകര്‍മങ്ങളില്‍ മുഴുകാറുണ്ടായിരുന്നു (മുസ്‌ലിം 1175). നബി(സ) സാധാരണയായി ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നതും റമദാനിലെ അവസാനത്തെ പത്തിലായിരുന്നു (ബുഖാരി 2026).
ഖുര്‍ആനിന്റെ
അവതരണം

റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ അവതീര്‍ണമായി എന്ന് എപ്പോഴും കേള്‍ക്കാറുണ്ടെങ്കിലും അത് ഏതു രൂപത്തിലാണെന്ന് പലര്‍ക്കും അറിയില്ല. ഹിറാ ഗുഹയില്‍ പ്രവാചകന് ഖുര്‍ആന്‍ അവതരിച്ചതാണോ അതോ ഖുര്‍ആന്‍ അല്ലാഹു ലൗഹുല്‍ മഹ്ഫൂളിലേക്ക് ഇറക്കിയതാണോ ഏതാണ് റമദാനിലെ ലൈലതുല്‍ ഖദ്‌റില്‍ നടന്നതെന്ന് വിശദമായി പരിശോധിക്കാം.
യഥാര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ അവതരണം മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടം അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ ലൗഹുല്‍ മഹ്ഫൂളിലേക്ക് അവതരിച്ചു എന്നതാണ്. അല്ലാഹുവിന്റെ തീരുമാനങ്ങളും നടപടിക്രമങ്ങളും രേഖപ്പെടുത്തപ്പെട്ട സംരക്ഷിത രേഖയാണ് ലൗഹുല്‍ മഹ്ഫൂള്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്” (56:77,78). ”അത് മഹത്വമേറിയ ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്” (85:21,22).
രണ്ടാമത്തെ ഘട്ടം ഖുര്‍ആന്‍ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാമാകാശത്തെ ബൈതുല്‍ ഇസ്സയിലേക്ക് അവതരിച്ചു എന്നതാണ്. ഇതായിരുന്നു ലൈലതുല്‍ ഖദ്‌റില്‍ നടന്നതെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇബ്‌നു അബ്ബാസ്, ഹാകിം, ബൈഹഖി, നസാഈ, ത്വബ്‌റാനി, ഇമാം അസ്ഖലാനി എന്നിവരൊക്കെ ഈ അഭിപ്രായക്കാരാണ്.
എന്നാല്‍ ഇമാം ശുഅ്ബിയെപ്പോലുള്ള മറ്റു ചില പണ്ഡിതര്‍ ലൈലതുല്‍ ഖദ്‌റില്‍ ഖുര്‍ആന്‍ പ്രവാചകന് അവതീര്‍ണമായി തുടങ്ങുകയാണ് ചെയ്തത് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അമാനി മൗലവി പറഞ്ഞതുപോലെ ”ഈ രണ്ട് അഭിപ്രായങ്ങളും തമ്മില്‍ പരസ്പര വൈരുദ്ധ്യമില്ലാത്ത സ്ഥിതിക്ക് രണ്ടും ശരിയായിരിക്കുന്നതിനു വിരോധമില്ലതാനും.”
മൂന്നാം ഘട്ടം നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന പ്രവാചകന്റെ(സ) അടുക്കല്‍ ഹിറാ ഗുഹയില്‍ ജിബ്രീല്‍(അ) വരുകയും സൂറഃ അലഖിലെ ആദ്യ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും ചെയ്തത് മുതല്‍ 23 വര്‍ഷം കൊണ്ട് ഖുര്‍ആന്‍ പ്രവാചകന് വിവിധ സമയങ്ങളിലായി ഇറങ്ങിയ ഘട്ടമാണ്.
ലൈലതുല്‍ ഖദ്ര്‍
എന്ന്?

