ഇസ്‌റാഈല്‍ ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കുമെന്ന് കുവൈത്ത്

ഇസ്‌റാഈലിനെയും അതിന്റെ ഉല്‍പന്നങ്ങളെയും ബന്ധപ്പെട്ട കമ്പനികളെയും ബഹിഷ്‌കരിക്കാനുള്ള നിലപാട് പുതുക്കി കുവൈത്ത്. ഇ സ്‌റാഈലിനെ ബഹിഷ്‌കരിക്കുന്നതിനുള്ള റീജിയനല്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സിലാണ് തീരുമാനം. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ഡയറക്ടറുടെ നിര്‍ദേശങ്ങള്‍ക്കും ബഹിഷ്‌കരണ ഓഫീസിന്റെ നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി, ഇസ്‌റാഈലിന്റേതോ നിരോധിത കമ്പനികളുടേതോ ആണെന്നു സംശയിക്കുന്ന ഏതൊരു ചരക്കും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും കണ്ടുകെട്ടുകയും ചെയ്യുമെന്ന് യോഗത്തില്‍ കുവൈത്ത് പ്രതിനിധി മശാരി അല്‍ ജാറുല്ല പറഞ്ഞതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിലെ ഇസ്‌റാഈല്‍ ബഹിഷ്‌കരണ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ കോണ്‍ഫറന്‍സ് പ്രസിഡന്റ് പ്രശംസിച്ചതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിലെ ഇസ്രായേല്‍ ബഹിഷ്‌കരണ ഓഫീസിലെ നിയമോപദേഷ്ടാവായ അല്‍ ജാറുല്ല പറഞ്ഞു. അറബ് സ്റ്റേറ്റ്‌സ് ലീഗ് സെക്രട്ടേറിയറ്റ് ജനറലുമായി ഏറ്റവും സജീവ ബന്ധമുള്ള ഓഫീസാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ആയുധമാണ് ബഹിഷ്‌കരണ നിയമങ്ങള്‍. കോണ്‍ഫറന്‍സ് എടുത്ത തീരുമാനങ്ങളും നിര്‍ദേശങ്ങളും തുടര്‍ന്നും അറബ് ബഹിഷ്‌കരണ ഓഫീസുകള്‍ നടപ്പാക്കുന്നതിന്റെ പ്രാധാന്യം അല്‍ ജാറുല്ല ഊന്നിപ്പറഞ്ഞു.
