10 Tuesday
December 2024
2024 December 10
1446 Joumada II 8

ലൈലത്തുല്‍ ഖദ്ര്‍ കൃത്യമായ ദിവസം പറയാത്തതിലാണ് നന്മ

അബ്ദുല്‍അലി മദനി


വിശുദ്ധ ഖുര്‍ആനിന്റെ അവതണത്തിന് തുടക്കം കുറിച്ച രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍. മുഹമ്മദ് നബി(സ)യെ അന്ത്യ പ്രവാചകനായി നിയോഗിക്കുന്നതിന്റെ തുടക്കം! അല്ലാഹു കല്‍പിക്കുന്നതെന്തും പ്രവര്‍ത്തിക്കുന്ന മാലാഖമാരുടെ സാന്നിധ്യത്തില്‍ സമാധാനം നിറഞ്ഞു തുളുമ്പുന്ന അതിമനോഹര രാവ്.
ഒരു മനുഷ്യന്റെ ആയുഷ്‌ക്കാലം മുഴുവന്‍ പ്രവര്‍ത്തിച്ചാല്‍ കിട്ടുന്ന പ്രതിഫലം ഒരു രാത്രിയില്‍ പ്രാപിക്കാനാവുംവിധം നിര്‍ണയപ്പെടുത്തിയ ദിവസം. ആയിരം മാസത്തേക്കാള്‍ ഉത്തമമാണതെന്ന ഖുര്‍ആനിന്റെ ഉദ്‌ഘോഷണം അതത്രെ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നത്. നൂറുശതമാനവും സത്യവും യാഥാര്‍ഥ്യവുമായി അവതീര്‍ണമായ ദിവ്യവചനങ്ങള്‍.
ഖുര്‍ആനിന്റെ അവതരണത്തെപ്പറ്റി അല്ലാഹു പറയുന്നു: ”സത്യത്തോടുകൂടിയാണ് നാം അത് (ഖുര്‍ആന്‍) അവതരിപ്പിച്ചത്. സത്യത്തോടു കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു.” (17:105). ഈ ഖുര്‍ആനിന്റെ മറ്റൊരു പ്രത്യേകത അത് അവസാനത്തെ വേദവാക്യങ്ങളാണെന്നതാണ്. മുഹമ്മദ് നബി അവസാനത്തെ ദൈവദൂതനുമാണ്. അതുകൊണ്ടുതന്നെ അതീവ ജാഗ്രതയോടെയുള്ള ഒരവതരണമെന്ന നിലക്ക് അത് സംഭവിച്ച് അന്ന് മഹത്തരമായി മാറുന്നു.
”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു” (വി.ഖു 5:3) എന്ന ഈ വചനത്തോടെ ഇസ്‌ലാമിക ശരീഅത്തിന്റെ സമ്പൂര്‍ണത വിളംബരം ചെയ്യപ്പെട്ടു. നബി(സ)യുടെ ജീവിതത്തിലെ 23 വര്‍ഷത്തെ സംഭവബഹുലമായ ജീവിതാനുഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്റെ പ്രായോഗിക തലങ്ങള്‍ അറിയിക്കുമ്പോള്‍ സഗൗരവം ഖുര്‍ആന്‍ എന്തായിരുന്നുവെന്ന് വിശ്വാസികള്‍ക്ക് ഗ്രഹിച്ചെടുക്കാനാകും.
വിശുദ്ധ ഖുര്‍ആന്‍ ഒറ്റയടിക്ക് ഒന്നിച്ചൊരു ഗ്രന്ഥമായി ഇറക്കപ്പെട്ടതല്ല. ഘട്ടംഘട്ടമായിട്ടുള്ള അതിന്റെ അവതരണം പോലും അതിമഹത്തായൊരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്ന് ആ ഗ്രന്ഥം ഉണര്‍ത്തുന്നുണ്ട്. ”നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ഖുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു” (17:106) എന്നുള്ള വചനം ഈയൊരു കാര്യമാണ് വിളിച്ചറിയിക്കുന്നത്. ഈ പറഞ്ഞതില്‍ നിന്നെല്ലാം റമദാന്‍ ഖുര്‍ആനിന്റെ അവതരണം കൊണ്ടനുഗൃഹീതമെന്ന് പറഞ്ഞറിയിക്കുമ്പോള്‍ തന്നെ ഖുര്‍ആനിന്റെ അവതരണ തുടക്കം സംഭവിച്ചതെന്ന നിലയില്‍ മാത്രമാണ് അത് അനുഗൃഹീതമാകുന്നത്. നേരത്തെ സൂചിപ്പിച്ച മാലാഖമാരുടെ സാന്നിധ്യം എല്ലായ്‌പ്പോഴും സംഭവിക്കുന്നതാണെന്നും ഖുര്‍ആന്‍ വചനങ്ങളില്‍ സൂചനയുണ്ട്.
