1 Sunday
December 2024
2024 December 1
1446 Joumada I 29

നിയമനിര്‍മാണ സഭകളിലെ സ്ത്രീ സംവരണം രാഷ്്ട്രീയ ഗിമ്മിക്കാവരുത്‌

അഡ്വ. നജ്മ തബ്ഷീറ


അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യം ലഭിച്ച ഒരു രാജ്യം, ജനാധിപത്യത്തിലേക്ക് പുലര്‍ന്നതിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ടു. ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാലുള്ള ഭരണമാണെന്നും നമ്മള്‍ കാണാപാഠം കണക്കെ പഠിച്ചതാണ്. ഈ 75 കൊല്ലക്കാലത്തിനിടക്ക് നമ്മുടെ നിയമനിര്‍മാണ സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണം അവിടെയുള്ള പ്രതിനിധികള്‍ക്കായി നീക്കിവെച്ച കസേരകളുടെ പകുതി പോലുമായിട്ടില്ല എന്നതാണ് ഇക്കാലം വരെയുള്ള യാഥാര്‍ഥ്യം.
2023ലും ഇന്ത്യയിലെ സംസ്ഥാന നിയമസഭകളിലെ പ്രാതിനിധ്യം നോക്കുകയാണെങ്കില്‍ 15% വനിതകളുള്ള ത്രിപുരയാണ് ഏറ്റവും കൂടുതല്‍ ജനപ്രതിനിധികളെ ഉള്‍ക്കൊള്ളുന്നത്. 0% വനിതാ പ്രാതിനിധ്യമുള്ള മിസോറാമും ഇതേ 2023ല്‍ ഇതേ ഇന്ത്യയിലുണ്ട്. അങ്ങനെ പോകുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തിലേക്കാണ് ‘വനിതാ സംവരണ ബില്ല്’ ഇപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയത്. സംവരണത്തിന്റെ ആനുകൂല്യമില്ലാതെ പ്രാതിനിധ്യം ഏഴു പതിറ്റാണ്ടായിട്ടും നടപ്പില്‍വരാത്ത രാജ്യത്തെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതൊരു സംരക്ഷണ ബില്‍ തന്നെയാണ്.
തുറന്ന മനസ്സോടുകൂടി, സര്‍വാത്മനാ സ്വാഗതം ചെയ്യുമ്പോഴും ഉള്ളിലലയടിക്കുന്ന കുറച്ച് ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം ആവശ്യമാണ്. ഇത് എന്ന് നടപ്പില്‍ വരും? നിയമം പാസായാലും സാങ്കേതികത്വത്തില്‍ കുടുങ്ങി എത്ര നാള്‍ കളയേണ്ടിവരും?. ഇനിയൊരു സെന്‍സസും അത് അടിസ്ഥാനപ്പെടുത്തിയുള്ള മണ്ഡല പുനര്‍രൂപീകരണവുമെല്ലാം കഴിഞ്ഞ് ഇനി എപ്പോഴാണ് പ്രാതിനിധ്യത്തിനൊരു തിരി തെളിയുന്നത്? നിയമക്കുരുക്കുകളുണ്ടാവാം, പക്ഷേ, അത് അനാവശ്യ കുരുക്കളാണെങ്കില്‍ അതിന് സമയം കളയണമോ എന്നാണ് ചോദ്യം.
ബിജെപിയുടെ സ്ത്രീനയം, നാരീശക്തി എന്നൊക്കെ കൊട്ടിഘോഷിക്കപ്പെടുന്നുണ്ടല്ലോ. അതിഗംഭീര ഭൂരിപക്ഷമുള്ള ബിജെപി നയിക്കുന്ന എന്‍ഡിഎ ഗവണ്‍മെന്റിന്റെ സ്ത്രീ നയം തലയില്‍ തെളിയാന്‍ എന്തേ ഇത്ര കാലം വേണ്ടിവന്നു എന്ന ചോദ്യവുമുണ്ട്. നയമൊന്നുണ്ടായിരുന്നുവെങ്കില്‍ 2014 മുതല്‍ സമയമൊരുപാട് ഉണ്ടായിട്ടുണ്ട്, നയം നടപ്പില്‍ വരുത്താനും അത് പ്രാവര്‍ത്തികമാക്കാനും. അന്നൊന്നും തോന്നാത്ത നയസത്യസന്ധത ഇപ്പോള്‍ കടന്നുവരുമ്പോഴാണ് സാധാരണക്കാരില്‍ സംശയങ്ങള്‍ ഉദിക്കുന്നത്.
