29 Friday
November 2024
2024 November 29
1446 Joumada I 27

സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശിക്കാമോ?

സയ്യിദ് സുല്ലമി


ഖബര്‍ സന്ദര്‍ശനം നടത്തുന്നതിലൂടെ സന്ദര്‍ശകനും ഖബറാളിക്കും ഗുണമുണ്ടാകുന്നു. സന്ദര്‍ശകനു മരണത്തെ കുറിച്ചുള്ള ഓര്‍മയും പരലോകചിന്തയും ഉണ്ടാകുന്നു. അങ്ങനെ അവന്റെ മനസ്സ് ലോലമാകുന്നു. ഖബറില്‍ കിടക്കുന്ന വ്യക്തിക്കു വേണ്ടി സന്ദര്‍ശകന്‍ നടത്തുന്ന മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടിയുള്ള പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിച്ചാല്‍ അത് മരണപ്പെട്ടവര്‍ക്കും ഗുണമാകുന്നു. ഇതെല്ലാമാണ് ഖബര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളായി നബിയുടെ അധ്യാപനങ്ങളില്‍ വന്നത്. ഈ ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമാണെന്നതില്‍ സംശയമില്ലല്ലോ. ഈ വിഷയത്തില്‍ വന്നിട്ടുള്ള സ്വീകാരയോഗ്യമായ നബിവചനങ്ങള്‍ സ്ത്രീകള്‍ക്ക് ഖബര്‍ സന്ദര്‍ശനം പുണ്യകരമാണെന്ന് പഠിപ്പിക്കുന്നു.
ആഇശ(റ) നിവേദനം: ”നിശ്ചയം അവര്‍ പറഞ്ഞു: ദൈവദൂതരേ, ഖബറാളികള്‍ക്ക് ഞാന്‍ എന്താണ് പ്രാര്‍ഥന നടത്തേണ്ടത്? അദ്ദേഹം പറഞ്ഞു: നീ പറയുക: സത്യവിശ്വാസികളും മുസ്‌ലിംകളുമായ ഖബറില്‍ കിടക്കുന്നവരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ശാന്തിയും സമാധാനവും ഉണ്ടാകട്ടെ, നമ്മില്‍ നിന്ന് ആദ്യം മരണപ്പെട്ടവര്‍ക്കും പിന്നീട് മരണമടഞ്ഞവര്‍ക്കും അല്ലാഹു കരുണ ചെയ്യട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്” (മുസ്‌ലിം 974).
ഇവിടെ ഖബര്‍ സന്ദര്‍ശന സമയത്ത് നടത്തേണ്ട ദുആ പോലും പ്രവാചകന്‍(സ) മഹതി ആഇശ(റ)യെ പഠിപ്പിക്കുകയാണ്. അതുകൊണ്ട് സ്ത്രീകള്‍ക്ക് ഖബര്‍ സന്ദര്‍ശനം സുന്നത്താണെന്ന് ഈ നബിവചനത്തില്‍ നിന്നു മനസ്സിലാക്കാം. ഖബര്‍ സന്ദര്‍ശനം സ്ത്രീകള്‍ക്ക് നിഷിദ്ധമോ പാപമോ ആണെങ്കില്‍ ആഇശ(റ)ക്ക് ഈ ദുആ നബി(സ) പഠിപ്പിക്കില്ലല്ലോ. മാത്രമല്ല, ഹറാമാണെന്നു പറഞ്ഞു വിലക്കുകയാണല്ലോ ചെയ്യുക. ഈ വിഷയത്തില്‍ ഈ ഹദീസ് വ്യക്തമായ ചിത്രമാണ് നല്‍കുന്നത്.
