8 Friday
August 2025
2025 August 8
1447 Safar 13

സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത നാട്

അന്‍സില്‍ പി കെ

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ചുറ്റും. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു ചുറ്റും സുരക്ഷിതത്വമില്ലായ്മ തളംകെട്ടി നില്‍പുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു മാളില്‍ സിനിമാ നടിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി.
നോക്കു കൊണ്ടോ വാക്കു കൊണ്ടോ സ്പര്‍ശനം കൊണ്ടോ സ്വന്തം സ്വകാര്യതയിലേക്ക് കടന്നുകയറ്റം അനുഭവിക്കാത്ത ഒരു സ്ത്രീയെയും കേരളത്തില്‍ കണ്ടിട്ടില്ല. പുറത്തുപോകുന്ന സമയം മുതല്‍ സഞ്ചരിക്കുന്ന വാഹനം, ധരിക്കുന്ന വസ്ത്രം, എപ്പോള്‍ തിരിച്ചുവരണം, ഷോപ്പിങിനോ ക്ഷേത്രത്തിലോ എവിടെ പോകണം എന്നിങ്ങനെ ഓരോ തീരുമാനത്തിനു പിന്നിലും ഈ ക്രിമിനലുകള്‍ ചുറ്റുമുണ്ടെന്ന വിചാരമുണ്ട്.
ഒരു പെണ്‍കുട്ടിയെ, അത് സിനിമാ നടിയോ മറ്റാരോ ആകട്ടെ, കയറിപ്പിടിച്ചാല്‍ അത് ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്നത് നൈമിഷികമായ ഒരു സുഖമോ സംതൃപ്തിയോ ആയിരിക്കണം. പിറ്റേന്ന് അവര്‍ അത് ഓര്‍ക്കുക കൂടിയില്ല. പക്ഷേ, ഇത്തരത്തിലുള്ള കടന്നുകയറ്റത്തിനു വിധേയമാകുന്ന സ്ത്രീകള്‍ക്ക് അത് നീണ്ടുനില്‍ക്കുന്ന ട്രോമയാണ്. ഇത്തരം കാര്യം സംഭവിച്ചതിലുള്ള അറപ്പ്, അപ്പോള്‍ ഉണ്ടായ ഭയം, പ്രതികരിക്കാന്‍ സാധിക്കാത്തതിലുള്ള രോഷം ഇതൊക്കെ ദിവസങ്ങളോളം മനസ്സിനെ അലട്ടും. പിന്നീട് ആ സ്ഥലത്ത് പോകാന്‍ തന്നെ മടിക്കും. തിരക്കുള്ള സ്ഥലങ്ങളെ പേടിയാകും. ഇതൊക്കെ ആള്‍ക്കൂട്ടത്തിനിടയില്‍ കയറി ഒരു നിമിഷാര്‍ധത്തില്‍ എന്തോ ചെയ്തിട്ട് വീട്ടില്‍ പോകുന്ന ക്രിമിനലുകള്‍ അറിയുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ?

Back to Top