ലഹരി വിമുക്തി ബോധവത്കരണവും പരിഹാരവും സാമൂഹിക സംഘങ്ങള്‍ക്ക് ചെയ്യാവുന്നത്
സ്വയ നാസര്‍
കേരളത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തി ‘നാളത്തെ കേരളം ലഹരി മുക്ത കേരളം’ എന്ന കാപ്ഷനില്‍ ഒരു കാമ്പയിന്‍ നടത്തുകയുണ്ടായി. നിയമ വിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനുള്ള ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. എന്നിട്ടും ലഹരിയും മയക്കുമരുന്നു വസ്തുക്കളും കൊണ്ട് കേരളത്തിലെ യുവതലമുറ വഴിതെറ്റുകയാണ്. അടിസ്ഥാന കാരണവും പരിഹാരവുമാണ് നമ്മള്‍ തേടേണ്ടത്.
ഒറ്റപ്പെടല്‍, ഏകാന്തത, ഇഷ്ടമുള്ളവരില്‍ നിന്ന് നിത്യേന നെഗറ്റീവ് കമന്റുകള്‍ കിട്ടുക എന്നിവ ഉണ്ടാകുമ്പോള്‍ പലപ്പോഴും യുവാക്കള്‍ അഭയം തേടുക മദ്യത്തിലും മയക്കുമരുന്നിലുമാണ്. വളരുന്ന ഘട്ടം മുതല്‍ ബാല്യകൗമാരം കഴിഞ്ഞാലും യുവാക്കളോടും യുവതികളോടും സംസാരിക്കാനും അവരുടെ ആവശ്യങ്ങള്‍ സംസാരിക്കാനും അവരെ സ്‌നേഹിക്കാനും ആവശ്യങ്ങള്‍ അറിയാനും മാതാപിതാക്കള്‍ക്ക് കഴിയണം. അവര്‍ക്കിഷ്ടമില്ലാത്ത കോഴ്‌സുകള്‍ക്കും താത്പര്യമില്ലാത്ത കാര്യങ്ങള്‍ക്കും അവരെ നിര്‍ബന്ധിച്ച് അയക്കാതിരിക്കുക. യുവാക്കളെ അംഗീകരിക്കുക. അവരുടെ നേട്ടങ്ങളില്‍ പ്രോത്സാഹിപ്പിക്കുക, അവരില്‍ ആത്മാഭിമാനവും മാനസിക ധൈര്യവും ഉണ്ടാക്കുക, അവരുടെ ദു:ഖത്തിലും സന്തോഷത്തിലും പങ്കുചേരുകയും അനുതാപപൂര്‍വ്വം കൂടെ നില്‍ക്കുകയും ചെയ്യുക തുടങ്ങിയവ വീട്ടുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ലഹരി വസ്തുക്കള്‍
പുതുതലമുറ സൃഷ്ടിച്ചതല്ല
മദ്യവും മയക്കു വസ്തുക്കളും മനുഷ്യന് പണ്ടേ പരിചിതമാണ്. പൂര്‍വികര്‍ കാട്ടില്‍ നിന്നു ശേഖരിച്ച ഭക്ഷ്യപദാര്‍ഥങ്ങളില്‍ ചിലത് അവരുടെ മാനസികാവസ്ഥക്കും വികാരങ്ങള്‍ക്കും ധാരണാശക്തിക്കും മാറ്റം വരുത്തുന്നതായി കണ്ടു. ബോധക്ഷയം വരുത്തുന്ന വസ്തുക്കളെപ്പറ്റി ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് അറിവുണ്ടായിരുന്നു. പുളിപ്പിച്ച മദ്യവും ലഹരിസാധനങ്ങളും ഇന്ത്യയില്‍ പുരാതന കാലത്തേ ഉപയോഗത്തിലുണ്ടായിരുന്നു. വൈദിക കാലത്തെ ബലിയര്‍പ്പണക്രമത്തില്‍ മദ്യം അവശ്യ ഘടകമായിരുന്നു. ഹെംപ് ചെടിയില്‍ നിന്നെടുത്ത ബുദ്ധിമാന്ദ്യം വരുത്തുന്ന വസ്തുക്കള്‍ ഔഷധ രൂപത്തില്‍ ഉപയോഗിച്ചിരുന്നു.
അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം ആരോഗ്യ രംഗത്ത് മാരകമായ വിപത്തായി മാറിയിരിക്കുന്നു. മയക്കുമരുന്നിനോടുള്ള അടിമത്തം വ്യക്തിക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത്. സമൂഹത്തിന്റെ മൊത്തമായ ആരോഗ്യവും സ്ഥിരതയും നശിപ്പിക്കും.
ലഹരിമരുന്നുകള്‍ പലതരം
സ്റ്റിമുലെന്റ്‌സ്
* കൊക്കെയ്ന്‍, ആംഫിറ്റമിന്‍, കഫീന്‍ തുടങ്ങിയവ
* സിന്തറ്റിക് സ്റ്റിമുലന്റ് സില്‍ കീറ്റമിന്‍, മാന്‍ഡ്രക്‌സ്, സ്റ്റീറോയ്ഡ് ഗുളിക
* ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, മോര്‍ഫിന്‍, പെത്തഡിന്‍, ബ്യു പ്രിനോര്‍ഫിന്‍, മെപ്പരിഡിന്‍, പെന്റാസോസിന്‍, ഡെക്‌സ്‌ട്രോ പ്രപ്പോക്‌സിഫീന്‍- ഈ വിഭാഗത്തില്‍പ്പെട്ട ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ടാല്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരിക പ്രയാസകരം.
ആങ്‌സിയോളൈറ്റിക്‌സ് –
ഹിപ്‌നോട്ടിക്‌സ്
* ഉറക്കഗുളികകളുടെ വിഭാഗം
* കഞ്ചാവ് (cannabis)
* ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ്
ഹാലൂസിനോജന്‍സ്
* എല്‍ എസ് ഡി, സിലോസൈബിന്‍, മെസ്‌കാലിന്‍- മതിഭ്രമമുണ്ടാക്കുന്ന ഈ വസ്തുക്കള്‍ ഭീകരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കും.
ഇന്‍ഹലന്റ്‌സ്
* പെയിന്റ്, തിന്നര്‍, പെട്രോള്‍, ഡീസല്‍, നെയില്‍ പോളിഷ്, ഗ്യാസ്, പശ, എയ്‌റോസോള്‍ – ശ്വസിച്ച് ലഹരിക്കടിമപ്പെടുന്നു. കുട്ടികളും ചെറുപ്പക്കാരുമാണ് ഇത്തരം ലഹരിക്കടിമപ്പെടുന്നത്.
* ചെലവ് കുറവും കിട്ടാന്‍ എളുപ്പവുമായ ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ തലച്ചോറിന് ഗുരുതരമായമായ തകരാറുകള്‍ ഉണ്ടാക്കുന്നു.
പുകയില വിഭാഗം (Nicotine)
* മുറുക്ക്, സിഗററ്റ്, ബീഡി
* ഹാന്‍സ്, മധു – ലഹരിശീലത്തിനു പുറമെ വായില്‍ അര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു
ബ്രൗണ്‍ഷുഗര്‍
മയക്കുമരുന്നുകളില്‍ വെച്ച് മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവ.
* ഒറ്റ പ്രാവശ്യം ഉപയോഗിച്ചാല്‍ത്തന്നെ വ്യക്തി അതിനടിമപ്പെട്ടു പോകുന്നു.
* കൂട്ടുകാരില്‍ നിന്നുള്ള പലവിധ സ്വാധീനങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവരും സ്വയം ചികിത്സയായി ഉപയോഗിക്കുന്നു.