ലൈലതുല്‍ ഖദ്ര്‍ എന്നാണെന്ന് പ്രവാചകന്‍(സ) കൃത്യമായി പഠിപ്പിച്ചിട്ടില്ല. അത് പ്രവാചകന് അറിയിച്ചുകൊടുത്തിരുന്നുവെങ്കിലും അല്ലാഹു മറപ്പിച്ചുകളയുകയാണ് ഉണ്ടായതെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാലും ചില സൂചനകള്‍ പ്രവാചകന്‍(സ) നല്‍കുകയും ചെയ്തിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു. നബി(സ) പറഞ്ഞു: ”ലൈലതുല്‍ ഖദ്‌റിനെ നിങ്ങള്‍ റമദാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പത് അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍” (ബുഖാരി 2020).
ഈ ഹദീസില്‍ നിന്ന് റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളിലാണ് ലൈലതുല്‍ ഖദ്റിനെ പ്രതീക്ഷിക്കേണ്ടതെന്ന് മനസ്സിലാക്കാം. ഇതാണ് പ്രബലമായ വീക്ഷണവും. എന്നാല്‍ മറ്റു ചില റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ അവസാനത്തെ പത്തിലെ ഏതു ദിവസവുമാകാം എന്ന സൂചനയുമുണ്ട്. ഏതായാലും വിശ്വാസികളെ സംബന്ധിച്ച് അവസാനത്തെ പത്ത് മുഴുവന്‍ പുണ്യ രാത്രിയെ പ്രതീക്ഷിച്ച് ആവേശത്തോടെ സത്കര്‍മങ്ങളില്‍ മുഴുകണം.
ലൈലതുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠതകള്‍
ഖുര്‍ആന്‍ ഇറങ്ങിയ രാത്രിയായതിനാല്‍ തന്നെ ലൈലതുല്‍ ഖദ്‌റിന് ധാരാളം ശ്രേഷ്ഠതകള്‍ ഖുര്‍ആനിലും ഹദീസിലും കാണാന്‍ കഴിയും. അല്ലാഹു പറയുന്നു: ”നിശ്ചയം നാമതിനെ (ഖുര്‍ആന്‍) ലൈലതുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ ഖദ്ര്‍ ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു. അന്ന് മലക്കുകളും ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുവാദത്തോടുകൂടി എല്ലാ കല്‍പനകളുമായി ഇറങ്ങിക്കൊണ്ടിരിക്കും. പ്രഭാതം വരെ അന്ന് രക്ഷയുണ്ടായിരിക്കും” (97:15).
ആയിരം മാസത്തേക്കാള്‍ പുണ്യം ലഭിക്കുന്ന രാത്രിയെന്നതാണ് ലൈലതുല്‍ ഖദ്‌റിന്റെ ഏറ്റവും വലിയ പ്രത്യേകത. അഥവാ ഈ രാവില്‍ ഒരു പുണ്യം ചെയ്യുന്ന വ്യക്തിക്ക് 83 വര്‍ഷത്തോളം പുണ്യം ചെയ്ത പ്രതിഫലം ലഭിക്കുമെന്നര്‍ഥം. കൂടാതെ മലക്കുകളും അവരുടെ നേതാവായ ജിബ്‌രീലും അല്ലാഹുവിന്റെ അനുമതി പ്രകാരം കല്‍പനകളുമായി ഇറങ്ങിവരുന്ന പ്രൗഢമായ രാത്രിയാണത്. ലൈലതുല്‍ ഖദ്റിനെ അനുഗൃഹീതമായ രാത്രിയെന്ന് ഖുര്‍ആന്‍ പ്രത്യേകം വിശേഷിപ്പിച്ചിട്ടുണ്ട് (ദുഖാന്‍ 3). സൂറഃ ഖദ്‌റില്‍ ആ രാത്രി സമാധാനമാണെന്ന പ്രസ്താവനയും കാണാം.
ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചുകൊണ്ടു നമസ്‌കാരവും പാപമോചന പ്രാര്‍ഥനകളുമായി കഴിയുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) അരുളി: ”ലൈലതുല്‍ ഖദ്‌റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസത്തോടുകൂടിയും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. വല്ലവനും റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിനു പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം” (ബുഖാരി 1901).
ആഇശ(റ) പറയുന്നു: ഞാ ന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ലൈലതുല്‍ ഖദ്ര്‍ ഏത് രാത്രിയിലാണെന്ന് എനിക്ക് അറിവായാല്‍ ഞാന്‍ എന്താണ് പറയേണ്ടത്? പ്രവാചകന്‍(സ) പറഞ്ഞു:

അല്ലാഹുവേ, നീ മാപ്പ് നല്‍കുന്നവനാണ്. മാപ്പ് ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നീ എനിക്ക് മാപ്പ് നല്‍കേണമേ എന്ന് പറയുക.

Back to Top