ലേബര്‍ ക്യാമ്പുകളിലെ പ്രവാസി ജീവിതം
ഉമര്‍ മാസിന്‍
കഴിഞ്ഞ ദിവസമാണ് കുവൈറ്റിലെ ഒരു ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടാകുന്നതും ഒട്ടനവധി പ്രവാസികള്‍ മരണപ്പെടുന്നതും. ഈ തീപിടിത്തം ലേബര്‍ കാമ്പുകള്‍ എന്ന ബോംബ്കൂടാരങ്ങള്‍ ചര്‍ച്ചയാക്കുകയുണ്ടായി. താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികളെ ഇത്തരം ക്യാമ്പുകളിലാണ് സ്ഥാപന ഉടമകള്‍ പാര്‍പ്പിക്കുന്നത്. ഇന്ത്യക്കാര്‍, പാകിസ്താനികള്‍, ശ്രീലങ്കക്കാര്‍, നേപ്പാളികള്‍, ബംഗ്ലാദേശികള്‍ തുടങ്ങി പട്ടിണി രാജ്യങ്ങളിലെ തൊഴിലാളികളെയാണ് സ്ഥാപന ഉടമകള്‍ ഇത്തരം ക്യാമ്പുകളില്‍ തള്ളിവിടുന്നത്. കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ തീരെ പരിമിതമാണ്. കാലപ്പഴക്കത്തില്‍ തകരാറായ കെട്ടിടങ്ങളും വൃത്തിഹീനമായ പരിസരങ്ങളും പൊട്ടിപ്പൊളിഞ്ഞ ഓടകളും ഇപ്പറഞ്ഞ ക്യാമ്പുകളുടെ ശാപങ്ങളാണ്. ഒരു തീപ്പൊരി വീണാല്‍ പോലും കത്തിപ്പടരാന്‍ സാധ്യതയുള്ളവയാണ് ഇവയില്‍ ബഹുഭൂരിപക്ഷവും. തീപിടുത്തം പ്രതിരോധിക്കാനോ തീകെടുത്താനോ ഉള്ള സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ കേട്ടുകേള്‍വി മാത്രമാണ്. തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്രത്തലത്തില്‍ സംവിധാനങ്ങള്‍ ഉണ്ടാവണം. ഏതു സാഹചര്യത്തിലും തൊഴിലാളികള്‍ സംരക്ഷിക്കപ്പെടുന്ന അവസ്ഥ സംജാതമാവണം.