3 Tuesday
December 2024
2024 December 3
1446 Joumada II 1

ലഹരിയാണ് വില്ലന്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. മദ്യം, അത് കുടിക്കുന്നവന്‍, അത് കുടിപ്പിക്കുന്നവന്‍, അത് വില്‍ക്കുന്നവന്‍, അത് വാങ്ങുന്നവന്‍, അത് വാറ്റുന്നവന്‍, അത് ആര്‍ക്കുവേണ്ടി വാറ്റുന്നുവോ അയാള്‍, അത് വഹിക്കുന്നവന്‍, അത് ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അയാള്‍, അതിന്റെ വില ഭക്ഷിക്കുന്നവന്‍ എല്ലാവരെയും അല്ലാഹു ശപിച്ചിരിക്കുന്നു (അബൂദാവൂദ്, ഹാകിം)

ശരീരത്തെയും മനസ്സിനെയും ഒരുപോലെ നശിപ്പിക്കുന്ന അത്യന്തം അപകടകരമായ ഒന്നാണ് മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും. സ്വജീവിതത്തെയും കുടുംബ-സാമൂഹിക ജീവിതത്തെയും ക്രമം തെറ്റിക്കുന്ന മദ്യപാനത്തെ തിന്മകളുടെ മാതാവായാണ് ഇസ്‌ലാം കണക്കാക്കുന്നത്. ബന്ധങ്ങളുടെ പവിത്രതയെ യും ദാമ്പത്യത്തിന്റെ കെട്ടുറപ്പിനെയും ആരോഗ്യ സുരക്ഷയെയും സദാചാരങ്ങളുടെ വേലിക്കെട്ടുകളെയും തകര്‍ത്തെറിയുന്ന പ്രധാന വില്ലന്‍ മദ്യപാനം തന്നെയാണ്.
ഒരാളുടെ മസ്തിഷ്‌കത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയും ശരിയായ ബോധത്തില്‍ നിന്ന് അയാളെ തെറ്റിച്ചുകളയുകയും ചെയ്യുന്ന എല്ലാ ലഹരി പദാര്‍ഥങ്ങളും ഇസ്‌ലാം നിഷിദ്ധമാക്കുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ തമ്മില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കിത്തീര്‍ക്കുകയും ദൈവിക ചിന്തയില്‍ നിന്ന് മനുഷ്യനെ അകറ്റിക്കളയുകയും ചെയ്യുന്ന ലഹരി മാനവകുലത്തിന്റെ നാശഹേതുവാണ്. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാതരം അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും ആത്മഹത്യയുടെയും മൂലകാരണം ലഹരിയാണെന്നതിനാലാണ് അത് തിന്മകളുടെ മാതാവെന്ന് പരിചയപ്പെടുത്തിയത്.
കുടുംബങ്ങളില്‍ അസമാധാനം വിതറുന്ന, അയല്‍വാസികളുടെയും നാട്ടുകാരുടെയും സ്വസ്ഥത നശിപ്പിക്കുന്ന, നിയമലംഘനത്തിനും തോന്നിവാസങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന മദ്യപാനം ആരോഗ്യപരവും സാമ്പത്തികവും സാമൂഹികവുമായ കഷ്ടനഷ്ടങ്ങള്‍ക്ക് മാത്രമേ ഉപകരിക്കുകയുള്ളൂ. മനസ്സാന്നിധ്യവും ഭക്തിയും വിനയവും നഷ്ടപ്പെടുത്തുകയും മനുഷ്യനെ മനുഷ്യനല്ലാതാക്കുകയും ചെയ്യുന്ന മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും സമൂഹത്തിന്റെ സ്വസ്ഥ ജീവിതം നശിപ്പിക്കുന്ന പൈശാചികതയാണ്.
”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ചുനോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യപാനത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍ക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ വിരമിക്കാനൊരുക്കമുണ്ടോ?”(5:90,91) എന്ന വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശം ലഹരിയുടെ ദോഷവശങ്ങളെയും ഗൗരവത്തെയും സൂചിപ്പിക്കുന്നു.
ലഹരിയുമായി ബന്ധപ്പെടുന്ന എല്ലാം ദൈവ കോപത്തിനും ശാപത്തിനും ഹേതുവാകുന്ന കാര്യങ്ങളാണെന്ന് ഉപര്യുക്ത നബിവചനം നല്‍കുന്ന പാഠം. ലഹരി ഉപയോഗിക്കുന്നത് മാത്രമല്ല, അതിന്റെ നിര്‍മാണവും വില്‍പനയും കൈമാറ്റവും അതിലൂടെയുള്ള സമ്പാദ്യവും എല്ലാം നിഷിദ്ധമാക്കുന്നതിലൂടെ ലഹരി ഉപയോഗത്തിനുള്ള സാഹചര്യങ്ങളെക്കുടി ഇല്ലാതാക്കുകയാണ് ഇസ്‌ലാം. പലരും ലഹരിയുടെ വലയത്തിലകപ്പെടുന്നത് ആദ്യമൊന്നും ഉപയോഗിച്ചുകൊണ്ട് മാത്രമായിരിക്കില്ല. മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന കണ്ണികളായി പ്രവര്‍ത്തിച്ചുകൊണ്ടോ, അതിന്റെ കച്ചവടം നടത്തിയോ ആയിരിക്കും. സമൂഹത്തെ ആമൂലാഗ്രം ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരിയുടെ സാധ്യതകള്‍കൂടി ഇല്ലാതാക്കണമെന്ന സന്ദേശമാണ് ഈ നബിവചനം നല്‍കുന്നത്.

Back to Top