പുതിയ കാലത്ത് കക്ഷിരാഷ്ട്രീയത്തിന്നതീതമായി ചിന്തിക്കുന്ന സ്ത്രീകളാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ ടാര്‍ഗറ്റുകളിലൊന്ന്. അവരെ കൈയിലെടുക്കുക എന്നത് തിരഞ്ഞെടുപ്പു തന്ത്രത്തിന്റെ ആദ്യ പാഠങ്ങളാണ്. വറുതിക്കാലത്ത് അവകാശമെന്ന കണക്കെ കൊടുത്ത കിറ്റ് കേരളത്തിലൊരു കിറ്റ് പൊളിറ്റിക്‌സും അരിദൈവവുമൊക്കെയായി രൂപാന്തരപ്പെട്ടതും ഈ തന്ത്രത്തിന്റെ നമ്മുടെ മുന്നിലെ ഉദാഹരണങ്ങളാണ്. അങ്ങനെയൊന്നായി മാത്രമാണോ അധികാര പാര്‍ട്ടി ബില്ല് കൊണ്ട് ലക്ഷ്യംവെക്കുന്നത് എന്ന ചോദ്യം ന്യായമാവുന്നത്, നടപ്പില്‍ വരാന്‍ ഇനിയും കൊല്ലങ്ങളേറെയെടുക്കും എന്നു പറയുന്നതുകൊണ്ടാണ്.
ചോദ്യങ്ങളിനിയുമുണ്ട്. സവര്‍ണ സംവരണമൊക്കെ ‘അതിലെന്താണിത്ര നീതികേട്’ തുടങ്ങിയ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ കൊണ്ട് വരവേല്‍ക്കപ്പെടുന്ന പ്രബുദ്ധ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ യൂണിയനായ ഈ രാജ്യത്ത് സംവരണത്തെ വെറും സംവരണം എന്നു പറഞ്ഞുപോയാലുമുണ്ട് അപകടം. എസ്‌സി-എസ്ടി-ആംഗ്ലോ ഇന്ത്യന്‍ സബ് ഡിവിഷനുകളെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധത കാണിച്ച ഗവണ്‍മെന്റിന് അതില്‍ ഒബിസി വേണമെന്ന് തോന്നുന്നില്ല. റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ ഒരു മുസ്‌ലിം എംപി പോലുമില്ലാത്ത ബിജെപിക്ക് അങ്ങനെയൊരു ചിന്ത വരാത്തത് സ്വാഭാവികം. പക്ഷേ, നിയമം ബിജെപിയുടേതല്ലല്ലോ, ഇന്ത്യന്‍ ഗവണ്‍മെന്റിന്റേതല്ലേ? അനീതിയുണ്ട്.
അങ്ങനെ ചോദ്യങ്ങളും സംശയങ്ങളും ആശങ്കകളും ഒരുപാടുണ്ട്. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ, മേല്‍ സൂചിപ്പിച്ചതുപോലെ 76ാം സ്വാതന്ത്ര്യം ആഘോഷിച്ചുകഴിഞ്ഞതിനു ശേഷമെങ്കിലും ഇന്ത്യയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്നതിനുള്ള ഒരു ചുവടുവെപ്പ് ഉണ്ടായല്ലോ എന്നത് നല്‍കുന്ന സന്തോഷം ചില്ലറയല്ല. കാരണം ഒരു ജനാധിപത്യ രാജ്യത്ത് നിയമനിര്‍മാണത്തിലുള്ള പങ്കെന്നത് ചെറിയ കാര്യവുമല്ല. ‘ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍’ എന്നു പറയുമ്പോള്‍ ഏത് ജനങ്ങള്‍ക്കുവേണ്ടി, ഏത് ജനങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്നു എന്നതും കാര്യമാണല്ലോ.
ഇന്ത്യന്‍ പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം 14 ശതമാനം മാത്രമാണെന്നു കൗതുകം കൊള്ളുമ്പോള്‍ കേരള നിയമസഭ നിങ്ങളെ ലജ്ജിപ്പിക്കും. വെറും 8.5 ശതമാനം. സ്ത്രീകള്‍ കുറവാണ്, യോഗ്യതയുള്ള സ്ത്രീകളില്ല, മുഴുസമയ പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ കുറവാണ് എന്നൊക്കെയാണ് പല രാഷ്ട്രീയകക്ഷികളുടെയും മുന്‍കൂര്‍ ജാമ്യം. പറയുന്നത് അബദ്ധമാണെങ്കിലും കേള്‍ക്കാനും വല്യ ചേലില്ല.
അവസരം കൊടുത്തയിടത്തെല്ലാം ഏറ്റവും നന്നായി ഇടപെടുകയും അടയാളപ്പെടുത്തുകയും ചെയ്തവരാണ് സ്ത്രീകള്‍. കേരള നിയമസഭയുടെ ചരിത്രത്തില്‍ തന്നെ കെ ഒ ആയിഷാബായി ഒന്നാം ഡെപ്യൂട്ടി സ്പീക്കറായും നഫീസത്ത് ബീവി രണ്ടാം ഡെപ്യൂട്ടി സ്പീക്കറായും തുടങ്ങുന്ന ഒരു പാരമ്പര്യം നമുക്കുണ്ട്. ആ പാരമ്പര്യം അവരോടുകൂടി അവസാനിച്ചു എന്നിടത്താണ്, മുന്നോട്ടു പോകുംതോറും പിന്നോട്ടു നടന്ന മലയാള നാടിന്റെ പ്രൗഢി കാണാനാവുന്നത്.

