ലഹരിയില്‍ പൊലിഞ്ഞുപോകുന്ന കൗമാരം
ഹാസിബ് ആനങ്ങാടി
ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് യുവസമൂഹം. സ്‌കൂള്‍ വിദ്യാര്‍ഥികളും ഇതില്‍ പെടും. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമെന്ന വ്യാജേന ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മറ്റും ഒരുക്കുന്ന ലഹരി പാര്‍ട്ടികളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരുമാണ് രക്ഷിതാക്കള്‍ക്കും സമൂഹത്തിനും മുന്നറിയിപ്പ് നല്‍കുന്നത്. അവധി വേളയിലുള്ള വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ ചടങ്ങാണ് നടക്കുന്നതെന്നും സ്‌കൂള്‍ അധികൃതരാണ് സംഘടിപ്പിക്കുന്നതെന്നുമാണ് വിദ്യാര്‍ഥികള്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നത്. സമൂഹത്തെ ലഹരികളുടെ അടിമകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മദ്യം മയക്കുമരുന്ന് മാഫിയകളാണ് ഇത്തരം പാര്‍ട്ടികളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളെ മദ്യവും മയക്കുമരുന്നും നിരോധിക്കപ്പെട്ട ഗുളികകളും നല്‍കി ഉന്മേഷമത്തരാക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യം, മയക്കുമരുന്ന് ഉപയോഗിക്കാത്തവര്‍ സുഹൃത്തുക്കളുടെ കൂടെക്കൂടി പരിപാടിയില്‍ പങ്കെടുക്കുകയും ലഹരിയുടെ അടിമകളായി മാറുകയും ചെയ്യുന്നു.
മാതാപിതാക്കള്‍ പൊതുവേ തന്റെ മക്കള്‍ വഴിതെറ്റി സഞ്ചരിക്കാന്‍ ഇടയില്ല എന്നാണ് വിചാരിക്കുന്നത്. ലഹരി മാഫിയ ആഘോഷവേളകള്‍ അല്ലാത്തപ്പോഴും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡിനു ശേഷം സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ അവിടെ വീണ്ടും പിടിമുറുക്കിയിരിക്കുന്നു ലഹരി മാഫിയ. സ്ത്രീകളെ പ്രധാനമായും വിവാഹമോചനത്തിലേക്ക് നയിക്കുന്നത് മദ്യപാനവും കടക്കെണിയുമാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ലഹരി നുണയുന്നവര്‍ അധികരിച്ചു വരികയാണ്. ഭര്‍ത്താവില്‍ നിന്ന് കുട്ടികളുമായി വേറിട്ട് ജീവിക്കുന്നവരും കൂടുതലാണ്. ലഹരി ഉപയോഗം നാശത്തിലേക്കാണ് എത്തിക്കുന്നത്. ഇതിന് സര്‍ക്കാ ര്‍ മുന്‍കരുതല്‍ എടുക്കണം. അല്ലെങ്കില്‍ കൗമാരം പൊലിഞ്ഞു പോവും.