”തീര്‍ച്ചയായും നാമിതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും വിശിഷ്യാ ജിബ്‌രീല്‍ എന്ന മാലാഖയും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ.” (വി.ഖു 97:1-5). ഈ അധ്യായത്തില്‍ ഒരു തവണകൊണ്ട് അവസാനിച്ചൊരു സംഭവമല്ല പരാമര്‍ശിക്കുന്നത്. മറിച്ച് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒന്നാണതെന്നാണ്. ഇവിടെ ‘റൂഹ്’ എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് ജിബ്‌രീല്‍ എന്ന മാലാഖയാണെന്നാണ് പ്രബല വ്യാഖ്യാനം. അല്ലാഹു മാലാഖമാരെ നിയോഗിക്കല്‍ സത്യവുമായിട്ട് മാത്രമാണ്. അഥവാ തിന്മയും വിലക്കപ്പെട്ടതുമായ കാര്യങ്ങള്‍ പ്രയോഗിക്കാനല്ല. ചീത്തയും നിഷിദ്ധവും അക്രമവും അനീതിപരവുമായ ഒന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല. അതിനായി കല്‍പിക്കുകയുമില്ല.
”എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) സാവകാശം നല്‍കപ്പെടുന്നതുമല്ല” (വി.ഖു 15:8). ലൈലത്തുല്‍ ഖദ്‌റിനെ സംബന്ധിച്ച് നബി(സ) അരുളിയത് ഇങ്ങനെയാണ്: ”വല്ലവനും നിര്‍ണയത്തിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്‌ലിം).
ഈ മഹത്തായ രാത്രി എന്നാണെന്ന് കൃത്യമായി അറിയിച്ചിട്ടില്ല. റമദാന്‍ അവസാന ത്തിലുള്ള ഏഴുകളിലോ പത്തുകളിലോ ആയേക്കുമെന്ന് നബി(സ) സൂചന നല്‍കുന്നുണ്ട്. അവസാനപത്തുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ അന്വേഷിക്കണമെന്നും വിശിഷ്യാ അതിലെ ഒറ്റ രാവുകളില്‍ കാത്തിരിക്കാനും നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാചകന്‍(സ) അവസാന പത്തില്‍ രാത്രിയെ ആരാധനയാല്‍ ജീവസ്സുറ്റതാക്കുകയും കുടുംബത്തെ അതിനായി ഉണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു (ബുഖാരി, മുസ്‌ലിം). ഈ രാത്രിയെ നിജപ്പെടുത്താതിരുന്നത് റമദാന്‍ മുഴുവനും ലൈലതുല്‍ഖദ്‌റിനെ തേടിയന്വേഷിച്ച് സല്‍കര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരിക്കുമെന്ന് വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നു.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണം സംഭവിച്ച രാത്രി പ്രവാചകനെയും അവിടുത്തെ രിസാലത്തിനെയും അനശ്വരമാക്കുന്ന ഒരു മഹാസംഭവം തന്നെയാണ്. ഖുര്‍ആന്‍ അവതരിച്ചിരുന്നില്ലെങ്കില്‍ മാനവരാശിയുടെ ഗതിയെന്താകുമെന്ന് ഊഹിക്കാന്‍ പോലും കഴിയാതാകും. പ്രപഞ്ചം ഒന്നടങ്കം അതിനാല്‍ തന്നെ സുകൃതങ്ങളാല്‍ പുളകംകൊണ്ടുകൊണ്ടേയിരിക്കുന്നു. മാലാഖമാര്‍ ഇറങ്ങിക്കഴിഞ്ഞുവെന്നല്ല, ഇറങ്ങിക്കൊണ്ടിരിക്കുമെന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. അവരില്‍ പ്രപഞ്ചനാഥന്റെ സിംഹാസനം ചുമക്കുന്ന മാലാഖമാര്‍ വരെ നിരതരാകുന്ന ജോലി ഖുര്‍ആന്‍ അനാവരണം ചെയ്യുന്നത് ഇങ്ങനെയാണ്:
”സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും വിശ്വസിച്ചവര്‍ക്കുവേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകലവസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തില്‍ അവരെയും അവരുടെ മാതാപിതാക്കള്‍, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്ന് സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്മകളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്മകളില്‍ നിന്ന് കാക്കുന്നുവോ അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതുതന്നെയാകുന്നു മഹാഭാഗ്യം.” (വി.ഖു 40:7-9)
ഇങ്ങനെയെല്ലാം സംഭവിക്കാന്‍ സാധ്യതയുള്ള സുകൃത രാവിനെ വരവേല്‍ക്കാന്‍ ചിലര്‍ പിച്ചപ്പാത്രവുമേന്തി ഊരുചുറ്റുന്നതും നാം കാണുന്നു. ആയിരം മാസത്തേക്കാള്‍ പുണ്യകരമായ ദിവസത്തെ ആയിരം മടങ്ങ് ഇകഴ്ത്തുകയാണിവര്‍ ചെയ്യുന്നത്.
അല്ലാഹുവിന്റെ മാലാഖമാരിലുള്ള ഈമാന്‍ സത്യവിശ്വാസത്തിലുള്ള മൗലികമായ ഒന്നാണ്. ഖുര്‍ആന്‍ ദൈവവചനങ്ങളാണ്. പ്രവാചകന്‍ അനുപമ വ്യക്തിത്വത്തിന്നുടമയാണ്. ഇതിന്റെയെല്ലാം ഔന്നിത്യം വിളിച്ചറിയിക്കുന്ന ഒന്നാണ് ലൈലത്തുല്‍ഖദ്ര്‍. ഖുര്‍ആനിനെ പരാജയപ്പെടുത്താന്‍ ഒരാള്‍ക്കും കഴിയില്ല. അത് ദിവ്യവും അമാനുഷികവുമാണ്. മാനവതയ്ക്ക് എന്നെന്നും അത് വേദവെളിച്ചം പകര്‍ന്നുനല്‍കുന്നു. ‘നാഥാ നീ മാപ്പ് നല്‍കുന്നവനാണ്. നീ മാപ്പ് നല്‍കുന്നത് ഇഷ്ടപ്പെടുന്നവനല്ലോ. നീ എനിക്കും മാപ്പാക്കേണമേ!’. വിശ്വാസികള്‍ ഇങ്ങനെ കേണപേക്ഷിക്കുക. പ്രഭാതോദയം വരെയും സമാധാനമത്രെ അത്.
മനുഷ്യര്‍ ഭൂമിയില്‍ ചെയ്തുകൂട്ടിയ അനേകം അധര്‍മങ്ങളും അക്രമപ്രവര്‍ത്തനങ്ങളും തെറ്റായിരുന്നുവെന്ന് അവര്‍ക്ക് തന്നെ ബോധ്യം വരും. ഇനിമേല്‍ അത്തരം മനുഷ്യത്വരഹിതമായ ജീവിതശൈലി സ്വീകരിക്കുകയില്ലെന്നുറപ്പിച്ച് നാഥനായ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അഥവാ ഇസ്തിഗ്ഫാറിലും തൗബയിലും മുഴുകിയിരിക്കുമ്പോള്‍ ഭൂമിയില്‍ ഇറങ്ങിവന്നിട്ടുള്ള മാലാഖമാര്‍ പാപികളായ മനുഷ്യര്‍ക്കു വേണ്ടി അല്ലാഹുവോട് അവരുടെ തൗബ സ്വീകരിക്കാന്‍ ശുപാര്‍ശ പറയുന്ന ഹൃദയഭേദകമായൊരു രംഗമാണ് ഇതിലുടെ വിശ്വാസികള്‍ അനുഭവിക്കുന്നത്.

Back to Top