25 Wednesday
June 2025
2025 June 25
1446 Dhoul-Hijja 29

അനുഗൃഹീത രാത്രി

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. അന്ന് യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. (ദുഖാന്‍ 3,4)

മനുഷ്യന് സന്‍മാര്‍ഗ ധര്‍മചിന്തകള്‍ നല്‍കുന്ന ഖുര്‍ആന്റെ അവതരണമാണ് ഈ വചനങ്ങളുടെ ഉള്ളടക്കം. റമദാനിലാണ് ഖുര്‍ആന്‍ അവതരണം തുടങ്ങിയത് എന്ന് 2:185-ല്‍ അല്ലാഹു പറയുന്നു. അത് ഒന്നുകൂടി തിട്ടപ്പെടുത്തി പറയുകയാണ് ഈ വചനങ്ങളില്‍.
അനുഗൃഹീത രാത്രി കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുല്‍ ഖദ്ര്‍ ആണെന്ന് എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സമ്മതിക്കുന്നു. ഏത് രാവിലാണ് എന്നതില്‍ മാത്രമേ ഭിന്നാഭിപ്രായമുള്ളൂ. ലൈലത്തുല്‍ ഖദ്‌റിനെ റമദാന്‍ അവസാന പത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുക എന്ന നബിവചനം ഇതിന് വിശദീകരണം നല്‍കുന്നു. ഒറ്റയായ രാവുകള്‍ എന്ന നബിയുടെ വിശദീകരണം പുണ്യരാത്രിക്ക് കുറച്ചുകൂടി വ്യക്തത വരുത്തുന്നു.
മൂന്ന് കാര്യങ്ങളാണ് പുണ്യ രാത്രിയുടെ സവിശേഷത. ഈ രാത്രി ആയിരം മാസത്തേക്കാള്‍ മഹത്തരമാണ് എന്നതാണ് അതിലൊന്ന്. റമദാനിലെ സല്‍പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള പ്രചോദനമാണിത്.
ഈമാന്‍ തങ്കത്തിളക്കത്തോടെ ജീവിതത്തില്‍ നിലനില്‍ക്കാന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പുണ്യരഹിത ഈമാന്‍ ഇവിടെയും പരലോകത്തും ഗുണം ചെയ്യുകയില്ല. ഹൃദയത്തിലുള്ള ഈമാന്‍ ദ്രവിക്കുമെന്നും അത് ഇടക്കിടെ പുതുക്കിയിരിക്കണമെന്നും തിരുനബി പറയുന്നു. ഈമാനും അതുണ്ടാക്കുന്ന ആത്മീയതയും വരണ്ടു പോകാതെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഇടവേളയാണ് ഈ പുണ്യരാത്രികള്‍.
പുണ്യരാ്രതിയെ ആയിരം മാസത്തിന് സമാനമാക്കിയെടുക്കാന്‍ ആത്മാര്‍ഥമായ നിയ്യത്ത് മാത്രം മതി. ശരീരത്തിന്റെ ഉറക്കവും മനസ്സിന്റെ മയക്കവും മാറ്റിയെടുക്കാന്‍ ഈ നിയ്യത്ത് അനിവാര്യവുമാണ്. മനസ്സില്‍ തട്ടാതെ യാന്ത്രികമായി സംഭവിക്കുന്നതാണ് നമ്മുടെ പല പ്രവര്‍ത്തനങ്ങളും. അതിലൂടെ പുണ്യരാത്രിയെ പുല്‍കാന്‍ കഴിയില്ല.
മലക്കുകളുടെ സാന്നിധ്യമാണ് ഈ രാത്രിയുടെ മറ്റൊരു പ്രാധാന്യം. അല്ലാഹു നിശ്ചയിച്ച മാലാഖമാര്‍ നമ്മുടെ ജീവിതത്തില്‍ നിരന്തരമായി ഇടപെടുന്നുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. പകലിലും രാത്രിയിലും ഇടമുറിയാതെ മാലാഖമാര്‍ വന്നു കൊണ്ടിരിക്കുന്നു എന്ന് നബി(സ)യും വ്യക്തമാക്കുന്നു.
വിശ്വാസികള്‍ക്കുവേണ്ടി അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുമെന്നതും ഇരുലോകത്തും നമുക്ക് അവര്‍ രക്ഷകരായി ഉണ്ടാകുമെന്നതും മലക്കുകളുടെ ഇടപെടലിന്റെ മഹത്വം കുറിക്കുന്നു. മനുഷ്യരോട് ഒരു നിലക്കും സമാനതയില്ലാത്ത പ്രകൃതമുള്ള അവര്‍, പക്ഷേ നമ്മുടെ കാര്യത്തില്‍ നമ്മെക്കാളും തല്‍പരരാണ്. അവരുടെ സാന്നിധ്യമാണ് പുണ്യരാത്രിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കുന്നത്. നമ്മുടെ പ്രാര്‍ഥനക്കൊപ്പം അവര്‍ നടത്തുന്ന ദുആ നമുക്കുള്ള പ്രതിഫലം ഇരട്ടിപ്പിക്കുന്നു.
പുലരുവോളം നീണ്ടുനില്‍ക്കുന്ന സമാധാനപൂര്‍ണമായ നിമിഷങ്ങളാണ് പുണ്യ രാത്രിയുടെ മൂന്നാമത്തെ പ്രത്യേകത. ഒരു രാത്രിയില്‍ ലഭിക്കുന്ന ശാന്തിവര്‍ഷം വിശ്വാസികള്‍ക്ക് ആജീവനാന്തം അനുഭവിക്കാന്‍ കഴിയണം. റമദാന്‍ പുണ്യം പാരമ്യതയിലെത്തുന്ന ഈ രാത്രിയില്‍ നാം നടത്തുന്ന പ്രാര്‍ഥനകളാണ് ഈ അനുഭവമുണ്ടാക്കുന്നത്. പാപക്കറകളെല്ലാം മനസ്സില്‍ നിന്ന് മായ്ക്കുകയാണ് ഇതിന് വേണ്ടത്. പുണ്യ രാത്രിയില്‍ പ്രത്യേകമായി നബി നിര്‍ദേശിച്ചതും അത്തരം പ്രാര്‍ഥനകളാണ്. ‘അല്ലാഹുവേ, നീ മാപ്പ് നല്‍കുന്നവനാണ്, മാപ്പ് നല്‍കുക നിനക്കിഷ്ടമാണ്, എനിക്ക് മാപ്പ് നല്‍കേണമെ’ എന്നര്‍ഥം വരുന്ന പ്രാര്‍ഥനയാണ് ഈ രാവിന് മാത്രമായി നബി പഠിപ്പിച്ചത്. ഇതിലൂടെ പുണ്യ രാത്രിയില്‍ ലഭിക്കുന്ന ആശ്വാസ സമാധാന ചിന്തകളാണ് വരും നാളുകള്‍ക്കായി നാം കരുതിവെക്കേണ്ടത്.

Back to Top