മറ്റൊരു വചനം: അബ്ദുല്ലാഹിബിനു അബീമുൈലക(റ)യില്‍ നിന്ന് നിവേദനം: ”ആഇശ(റ) ഒരു ദിവസം ഖബര്‍സ്ഥാനില്‍ നിന്ന് വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ, താങ്കള്‍ എവിടെ നിന്നാണ് വരുന്നത്? അവര്‍ പറഞ്ഞു: എന്റെ സഹോദരന്‍ അബ്ദുര്‍റഹ്‌മാന്‍ ബിന്‍ അബൂബക്കറി(റ)ന്റെ ഖബറിന്റെ അരികില്‍ നിന്ന്. അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു: റസൂല്‍(സ) ഖബര്‍ സന്ദര്‍ശനം നിരോധിച്ചിരുന്നല്ലോ? അവര്‍ പറഞ്ഞു: അതെ, പിന്നീട് ഖബര്‍ സന്ദര്‍ശനം നടത്താന്‍ അദ്ദേഹം കല്‍പിച്ചു” (അസ്‌റം, ഹാകിം). ഇമാം ഇറാഖിയും ശൈഖ് അല്‍ബാനിയും ഈ വചനം സ്വഹീഹ് എന്ന് രേഖപ്പെടുത്തുന്നു (അല്‍ഇര്‍വാ).
ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച സംഭവം: ”നബി(സ) ഖബറിനരികിലൂടെ നടന്നുപോയി. അവിടെ തന്റെ കുട്ടി മരണപ്പെട്ടതിന്റെ പേരില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക.”
ഈ സംഭവത്തിലും നബി സ്ത്രീകള്‍ക്ക് ഖബര്‍ സന്ദര്‍ശനം പാടില്ലെന്നോ ഹറാമെന്നോ പറഞ്ഞില്ല. ‘അല്ലാഹുവെ സൂക്ഷിക്കുക’ എന്നു പറഞ്ഞതിന്റെ താല്‍പര്യം അവര്‍ അട്ടഹാസവും കരച്ചിലും നടത്തിയതിനാലാണ്. അക്കാര്യം മുന്‍ഗാമികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഖുര്‍തുബി പറയുന്നു: നിശ്ചയം അവര്‍ അട്ടഹസിച്ചുകൊണ്ട് കരയുകയായിരുന്നു. അതിനാലാണ് അവരോട് അല്ലാഹുവിനെ സൂക്ഷിക്കുകയെന്ന് പറഞ്ഞത് (ഉംദതുല്‍ഖാരി).
ബുറൈദ(റ)യില്‍ നിന്നു നിവേദനം: നബി(സ) പറഞ്ഞു: ”ഞാന്‍ നിങ്ങളോട് ഖബര്‍ സന്ദര്‍ശനം വിരോധിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ അത് സന്ദര്‍ശിച്ചുകൊള്ളുവിന്‍, തീര്‍ച്ചയായും അത് പരലോക ചിന്തയുണ്ടാക്കും” (മുസ്‌ലിം 977). ഈ വചനത്തിലുള്ള അഭിസംബോധന പുരുഷന്മാരോട് മാത്രമല്ല, സ്ത്രീകളോടും കൂടിയാണ്. പുരുഷന്മാര്‍ക്ക് മാത്രമുള്ള അഭിസംബോധനയാണെങ്കില്‍ അതിന് പ്രത്യേകമായ തെളിവ് വേണം. എന്നാല്‍ അങ്ങനെ തെളിവ് വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇത് സ്ത്രീപുരുഷന്മാരോടുള്ള നബിയുടെ ആഹ്വാനമാണ്.
വിരുദ്ധ വാദങ്ങള്‍
ഗള്‍ഫ് രാജ്യത്തെ ചില പണ്ഡിതര്‍ ഉള്‍പ്പെടെ ഒരു വിഭാഗം പറയുന്നത് സ്ത്രീകള്‍ക്ക് ഖബര്‍ സന്ദര്‍ശനം പാടില്ല, അത് തടയപ്പെട്ടിരിക്കുന്നു, നിര്‍ബന്ധമായും അവര്‍ സന്ദര്‍ശനം ഉപേക്ഷിക്കണമെന്നതാണ്. പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണ് ഖബര്‍ സന്ദര്‍ശനം എന്നും പറയുന്നു. എന്നാല്‍ നാം നടേ സൂചിപ്പിച്ച നബിവചനങ്ങള്‍ ഇവരുടെ ഈ വാദങ്ങളെ നിരാകരിക്കുന്നു.