* ദിവസവും അതേ സമയത്തു തന്നെ കിട്ടിയില്ലെങ്കില്‍ പല വിധത്തിലുള്ള മാനസിക ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകും. മൂക്കില്‍ നിന്ന് വെള്ളം വരിക, പേശികള്‍ വേദനിക്കുക, കോട്ടുവായിടുക, ദേഷ്യം, ഛര്‍ദ്ദി, അപസ്മാരം, ഉറക്കമില്ലായ്മ, പനി, കുളിര്‍ കോട്ടുവായിടുക, വയറിളക്കം എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
* വിഷാദരോഗം, ഉന്മാദരോഗം, സ്‌കിസോഫ്രീനിയ, സംശയരോഗം തുടങ്ങിയ പലതരത്തിലുള്ള മാനസിക രോഗങ്ങളും ബ്രൗണ്‍ഷുഗര്‍ മൂലം ഉണ്ടാകാം.
* മയക്കുമരുന്നിനടിമപ്പെട്ട രോഗികളില്‍ ഭൂരിഭാഗവും ആത്മഹത്യയില്‍ അഭയം തേടുന്നു.
* ബ്രൗണ്‍ഷുഗര്‍ ഞരമ്പിലേക്ക് കുത്തിവെക്കുന്നതുമൂലം എച്ച് ഐ വി അണുബാധ, ഹെപ്പറ്റൈറ്റിസ് ബി, എയര്‍ എംബോളിസം, ഹൃദയത്തിന്റെ വാല്‍വുകളില്‍ പഴുപ്പ് ഉണ്ടാകുന്നു.
* ബ്രൗണ്‍ഷുഗര്‍ കത്തിച്ച് പുക മൂക്കില്‍ കൂടി എടുക്കുന്നവര്‍ക്ക് മണം പിടിച്ചെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. രണ്ടു മൂക്കുകളുടെയും ഇടയിലുള്ള ഭിത്തിയില്‍ സുഷിരങ്ങള്‍ വീഴുകയും പലവിധ ശ്വാസകോശ രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്നു.
ലഹരിമരുന്നില്‍ ചേര്‍ക്കുന്ന
മാരക വസ്തുക്കള്‍, മായങ്ങള്‍
ഗ്ലാസ് പൊടി, കൊതുകുതിരി കത്തിച്ചതിന്റെ ചാരം, ബാറ്ററി, ഉറക്കഗുളികകള്‍ പൊടിച്ചത്, പലതരം വിഷപദാര്‍ഥങ്ങള്‍, പാത്രം കഴുകാനുമുള്ള രാസവസ്തുക്കള്‍ – ഇതു കുത്തിവെക്കുമ്പോഴും കഴിക്കുമ്പോഴും മാരകമായ രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്ന് മരണം വരെ സംഭവിക്കുന്നു.
ചികിത്സയും പുനരധിവാസവും
രക്ഷപ്പെടണമെന്നുള്ള ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ ചികിത്സകൊണ്ട് പ്രയോജനമുള്ളൂ. ആശുപത്രിയില്‍ കിടത്തി ചികിത്സയും, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ഒക്യുപ്പേഷണല്‍ തെറപ്പിസ്റ്റ് അടങ്ങിയ ടീമിന്റെ സമഗ്രചികിത്സയാണ് അനിവാര്യം. കഞ്ചാവിന്റെ ഉപയോഗം മൂലം വ്യക്തിക്ക് ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ വരുന്നത് ഔഷധ ചികിത്സയും സൈക്കോ തെറാപ്പിയിലൂടെയും മാത്രമേ സാധ്യമാകൂ.
മയക്കു വസ്തുക്കള്‍
* മനുഷ്യന്റെ ശാരീരികവും മാനസികവുമായ വ്യാപാരങ്ങളില്‍ വ്യത്യാസം വരുത്തുന്നു.
* മയക്കം, ലഹരി, ഉന്മാദം, ഉത്തേജനം, ശമനം എന്നിവ ലഭിക്കുന്നതിന് രാസവസ്തുക്കള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നു.