ആ പിന്നോട്ടുനടപ്പ് പാട്രിയാര്‍ക്കിയില്‍ പൊതിഞ്ഞ പൊതുബോധത്തിനും പൊതുഇടത്തിനും മാത്രമേ ബാധിച്ചിട്ടുള്ളൂ, ഇവിടെയുള്ള സ്ത്രീകളെ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. പഞ്ചായത്തും ബ്ലോക്കും ജില്ലയും കോര്‍പറേഷനും മുന്‍സിപ്പാലിറ്റികളും നയിച്ചുകൊണ്ടിരിക്കുന്ന അസംഖ്യം സ്ത്രീകള്‍. പരാതികള്‍ക്ക് ഇടനല്‍കാതെ നാടിനെ മുന്നോട്ടുകൊണ്ടുപോകുന്ന, കോഴിയെയും ആടിനെയും വിതരണം ചെയ്യുന്ന, വഴിയില്‍ വെളിച്ചം നല്‍കാന്‍ പരിശ്രമിക്കുന്ന, ഒട്ടും മാറാത്ത കുടുംബമെന്ന ഇന്‍സ്റ്റിറ്റിയൂഷനെയും അതിനുള്ളിലെ മനുഷ്യരെയും ഒപ്പം സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും കൈവഴക്കത്തോടെ കൈകാര്യം ചെയ്യുന്ന ജനപ്രതിനിധികള്‍. അവരൊരു ലെയറാണ്.
കോളജിനകത്തും പുറത്തും നിന്ന് സ്വയംപര്യാപ്തത എന്നതാണെന്റെ ആദ്യ രാഷ്ട്രീയ മുദ്രാവാക്യമെന്നു വിളിച്ചുപറഞ്ഞ്, അവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയും പറഞ്ഞും ഉത്തരവാദിത്തങ്ങളെ അറിഞ്ഞും ബോള്‍ഡായി മുന്നോട്ടുപോകുന്ന യുവ-കൗമാര തലമുറ, അവര്‍ മറ്റൊരു ലെയറാണ്.
അനുഭവസാക്ഷ്യത്തില്‍ നിന്ന് മുസ്‌ലിം സ്ത്രീകളുടെ കാര്യം ഒന്നുകൂടി ഊന്നിപ്പറയാം. അവാര്‍ഡുകള്‍ ഒരുപാട് വാങ്ങുന്ന സ്ത്രീ ജനപ്രതിനിധികള്‍, എന്റെ സര്‍ക്കിളില്‍, മുസ്‌ലിംലീഗില്‍ തന്നെ ഞാനേറെ കണ്ടിട്ടുണ്ട്. സുഹ്‌റ മമ്പാട്, എം കെ റഫീഖ, ജമീല എന്നിങ്ങനെ. അവരാരും അവാര്‍ഡിനകത്തെ സബ് കാറ്റഗറി-വനിത എന്ന നിലയില്‍ അര്‍ഹത നേടിയവരല്ല, മികച്ച ജനപ്രതിനിധി എന്ന നിലയില്‍ നിന്നുതന്നെ മികച്ച പഞ്ചായത്ത് ജില്ലാ ഭരണങ്ങള്‍ക്ക് അവാര്‍ഡ് നേടിയവരാണ്. അവരെല്ലാം ഇവിടെയുണ്ട്.
ചുറ്റും അര്‍ഹരായ സ്ത്രീകള്‍ ഒരുപാടുണ്ട്. കാലങ്ങളായി പൊതുജീവിതം നിര്‍ണയിച്ച ഇടങ്ങളില്‍ തെളിയാത്തവര്‍. അവസരം കിട്ടുമ്പോള്‍ മികച്ചതെന്നു അതിശയിപ്പിക്കുന്നവര്‍. അങ്ങനെയുള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് പതിറ്റാണ്ടുകള്‍ നീണ്ട ഓട്ടത്തിനിടയില്‍ സംവരണ ബില്‍ 2023 കിതച്ചെത്തി നില്‍ക്കുന്നത്. ആശങ്കകള്‍ പരിഹരിക്കപ്പെട്ട് നിയമം പൂര്‍ണമാവട്ടെ. സ്ത്രീ അവള്‍ അര്‍ഹിച്ചിടങ്ങളില്‍ തിളങ്ങട്ടെ.

Back to Top