സുവ്വാറാത്ത് എന്നാല്‍ അധികമായി ഖബര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ എന്നര്‍ഥം. അവര്‍ സ്ത്രീകള്‍ക്ക് ഖബര്‍ സന്ദര്‍ശനം പാടില്ലെന്ന് പറയാന്‍ ഉദ്ധരിക്കുന്ന തെളിവുകള്‍ ‘ഖബര്‍ അധികമായി സന്ദര്‍ശിക്കുന്ന സ്ത്രീകളെ റസൂല്‍(സ) ശപിച്ചു’ (തിര്‍മിദി 1056, ഇബ്‌നുമാജ 1574, 1575) എന്നതും ‘ഖബര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ റസൂല്‍(സ) ശപിച്ചു’ (തിര്‍മിദി 320) എന്നതുമാണ്.
തിര്‍മിദിയുടെ നമ്പര്‍ 1056 വചനം അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നതാണ്. എന്നാല്‍ അതിന്റെ നിവേദക പരമ്പരയില്‍ ഉമറുബ്‌നു അബീസലമ എന്ന വ്യക്തിയുണ്ട്. ഇമാം ശുഅ്ബ അദ്ദേഹത്തെ ദുര്‍ബലമാക്കിയിട്ടുണ്ട്. ഹസ്സാനുബിനു സാബിത്തില്‍ നിന്ന് ഇബ്‌നുമാജ ഉദ്ധരിക്കുന്ന വചനത്തിന്റെ നിവേദക പരമ്പരയില്‍ അബ്ദുറഹ്‌മാനുബ്‌നു ബഹ്‌മാന്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹം ഹദീസ് നിദാനശാസ്ത്ര പണ്ഡിതരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഇബ്‌നുമാജ ഉദ്ധരിക്കുന്ന വചനത്തിന്റെ നിവേദക പരമ്പരയില്‍ അബൂസാലിഹ് എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ് എന്ന് മുഹദ്ദിസുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ചുരുക്കത്തില്‍, ഖബര്‍ സന്ദര്‍ശിക്കുന്നവരെ ശപിച്ചുവെന്നു പറയുന്ന വചനങ്ങളെല്ലാം പ്രമാണയോഗ്യമല്ലാത്തതാണ്.
മാത്രമല്ല, ഈ വചനങ്ങള്‍ ശരിയാണെന്ന് സങ്കല്‍പിച്ചാല്‍ പോലും ഇത് ഇസ്‌ലാമിന്റെ ആദ്യകാലത്തേത് മാത്രമായിരുന്നു എന്നും ഒരുപറ്റം പണ്ഡിതര്‍ പറയുന്നു. ഇമാം ഹാകിം(റ) പറയുന്നു: ”ഖബര്‍ സന്ദര്‍ശനം വിരോധിച്ചുകൊണ്ടുള്ള ഈ ഹദീസുകള്‍ നസ്ഖ് അഥവാ ദുര്‍ബലപ്പെടുത്തപ്പെട്ടതാണ്” (മുസ്തദ്‌റക്). ഇമാം ബഗവി പറഞ്ഞു: ”തീര്‍ച്ചയായും ഇത് നബി(സ) ഖബര്‍ സിയാറത്ത് അനുവദിക്കുന്നതിനു മുമ്പുള്ളതായിരുന്നുവെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അങ്ങനെ ഖബര്‍ സിയാറത്ത് അനുവദിച്ചപ്പോള്‍ അതില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട്ടു” (ശറഹുസ്സുന്ന 2:417).
നബിയുടെ ഖബര്‍
സ്ത്രീകള്‍ക്ക് ഖബര്‍ സന്ദര്‍ശനം പാടില്ല എന്നു പറയുന്ന ഒട്ടേറെ പണ്ഡിതര്‍ നബിയുടെ ഖബര്‍ സന്ദര്‍ശനമാവാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ”എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നബിയുടെ ഖബര്‍ സന്ദര്‍ശിക്കല്‍ ഏറ്റവും മഹത്വമുള്ള പുണ്യകര്‍മങ്ങളില്‍ പെട്ടതാണ്” (മുഗ്‌നി, അല്‍മുഹ്താജ്).
യുവതികള്‍ക്ക്
ഖബര്‍ സന്ദര്‍ശനം
നടത്താമോ?

