3 Tuesday
December 2024
2024 December 3
1446 Joumada II 1

സ്ത്രീകള്‍ക്ക് മാത്രമായി ഖത്തറില്‍ പള്ളി


ഇമാമും മഅ്മൂമുകളും കാര്യകര്‍ത്താക്കളുമെല്ലാം സ്ത്രീകള്‍ മാത്രമായിട്ടൊരു പള്ളി കഴിഞ്ഞയാഴ്ച ഖത്തറില്‍ തുറന്നു. ദോഹയിലെ എജ്യുക്കേഷന്‍ സിറ്റിയുടെ ഹൃദയഭാഗത്താണ് ഔഖാഫ് മന്ത്രാലയം സ്ത്രീകള്‍ക്ക് മാത്രമായി പള്ളി തുറന്നത്. വിശാലമായ 12 ചതുരശ്ര കിലോമീറ്റര്‍ കാമ്പസില്‍ ഒന്നിലധികം വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമായ അല്‍മുജാദില സെന്റര്‍ ആന്റ് മോസ്‌ക് ഫോര്‍ വിമന്‍ ഫോര്‍ എജ്യൂക്കേഷന്‍ ഫെബ്രുവരി നാലിനാണ് പൊതുജനങ്ങള്‍ക്കായി തുറന്നത്. ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ ശെയ്ഖ മൂസ ബിന്‍ത് നാസര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ മുഹമ്മദ് നബിയുടെ അടുത്തേക്ക് പോയ ഖൗല ബിന്‍ത് തലബയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മസ്ജിദ് നിര്‍മിച്ചത്. ഇവിടെ സന്ദര്‍ശിക്കാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. പ്രാദേശിക സമയം രാവിലെ 10 മുതല്‍ രാത്രി 8 വരെ തുറന്നു പ്രവര്‍ത്തിക്കും. അല്‍മുജാദില കേന്ദ്രത്തില്‍ ക്ലാസ്മുറികള്‍, ലൈബ്രറി, സമ്മേളന ഹാള്‍, കഫേ, ഗാര്‍ഡന്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. അറബിയിലും ഇംഗ്ലീഷിലും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഗൈഡുമാരെയും സജ്ജീകരിച്ചിരിക്കുന്നു.

Back to Top