12 Saturday
October 2024
2024 October 12
1446 Rabie Al-Âkher 8

കുട്ടികളുടെ ലോകം ചോദ്യങ്ങളുടേതു കൂടിയാണ്

ആയിശ ഹുദ എ വൈ


ആരാണ് കുട്ടികള്‍ എന്ന ചോദ്യത്തെ നയപരമായും സൈദ്ധാന്തികമായും ശ്രദ്ധയോടെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന കൃതിയാണ് ‘നക്ഷത്രങ്ങളാണ് കുട്ടികള്‍.’ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ തുടര്‍ച്ചയായ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ആവിഷ്‌കാരമാണ് ഈ പുസ്തകം. വൈവിധ്യങ്ങളെ അംഗീകരിക്കാതെ എല്ലാ കുട്ടികളെയും ഒരേ ത്രാസില്‍ വെച്ച് അളക്കുന്ന രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വഴികാട്ടി കൂടിയാണ് ഇതിലെ ഓരോ അധ്യായങ്ങളും.
ഓരോ കുട്ടിയെയും ഒരു വ്യക്തിയായി കാണാന്‍ നാം ശ്രമിക്കണം. കാരണം, കുട്ടികളുടെ ലോകം എത്ര വിശകലനവിധേയമാക്കിയാലും അനന്തതയുടെ ആഴങ്ങളിലേക്ക് അന്വേഷണ തുടര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കുന്ന അത്ഭുതങ്ങളുടെ ലോകമാണ്. അവരുടെ അഭിരുചികള്‍, ആഗ്രഹങ്ങള്‍, സവിശേഷതകള്‍, പെരുമാറ്റം എല്ലാം വ്യത്യസ്തമാണ്. പഠനത്തില്‍ പിന്നിലാണെന്ന ഒറ്റക്കാരണത്താല്‍ മാറ്റിനിര്‍ത്തപ്പെടുന്ന കുഞ്ഞുങ്ങളില്‍ പലരും പാഠ്യേതര വിഷയങ്ങളിലും കലാ-കായികരംഗങ്ങളിലും കഴിവുകള്‍ ഉള്ളവരായിരിക്കും.
ഉള്ളടക്കത്തിന്റെ ഗഹനത കാരണം പുസ്തകത്തിലെ ഓരോ അധ്യായത്തെയും വിശകലനം ചെയ്യണമെങ്കില്‍ ‘നക്ഷത്രങ്ങളാണ് കുട്ടികള്‍’ എന്ന കൃതിക്ക് സമാന്തരമായി മറ്റൊരു പുസ്തകം എഴുതേണ്ടിവരുമെന്നാണ് അവതാരികയില്‍ ശ്രീകുമാര്‍ മുഖത്തല അഭിപ്രായപ്പെടുന്നത്. രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ ഉപകാരപ്പെടുന്നതാണ് അധ്യായങ്ങളുടെ ഉള്ളടക്കം. മുതിര്‍ന്നവരുടെ ചിന്തകള്‍ അടിച്ചേല്‍പിക്കുന്നത് കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയ്ക്ക് ആഘാതം സൃഷ്ടിക്കുന്നതാണ്. പരിമിതികള്‍ക്കു ചുറ്റും അവരുടെ സാധ്യതകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു.
ചെറിയ പ്രായത്തിലേ അന്തര്‍മുഖത്വം, ശ്രദ്ധക്കുറവ്, പഠന പിന്നാക്കാവസ്ഥ തുടങ്ങിയവ വിലയിരുത്തി അവര്‍ എല്ലാ കാലത്തും അങ്ങനെയായിരിക്കുമെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാറുണ്ട്. എന്നാല്‍ അത് തികച്ചും തെറ്റായ ഒരു ബോധ്യമാണ്. ഒരു കുടുംബം മുന്നോട്ടുപോകുന്നതുതന്നെ കുട്ടികളുടെ വളര്‍ച്ചയെ ചുറ്റിപ്പറ്റിയാണ്. അവരുടെ ജനനം, പഠനം തുടങ്ങിയ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നിട്ടും രക്ഷിതാക്കള്‍ പലപ്പോഴും കുട്ടികളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നത് പല കാരണങ്ങളാലാണ്. അവരുടെ മേലുള്ള അമിതമായ ഉത്കണ്ഠയും ഇടപെടേണ്ടതെങ്ങനെ എന്നതിലെ അറിവില്ലായ്മയും ഇവയില്‍പെട്ട ചിലതാണ്.
ഭൂമിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കുട്ടിക്കാലമുള്ള ജീവിയാണ് മനുഷ്യന്‍. മറ്റു ജീവികളെപ്പോലെയല്ല മനുഷ്യന്‍. അവനെ സംബന്ധിച്ച് ഈ ലോകത്ത് മഹത്തായ ഒരു നിയോഗമുണ്ട്. അതിന് പ്രാപ്തനാവാന്‍ അല്‍പകാലം പരിശീലനം ആവശ്യമാണ് എന്നതുകൊണ്ടാണ് ഇങ്ങനെയൊരു കാലയളവ് മനുഷ്യന്റെ ജീവിതചക്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എല്ലാ മനുഷ്യരിലും ഉറങ്ങിക്കിടക്കുന്ന ഒരു ബാല്യമുണ്ട്. എന്നിട്ടും ഒരു കുട്ടിയെ മനസ്സിലാക്കാന്‍ മുതിര്‍ന്നവര്‍ മറന്നുപോകുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനു മുമ്പ് കുട്ടികളെ പഠിക്കുന്ന ഒരാള്‍ക്കാണ് യഥാര്‍ഥ അധ്യാപകനാവാന്‍ സാധിക്കുക. കണ്ടതിനെപ്പറ്റിയും കേട്ടതിനെപ്പറ്റിയുമെല്ലാം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ പലപ്പോഴും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരു ചോദ്യചിഹ്നമാണ്. അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലേക്ക് ദിശാബോധം സമ്മാനിക്കുന്ന പുസ്തകമാണ് ‘നക്ഷത്രങ്ങളാണ് കുട്ടികള്‍’. ക്ലാസിക് ബുക്‌സ് ആണ് പ്രസാധകര്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x