10 Monday
March 2025
2025 March 10
1446 Ramadân 10

കുവൈത്തിന് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വം


ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് കുവൈത്തിനെ തെരഞ്ഞെടുത്തു. കുവൈത്ത് ഉള്‍പ്പെടെ 15 പുതിയ രാജ്യങ്ങളെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്. അതേസമയം, പെറുവിനും റഷ്യക്കും അവസരം ലഭിച്ചില്ല. കുവൈത്ത്, അല്‍ബേനിയ, ബ്രസീല്‍, ബള്‍ഗേറിയ, ബുറുണ്ടി, ചൈന, ഐവറി കോസ്റ്റ്, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഫ്രാന്‍സ്, ഘാന, ഇന്തോനേഷ്യ, ജപ്പാന്‍, മലാവി, നെതര്‍ലന്‍ഡ്‌സ് എന്നിവയാണ് പുതിയ രാജ്യങ്ങള്‍. 2024 ജനുവരി ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം. തെരഞ്ഞെടുപ്പിനു ശേഷം യു എന്‍ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസാണ് രാജ്യങ്ങളെ പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ മൗലിക സ്വാതന്ത്ര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യു എന്നിന്റെ പ്രധാന ബോഡിയാണ് മനുഷ്യാവകാശ കൗണ്‍സില്‍. 2006ല്‍ രൂപവത്കരിച്ച മനുഷ്യാവകാശ കൗണ്‍സിലില്‍ 47 അംഗരാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ആഫ്രിക്ക (13), ഏഷ്യ-പസഫിക് (13), കിഴക്കന്‍ യൂറോപ്യന്‍ (ആറ്), ലാറ്റിനമേരിക്കന്‍, കരീബിയന്‍ (എട്ട്), പടിഞ്ഞാറന്‍ യൂറോപ്യന്‍, മറ്റുള്ളവ (ഏഴ്) എന്നിങ്ങനെ അംഗത്വം നിശ്ചയിച്ചിട്ടുണ്ട്.

Back to Top