* പ്രകൃതിയില്‍ നിന്ന് നേരിട്ടെടുക്കുന്നവയും ഫാക്ടറികളില്‍ കൃത്യമായി ഉണ്ടാക്കുന്നവയും.
ആസക്തി അഥവാ അഡിക്ഷന്‍
* മയക്കു വസ്തുവിന്റെ ആവര്‍ത്തിച്ചുള്ള പ്രയോഗം കൊണ്ട് വ്യക്തിക്കും സമൂഹത്തിനും ഹാനികരമാം വിധം ഇടവിട്ടു മാറാത്ത മത്തു പിടിച്ച അവസ്ഥ
* ഉപേക്ഷിക്കാന്‍ പറ്റാത്തതു കൊണ്ട് ആശ്രയമായി (Dependence) മാറുന്നു.
ആസക്തിയുടെ പ്രത്യേകതകള്‍
* മദ്യമോ മയക്കു വസ്തുക്കളോ ഉപയോഗിക്കാനും ഏത് വിധത്തിലെങ്കിലും സമ്പാദിക്കാനുമുള്ള അതിശക്തമായ ആഗ്രഹവും നിര്‍ബന്ധിക്കുന്ന ആവശ്യവും.
* കഴിക്കുന്ന അളവ് കൂട്ടാനുള്ള പ്രവണത.
* മയക്കു വസ്തുവിന്റെ പരിണിത ഫലത്തില്‍ ശാരീരികവും മാനസികവുമായ ആശയം.
മദ്യം
ലഹരിയുടെ ലോകത്തെ
പ്രധാന വില്ലന്‍
ലോകത്തെങ്ങും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ലഹരി പദാര്‍ഥങ്ങളിലൊന്നാണ് മദ്യം. ലോകത്തില്‍ ഏറ്റവുമധികം മദ്യം ഉത്പാദിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മദ്യപാനം അതിനടിമപ്പെട്ടവരില്‍ ഗൗരവമായ ശാരീരിക രോഗങ്ങളും മാനസിക രോഗങ്ങളുമുണ്ടാക്കുന്നതിനു പുറമെ വ്യാപകമായ സാമൂഹിക പ്രശ്‌നങ്ങളുമുണ്ടാക്കുന്നു.
മദ്യപാനവും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും നമ്മുടെ രാജ്യത്തും വര്‍ധിച്ചു വരികയാണ്. ഇതിനടിമപ്പെടുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെങ്കിലും സ്ത്രീകളിലും മദ്യപാനം കൂടി വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാത്തരം മദ്യത്തിലും ലഹരിയുണ്ടാക്കുന്ന പദാര്‍ഥം എത്തനോള്‍ (Ethyl Alcohol) ആണ്. വിവിധ തരം മദ്യങ്ങളില്‍ എത്തനോളിന്റെ അളവ് വ്യത്യസ്തമാണ്.
വിസ്‌കി, ബ്രാണ്ടി, റം, വോഡ്ക, ജിന്‍ തുടങ്ങിയവ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങളാണ്. ഇതില്‍ എത്തനോളിന്റെ അളവ് ഏകദേശം 42% ആണ്. നിറവും മണവും രുചിയും ലഭ്യമാക്കുന്നതിന് രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ചാരായത്തില്‍ എത്തനോളിന്റെ അളവ് ഏകദേശം 35% ആണ്. ബിയറില്‍ 4 മുതല്‍ 5 ശതമാനം വരെ എത്തനോള്‍ ഉണ്ട്. തെങ്ങില്‍ നിന്നും പനയില്‍ നിന്നും ചെത്തിയെടുക്കുന്ന കള്ളും ഇന്ത്യയിലെ പ്രധാന മദ്യമാണ്.
വ്യാജമദ്യങ്ങള്‍
* മെതനോള്‍ (Methyl Alcohol) എന്ന രാസവസ്തുവാണ് അപകടകരം.
* അന്ധതക്ക്, മരണത്തിന്, ദുരന്തത്തിന് കാരണം.
