28 Thursday
March 2024
2024 March 28
1445 Ramadân 18

ലാ റയ്ബ ഫീഹി

എ അബ്ദുസ്സലാം സുല്ലമി

വായനക്ക് മുമ്പ്...
എ അബ്ദുസ്സലാം സുല്ലമിയുടെ അപ്രകാശിത രചനകളിലൊന്നായ ഖുതുബകള്‍ ഈ ലക്കം മുതല്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കുകയാണ്. സുല്ലമി മരണപ്പെടുന്നതിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതിന്റെ പ്രാഥമിക രചന പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അത് പ്രസിദ്ധീകരണ യോഗ്യമാക്കുന്നതില്‍ കാലതാമസം വന്നു. ഒരു സ്വകാര്യ പുസ്തക പ്രസാധനാലയത്തിന്റെ ആവശ്യവുമായി ഞങ്ങള്‍ കുറച്ച് പേര്‍ അബ്ദുസ്സലാം സുല്ലമിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കാണുകയുണ്ടായി. മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന ചില പുസ്തകങ്ങള്‍ കോപ്പി തീര്‍ന്നത് പുന:പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം അനുമതി നല്‍കി. അങ്ങനെയാണ് സംഗീതോപകരണങ്ങളെക്കുറിച്ചും ഹദീസിന്റെ പ്രാമാണികതയെക്കുറിച്ചുമുള്ള രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതിന്റെ പ്രൂഫ് വായന, തിരുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി സുല്ലമിയെ പലതവണ സന്ദര്‍ശിച്ചിരുന്നു. അതിനിടയിലാണ്, ഖുര്‍ആന്‍ ഖുത്ബകള്‍ എന്ന പേരില്‍ ഖതീബുമാരെ ഉദ്ദേശിച്ച് ഒരു ദീര്‍ഘ രചന നടത്തിയിട്ടുണ്ടെന്നും അതിപ്പോള്‍ തന്റെ കൈവശമില്ല എന്നും നിങ്ങളത് സംഘടിപ്പിച്ച് പ്രസിദ്ധീകരിച്ചോളൂ എന്നും സുല്ലമി പറയുന്നത്. നിലവില്‍ പ്രസിദ്ധീകരണത്തിനുവേണ്ടി തയ്യാറാക്കിയ രണ്ട് പുസ്തകം മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് (2017, കൂരിയാട്) പ്രസിദ്ധീകരിക്കേണ്ടതുള്ളതിനാല്‍ അതിന്റെ പണി വേഗത്തിലാക്കി. അതേസമയം, സുല്ലമിയുടെ നിര്‍ദേശമനുസരിച്ച് ഖുത്ബകള്‍ അദ്ദേഹം ഏല്‍പിച്ചവരില്‍ നിന്ന് സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അത് അങ്ങനെ തന്നെ പ്രസിദ്ധീകരിക്കുന്നത് ലക്ഷ്യപ്രാപ്തി കൈവരിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉണര്‍ത്തി. കാരണം, ഖതീബുമാരെ ഉദ്ദേശിച്ചാണ് സുല്ലമി ഈ രചന നടത്തിയത്. അതിനാല്‍ തന്നെ ഖുത്ബയില്‍ ഉടനീളം ഉദ്ധരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍, ഹദീസുകള്‍, പണ്ഡിത ഉദ്ധരണികള്‍, ചരിത്രസംഭവങ്ങള്‍ എന്നിവയുടെ സ്രോതസും വിശദീകരണവും ആവശ്യമാണ്. സാധാരണ ഖതീബുമാരെ സംബന്ധിച്ചേടത്തോളം അവ കണ്ടെത്തുക പ്രയാസമായിരിക്കും. അതിനാല്‍, ഇത് പ്രസിദ്ധീകരിക്കുന്നുവെങ്കില്‍ സ്രോതസുകളും ആവശ്യമായ വിശദീകരണവും നല്‍കേണ്ടത് അനിവാര്യമാണെന്ന് കയ്യെഴുത്ത് പ്രതി വായിച്ചവര്‍ അഭിപ്രായപ്പെടുകയുണ്ടായി. തുടര്‍ന്ന്, സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രീ പ്രസ്സ് കോപ്പി കാണിക്കുന്നതിനായി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അദ്ദേഹം ഷാര്‍ജയില്‍ നിന്ന് മടങ്ങിയെത്തിയ ഇടവേളയിലായിരുന്നു അത്. അന്നേരം ഖുര്‍ആന്‍ ഖുത്ബകള്‍ സംബന്ധിച്ച ഫീഡ്ബാക്ക് അദ്ദേഹത്തെ അറിയിച്ചു. കയ്യെഴുത്ത് പ്രതി നിങ്ങള്‍ക്ക് ലഭിച്ചോ എന്ന് അദ്ദേഹം ചോദിച്ചു. അത് കയ്യിലുണ്ടെന്ന് പറഞ്ഞപ്പോള്‍, അടുത്ത പ്രാവശ്യം ഷാര്‍ജയില്‍ നിന്ന് മടങ്ങിവരുമ്പോള്‍ നിങ്ങള്‍ വീട്ടിലേക്ക് വരൂ, ഓരോന്നിന്റെയും സ്രോതസ്സും വിശദീകരണവും ഞാന്‍ പറഞ്ഞുതരാം എന്ന് സുല്ലമി മറുപടി നല്‍കി. അതോടൊപ്പം മറ്റ് ചില കയ്യെഴുത്ത് പ്രതികളും, സന്ദര്‍ഭാനുസരണം പ്രസിദ്ധീകരിച്ചോളൂ എന്ന് പറഞ്ഞ് എടുത്ത് നല്‍കി. എന്നാല്‍ ആ കൂടിക്കാഴ്ച അവസാനത്തേതായിരുന്നു. അബ്ദുസ്സലാം സുല്ലമി നാഥനിലേക്ക് മടങ്ങി.
ഖുര്‍ആന്‍ ഖുത്ബകള്‍ സംബന്ധിച്ച് തഖ്‌രീജിന്റെ പ്രശ്‌നം നിലനില്‍ക്കുന്നതുകൊണ്ട് അത് പ്രസിദ്ധീകരിക്കുന്നത് നീണ്ടുപോയി. എന്നാല്‍ ഇപ്പോള്‍, ഒരു ലക്കത്തില്‍ ഒരു ഖുത്ബ എന്ന നിലയില്‍ പ്രസിദ്ധീകരിക്കുകയാണ്. അതില്‍ സ്രോതസുകളെ സംബന്ധിച്ച വിവരവും അര്‍ഥവും വളരെ അനിവാര്യമായ ഇടങ്ങളില്‍ വിശദീകരണവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഹാശിയ എന്ന നിലയില്‍ അടിക്കുറിപ്പുകള്‍ നല്‍കുന്നത് ഈയുള്ളവനാണ്. ഈ ഉദ്യമം പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍

വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ബഖറ രണ്ടാം വചനത്തെ ആസ്പദമാക്കിയാണ് ഈ ഖുത്ബ. ഖുര്‍ആന്‍ ദൈവികമാണെന്നതിലോ ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങളിലോ യാതൊരു സംശയവും പ്രകടിപ്പിക്കാന്‍ പാടില്ല എന്നാണ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരാളൊരു ഗ്രന്ഥമെഴുതി, അതില്‍ യാതൊരു തെറ്റുമില്ല എന്ന് അയാള്‍ തന്നെ പ്രശംസിച്ചു പറയുന്നതുപോലെ ഈ പ്രസ്താവനയെ കാണരുത്. എന്തുകൊണ്ടാണ്് അല്ലാഹു ഇപ്രകാരം പറഞ്ഞത് എന്ന് പരിശോധിക്കാം.
ഒന്ന്: ഇസ്‌ലാമിന്റെ കഠിന ശത്രുക്കള്‍ വരെ ഖുര്‍ആന്‍ ദൈവികമാണെന്ന് സമ്മതിച്ചതുകൊണ്ട്. ഉദാഹരണം: (1). വലീദുബ്‌നു മുഗീറയുടെ സംഭവം. സൂറതു ഫുസ്സ്വിലത്തിലെ ആദ്യ സൂക്തങ്ങള്‍ ശ്രവിച്ചപ്പോള്‍ അദ്ദേഹം മറ്റു നേതാക്കന്മാരുടെ അടുത്ത് ചെന്നു പറഞ്ഞു:

എന്നാല്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ തനിക്ക് ഖുറൈശികള്‍ക്കിടയിലുള്ള സ്ഥാനം നഷ്ടപ്പെടുമെന്ന് വിചാരിച്ച് അദ്ദേഹം ഇസ്‌ലാം മതത്തെ നിഷേധിച്ചു.
(2). അഅ്ഷാ എന്ന കവിയുടെ സംഭവം. അറബികളുടെ ഹാര്‍മോണിയം എന്ന് വിളിക്കപ്പെടുന്ന കവിയായ ഇദ്ദേഹം ഖുര്‍ആന്‍ ദൈവികമാണെന്ന് സമ്മതിക്കുകയും ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഖുര്‍ആന്‍ സ്വീകരിച്ചാല്‍ മദ്യപിക്കാന്‍ സാധിക്കുകയില്ലെന്ന് ശത്രുക്കള്‍ പറഞ്ഞപ്പോള്‍ മദീനയിലേക്കു പുറപ്പെട്ട കവി പറഞ്ഞു:

മക്കയിലേക്ക് മടങ്ങി കുതിരപ്പുറത്തുനിന്ന് വീണു മരിച്ചു. അപ്പോള്‍ പലരും ഖുര്‍ആനിനെ നിഷേധിച്ചത് പാരമ്പര്യവും ദേഹേച്ഛയും ഉപേക്ഷിക്കാനുള്ള മടി കാരണമെന്ന് വ്യക്തമാണ്.
(3). അബൂത്വാലിബിന്റെ സംഭവം. മരണവേളയില്‍ നബി(സ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പാടി:

അബൂത്വാലിബ് പിന്നീട് അബ്ദുല്‍ മുത്വലിബിന്റെ മതത്തില്‍ എന്നു പറഞ്ഞു മരിച്ചു. അപ്പോള്‍ ഇസ്‌ലാം സ്വീകരിക്കാതിരിക്കാനുള്ള കാരണം മറ്റുള്ളവര്‍ ചീത്ത പറയുമെന്ന ഭയമാണ്. ഇതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്:
മുത്തഖി എന്നതിന്റെ അര്‍ഥം തെറ്റിനെ സൂക്ഷിക്കുന്നവന്‍ എന്നാണ്. എല്ലാ തെറ്റിനെയും കുറിച്ച് ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും ഖുര്‍ആന്‍ ഹുദയാണെങ്കിലും മുത്തഖികള്‍ക്ക് മാത്രമേ ഖുര്‍ആന്‍ ഉപകാരം ചെയ്യുകയുള്ളൂ. ഖുര്‍ആനില്‍ യാതൊരു സംശയവുമില്ല എന്നു പറയുന്ന മറ്റ് ആയത്തുകള്‍ യൂനുസ് 37, സജദ 2 എന്നിവയാണ്.
രണ്ട്: ഖുര്‍ആനിന്റെ വെല്ലുവിളി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട് കൂടിയാണ് എന്ന് അല്ലാഹു പറഞ്ഞത്. ആ വെല്ലുവിളികള്‍ ഇവയാണ്: അല്‍ബഖറ 23, യൂനുസ് 38, ഹൂദ് 13, ഖസ്വസ്വ് 49, സ്വഫാത്ത് 157. ഈ രണ്ടു കാരണത്താലാണ്(4) എന്ന് അല്ലാഹു പറഞ്ഞത്.
കുറിപ്പുകള്‍
1). ‘ഖുറൈശികളുടെ വാസനച്ചെടി’ (റൈഹാനത്തു ഖുറൈശ്) എന്നറിയപ്പെട്ടിരുന്ന വലീദുബ്‌നു മുഗീറ നബിയുടെയും ഇസ്‌ലാമിന്റെയും കഠിനശത്രുവായിരുന്നു. 74-ാം അധ്യായത്തിലെ 11 മുതല്‍ 30 വരെയുള്ള വചനങ്ങളുടെ വ്യാഖ്യാനത്തില്‍ മുഹമ്മദ് അമാനി മൗലവി ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. ഈ വചനങ്ങള്‍ വലീദ് ബ്‌നു മുഗീറയുടെ സംഭവത്തില്‍ ഇറങ്ങിയതാണെന്നും അക്കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നിപ്പില്ലെന്നും ഇമാം റാസി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ഈ സംഭവം ഇബ്‌നു ജരീര്‍ ഉദ്ധരിച്ചത് ഇങ്ങനെയാണ്: ഒരിക്കല്‍ വലീദ് ബ്‌നു മുഗീറ നബിയുടെ അടുക്കല്‍ വരികയുണ്ടായി. പ്രവാചകന്‍(സ) അവനു ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു. അപ്പോള്‍ അവന്റെ ഹൃദയത്തിന് അലിവുണ്ടായതുപോലെ തോന്നി. അബൂജഹല്‍ ഇക്കാര്യം അറിഞ്ഞു. അദ്ദേഹം വലീദിന്റെ അടുക്കല്‍ ചെന്ന് പരിഹാസ രൂപേണ ഇങ്ങനെ ചോദിച്ചു: ‘ഓ, പിതൃവ്യാ, നിങ്ങളുടെ ജനങ്ങള്‍ നിങ്ങള്‍ക്ക് കുറച്ചു ധനം ശേഖരിച്ചു തരാന്‍ ഉദ്ദേശിക്കുന്നു’. അപ്പോള്‍ വലീദ് അതിന്റെ കാരണമന്വേഷിച്ചു. താന്‍ മുഹമ്മദിന്റെ പക്കല്‍ ചെന്നത് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് എന്തെങ്കിലും ധനം ലഭിക്കാന്‍ വേണ്ടിയാണോ എന്നതാണ് അബൂജഹലിന്റെ ചോദ്യത്തിന്റെ പൊരുള്‍. അപ്പോള്‍ വലീദ് പറഞ്ഞു: ‘ഞാന്‍ ഖുറൈശികളില്‍ വെച്ചു ധാരാളം ധനമുള്ളവനാണെന്ന് അവര്‍ക്കറിയാമല്ലോ’. അപ്പോള്‍ അബൂജഹല്‍, മുഹമ്മദിനോട് പ്രതിഷേധവും വെറുപ്പും ഉള്ളവനാണ് താങ്കള്‍ എന്ന് മനസിലാവുന്ന വിധത്തില്‍ മുഹമ്മദിനെപ്പറ്റി വല്ല അഭിപ്രായവും പറയണം എന്നാവശ്യപ്പെട്ടു. അപ്പോള്‍ വലീദ് പറഞ്ഞു: ‘ഞാന്‍ അവനെക്കുറിച്ചു എന്തു പറയാനാണ്? അല്ലാഹു തന്നെയാണെ! നിങ്ങളിലൊരാളും തന്നെ എന്നേക്കാള്‍ കവിത അറിയുന്നവരും, പദ്യമോ പാട്ടോ അറിയുന്നവരും അല്ല. ജിന്നുകളുടെ കവിത അറിയുന്നവരുമല്ല. അല്ലാഹുവാണെ! അവന്‍ പറയുന്നതിനു ഇവയില്‍ ഒന്നിനോടും സാമ്യമില്ല തന്നെ. അല്ലാഹുവാണെ! അവന്‍ പറയുന്ന വാക്കിനു ഒരു മാധുര്യമുണ്ട്. അതിന്റെ താഴെയുള്ളതെല്ലാം അതു ചവിട്ടിത്താഴ്ത്തുക തന്നെ ചെയ്യും. അത് ഉന്നതമാവുകയും ചെയ്യും. അതിനുപരിയായി ഒന്നും നിലകൊള്ളുകയില്ല.’ അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘എന്നാല്‍ അല്ലാഹുവാണെ! നിങ്ങള്‍ അവനെപ്പറ്റി വല്ലതും പറയാതെ നിങ്ങളുടെ ജനത തൃപ്തിപ്പെടുന്നതല്ല.’ കുറെ ആലോചിച്ചതിനുശേഷം വലീദ് പറഞ്ഞു: ഇത് മറ്റ് ചിലരില്‍ നിന്ന് പ്രാമാണിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഈ സന്ദര്‍ഭത്തിലാണ് സൂറ 74-ലെ 11-30 വരെയുള്ള വചനങ്ങള്‍ അവതരിച്ചത്. (അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം 74:1-31 കാണുക)
2). കിതാബു തഫ്‌സീറുല്‍ ഖുര്‍തുബി, അല്‍ ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, ഭാഗം 19, പേജ് 74. സൂറ 74: 18-25 ആയത്തുകളെ തഫ്‌സീര്‍ ചെയ്യുന്ന ഭാഗം.
3). ഖുര്‍തുബി, ഭാഗം 3, പേജ് 56. അര്‍ഥം: ഈ വര്‍ഷം ഞാന്‍ മദ്യപിക്കും, പിന്നീട് മടങ്ങും.
4). ആദ്യത്തില്‍ വിശദീകരിച്ച കഠിന ശത്രുക്കള്‍ വരെ ഖുര്‍ആന്‍ ദൈവികമാണെന്ന് സമ്മതിച്ച കാര്യമാണ് ഒരു കാരണം. രണ്ടാമത്തേത്, ഖുര്‍ആനിന് പകരം കൊണ്ട് വരാനുള്ള വെല്ലുവിളി.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x