ലഹരിയില്‍ ഉടയുന്ന യുവതലമുറകള്‍
ഹസ്‌ന റീം, വാഴക്കാട്
കണ്ണുനനയേണ്ടിടത്ത് തീകൂട്ടിയാലുള്ള അവസ്ഥ എത്ര ഭയാനകമാണോ അതിനേക്കാളുമെത്രയോ അപകടം നിറഞ്ഞ വഴികളിലൂടെയാണ് ഇന്ന് നമ്മുടെ തലമുറ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിലേക്കെത്തി നോക്കാനാകാതെ ഒരു നൂല്‍പ്പാലത്തിലൂടെയാണവരുടെ സഞ്ചാരം. ഓരോ വഴിയോരങ്ങളിലും കാമറക്കണ്ണുമായി നോക്കിയിരുന്നാലും ലഹരി കടന്നുപോകുന്ന കയ്യടയാളങ്ങള്‍ പകര്‍ത്താനാവുന്നില്ല. എന്താണ് ലഹരിയെന്നും അതിന്റെ വിപരീതഫലങ്ങള്‍ എന്താണെന്നും ചെറുപ്പത്തില്‍ തന്നെ ഓരോ മാതാപിതാക്കളും മക്കളെ അടുത്തിരുത്തി പറഞ്ഞുകൊടുക്കണം. കുട്ടികളുടെ കളിപ്രായത്തില്‍ അവര്‍ക്കൊപ്പം അവരുടെ ചിന്തകളറിഞ്ഞ്, അവരിലൊരാളായി അവര്‍ക്കു പിന്നില്‍ നിന്ന് അവരുടെ കഴിവുകള്‍ നമ്മള്‍ മാതാപിതാക്കള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. എങ്കില്‍ നമ്മുടെ മക്കളുടെ ഭാവിയുടെ കടിഞ്ഞാണ്‍ നമ്മുടെ കൈകളില്‍ കുറച്ചെങ്കിലും ഭദ്രമായിരിക്കും. പെട്ടിക്കടകളില്‍ നിറഞ്ഞിരുന്ന ഉപ്പിലിട്ട മാങ്ങാക്കഷ്ണങ്ങള്‍ക്ക് പകരം കുപ്പിജാറുകളില്‍ കണ്ണുമയക്കുന്ന തൊലിയുടുപ്പുമായി ഞെളിഞ്ഞിരിക്കുന്ന ലഹരി കലര്‍ന്ന മിഠായിപ്പൊതികള്‍ അറിഞ്ഞോ അറിയാതെയോ കഴിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിന്ന് നമുക്ക് ചുറ്റിലും! ‘ദൈവത്തിന്റെ സ്വന്തം നാട’ എന്ന് അറിയപ്പെട്ടിരുന്നിടത്തു നിന്ന്, ‘ലഹരിയില്‍ മുങ്ങിത്താഴുന്ന നാട്’ എന്ന് കേള്‍ക്കുന്ന കാലം അത്ര വിദൂരമല്ലെന്ന വസ്തുത നാം മനസ്സിലാക്കണം.