* ലഹരിക്ക് വേണ്ടി ഉറക്കഗുളികള്‍, മാരക വസ്തുക്കളുടെ അമിതമായ ഉപയോഗം.
മദ്യപാനം കൊണ്ടുണ്ടാകുന്ന
പ്രശ്‌നങ്ങള്‍
* ഉന്മത്താവസ്ഥ (Acute Intoxication)
* ആമാശത്തെയും കുടലിനെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍
* കരളിനെ ബാധിക്കുന്ന രോഗങ്ങള്‍
* ആഗ്‌നേയഗ്രന്ഥി (ഇന്‍സുലിന്‍, ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്) യുടെ വീക്കം – ശക്തമായ വയറു വേദന, പനി, ഉയര്‍ന്ന രക്തസമ്മര്‍ദം, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍
* കാര്‍ഡിയോമയോപ്പതി – ഹൃദയപേശികളെ അപൂര്‍വ്വമായി ബാധിക്കുന്ന രോഗം.
രക്തത്തെയും രോഗപ്രതിരോധശേഷിയെയും ബാധിക്കുന്ന രോഗങ്ങള്‍
* വിളര്‍ച്ച (Anemia) പോളിക് ആസിഡിന്റെ കുറവ്.
* അണുബാധകള്‍ (Infections)
* പേശികള്‍ ,അസ്ഥികള്‍, ത്വക്ക് തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങള്‍
* ലൈംഗിക പ്രശ്‌നങ്ങള്‍.
* തലച്ചോറിനും ഞരമ്പുകള്‍ക്കുമുണ്ടാകുന്ന രോഗങ്ങള്‍.
മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍
* വിറയല്‍, ഛര്‍ദ്ദി, ക്ഷീണം, തലവേദന, ദേഷ്യം ,ഉറക്കക്കുറവ്.
* മിഥ്യാഭ്രമങ്ങള്‍.
* അപസ്മാര ലക്ഷണങ്ങള്‍.
* ഡെലിറ്റിയം ട്രെമന്‍സ്-മായകാഴ്ചകള്‍.
* മാനസിക രോഗലക്ഷണങ്ങള്‍.
മദ്യപാനവും സ്ത്രീകളും
* ഉപഭോക്താക്കള്‍ അനുദിനം കൂടി വരുന്നു.
ചികിത്സ
* കുറ്റബോധവും നാണക്കേടും ഒഴിവാക്കുക.
* രോഗി പറയുന്നവ വിലയിരുത്തി അനുതാപ’ പൂര്‍ണമായ സമീപന രീതി.
* രോഗിയുമായി ഊഷ്മള ബന്ധം സ്ഥാപിക്കുക.
* പ്രതീക്ഷ നല്‍കുക.
* സാമൂഹിക, ആരോഗ്യ പ്രവര്‍ത്തകന് സ്വന്തം പങ്കിനെ കുറിച്ചുള്ള ശരിയായ അവബോധം.
* രോഗിയെ വിശദമായി വിലയിരുത്തുക.
* വിഷമുക്തി ചികിത്സ (Detoxification)
തുടര്‍ ചികിത്സ
* സ്വയം വിമുക്തി നേടിയവരുടെ കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കുകയും ഒരുമിച്ച് ചേര്‍ന്ന് തങ്ങളുടെ പ്രശ്‌നങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്യുക.
ഡി അഡിക്ഷന്‍ സെന്ററുകളിലെ ചികിത്സയും മരുന്നും, അവേര്‍ഷന്‍ തെറാപ്പി, ഗ്രൂപ്പ് തെറാപ്പി, റിഹാബിലിറ്റേഷന്‍ എന്നിവയും രോഗിക്ക് ആത്മവിശ്വാസം നല്‍കും.
(കൗണ്‍സലിങ് സൈക്കോളജിസ്റ്റും സാക്ഷരതാ മിഷന്‍ വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്ററുമാണ് ലേഖിക.)