23 Thursday
October 2025
2025 October 23
1447 Joumada I 1

ലേബര്‍ കോഡുകളും തൊഴില്‍ സുരക്ഷിതത്വവും

ഹബീബ് റഹ്മാന്‍ കൊടുവള്ളി

പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. സാമ്പത്തിക മാന്ദ്യത്തിന്റെയും മഹാമാരിയുടെയും അതീവ ഗുരുതരമായ പ്രതിസന്ധികളില്‍ നിന്നും ലോകത്തോടൊപ്പം ഇന്ത്യയും തൊഴിലാളികളുമൊന്നും ഇനിയും മുക്തരായിട്ടില്ല. ഈ സമയത്താണ് തൊഴിലിന്റെയും തൊഴിലാളികളുടെയും വളര്‍ച്ചയ്ക്കും സംരക്ഷണത്തിനുമായി നിലവില്‍ വന്ന 44ഓളം തൊഴില്‍ നിയമങ്ങളെ, കൂലി, തൊഴില്‍ സുരക്ഷിതത്വം, ആരോഗ്യവും തൊഴിലവസ്ഥകളും, വ്യാവസായിക ബന്ധങ്ങളും സാമൂഹിക സുരക്ഷിതത്വവും എന്നീ കേവലം നാലു തൊഴില്‍ കോഡുകളിലേക്ക് ചുരുക്കിക്കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്. തൊഴില്‍ സമയങ്ങളിലും ആനുകൂല്യങ്ങളിലും അടിസ്ഥാന ശമ്പളത്തിലും സുപ്രധാനമായ മാറ്റമാണ് പുതിയ നിയമം വരുന്നതോടെ നിലവില്‍ വരിക. ചുരുക്കത്തില്‍ ഇനിയങ്ങോട്ട് തൊഴിലാളികള്‍ വളരെ കുറഞ്ഞ അവകാശങ്ങളുമായി വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടി വരുമെന്നര്‍ഥം.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. നിലവിലുള്ള നിയമം അനുസരിച്ച് 100 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുള്ള തൊഴിലാളികളെ പിരിച്ചുവിടാനോ ലേഓഫ് ചെയ്യാനോ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമായിരുന്നു. പുതിയ നിയമ പ്രകാരം 300 പേര്‍ വരെ ജോലി ചെയ്യുന്ന ഇടങ്ങളില്‍ പിരിച്ചുവിടലിനോ ലേഓഫ് ചെയ്യുന്നതിനോ ഇനി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട. തൊഴിലാളികളെ പിരിച്ചുവിടുന്നതിന് 30 മുതല്‍ 90 ദിവസം മുമ്പുവരെ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയും പുതിയ നിയമത്തോടെ ഇല്ലാതാകും.
മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി പ്രഖ്യാപിക്കാന്‍ തന്നെ കാരണമായ ‘എട്ട് മണിക്കൂര്‍ ജോലി’ എന്ന പ്രക്ഷോഭ മുദ്രാവാക്യം പോലും ഇനി അപ്രസക്തമാകും. എട്ടു മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം എന്ന രാജ്യാന്തരതലത്തില്‍ അംഗീകരിച്ച നിയമത്തെ തകിടം മറിച്ചുകൊണ്ട് ഇനി ഇന്ത്യയില്‍ 12 മണിക്കൂറാണ് ജോലി സമയം. കമ്പനികള്‍ക്ക് വേണമെങ്കില്‍ ആഴ്ചയില്‍ മൂന്നു ദിവസത്തെ അവധി അനുവദിക്കാം എന്നൊരു വ്യവസ്ഥയുണ്ടെങ്കിലും അതാര് പാലിക്കാന്‍!
ഇപ്പോള്‍ തന്നെ തൊഴില്‍ സുരക്ഷിതത്വവും പെന്‍ഷനുമൊക്കെ അപ്രത്യക്ഷമായിട്ടുണ്ട്. ഏറ്റവും സൗകര്യങ്ങളും സൗജന്യങ്ങളുമുണ്ടായിരുന്ന രാജ്യത്തിന്റെ കാവല്‍ക്കാരായ പട്ടാളക്കാര്‍ക്കുവരെ അഗ്നിപഥിലൂടെ അതെല്ലാം നഷ്ടപ്പെടാന്‍ പോകുന്നു. ഇതിനേക്കാളെല്ലാം നമ്മെ ഭയപ്പെടുത്തുന്ന വസ്തുത മോദി ഗവണ്മെന്റിന്റെ അമിതമായ കോര്‍പറേറ്റ് ആശ്രിതത്വം മൂലം ചുട്ടെടുക്കുന്ന പുത്തന്‍ തൊഴില്‍ നിയമങ്ങളും നയങ്ങളുമാണ്. നിക്ഷേപത്തിന്റെയും വ്യവസായത്തിന്റെയും വളര്‍ച്ച ലക്ഷ്യമിട്ടെന്ന പേരില്‍ നടപ്പാക്കുന്ന നയങ്ങളൊക്കെയും തൊഴിലാളിവിരുദ്ധമാണ്. സ്മാര്‍ട്ട് സിറ്റികളെന്നും ഓട്ടോണമസ് വില്ലേജുകളെന്നും മറ്റുമുള്ള ഓമനപ്പേരുകളിട്ട് വിളിക്കുന്നിടങ്ങളൊക്കെയും തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കേന്ദ്രങ്ങളായി മാറുകയാണ്. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കിനാണ് ഇപ്പോള്‍ ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പാദിപ്പിക്കുന്ന സമ്പത്തിന്റെ 80 ശതമാനത്തിലേറെയും ആഗോള ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഒരുപിടി സമ്പന്നര്‍ കയ്യടക്കിവയ്ക്കുമ്പോള്‍, 450 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും പട്ടിണിയിലും കഴിയുന്ന സാഹചര്യം നിലനില്‍ക്കുന്നു. നാം ഉല്‍പാദിപ്പിക്കുന്ന സമ്പത്ത് നമുക്ക് അവകാശപ്പെട്ടതാണെന്നും അനീതിയും അസമത്വവും അവസാനിപ്പിക്കണമെന്നും എന്നത്തേക്കാളും കൂടുതല്‍ ശക്തമായി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള തൊഴിലാളികള്‍ ആവശ്യപ്പെടേണ്ട സമയമാണിത്. മാത്രമല്ല, അത് നേടിയെടുക്കാനുള്ള ഉജ്വലമായ പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് തൊഴിലാളികള്‍ക്കും അവരുടെ ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ക്കും കഴിയേണ്ടിയിരിക്കുന്നു.

Back to Top