ഖബര്‍ സിയാറത്ത് യുവതികള്‍ക്ക് പാടില്ല, വൃദ്ധരായ സ്ത്രീകള്‍ക്ക് ആവാമെന്ന നിലപാടിലും അര്‍ഥമില്ല. കാരണം ആഇശ(റ) യുവതിയായിരിക്കെയാണ് ബഖീഇലെ ഖബറുകള്‍ സന്ദര്‍ശിച്ചിരുന്നത്. ഫിത്‌നയില്‍ നിന്ന് സുരക്ഷിതത്വമുണ്ടെങ്കില്‍ ഭര്‍ത്താവിന്റെ അവകാശം ഹനിക്കാതെ, അലമുറയിട്ടും അട്ടഹാസ കരച്ചിലും ഒഴിവാക്കി, ആഡംബരമില്ലാതെയുള്ള വേഷം ധരിച്ചുകൊണ്ട് അവര്‍ക്ക് ഖബര്‍സ്ഥാനില്‍ സിയാറത്ത് നടത്താവുന്നതാണെന്ന് ഇമാം ശൗക്കാനി(റ) നൈലുല്‍ ഔത്വാറില്‍ ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീക്ക് കുഴപ്പങ്ങളില്‍ നിന്ന് സുരക്ഷിതമായ സാഹചര്യമാണെങ്കില്‍ ഖബര്‍ സന്ദര്‍ശനത്തിനായി പുറപ്പെടാമെന്ന് ഇമാം ഖുര്‍തുബി(റ) തഫ്‌സീറില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ഇസ്‌ലാം ഖബര്‍ സന്ദര്‍ശിക്കാനും മരണപ്പെട്ടവര്‍ക്കു വേണ്ടി ദുആ ചെയ്യാനും പഠിപ്പിച്ചിട്ടും മാതാപിതാക്കളുടെ ഖബര്‍ സന്ദര്‍ശനം പോലും സാധിക്കാത്തവര്‍ ആയിരങ്ങളാണ്. അതിനു കാരണം മദ്ഹബ് പക്ഷപാതിത്വവും ഏതെങ്കിലും മഹാന്‍ പറഞ്ഞത് പ്രമാണം നോക്കാതെ ദീനായി സ്വീകരിച്ചതുകൊണ്ടുമാണ്.
സിയാറത്ത് ടൂര്‍
സ്ത്രീകള്‍ ഉള്‍പ്പെടെ സിയാറത്ത് ടൂര്‍ എന്ന പേരില്‍ നടക്കുന്നത് നബി(സ) പഠിപ്പിച്ച ഖബര്‍ സന്ദര്‍ശനമല്ല. ബിദ്അത്തും ശിര്‍ക്കും ധാരാളമായി കാണുന്നതാണ് ഇത്തരം ടൂറുകള്‍. ദര്‍ഗകളിലേക്ക് സിയാറത്ത് പോകുന്നവര്‍ മഹാഭൂരിപക്ഷവും സ്വന്തം ബന്ധുക്കളുടെയോ മാതാപിതാകളുടെയോ ഖബറുകള്‍ സന്ദര്‍ശിക്കുന്ന പതിവില്ല. അവര്‍ ഔലിയാക്കളുടെയും മഹാന്മാരുടെയും ഖബറുകളുടെ അരികില്‍ പോയി സഹായതേട്ടവും പ്രാര്‍ഥനയും നടത്തുകയാണ്, അവിടേക്ക് നേര്‍ച്ചകളും കാണിക്കകളും അര്‍പ്പിക്കുന്നു, ജാറം മൂടുന്നു, അവിടെ വലം വെക്കുന്നു, സാഷ്ടാംഗം പ്രണമിക്കുന്നു, അവിടേക്ക് അറവ് നടത്തുന്നു. ഇതെല്ലാം കഠിനമായ ശിര്‍ക്കാണ്. നരകം നിര്‍ബന്ധമാക്കുന്ന സംഗതികളാണ്. വേറെ ചിലര്‍ ഇത്തരം മഖാമുകളിലേക്ക് ഖുര്‍ആന്‍ അധ്യായങ്ങള്‍ പാരായണം ചെയ്യാന്‍ നേര്‍ച്ച ചെയ്തുകൊണ്ട് പോകുന്നു. അങ്ങനെ ബിദ്അത്തുകളും ശിര്‍ക്കും ചെയ്യുന്ന കേന്ദ്രങ്ങളായ ഇവിടങ്ങളിലേക്ക് ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി പോകുന്നത് ഒരു സത്യവിശ്വാസിക്കും യോജിക്കുകയില്ല.

Back to Top